മധു

Name in English: 
Madhu
Madhu-Actor
Date of Birth: 
Sat, 23/09/1933
Alias: 
മാധവൻ നായർ
Madhavan Nair

തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടെയും മൂത്തമകനായി മധു എന്ന മാധവൻ നായർ 1933 സെപ്റ്റംബർ 23ന് ജനിച്ചു. വിദ്യാർത്ഥിയായിരിക്കെ നാടകരംഗത്ത്‌ സജീവമായി പ്രവർത്തിച്ചു. പിന്നീട്‌ കലാപ്രവർത്തനങ്ങൾക്ക്‌ അവധി നൽകി പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയ അദ്ദേഹം നാഗർകോവിൽ സ്കോട് ക്രിസ്റ്റ്യൻ കോളേജിൽ അദ്ധ്യാപകനായി. 1959 ൽ അദ്ധ്യാപക ജോലി രാജിവച്ച്‌ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു. അവിടുത്തെ ആദ്യ ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയായിരുന്നു അദ്ദേഹം. എൻ എസ്‌ ഡിയിൽ പഠിക്കുന്ന കാലത്താണ്‌ രാമു കര്യാട്ടുമായി അടുപ്പത്തിലായത്‌.

രാമു കാര്യാട്ടിന്റെ മൂടുപടത്തിലെ മേക്കപ്പ് ടെസ്റ്റിന് മദിരാശിയിലെത്തിയെങ്കിലും മധുവിന്റെ ആദ്യ ചിത്രം ശോഭനാ പരമേശ്വരൻ നായരുടെ "നിണമണിഞ്ഞ കാൽപ്പാടുകളാണ്". മേക്കപ്പ് ടെസ്റ്റ് കഴിഞ്ഞപ്പോൾ ചിത്രീകരണം ആരംഭിച്ച് കഴിഞ്ഞ "നിണമണിഞ്ഞ കാൽപ്പാടുകളിൽ" അവസരം ലഭിക്കുകയായിരുന്നു. അതിന്റെ നിർമ്മാതാവായ ശോഭനാ പരമേശ്വരൻ നായരും ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച പി ഭാസ്ക്കരനും ചേർന്നാണ് മാധവൻ നായർക്ക് മധു എന്ന പേരു നൽകിയത് . മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെമ്മീനാണ് മധുവിന്റെ അഭിനയ ജീവിതത്തിലും വഴിത്തിരിവുണ്ടാക്കിയത്‌. മുഖ്യധാരാ സിനിമയിലും സമാന്തര സിനിമയിലും ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം സാന്നിദ്ധ്യമറിയിച്ചു. അഭിനയത്തിനു പുറമേ സംവിധായകൻ, നിർമാതാവ്‌, സ്റ്റുഡിയോ ഉടമ, സ്കൂൾ ഉടമ, കർഷകൻ തുടങ്ങിയ റോളുകളിലും തിളങ്ങി. മലയാള സിനിമ മദ്രാസിൽനിന്ന്  കേരളത്തിലേക്ക്‌ പറിച്ചുനടപ്പെട്ട കാലഘട്ടത്തിൽ തിരുവനന്തപുരത്ത്‌ വള്ളക്കടവിൽ ഉമാ സ്റ്റുഡിയോ സ്ഥാപിച്ചു. 1970 ൽ പുറത്തിറങ്ങിയ 'പ്രിയ' ആയിരുന്നു മധു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തുടർന്ന് പതിനാലോളം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. മാന്യശ്രീ വിശ്വാമിത്രൻ,  തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു. കെ.എ അബ്ബാസിന്റെ 'സാത് ഹിന്ദുസ്ഥാനി' എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു മധുവിന്റെ ഹിന്ദിയിലുള്ള അരങ്ങേറ്റം.

2004 ൽ ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനക്കുള്ള ജെ സി ഡാനിയൽ അവാർഡ് നേടിയ മധുവിനെ 2013 ൽ രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.