പി പത്മരാജൻ

P Pathmarajan
Date of Birth: 
Thursday, 24 May, 1945
Date of Death: 
Thursday, 24 January, 1991
ആലപിച്ച ഗാനങ്ങൾ: 1
സംവിധാനം: 18
കഥ: 36
സംഭാഷണം: 37
തിരക്കഥ: 37

സാഹിത്യകാരൻ,തിരക്കഥാകൃത്ത്,സിനിമാ സംവിധായകൻ.

1945 മെയ് 23 -ന് ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് ഞവരയ്ക്കൽ വീട്ടിൽ ദേവകിയമ്മയുടെയും തുണ്ടത്തിൽ അനന്ത പത്മനാഭപിള്ളയുടെയും ആറാമത്തെ മകനായി ജനിച്ചു. നാലു നോവലറ്റുകളും, പന്ത്രണ്ട് നോവലുകളും രചിച്ച പത്മരാജൻ 36 സിനിമകൾക്ക് തിരക്കഥ എഴുതുകയും 18 സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തു.

മുതുകുളത്തെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം എം.ജി.കോളേജിലും യൂണിവേഴ്സിറ്റി കോളജിലും പഠിച്ച് കെമിസ്ട്രിയിൽ ബിരുദമെടുത്തു (1963). കോളേജ് വിദ്യാഭാസത്തിന് ശേഷം മുതുകുളത്ത് തിരികെയെത്തി സംസ്കൃത പണ്ഡിതൻ ചേപ്പാട് അച്യുത വാര്യരിൽ നിന്ന് സംസ്കൃത പഠനം. 1965-ൽ ഓൾ ഇന്ത്യാ റേഡിയോയുടെ ത്രിശ്ശൂർ നിലയത്തിൽ പ്രോഗ്രാം അനൗൺസറായി ചേർന്ന പത്മരാജൻ 1968 ൽ തിരുവനന്തപുരം നിലയത്തിലേക്ക് മാറി, 1986 വരെ ഓൾ ഇന്ത്യാ റേഡിയോയിൽ തുടർന്നു. ത്രിശ്ശൂർ ആകാശവാണിയിൽ ജോലി ചെയ്യവേയാണ് പിന്നീട് ജീവിത സഖിയായി തീർന്ന രാധാലക്ഷ്മിയെ കണ്ടുമുട്ടുന്നത്. 1970 മാർച്ച് 24 ന് പത്മരാജനും രാധാലക്ഷ്മിയും വിവാഹിതരായി. സിനിമാരംഗത്ത് സജീവമായതിനെത്തുടർന്ന് ആകാശവാണിയിലെ ഉദ്യോഗം സ്വമേധയാ രാജിവെക്കുകയായിരുന്നു. പിന്നീട് തിരുവനന്തപുരത്തുള്ള പൂജപ്പുരയിൽ സ്ഥിരതാമസമാക്കി. 

സാഹിത്യ ജീവിതം
ത്രിശ്ശൂർ ആകാശവാണിക്കാലത്ത് തന്നെ മാതൃഭൂമി, കൗമുദി തുടങ്ങിയ മാസികകളിൽ ചെറുകഥകളെഴുതി തുടങ്ങി. കൗമുദി വാരികയിൽ പ്രസിദ്ധീകരിച്ച "ലോല മിസ് ഫോർഡ് എന്ന അമേരിക്കൻ പെൺകിടാവ്" എന്ന കഥയാണ് പത്മരാജന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ രചന. ആകാശവാണിയിൽ പ്രവർത്തിക്കുന്ന കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ ചെറുകഥാസമാഹരങ്ങളാണ് അപരൻ, പ്രഹേളിക, പുകക്കണ്ണട എന്നിവ. 1969 വരെ ധാരാളം ചെറുകഥകൾ പ്രസിദ്ധീകരിച്ച പത്മരാജൻ പിന്നീട് നോവൽ രചനയിലേക്ക് കടന്നു. ആദ്യ നോവൽ താഴ്വാരം, 1969 ൽ വി.ടി. നന്ദകുമാറിന്റെ  പത്രാധിപത്യത്തിൽ കൊച്ചിയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന യാത്ര ദ്വൈവാരികയിൽ പ്രസിദ്ധീകരിച്ചു. തൊട്ടടുത്ത വർഷം ഒന്ന്, രണ്ട്, മൂന്ന് എന്ന പേരിൽ ജലജ്വാല, രതിനിർവേദം, നന്മകളുടെ സൂര്യൻ എന്നീ മൂന്ന് നോവലൈറ്റുകൾ പ്രസിദ്ധീകരിച്ചെങ്കിലും രതിനിർവേദം പിന്നീട് നോവലായി പുറത്തു വന്നു.
1970-ൽ കുങ്കുമം വാരികയിൽ പ്രസിദ്ധീകരിച്ച "നക്ഷത്രങ്ങളേ കാവൽ" ആണ് ഒരു നോവലിസ്റ്റെന്ന നിലയിൽ പത്മരാജനെ പ്രശസ്തനാക്കിയത്. അപൂർണമായ താഴ്വാരം ഒഴികെ 11 നോവലുകളാണ് പത്മരാജൻ രചിച്ചിട്ടുള്ളത്. ഗ്രാമ നഗര ജീവിതങ്ങൾ പശ്ചാത്തലമാക്കി മനുഷ്യബന്ധങ്ങൾക്ക് പ്രത്യേകിച്ചും സ്ത്രീ പുരുഷ ബന്ധങ്ങൾക്ക് ഏറെ പ്രാധാന്യം കൊടുത്ത പത്മരാജന്റെ കഥാപാത്രങ്ങൾ പലപ്പോഴും യാഥാസ്ഥിതികത്വത്തെ വെല്ലുവിളിച്ച് സ്വന്തം ശരികളിൽ നില കൊണ്ടവരായിരുന്നു.  പത്മരാജന്റെ ചെറുകഥകൾ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
മറ്റ് നോവലുകൾ :
·  ഋതുഭേദങ്ങളുടെ പാരിതോഷികം (1971)
·  ഇതാ ഇവിടെ വരെ
·  വാടകയ്ക്ക് ഒരു ഹൃദയം
·  ശവവാഹനങ്ങളും തേടി
·  പെരുവഴിയമ്പലം
·  ഉദകപ്പോള
·  കള്ളൻ പവിത്രൻ
·  മഞ്ഞുകാലം നോറ്റ കുതിര
·  പ്രതിമയും രാജകുമാരിയും

സിനിമയിലേക്ക് :
ഭരതന്റെ ആദ്യ സംവിധാന സംരംഭമായ പ്രയാണത്തിന് തിരക്കഥയൊരുക്കി സിനിമയിലെത്തി. തുടർന്ന് തകര, ലോറി, രതിനിർവേദം തുടങ്ങി കുറേയേറെ സിനിമകൾ പത്മരാജൻ -ഭരതൻ കൂട്ടുകെട്ടിൽ പിറന്നു. ഐ.വി. ശശി, മോഹൻ, കെ.ജി.ജോർജ് തുടങ്ങിയ സംവിധായകർക്ക് വേണ്ടി എഴുതിയ സിനിമകളും പ്രദർശന വിജയം നേടി. 1978-ൽ സ്വയം രചനയും സംവിധാനവും നിർവഹിച്ച് പെരുവഴിയമ്പലത്തിലൂടെ സംവിധാന രംഗത്തെത്തിയ പത്മരാജന് ആദ്യ ചിത്രം തന്നെ  നിരവധി പുരസ്കാരങ്ങൾ നേടിക്കൊടുത്തു. സ്വന്തം രചനയിലും സംവിധാനത്തിലും പിന്നീട് പുറത്തിറങ്ങിയ ഒരിടത്തൊരു ഫയൽവാൻ 1980-ലെ കൊലാലമ്പൂർ ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് കൂടാതെ മികച്ച സിനിമയ്ക്കും തിരക്കഥയ്ക്കുമുള്ള പുരസ്കാരങ്ങളും നേടി. ആർട് എന്നോ മുഖ്യധാര സിനിമ എന്നോ വേർതിരിവില്ലാതെ സ്വീകരിക്കപ്പെട്ടവയായിരുന്നു പത്മരാജന്റെ പിന്നീട് വന്ന ഭൂരിപക്ഷം സിനിമകളും. ഞാൻ ഗന്ധർവ്വൻ എന്ന തന്റെ ചിത്രത്തിന്റെ പ്രിവ്യൂ കാണാനായി കോഴിക്കോട്ടെത്തിയ പത്മരാജൻ ഉറക്കത്തിലുണ്ടായ ഹൃദയസ്തംഭനം മൂലം 1991 ജനുവരി 24 -ആം തീയതി രാവിലെ അവിടുത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

മക്കൾ: എഴുത്തുകാരനും ടെലിവിഷൻ പ്രവർത്തകനുമായ അനന്തപദ്മനാഭൻ, മാധവിക്കുട്ടി

അവലംബം : സിനിമ സാഹിത്യം ജീവിതം: പത്മരാജൻ ( ഡോ.ടി അനിതാകുമാരി )