കെ എസ് സേതുമാധവൻ

K S Sethumadhavan
കെ എസ് സേതുമാധവന്റെ ചിത്രം
Date of Death: 
Thursday, 23 December, 2021
സംവിധാനം: 59
തിരക്കഥ: 5

1931-ൽ സുബ്രഹ്മണ്യത്തിന്റെയും ലക്ഷ്മിയുടെയും അഞ്ച് മക്കളിൽ ഒരാളായി പാലക്കാട് ജനിച്ചു. മൂന്ന് സഹോദരിമാരും ഒരു സഹോദരനുമുൾപ്പെടുന്ന കുടുംബം പാലക്കാടും തമിഴ്‌നാട്ടിലുമായി കുട്ടിക്കാലം പൂർത്തിയാക്കി.പിതാവിന്റെ മരണശേഷം തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തി. പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജിൽ നിന്ന് സസ്യശാസ്ത്രത്തിൽ ബിരുദദാരിയായി പുറത്തിറങ്ങിയെങ്കിലും സിനിമ തന്റെ പ്രവർത്തന മേഖലയായി തിരഞ്ഞെടുക്കുകയായിരുന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഔദ്യോഗികമായി ചലച്ചിത്ര പഠനം പൂർത്തിയാക്കാതെ തന്നെ മലയാളത്തിലെ മുൻനിര സംവിധായകരിലേക്ക് ഉയർത്തപ്പെട്ടവരിൽ പ്രമുഖനായിരുന്നു കെ എസ് സേതുമാധവൻ. അറുപതുകളുടെ തുടക്കത്തിൽ മലയാളസിനിമയിൽ പ്രവേശിച്ച് പത്ത് പതിനാലു വർഷക്കാലം സാഹിത്യഗുണവും,സാമൂഹികവുമായ കാഴ്ച്ചപ്പാടൂകളുമുള്ള സിനിമകളെ സരളമായി അവതരിപ്പിച്ച സംവിധായകൻ എന്ന പേരിലാണ് സേതുമാധവൻ അറിയപ്പെടുന്നത്. ജ്ഞാനസുന്ദരി,കണ്ണും കരളും,നിത്യകന്യക,കരകാണാക്കടൽ, ഓടയിൽ നിന്ന്,ദാഹം,സ്ഥാനാർത്തി സാറാമ്മ,വാഴ്വേ മായം,അരനാഴിക നേരം,അനുഭവങ്ങൾ പാളിച്ചകൾ,അച്ഛനും ബാപ്പയും,ചട്ടക്കാരി,യക്ഷി, ഓപ്പോൾ,മറുപക്കം,ചട്ടക്കാരി,പണിതീരാത്ത വീട്,അഴകുള്ള സെലീന തുടങ്ങി അറുപതോളം സിനിമകളാണ് സേതുമാധവന്റേതായി പുറത്തു വന്നത്

മദ്രാസിലെ ജെമിനി സ്റ്റുഡിയോയിൽ കെ രാമനാഥ് എന്ന സംവിധായകന്റെ സഹായിയായി തുടക്കം കുറിച്ച സേതുമാധവൻ പിന്നീട് എൽ വി പ്രസാദ്,എസ് എസ് എ സ്വാമി,സുന്ദർ റാവു,നന്ദലക്ഷ്മി എന്നീ സംവിധായകരുടെ സഹ സംവിധായകനുമായിരുന്നു.1960ൽ മോഡേൺ തിയറ്റേഴ്സിന്റെ ബാനറിൽ പുറത്തിറങ്ങുന്ന വീരവിജയ എന്ന സിംഹളീസ് ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് സ്വതന്ത്രസംവിധായകനായി മാറുന്നത്.തമിഴ്നാട്ടിലും ശ്രീലങ്കയിലും പുറത്തിറങ്ങിയ ചിത്രമായിരുന്നു വീരവിജയ.

1961ൽ മുട്ടത്തുവർക്കിയുടെ കഥ "ജ്ഞാനസുന്ദരി" എന്ന ചലച്ചിത്രമാക്കിക്കൊണ്ടാണ് മലയാള സിനിമയുടെ മുഖ്യധാരയിലേക്ക് ഒരു സംവിധായകനായി കടന്നുവരുന്നത്. മലയാളത്തിൽ സാഹിത്യകൃതികളെ അടിസ്ഥാനമാക്കി ഏറ്റവും കൂടുതൽ സിനിമകൾ പുറത്തിറക്കിയിട്ടുള്ള കെ എസ് സേതുമാധവൻ തന്റെ ആദ്യ ചിത്രമായ ജ്ഞാനസുന്ദരിക്കു ശേഷം പുറത്തിറക്കിയ "കണ്ണും കരളും" നിരവധി സ്ഥലങ്ങളിൽ നൂറിലധികം ദിവസങ്ങൾ പ്രദർശിപ്പിച്ച് ഹിറ്റായി മാറി. തുടർന്ന് നിരവധി ജനപ്രീതിയാർജ്ജിച്ച ചിത്രങ്ങളൊരുക്കിയെങ്കിലും 1965ലാണ് സേതുമാധവന്റെ ഏറ്റവും ശ്രദ്ധേയമായ ചില ചിത്രങ്ങൾ (ഓടയിൽ നിന്ന്,ദാഹം) പുറത്തു വന്നത്. കേശവദേവിന്റെ "ഓടയിൽ നിന്ന്" എന്ന നോവലിന്റെ തമിഴ് പരിഭാഷ വായിച്ചാണ് ആ സിനിമ അതേ പേരിൽ എടുക്കാൻ സേതുമാധവൻ തീരുമാനിക്കുന്നത്.  ജനകീയസിനിമയായി ഉയർന്നതിനോടൊപ്പം തന്നെ സേതുമാധവന് സംവിധായകനെന്ന നിലയിൽ ഏറെ നിരൂപകപ്രശംസയും നേടിക്കൊടുത്ത ചിത്രമായിരുന്നു "ഓടയിൽ നിന്ന്", "ദാഹം" എന്നീ ചിത്രങ്ങൾ. മലയാളത്തില പ്രശസ്തമായിരുന്ന മഞ്ഞിലാസിന്റെ ബാനറിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്യുന്നതും അതോടൊപ്പം തന്നെ മഞ്ഞിലാസിന്റെ പ്രധാന നടനായിരുന്ന സത്യന്റെ ചില കരുത്തുറ്റ കഥാപാത്രങ്ങളെ അണിയിച്ചൊരുക്കിയതും സേതുമാധവനായിരുന്നു.

ദേശീയ ചലച്ചിത്ര അവാർഡ്,സംസ്ഥാന ചലച്ചിത്ര അവാർഡ്,ഫിലിം ഫെയർ അവാർഡ് തുടങ്ങി നിരവധി അവാർഡുകളും കെ എസ് സേതുമാധവനെ തേടിയെത്തി. 1973ൽ പുറത്തിക്കിയ അച്ഛനും ബാപ്പയും ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാർഡ് നേടി.1991 സംവിധാനം ചെയ്ത മറുപക്കം(തമിഴ്) മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരമായ സ്വർണ്ണകമൽ നേടിയിരുന്നു.ഒരു തമിഴ് ചിത്രത്തിന് ആദ്യമായിൽ ലഭിക്കുന്ന സ്വർണ്ണ കമലവും മറുപക്കത്തിന്റെ പേരിലാണൂള്ളത്. മറുപക്കത്തിലൂടെ മികച്ച തിരക്കഥക്കുള്ള ദേശീയ അവാർഡും സേതുമാധവൻ നേടിയിരുന്നു.സംസ്ഥാന ചലച്ചിത്ര അവാർഡുകളിലെ മികച്ച സംവിധായകൻ എന്ന പേര് നാലുപ്രാവശ്യമാണ് കരസ്ഥമാക്കിയത്. ഇതിൽ വാഴ്വേ മായം (1970),കരകാണാക്കടൽ(1971),പണിതീരാത്ത വീട് (1972) എന്നിവ തുടർച്ചയായി സംസ്ഥാനത്തെ മികച്ച സംവിധായകൻ എന്ന ഖ്യാതി നേടിക്കൊടുത്തിരുന്നു. 1980ൽ പുറത്തിറക്കിയ "ഓപ്പോൾ" എന്ന ചിത്രത്തിനും മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരമായ "രജത കമലവും" നേടിയിരുന്നു. ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ ജൂറി ചെയർമാനായി ഒന്നിലധികം പ്രാവശ്യമിരുന്നിട്ടുണ്ട്. 2009ൽ മലയാള ചലച്ചിത്രലോകത്തെ സമഗ്രസംഭാവനക്കുള്ള 'ജെ സി ദാനിയൽ" അവാർഡ് നേടി. മലയാളത്തിനു പുറമേ തമിഴിലും,തെലുങ്കിലും,കന്നഡയിലും,ഹിന്ദിയിലും ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

കുടുംബം : ഭാര്യ വൽസല, മക്കൾ സോനുകുമാർ, സന്തോഷ്, ഉമ എന്നിവർ.

2021 ഡിസംബര്‍ 24ന് രാവിലെ ചെന്നൈയില്‍ വെച്ച് അന്തരിച്ചു.

കൗതുകങ്ങൾ :-

  • രേവതി കലാമന്ദിറിന്റെ ബാനറിൽ 2012ൽ പുറത്തിറങ്ങുന്ന "ചട്ടക്കാരി" പഴയ കെ എസ് സേതുമാധവൻ ചിത്രമായ ചട്ടക്കാരിയുടെ പുത്തൻ റീമേക്കാണ്.
  • മകൻ സന്തോഷ് സേതുമാധവൻ ആണ് പുത്തൻ "ചട്ടക്കാരി" സംവിധാനം ചെയ്യുന്നത്.
  • തെന്നിന്ത്യൻ ചലച്ചിത്ര ഇതിഹാസമായ കമലഹാസനെ ആദ്യമായി മലയാളത്തിൽ അവതരിപ്പിക്കുന്നത് സേതുമാധവന്റെ "കണ്ണൂം കരളിലൂടെയുമാണ്".ചിത്രത്തിൽ സത്യന്റെ മകനായ ബാലതാരമായി ആയിരുന്നു കമൽ രംഗത്തെത്തിയത്.ബാലതാരമായി കമലിനെ മലയാളത്തിലെത്തിച്ചതിനു പുറമേ യുവാവായ കമലിനെ മലയാളത്തിലേക്ക് കൊണ്ടു വന്നതും സേതുമാധവനായിരുന്നു..തന്റെ കന്യാകുമാരി എന്ന ചിത്രത്തിലൂടെ.കന്യാകുമാരിയിൽ രംഗത്തെത്തിയ മറ്റൊരു പുതുമുഖമായിരുന്നു മലയാളത്തിന്റെ "ജഗതി ശ്രീകുമാർ".
  • കേശവദേവിന്റെ "ഓടയിൽ നിന്ന്" എന്ന പ്രസിദ്ധമായ മലയാള നോവലിന്റെ തമിഴ് പരിഭാഷ വായിച്ച് ആവേശം കൊണ്ടാണ് അത് മലയാള സിനിമയാക്കാൻ തീരുമാനിക്കുന്നത്.