നക്ഷത്രങ്ങളേ കാവൽ
ചെറുപ്പത്തിൽ തന്നെ രണ്ടാനച്ഛൻ കാരണം വഴിപിഴച്ച് ധൂർത്തനും, സ്ത്രീലമ്പടനുമായിത്തീരുന്ന നായകൻ. അവന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന രണ്ടു നായികമാർ - ഒരുവൾ, അവനെ സ്നേഹിച്ചു വിവാഹം കഴിച്ച് അവനെ നേർവഴിക്ക് കൊണ്ടുവരാം എന്നാഗ്രഹിക്കുന്നവൾ. രണ്ടാമത്തവൾ അവനെ അത്യന്തം വെറുക്കുന്നവൾ. സാഹചര്യം അവനെ വെറുക്കാനവളെ അവന്റെ ഭാര്യ ആക്കുന്നു. ഭാര്യയായവൾ അവനുമായി പൊരുത്തപ്പെട്ട് ജീവിക്കുന്നുവോ? നായകൻ തന്റെ തെറ്റുകൾ തിരുത്തി സന്മാർഗ്ഗിയാവുന്നുവോ? അവനെ ജീവനുതുല്യം സ്നേഹിച്ചവൾക്ക് എന്ത് സംഭവിക്കുന്നു?
കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ പി പത്മരാജന്റെ നക്ഷത്രങ്ങളേ കാവൽ എന്ന മലയാള നോവലിനെ ആധാരമാക്കിയാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. പഴകിയ ആചാരങ്ങളും ആശയങ്ങളും കാലത്തിന്റെ ഒഴുക്കിൽ പെട്ട് തേഞ്ഞു മാഞ്ഞു പോയിരിക്കുന്നു ഇവിടെ മാറ്റമാണാവശ്യം അതുകൊണ്ട് തന്നെ പുതിയ തലമുറയുടെ പ്രമേയമാണ് ഈ നോവലിലെ പ്രതിപാദ്യം.
Actors & Characters
Actors | Character |
---|---|
കല്യാണിക്കുട്ടി | |
ലക്ഷ്മിയേടത്തി | |
ശോഭ | |
പ്രഭു | |
ശോഭയുടെ അച്ഛൻ | |
വർമ്മാജി | |
ശോഭയുടെ അമ്മ | |
ഹസ്സൻ | |
പ്രഭുവിന്റെ അച്ഛൻ | |
നീലിമ | |
പ്രഭുവിന്റെ അമ്മ | |
ദാമോദരൻ | |
തിരുമുൽപ്പാട് | |
പ്രഭുവിന്റെ ബാല്യം | |
കല്യാണിക്കുട്ടിയുടെ അമ്മാവൻ | |
ക്യാപ്റ്റൻ | |
ഇന്ദിര | |
ബ്രോക്കർ പണിക്കർ | |
പ്രഭുവിന്റെ വീട്ടിലെ വേലക്കാരൻ |
Main Crew
കഥ സംഗ്രഹം
കോളേജ് പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിൽ ഒരു പെൺകുട്ടി മുകളിലത്തെ നിലയിലുള്ള ഒരു മുറിയിൽ താമസിക്കുന്ന ശോഭയുടെ (ശുഭ) പക്കലേക്ക് ധൃതിയിൽ ഓടിയെത്തി കല്യാണിക്കുട്ടിയുടെ (ജയഭാരതി) അമ്മ വന്നിട്ടുണ്ടെന്ന് അറിയിക്കുന്നു. കല്യാണിക്കുട്ടി മുറിയിൽ ഇല്ലാത്തതിനാലും, അവൾ എവിടെ പോയെന്ന് അറിയാത്തതിനാലും എന്തു ചെയ്യണമെന്നറിയാതെ ശോഭ കുഴഞ്ഞു നിൽക്കുന്നു. അപ്പോഴേക്കും കല്യാണിക്കുട്ടിയുടെ അമ്മ (മീന) ആ മുറിയിലേക്ക് കയറി വരുന്നു. ശോഭ അവരെ പരിഭ്രമത്തോടെ സ്വീകരിച്ചിരുത്തുന്നു. അവർ ഒരേ നാട്ടുകാരായത് കൊണ്ട് അവരോട് കുശലാന്വേഷണത്തിന് ശേഷം, പരീക്ഷ അടുത്ത ആഴ്ച തുടങ്ങുകയാണെന്നവൾ പറയുമ്പോൾ, കല്യാണിക്കുട്ടിയുടെ അമ്മ നീരസത്തോടെ അറിഞ്ഞു എന്ന് പറയുന്നു. പിന്നീട് കല്യാണിക്കുട്ടിയുടെ അമ്മ അവിടമാകെ ഒന്ന് നിരീക്ഷിക്കുമ്പോൾ, ഒരു കടലാസിൽ ഹൃദയ ചിഹ്നത്തിനുള്ളിൽ ഒരു ആണിന്റെയും പെണ്ണിന്റെയും ചിത്രങ്ങൾ വരഞ്ഞ് അതിൽ പ്രഭു, കല്യാണിക്കുട്ടി എന്നെഴുതി വെച്ചിരിക്കുന്നത് കാണുന്നു. ഒരു ഞെട്ടലോടെയാണവർ അത് ശ്രദ്ധിക്കുന്നത്. ഇത് കാണുന്ന ശോഭയ്ക്കും പരിഭ്രമം. അപ്പോഴേക്കും പുറത്ത് കാറിന്റെ ഹോൺ മുഴങ്ങുന്നത് കേൾക്കുന്ന ശോഭ അമ്മയോട് ഇപ്പോൾ വരാമെന്ന് പറഞ്ഞ് താഴേക്ക് ഓടുന്നു. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ വിഷമിക്കുന്ന അമ്മ ജനാലയിലൂടെ പുറത്തേക്ക് നോക്കുമ്പോൾ കാറിൽ നിന്നും ഇറങ്ങുന്ന കല്യാണിക്കുട്ടിയെക്കണ്ട് പകച്ചു പോവുന്നു. ധൃതിയിൽ മുകളിലേക്ക് കയറിക്കൊണ്ടിരിക്കുന്ന കല്യാണിക്കുട്ടിയെ വഴിക്ക് വെച്ച് തന്നെ തടഞ്ഞു നിർത്തി, അമ്മ വന്നിട്ടുണ്ടെന്നും, അവർ ആ ചിത്രം കണ്ടുവെന്നും, നല്ല ദേഷ്യത്തിലാണെന്നും ശോഭ അറിയിക്കുന്നു.
രണ്ടുപേരും മുറിക്കരികിലെത്തിയതും കല്യാണിക്കുട്ടി ശോഭ പുറത്തേക്ക് പോകാൻ ആംഗ്യം കാണിച്ചിട്ട് അമ്മയുടെ പക്കൽ ചെന്ന് അമ്മയെ കെട്ടിപ്പിടിക്കുന്നു. നീ എവിടെയായിരുന്നുവെന്ന് അമ്മ ചോദിക്കുമ്പോൾ ടെറസ്സിലിരുന്ന് പഠിക്കുകയായിരുന്നുവെന്ന് കല്യാണിക്കുട്ടി നുണ പറയുന്നു. പിന്നീട്, ആ ചിത്രം ചൂണ്ടിക്കാണിച്ചുകൊണ്ട് എന്താടീ ഇതെന്ന് അമ്മ ചോദിക്കുമ്പോൾ കല്യാണിക്കുട്ടി ഒന്നും പറയാതെ മൗനം പാലിക്കുന്നു. അപ്പോൾ, കേട്ടതൊക്കെ ശരിയാണല്ലേ എന്ന് അമ്മ വീണ്ടും ചോദിക്കുമ്പോൾ, ആൾക്കാർ ചുമ്മാ വല്ലതും പറയുന്നതൊക്കെ കേട്ട് വിശ്വസിക്കണോ എന്ന മട്ടിൽ മറുപടി പറയുന്നു. അതുകേട്ട്, അന്വേഷിച്ച് വിവരം അറിയിക്കണമെന്ന് ഇവിടെയുള്ള നിന്റെ ചെറിയച്ഛൻ കത്തയച്ചിരുന്നുവെന്നും, നിന്റെ ഭാവമെന്താണെന്നും ദേഷ്യത്തോടെ അമ്മ ചോദിക്കുന്നു. അതിന്, വിവാഹമാണെങ്കിൽ തനിക്ക് വേറെ വിവാഹം വേണ്ടെന്ന് കല്യാണിക്കുട്ടി പറയുന്നു. അതുകേട്ട്, ക്യാപ്റ്റന്റെ വീട്ടുകാർക്ക് ഏതാണ്ട് വാക്കു കൊടുത്തത് പോലെയാണെന്ന് അമ്മ പറയുമ്പോൾ കല്യാണിക്കുട്ടി നീരസത്തോടെ മുഖവും വീർപ്പിച്ച് ഇരിക്കുന്നു. എന്നിട്ട്, താൻ ആർക്കും വാക്കു കൊടുത്തിട്ടില്ലെന്ന് പറയുമ്പോൾ, പഠിച്ചത് മതിയെന്നും, വീട്ടിലേക്ക് പോകാൻ വേഗം തയ്യാറായിക്കൊള്ളുവെന്നും അമ്മ അരിശത്തോടെ പറയുന്നു. അപ്പോൾ, പരീക്ഷ അടുക്കുന്നുവെന്ന് കല്യാണിക്കുട്ടി എത്ര പറഞ്ഞു നോക്കിയിട്ടും, നീ പഠിച്ചത് മതിയെന്നും, പരീക്ഷ എഴുതി പാസാവുകയും വേണ്ടെന്നും, പത്തു ദിവസത്തേക്ക് അവധി എഴുതിക്കൊടുത്ത് പുറപ്പെടാൻ നോക്കെന്നും അമ്മ കർക്കശമായി പറഞ്ഞ് ധൃതിയിൽ താഴേക്കിറങ്ങി ചെല്ലുന്നു. അമ്മ കൺവെട്ടത്തിൽ നിന്നും മറഞ്ഞതും, പ്രഭു ഞാൻ വരും എന്ന് ചുമരിലെ ചിത്രത്തിൽ നോക്കി പറഞ്ഞ ശേഷം വസ്തുക്കളെല്ലാം പാക്ക് ചെയ്ത് ശോഭയോട് യാത്ര പറഞ്ഞുകൊണ്ട് അമ്മയോടൊപ്പം വീട്ടിലേക്ക് തിരിക്കുന്നു.
അവർ പോയതും ശോഭ ധൃതിയിൽ പ്രഭുവിന്റെ സഹോദരി നീലിമ (ഊർമ്മിള) താമസിക്കുന്ന മുറിയിൽ ചെന്ന്, വീട്ടിൽപ്പോയി ചേട്ടനോട് പറഞ്ഞു കൊടുക്കു ഒരു പെൺകുട്ടി കൂടി നശിച്ചുവെന്നു ദേഷ്യത്തോടെ പറയുമ്പോൾ, ചേച്ചിയും കൂടിയേ ബാക്കിയുള്ളുവെന്നും, ഇഷ്ടം പോലെ പറഞ്ഞോളൂ എന്നും ഊർമ്മിള വിഷമത്തോടെ പറയുന്നു. അതുകേട്ട്, നിങ്ങൾക്കൊക്കെ ഇതല്പം നിയന്ത്രിച്ചു കൂടെയെന്ന് വീണ്ടും ശോഭ കയർക്കുന്നു. അതിന്, നിയന്ത്രിക്കേണ്ടവരൊക്കെ തന്നെയാണ് ചേട്ടനെ ഇങ്ങിനെയൊക്കെ ആക്കിത്തീർത്തതെന്നും, അവരൊക്കെ ആഗ്രഹിച്ചത് പോലെ ചേട്ടൻ ഇപ്പോൾ ആയിത്തീർന്നെന്നും വിഷമത്തോടെ നീലിമ പറയുന്നു. അതിന്, ആരാണീ അവർ എന്ന് ശോഭ ചോദിക്കുമ്പോൾ, ഞങ്ങളുടെ അമ്മയും, എന്റെ അച്ഛനുമാണ് എന്ന് മടിച്ചു മടിച്ചു കൊണ്ട് നീലിമ പറയുന്നു. ശോഭ അത് വിശ്വസിക്കാനാവാതെ അമ്പരന്ന് നിൽക്കുന്നു.
വീട്ടിലെത്തിയതും കല്യാണിക്കുട്ടി ലക്ഷ്മിയേടത്തിയുമായി (നന്ദിതാ ബോസ്) സംസാരിച്ചിരുന്നു. എന്താ കുട്ടി ഈ കേൾക്കുന്നത് എന്ന് പരിഭവത്തോടെ ലക്ഷ്മിയേടത്തി ചോദിക്കുമ്പോൾ, കല്യാണിക്കുട്ടി കണ്ണാടിച്ചു കാണിച്ച് പ്രേമം എന്ന് പറയുന്നു. അപ്പോൾ, എന്നെ കണ്ടല്ലേ കുട്ടി നീ ഇത്രയും കാലം വളർന്നത് എന്നും, നിനക്ക് ഞാൻ ആവണമെന്ന് എന്താ ഇത്ര മോഹമെന്നും ലക്ഷ്മിയേടത്തി ചോദിക്കുന്നു. കല്യാണിക്കുട്ടി ഒന്നും മിണ്ടാതെ അവരെത്തന്നെ നോക്കിയിരിക്കുമ്പോൾ, ആണിനൊന്നും നഷ്ടപ്പെടില്ലെന്നും, പെണ്ണിനതല്ലാ കുട്ടി എന്ന് ലക്ഷ്മിയേടത്തി വാഞ്ചയോടെ പറയുമ്പോൾ, തനിക്കറിയാമെന്നും, തന്റെ മനസ്സൊഴികെ തനിക്കൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും കല്യാണിക്കുട്ടി പറയുന്നു. അപ്പോൾ, വേറെ ഏതെങ്കിലും ഒരു ചെറുപ്പക്കാരന്റെ അമ്മയ്ക്ക് ഇത്ര അരിശം വരില്ലായിരുന്നുവെന്ന് ലക്ഷ്മിയേടത്തി പറയുമ്പോൾ, ആൾക്കാർ വെറുതെ അതുമിതും പറഞ്ഞുണ്ടാക്കുന്നതാണെന്നും, പ്രഭുവിനെ തനിക്കറിയാമെന്നും കല്യാണിക്കുട്ടി പറയുന്നു. അതുകേട്ട്, അതല്ലാ എന്നും, അയാളുടെ വീടിനെക്കുറിച്ചും, അമ്മയെക്കുറിച്ചും, അച്ഛന്റെ മരണത്തിനെപ്പറ്റിയും എന്തൊക്കെയോ കേക്കണു എന്ന് ലക്ഷ്മിയേടത്തി പറയുമ്പോൾ, തനിക്കറിയില്ലെന്നും, അതൊന്നും തിരക്കേണ്ട ആവശ്യവും തോന്നിയില്ലെന്നും, നമ്മുടെ നാട്ടിലെ ആൾക്കാർക്ക് പരദൂഷണം പറയുന്നതാണ് ജോലിയൊന്നും, അവനവന്റെ ജോലി നോക്കി നടന്നാൽ യാതൊരു കുഴപ്പവും ഇല്ലെന്നും പറഞ്ഞ് കല്യാണിക്കുട്ടി എഴുന്നേറ്റ് പോവുന്നു.
അമ്മ തന്നെ വീട്ടു തടങ്കലിലാക്കിയ വിവരം കാണിച്ച് കല്യാണിക്കുട്ടി പ്രഭുവിന് കത്തെഴുതുന്നു. കത്തെഴുതുമ്പോൾ ശോഭ എത്ര വിലക്കിയിട്ടും ഹോസ്റ്റലിൽ വെച്ച് അവൾ ആദ്യമായി പ്രഭുവിനെ പരിചയപ്പെട്ടതും, പിന്നീട് പ്രഭുവുമൊത്ത് കറങ്ങി നടന്നതും ഓർക്കുന്നു. പ്രഭു അവളോട് അല്പം അപമര്യാദയായി പെരുമാറാൻ ശ്രമിക്കുമ്പോൾ, ഇമ്മാതിരി പണിയൊന്നും തന്നോട് വേണ്ടെന്നും, വാക്കിലോ നോട്ടത്തിലോ വല്ല പന്തികേട് തോന്നിയാൽ ആ നിമിഷം നമ്മൾ തമ്മിലുള്ള ഫ്രണ്ട്ഷിപ് കട്ട് ചെയ്യുമെന്നും അവൾ പ്രഭുവിനെ താക്കീത് ചെയ്യുന്നു.
പ്രഭു വീട്ടിലേക്ക് മടങ്ങി വരുമ്പോൾ പരീക്ഷ കഴിഞ്ഞ് അവധിക്ക് വീട്ടിൽ വന്ന നീലിമ അവനെയും കാത്തിരിക്കുകയാണ്. പ്രഭു അവളോട്, എപ്പോൾ വന്നുവെന്നും, പരീക്ഷ കഴിഞ്ഞുവോയെന്നും ചോദിക്കുമ്പോൾ, ഇന്നലെ വന്നുവെന്നും, എല്ലാം തിരക്കാൻ ഇന്നെങ്കിലും ഒരാൾ എത്തിയല്ലോ എന്നും പറഞ്ഞ് നീലിമ പരിഭവിക്കുന്നു. അപ്പോൾ, നീ വിഷമിക്കേണ്ടെന്നും, നിന്റെ കാര്യങ്ങളെല്ലാം നോക്കാൻ ഒരാളെ ഉടനെ ശരിയാക്കിത്തരാമെന്നും പറഞ്ഞ് പ്രഭു അവളെ കളിയാക്കുന്നു. പിന്നീട്, പ്രഭു അവന്റെ മുറിയിലെത്തി ആർക്കോ ഫോൺ ചെയ്യാനൊരുങ്ങുമ്പോൾ, ചേട്ടന്റെ മനസ്സിൽ എന്താ ഉള്ളതെന്ന് അറിഞ്ഞാൽ താൻ തന്നെ കല്യാണിക്കുട്ടിക്ക് ഒരു കത്തെഴുതാമെന്ന് നീലിമ പറയുന്നു. അതുകേട്ട്, എന്റെ മനസ്സിൽ മണ്ണാങ്കട്ടയാണെന്ന് പറഞ്ഞ് പ്രഭു കളിയാക്കുന്നു. പിന്നീട്, തന്റെ അടുത്തു നിന്നും അവളെ അവളുടെ വീട്ടുകാർ രക്ഷപ്പെടുത്തിക്കൊണ്ട് പോയിരിക്കുവല്ലേ, എന്താ വേണ്ടതെന്ന് വെച്ചാൽ ചെയ്യട്ടെ എന്ന് പ്രഭു പറയുന്നു. അതുകേട്ട്, കുറെ പെൺകുട്ടികളുടെ കൂടെയാണ് തനിക്ക് അടുത്ത വർഷവും അവിടെ താമസിക്കേണ്ടതെന്ന് നീലിമ പറയുന്നു. അപ്പോൾ, എന്റെ പേരും പറഞ്ഞ് അവിടെ ആരും അഭിമാനിക്കേണ്ടെന്ന് പ്രഭു പറയുമ്പോൾ, തലപൊക്കി നടക്കാനെങ്കിലും ഒന്ന് സമ്മതിച്ചാൽ മതിയായിരുന്നു എന്ന് നീരസത്തോടെ പറഞ്ഞ് നീലിമ താഴേക്കിറങ്ങി പോവുന്നു.
നീലിമ നേരെച്ചെന്ന് അമ്മയുടെ (സുകുമാരി) പക്കൽ ചെന്ന്, അമ്മയെങ്കിലും ചേട്ടനെ വിളിച്ച് ഈ കളി മതിയാക്കാനൊന്ന് പറയു എന്ന് പറയുമ്പോൾ, ഞാനോ എന്ന് അമ്മ വേദനയോടെ ചോദിക്കുന്നു. അപ്പോഴേക്കും താഴെ നിന്നും അച്ഛൻ (അടൂർ ഭാസി - അങ്കിൾ എന്നും വർമ്മാജി എന്നും വിളിക്കപ്പെടുന്നു) വിളിക്കുന്നത് കേട്ട് നീലിമ അദ്ദേഹത്തിന്റെ പക്കൽ ചെല്ലുന്നു. അപ്പോൾ, ഞാൻ പറഞ്ഞാൽ അച്ഛൻ പറഞ്ഞതാണല്ലോ എന്നു കരുതി നീയത് അനുസരിക്കുമെന്നും, പക്ഷേ അവനോടിത് പറയാൻ തനിക്ക് അധികാരമില്ല എന്നും, രണ്ടാനച്ഛന് രണ്ടാനച്ഛന്റെ സ്ഥാനമേയുള്ളു എന്ന് മനസ്സിലാക്കുന്നത് കൊണ്ട് താൻ അവനോട് ഒന്നും പറയാറില്ലെന്നും, അല്ലാതെ പേടിച്ചിട്ടൊന്നുമല്ല എന്നും അച്ഛൻ പറയുമ്പോൾ, വേണ്ട ആരും പറയേണ്ട എന്ന് പറഞ്ഞുകൊണ്ട് നീലിമ എഴുന്നേറ്റ് പോവുന്നു. അപ്പോൾ പരിചാരകൻ അദ്ദേഹത്തിനുള്ള ആഹാരവുമായി എത്തുന്നു. അതുകണ്ട്, ഇന്ന് തന്നോടൊപ്പം ഇരുന്ന് ഊണു കഴിക്കണമെന്ന് അദ്ദേഹം നീലിമയോട് പറയുമ്പോൾ, താൻ അമ്മയുടെ കൂടെ കഴിച്ചോളാമെന്ന് പറഞ്ഞ് അവൾ പോവുന്നു.
കല്യാണിക്കുട്ടി അമ്പലത്തിലേക്ക് പോയിക്കൊണ്ടിരിക്കുമ്പോൾ ചിലർ അവളെ കളിയാക്കുന്നു. അതിനവൾ അവർക്ക് ചുട്ട മറുപടി കൊടുക്കുന്നു. അമ്പലത്തിൽ വെച്ച് കല്യാണക്കുട്ടി ശോഭയെ കാണുമ്പോൾ അവളോട് കുശലാന്വേഷണം നടത്തുന്നു. അന്നേരം, ശോഭയുടെ അമ്മ (കോട്ടയം ശാന്ത) ദേഷ്യത്തോടെ അവളെ വിളിക്കുമ്പോൾ അവൾ അമ്മയുടെ കൂടെ പോവുന്നു. അപ്പോൾ, ശോഭയുടെ അമ്മ കല്യാണിക്കുട്ടി കേൾക്കെ ഉച്ചത്തിൽ, ആ കുട്ടിയുടെ കൂടെ കൂട്ടു കൂടേണ്ടെന്നും, അതിനോട് മിണ്ടിയാൽ നിനക്ക് കൂടി ചീത്തപ്പേരാണെന്നും പറയുമ്പോൾ കല്യാണിക്കുട്ടി വിഷത്തോടെ അതു കേൾക്കുന്നു.
വീട്ടിലെത്തിയതും ലക്ഷ്മിയേടത്തി കാശെണ്ണുന്നത് കാണുന്ന കല്യാണിക്കുട്ടി അവരോട് എന്നും ഈ കാശെണ്ണുന്നത് എന്തിനാ എന്ന് ചോദിക്കുമ്പോൾ, കാശിക്ക് പോവുമ്പോൾ സാധുക്കൾക്ക് കൊടുക്കാല്ലോ എന്നും, ഒരു നൂറ്റൊന്ന് രൂപയെങ്കിലും ആയിട്ട് ആവട്ടെ എന്നും ലക്ഷ്മിയേടത്തി പറയുന്നു. അതുകേട്ട്, എന്നും ഇങ്ങിനെ കാശി രാമേശ്വരം എന്ന് പറഞ്ഞിരുന്നോളു, കല്യാണമൊക്കെ കഴിഞ്ഞ് സുഖമായി ജീവിക്കുന്നതിന് പകരം എന്ന് കല്യാണിക്കുട്ടി പറയുമ്പോൾ, അതിനൊക്കെ ഒരു തലേലെഴുത്ത് വേണ്ടേ എന്നും, പിന്നെ ഇവിടെ യാതൊരു അല്ലലും ഇല്ലാതെ കഴിയുന്നുണ്ടല്ലോ എന്നും, അത് തന്നെ ഒരു വല്യ ഭാഗ്യമാണെന്നും ലക്ഷ്മിയേടത്തി പറഞ്ഞ് ഒരു നെടുവീർപ്പിടുന്നു. പിന്നീട്, അവർ തുടരുന്നു - നിനക്കറിയില്ല, തറവാട് ഭാഗം വെച്ചപ്പോ എനിക്ക് പതിനാറ് വയസ്സാ, ഒരു വസ്തുവും അറിയില്ല, എല്ലാവരും കിട്ടിയതും വാങ്ങി അവരവുടെ വഴിക്ക് പോയി, ലക്ഷ്മിയേടത്തിക്ക് മാത്രം ആരും ഉണ്ടായിരുന്നില്ല, അമ്മയും ഇല്ല, അച്ഛനും ഇല്ല, ഇനീപ്പോ അതൊക്കെ എന്തിനാ പറയുന്നത്, നിന്റെ അമ്മയില്ലായിരുന്നില്ലെങ്കിൽ ഇന്ന് ഞാനുണ്ടാവുമായിരുന്നില്ല എന്ന് ലക്ഷ്മിയേടത്തി വേദനയോടെയും, വിരക്തിയോടെയും പറയുമ്പോൾ, കല്യാണിക്കുട്ടി ഇടയ്ക്ക് കയറി, ലക്ഷ്മിയേടത്തി കിടന്നുറങ്ങ് എന്ന് പറഞ്ഞ് എണീറ്റ് പോവുന്നു.
അടുത്ത ദിവസം രാവിലെ ലക്ഷ്മിയേടത്തി കല്യാണിക്കുട്ടിയുടെ അമ്മയോട് അരി തീരാറായിരിക്കണു എന്ന് പറയുമ്പോൾ, ചേട്ടന്റെയടുത്ത് ഒന്നൂടെ ആളയക്കാമെന്ന് പറഞ്ഞ ശേഷം, ആത്മഗതമെന്നോണം - ചേട്ടനെന്തോ വാശിയിലാ, രണ്ടുമൂന്ന് വട്ടം ആളയച്ചതല്ലേ എന്ന് അമ്മ പറയുന്നു. അതുകേട്ട്, ഉമ്മറത്ത് അയയിൽ തുണി ഉണക്കാനിടാൻ വരുന്ന കല്യാണിക്കുട്ടി, അമ്മാവൻ എന്തിനാ ഈ കാര്യത്തിൽ വാശി പിടിക്കുന്നത്, നമ്മുടെ കൃഷിയിലുള്ളത് നമുക്കല്ലാതെ പിന്നെ ആർക്കാ, തരാൻ പറയിൻ അമ്മേ എന്ന് പറയുന്നു. അതിന്, നിന്നോട് ചോദിച്ചില്ലെന്നും, കുട്ടികൾ കുട്ടികളെപ്പോലെ സംസാരിച്ചാൽ മതി കേട്ടോ എന്ന് അരിശത്തോടെ അമ്മ പറയുന്നു. പിന്നീട്, ആത്മഗതമെന്നോണം, എന്റെ ഗുരുവായൂരപ്പാ, ചേട്ടൻ ഇങ്ങിനെ പറഞ്ഞാൽ നമ്മൾ എന്താ ചെയ്കാ എന്ന് പറഞ്ഞ് വിഷമിക്കുമ്പോൾ, കല്യാണിക്കുട്ടി അമ്മയെ വിഷമത്തോടെ നോക്കിക്കൊണ്ട് എന്തോ ആലോചിക്കുന്നു.
അമ്മ നേരത്തെ സൂചിപ്പിച്ചത് പോലെ അമ്മാവൻ വഴി പട്ടാളത്തിലെ ക്യാപ്റ്റൻ (ലാലു അലക്സ്) കല്യാണിക്കുട്ടിയെ പെണ്ണുകാണാൻ വരുന്നു. അമ്മാവൻ കോലായിൽ അവരോടൊപ്പം സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ വീടിന്റെ ഒരു വശത്തു നിന്നും അയാളെ ഒളിഞ്ഞു നോക്കിയ ശേഷം, ഇതാണോ ക്യാപ്റ്റൻ, ഇച്ചിരി കൊമ്പൻ മീശകൂടി ആകാമായിരുന്നു എന്ന് കളിയാക്കുന്നത് പോലെ പറയുമ്പോൾ, മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ചുകൊണ്ട് അമ്മാവൻ ഉണ്ട്, വാ എന്നു പറഞ്ഞ് ലക്ഷ്മിയേടത്തി അവളെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോവുന്നു. വന്നവർ അമ്മാവനുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കല്യാണിക്കുട്ടി പലഹാരങ്ങളുമായി വരുന്നു. അപ്പോൾ ബ്രോക്കർ അവരോട് ഇതാണ് പെണ്ണെന്ന് പരിചയപ്പെടുത്തുന്നു.
അന്നേരം പടിപ്പുരയിൽ പോസ്റ്റുമാൻ വന്നു നിൽക്കുമ്പോൾ ഇപ്പോ വരാമെന്ന് പറഞ്ഞ് കല്യാണിക്കുട്ടി അവിടേക്ക് പോവുന്നു. അപ്പോൾ ക്യാപ്റ്റനും അവളുടെ പുറകെ പോയി, കല്യാണിക്കുട്ടിക്ക് ധാരാളം കത്തുകൾ വരാറുണ്ടെന്ന് തോന്നുന്നു എന്ന് പറയുന്നു. അതുകേട്ട്, മുൻപൊക്കെ വെക്കേഷനിൽ വീട്ടിൽ വന്നാൽ കത്തിന്റെ ബഹളമായിരുന്നുവെന്നും, ഇപ്പോ ഫ്രണ്ട്സിനെല്ലാം എനിക്കെഴുതാൻ പേടിയാ എന്നും, പിന്നെ ചിലരൊക്കെ എഴുതും എന്നും കല്യാണിക്കുട്ടി പറയുന്നു. അതിന്, കുട്ടിക്ക് കത്തയക്കാൻ ഫ്രണ്ട്സ് എന്തിനാ പേടിക്കുന്നത് എന്ന് ക്യാപ്റ്റൻ ചോദിക്കുമ്പോൾ, അതങ്ങിനാ എന്ന് അവൾ പറയുന്നു. അതുകേട്ട്, അതെന്താ അങ്ങിനെ എന്ന് ക്യാപ്റ്റൻ വീണ്ടും ചോദിക്കുമ്പോൾ, ഒന്നും പറയേണ്ടെന്നും, താനൊരാളുമായി അല്പം ഇഷ്ടത്തിലായെന്നും, അപ്പോഴേക്കും ലോകം മുഴുവൻ എതിരായെന്നും കല്യാണിക്കുട്ടി കൂളായി പറയുന്നു. അപ്പോൾ, താനെല്ലാം കേട്ടു എന്നും, അതിലൊന്നും കാര്യമില്ലെന്നും, ഒരു പെൺകുട്ടിക്ക് ഒരാണിനോട് ദേഷ്യമാണെന്ന് പറഞ്ഞാൽ എല്ലാവർക്കും സന്തോഷമായിരിക്കും എന്ന് അയാൾ പറയുമ്പോൾ അതേ എന്ന് കല്യാണിക്കുട്ടി പറയുന്നു. അന്നേരം, അതേ സമയം ഒരു പെണ്ണിന് ഒരാണിനോട് ഇഷ്ടമാണെന്ന് പറഞ്ഞാലോ, എല്ലാവർക്കും സംസാരിക്കാൻ വിഷയമായെന്നും, അവളെന്തോ ക്രൈം ചെയ്തത് പോലെയെന്നും, എന്താ ശരിയല്ലേ എന്നും ക്യാപ്റ്റൻ ചോദിക്കുമ്പോൾ, ഏതായാലും താൻ തെറ്റുകാരിയായെന്നും, ഇനി അത് മാറ്റി എടുക്കണമെങ്കിൽ പ്രഭു തന്നെ കല്യാണം കഴിച്ചാലേ ഒക്കു എന്നും കല്യാണിക്കുട്ടി പറയുന്നു. അതുകേട്ട്, പ്രഭു ആരാണെന്ന് ക്യാപ്റ്റൻ ചോദിക്കുന്നു. അതിന്, അറിയില്ലേ, എന്റെ കാമുകൻ എന്ന് കല്യാണിക്കുട്ടി പറയുന്നു. അതുകേട്ട്, നിങ്ങൾ തമ്മിൽ ഇപ്പോഴും കത്തെഴുതാറുണ്ടോ എന്ന് ക്യാപ്റ്റൻ ചോദിക്കുമ്പോൾ, അങ്ങോട്ടുണ്ടെന്നും, മറുപടി കിട്ടിയിട്ടില്ലെന്നും കല്യാണിക്കുട്ടി പറയുന്നു. അതിന്, അയാൾ വേറെ പെൺപിള്ളേരുടെ പുറകെ പോയിക്കാണുമെന്നു ക്യാപ്റ്റൻ പറയുമ്പോൾ, എന്ന് തന്നെയാണ് തനിക്കും തോന്നുന്നതെന്നും, ആളൊരു .... എന്ന് വലിച്ചിഴക്കുമ്പോൾ, തനിക്കതൊന്നും കേൾക്കേണ്ടെന്നും, തനിക്കറിയേണ്ടത് കല്യാണിക്കുട്ടിക്ക് എന്നെ ഇഷ്ടമായോ എന്ന് മാത്രമാണ് എന്ന് ക്യാപ്റ്റൻ ചോദിക്കുന്നു. അപ്പോൾ, ഇഷ്ടക്കേടൊന്നും ഇല്ലെന്നും, എന്നാൽ നിങ്ങൾ ഏത് തരക്കാരനാണെന്ന് ഇതുവരെ അറിഞ്ഞില്ലല്ലോ എന്നും കല്യാണിക്കുട്ടി പറയുന്നു. അതുകേട്ട്, മനസ്സിലായില്ല എന്ന് ക്യാപ്റ്റൻ പറയുന്നു. അതിന്, മദ്യപിക്കുമോ, സിഗരറ്റ് വലിക്കുമോ, മറ്റു ചില പെൺകുട്ടികളുമായി എന്തെങ്കിലും ഇടപാടുണ്ടോ അങ്ങിനെ എന്തെല്ലാം അറിയാനുണ്ടെന്ന് കല്യാണിക്കുട്ടി പറയുമ്പോൾ, ഇതൊന്നുമില്ല എന്നും, ഒരുപക്ഷേ മദ്യപിക്കാത്ത ഒരേയൊരു മിലിറ്ററി ഓഫീസർ താനായിരിക്കും എന്നും, അതുപോലെ സ്മോക്കിങ് എന്നും ക്യാപ്റ്റൻ അഭിമാനത്തോടെ പറയുന്നു. അപ്പോൾ, ചിരിച്ച ശേഷം, പ്രഭുവിന് ഇതെല്ലാം ഉണ്ടെന്നും, കള്ളു കുടിക്കും, സിഗരറ്റ് വലിക്കും പിന്നെ ....... എന്ന് നീട്ടിവലിക്കുമ്പോൾ, എക്സ്ക്യൂസ് മി എന്ന് പറഞ്ഞ് നമുക്ക് പോകാൻ സമയമായി എന്ന് പറഞ്ഞുകൊണ്ട് ക്യാപ്റ്റൻ അകത്തേക്ക് പോകുന്നു. കല്യാണിക്കുട്ടി പുഞ്ചിരിച്ചുകൊണ്ട് പടിപ്പുരയിലെ പടിയിൽ ഇരുന്നുകൊണ്ട് തനിക്ക് വന്ന പുസ്തകങ്ങളിൽ ഒന്നെടുത്ത് താളുകൾ മറിച്ചുകൊണ്ടിരിക്കുന്നു.
അന്നേരം അമ്മാവനും, പുറകെ അമ്മയും അവിടേക്ക് വരികയും, ഇനി ഈ കാര്യം പറഞ്ഞുകൊണ്ട് എന്നെ ആരും ബുദ്ധിമുട്ടിക്കേണ്ടെന്നും അമ്മാവൻ അമ്മയോട് ദേഷ്യത്തോടെ പറയുമ്പോൾ, ഈശ്വര മുഖത്തു കേറിവന്ന ശ്രീദേവിയായിരുന്നു എന്ന് അമ്മ വിഷമത്തോടെ പറയുന്നു. അതുകേട്ട്, ശ്രീദേവിയാണ് പോലും, ഈ മൂശേട്ട ഇരിക്കുന്ന സ്ഥലത്ത് ശ്രീദേവി എങ്ങിനെയാണ് കടന്ന് വരിക എന്ന് അമ്മാവൻ കല്യാണിക്കുട്ടിയുടെ നേർക്ക് കൈ ചൂണ്ടിക്കൊണ്ട് കയർക്കുമ്പോൾ, അവരെന്താണ് പറഞ്ഞതെന്ന് അമ്മ ചോദിക്കുന്നു. അതിന്, എന്ത് പറയാൻ, ഇതൊട്ട് നടക്കാൻ പോണില്ല അത്ര തന്നെയന്നും, കാര്യമെന്താണെന്ന് തനിക്ക് അറിയില്ലെന്നും, അറിയാനൊട്ട് താല്പര്യവുമില്ലെന്നും, നിനക്കറിയാൻ വളരെ നിർബന്ധമാണെങ്കിൽ, ഈ മൂശേട്ടയോട് ചോദിക്ക് എന്നും, അവിടെ എന്തൊക്കെയാണ് ഇവൾ ധരിപ്പിച്ചുവെച്ചിരിക്കുന്നതെന്ന് എന്നും അമ്മാവൻ അരിശത്തോടെ പറഞ്ഞ് ഇറങ്ങിപ്പോവുന്നു.
അമ്മാവൻ ഇറങ്ങിപ്പോയതും, നിന്റെ കഴുത്തിൽ താലി കണ്ടിട്ട് കണ്ണടയ്ക്കാൻ എനിക്ക് പറ്റില്ലേ മോളേ എന്നും, ഞാൻ രോഗി എന്റെ ആയുസ്സ് തീരുകയാണ് എന്നും, നിന്നെ ഞാൻ ആരുടെ കൈയ്യിൽ ഏൽപ്പിച്ചിട്ടു പോവും, ലക്ഷ്മിയെയോ എന്നും അമ്മ വേദനയുടെയും, വിഷമത്തോടെയും ചോദിക്കുന്നു. അതുകേട്ട്, അമ്മ വെറുതെ പരിഭ്രമിക്കാതിരിക്കു എന്നും, അതിനും തക്കവണ്ണം ഇവിടെ ഒന്നും ഉണ്ടായില്ലല്ലോ എന്നും കല്യാണിക്കുട്ടി പറയുന്നു. അതിന്, ഇല്ലേ എന്ന് അമ്മ ചോദിക്കുമ്പോൾ, തനിക്ക് മിലിട്ടറിക്കാരനെ കല്യാണം കഴിക്കാൻ ഇഷ്ടമല്ലെന്ന് കല്യാണിക്കുട്ടി പറയുന്നു. അതുകേട്ട്, അതെന്താ എന്ന് അമ്മ ചോദിക്കുമ്പോൾ, അല്ലെങ്കിലും ഈ തറവാട്ടിന് എന്തോ ശാപം കിട്ടിയിട്ടുണ്ടെന്നും, ഈ തറവാട്ടിലെ പെണ്ണുങ്ങൾക്കൊന്നും ഭർത്താക്കന്മാർ വാഴൂല്ലാ എന്നും, അമ്മയ്ക്ക് എന്നെ കിട്ടിയതും അച്ഛൻ മരിച്ചു പോയി എന്നും, ലക്ഷ്മിയേടത്തിക്കാണെങ്കിലോ അങ്ങിനെ ഒരു ബന്ധമേ ഉണ്ടായില്ലെന്നും, പിന്നെ വല്ല യുദ്ധമോ മറ്റോ വന്ന് എന്റെ മിലിട്ടറിക്കാരൻ ഭർത്താവ് മരിച്ചുപോയാലോ എന്നും പറഞ്ഞ ശേഷം, കല്യാണിക്കുട്ടി പിന്നെ.... പിന്നെ...... എന്ന് എന്തോകൂടി പറയാൻ തുനിഞ്ഞ് പിന്നീട് വേണ്ടെന്ന് വെച്ച്, അമ്മ വിഷമിക്കാതെ വന്നു കിടക്കു എന്നും പറഞ്ഞ് അമ്മയെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോവുന്നു.
പുതിയ പുതിയ പെൺകുട്ടികളെയും കൂട്ടിയുള്ള പ്രഭുവിന്റെ കറക്കം തുടരുന്നു. അങ്ങിനെയുള്ള കറക്കത്തിന് ശേഷം ഒരിക്കൽ വീട്ടിലെത്തുമ്പോൾ വർമ്മാജി അവനോട് നിന്നെ തിരക്കി കുറെ ഫോൺ കോളുകൾ വന്നുവെന്ന് പറയുമ്പോൾ, ആരൊക്കെയായിരുന്നുവെന്ന് പ്രഭു ചോദിക്കുന്നു. അതിന്, ഒന്നോ രണ്ടോ പേരാണെങ്കിൽ ഓർക്കാൻ എളുപ്പമായിരുന്നു എന്ന് പറയുന്നു. പ്രഭു അപ്പോൾ ഒരു കെട്ട് ബില്ലുകൾ എടുത്ത് വർമ്മാജിയെ ഏൽപ്പിക്കുമ്പോൾ, ഹോട്ടൽ ബിൽ ആയിരിക്കുമല്ലേ, ഇന്ന് തന്നെ അടച്ചേക്കാമെന്ന് വർമ്മാജി പറയുന്നു. പ്രഭു അവിടുന്നും പോവുന്നു.
വളരെയധികം സംസാരിക്കാനുണ്ടെന്നും, അതിനായി നിന്റെ നാട്ടിലേക്ക് വരുന്നുണ്ടെന്നും, ആഭാസനായ തനിക്ക് വീട്ടിൽ വരാൻ കഴിയാത്തത് കൊണ്ട് തന്നെ ലോഡ്ജിൽ വന്നു കാണണമെന്നും കാണിച്ച് പ്രഭു കല്യാണിക്കുട്ടിക്ക് കത്തയക്കുന്നു. കല്യാണിക്കുട്ടി അത് ആരും കാണാതെ മറച്ചുവെക്കുന്നു. ആ നേരത്ത് ശോഭ വീട്ടുകാരറിയാതെ കല്യാണിക്കുട്ടിയെ കാണാനെത്തുന്നു. പ്രഭുവിന്റെ പുറകെ നടക്കരുതെന്ന് ശോഭ എത്ര പറഞ്ഞിട്ടും കല്യാണിക്കുട്ടി അതിന് സമ്മതിക്കുന്നില്ല. അപ്പോൾ, നിന്റെ രക്ഷക്കാണ് താനിത് പറയുന്നതെന്ന് ശോഭ പറയുമ്പോൾ, എന്നെ രക്ഷിക്കാൻ എനിക്കറിയാമെന്ന് കല്യാണിക്കുട്ടി പറയുന്നു. ശോഭ തിരിച്ചു പോവുന്നു.
നെല്ല് തീരാറായത് കൊണ്ട് അമ്മാവനെ അതറിയിക്കാൻ പറഞ്ഞുവിട്ട വേലക്കാരനെ അമ്മാവൻ മർദ്ധിച്ച് തിരിച്ചയച്ചതറിഞ്ഞ് കല്യാണിക്കുട്ടി അവനെയും കൂട്ടി അമ്മാവനെ കാണാൻ ചെല്ലുന്നു. അമ്മാവനോട് അതിനെക്കുറിച്ച് ചോദിക്കുമ്പോൾ അമ്മാവൻ ധിക്കരിച്ചു സംസാരിക്കുന്നു. ആയതിനാൽ, ഇനിമുതൽ ഞങ്ങളുടെ വയലിന്റെ കാര്യം ഞങ്ങൾ തന്നെ നോക്കിക്കൊള്ളാം, അമ്മാവൻ ഇനി അതിൽ ഇടപെടേണ്ട എന്ന് തീർത്തു പറഞ്ഞുകൊണ്ട് കല്യാണിക്കുട്ടി തിരിച്ചു പോവുന്നു.
തുടർന്ന് പഠിപ്പിക്കാൻ ആഗ്രഹമില്ലെന്നും, ഉടനെ കെട്ടിച്ചയക്കണമെന്നുമുള്ള അച്ഛന്റെ (ബഹദൂർ) തീരുമാനത്തിൽ പൊരുത്തപ്പെടാൻ കഴിയാത്തത് കൊണ്ട് ശോഭ ദേഷ്യപ്പെട്ട് തൊടിയിലിരിക്കുമ്പോൾ അമ്മ അവളെപ്പറഞ്ഞ് സമാധാനിപ്പിക്കാൻ വരുന്നു. അമ്മയോടും അവൾ നീരസത്തോടെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അച്ഛൻ അവിടേക്ക് വന്ന് തന്റെ തീരുമാനത്തിൽ ഒരു മാറ്റവുമില്ലെന്ന് പറയുന്നു.
കല്യാണിക്കുട്ടി പ്രഭുവിനെ കാണാൻ പോവുന്ന കാര്യം അറിയുമ്പോൾ ലക്ഷ്മിയേടത്തി അവളെ ഗുണദോഷിക്കുന്നു. അപ്പോൾ ലഷ്മിയേടത്തിയോടും അവൾ അതേ കാര്യം പറയുന്നു - എന്നെ നോക്കാൻ എനിക്കറിയാം.
കല്യാണിക്കുട്ടി പ്രഭുവിനെ ലോഡ്ജിൽ കാണാൻ പോവുമ്പോൾ റിസപ്ഷനിൽ നിൽക്കുന്ന ബ്രോക്കർ പണിക്കർ (ഭാസി പുത്തില്ലം) അത് കാണാനിടയാവുന്നു. കല്യാണിക്കുട്ടിയെ തന്റെ പക്കൽ ഇരുത്തിക്കൊണ്ട്, ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് എന്തിനിത്ര പരിഭ്രമിക്കുന്നു എന്നും, ആരെങ്കിലുമൊക്കെ പറയുന്നു എന്നു വെച്ച് ആരെങ്കിലും ചാടിക്കേറി കല്യാണം കഴിക്കാറുണ്ടോ എന്നും, നിങ്ങൾ പെൺകുട്ടികൾ എല്ലാവരും ഒരേ തരക്കാരാണെന്നും, എപ്പോ നോക്കിയാലും വിവാഹം വിവാഹം എന്ന ചിന്തയെ ഉള്ളു എന്നും പറഞ്ഞ് അവളെ കെട്ടിപ്പിടിക്കുന്നു. അപ്പോൾ, അവന്റെ കൈ തട്ടിമാറ്റിക്കൊണ്ട്, ഈ മറുപടി അല്ല താൻ പ്രതീക്ഷിച്ചതെന്ന് കല്യാണിക്കുട്ടി പറയുന്നു. അതുകേട്ട്, നീ എന്റേതല്ലേ എന്ന് പ്രഭു പറയുമ്പോൾ, അല്ലെന്ന് ഇപ്പോൾ തനിക്ക് തോന്നിപ്പോവുന്നു എന്നും, ആണെന്ന് ഇതേവരെ പറഞ്ഞിട്ടില്ലല്ലോ എന്നും, ഇതേവരെ പറഞ്ഞിട്ടില്ലല്ലോ എന്നും കല്യാണിക്കുട്ടി പറയുന്നു. അപ്പോൾ, വെറുതെ എന്തെല്ലാം കഥകൾ കേട്ടുവെന്നും, അതിലൊരെണ്ണം സത്യമായാൽക്കൂടി ....... എന്ന് പറയാൻ വന്നത് മുഴുവനാക്കാതെ പ്രഭു കല്യാണിക്കുട്ടിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്താൻ ശ്രമിക്കുന്നു. കല്യാണിക്കുട്ടി അവനെ തള്ളി മാറ്റിയിട്ട് മുറിയിൽ നിന്നും ഓടി രക്ഷപ്പെടുന്നു.
പെണ്ണുകാണാൻ വന്നവർക്ക് ചായ കൊണ്ടുകൊടുക്കാൻ ശോഭയെ അമ്മ നിർബന്ധിച്ചു പറഞ്ഞുവിടുന്നു. ചായ കൊടുക്കുമ്പോഴാണ് ശോഭ ശ്രദ്ധിക്കുന്നത് തന്നെ പെണ്ണുകാണാൻ വന്നത് മറ്റാരുമല്ല പ്രഭുവാണെന്നുള്ള സത്യം. അവനെക്കണ്ടതും ഞെട്ടിത്തരിച്ചു പോവുന്നു. അവനെക്കണ്ടതും അവൾ അവനെ ആദ്യമായി ഹോസ്റ്റലിൽ വെച്ചു കണ്ട അത്ര രുചികരമല്ലാത്ത കൂടിക്കാഴ്ച ഓർക്കുന്നു. അവൾ പകച്ചു നിൽക്കുന്നത് ശ്രദ്ധിക്കുന്ന അച്ഛൻ കാര്യം തുറക്കുമ്പോൾ അവൾ ഒന്നും പറയാതെ അകത്തേക്ക് പോകുന്നു. അകത്തേക്ക് പോയി ശോഭ അമ്മയെക്കെട്ടിപ്പിടിച്ച് കരയുന്നു. വേലക്കാരൻ ദാമോദരൻ (പി.സി.സോമൻ) കല്യാണിക്കുട്ടിയെക്കണ്ട് പ്രഭുവുമായി ശോഭയുടെ വിവാഹം ഉറപ്പിച്ച കാര്യം പറഞ്ഞിട്ട് പോവുന്നു. തന്നോട് പ്രഭുവിനെ മറക്കാൻ പറഞ്ഞിട്ട്, ഇപ്പോൾ അവനെത്തന്നെ അവൾ വിവാഹം കഴിക്കാൻ പോവുന്നു എന്നറിഞ്ഞതും കല്യാണിക്കുട്ടിക്ക് ശോഭയോട് വെറുപ്പ് തോന്നുന്നു.
അച്ഛനോടും, അമ്മയോടും പ്രഭുവിന്റെ ലീലാവിലാസങ്ങളൊക്കെ ശോഭ എത്ര എടുത്തു പറഞ്ഞിട്ടും അച്ഛൻ യാതൊരു കൂസലുമില്ലാതെ പറയുന്നു - ഞാൻ തീരുമാനിച്ചത് തീരുമാനിച്ചത് തന്നെ. വിവാഹത്തിന് മുൻപ് ഒരു ദിവസം ശോഭ അമ്പലത്തിൽ തൊഴാൻ പോകുമ്പോൾ അവിടെ കല്യാണിക്കുട്ടിയെക്കണ്ട് അവളെ വിളിക്കുന്നു. പക്ഷേ കല്യാണിക്കുട്ടി അവളോട് സംസാരിക്കാൻ താല്പര്യം കാണിക്കാതെ ദേഷ്യത്തോടെ അവിടുന്നും പോവുന്നു.
അച്ഛനും അമ്മയും കല്യാണം ക്ഷണിക്കാൻ പോയ ഒരു ദിവസം രാത്രിയിൽ ശോഭ പ്രഭു കാരണം നശിച്ച ലത എന്ന കൂട്ടുകാരി ആത്മഹത്യ ചെയ്ത സംഭവം ഓർത്തിരിക്കുന്നു. അപ്പോൾ മഴ തകർത്തു പെയ്യുന്നു. മഴയും നനഞ്ഞവൾ അവിടെത്തന്നെയിരിക്കുന്നു. ഉണക്കാനിട്ട തുണികളെല്ലാം എടുത്ത് അകത്തേക്ക് ഓടുന്നതിനിടയിൽ അത് ശ്രദ്ധിക്കുന്ന വേലക്കാരൻ ദാമോദരൻ അവളെ അകത്തു പോകാൻ പറയുകയും, തല തോർത്താൻ പറഞ്ഞ് തോർത്തുമുണ്ട് കൊടുക്കയും ചെയ്യുന്നു. അവൾ തോർത്ത് വാങ്ങിച്ച് തല തോർത്തുന്നതിനിടയിൽ ദാമോദരനെ കാമാർത്തമായി നോക്കി അവനെ പ്രലോഭിപ്പിക്കുകയും, അവന് തന്റെ ചാരിത്ര്യം അടിയറവ് വെക്കുകയും ചെയ്യുന്നു.
ലോഡ്ജ് മുറിയിലെ വാതിലിലുള്ള മുട്ടുകേട്ട് പ്രഭു കടന്നു വരാൻ പറയുമ്പോൾ തോളിൽ ഒരു ബാഗുമായി ഇന്ദിര (ബിന്ദുലേഖ) കടന്നു വരുന്നു. അകത്തു വന്നതും, തനിക്കാരുമില്ലെന്നും, ലോഡ്ജിൽ ചിലർക്കെല്ലാം സംശയം തോന്നിത്തുടങ്ങിയെന്നും ഇന്ദിര മടിച്ചു മടിച്ച് പറയുമ്പോൾ, അത് സർവ്വസാധാരണമാണെന്നും, നാല് മാസം ആവുന്നില്ലേ, ഇത്രയും കാലം ആർക്കും സംശയം തോന്നിയില്ലെങ്കിലും അത് നിന്റെ മിടുക്കെന്നും പ്രഭു പറയുമ്പോൾ, ഇന്ദിര ഒന്ന് പകച്ചുപോയി നിന്ന ശേഷം എന്തിനാണ് തന്നോട് രണ്ടാഴ്ചത്തേക്ക് ലീവെടുക്കാൻ പറഞ്ഞതെന്ന് അവൾ ചോദിക്കുന്നു. അതിന്, അത്രയും ദിവസമെങ്കിലും നിന്റെ നമ്പർ പ്ളീസ് എന്ന് ആൾക്കാർ കേൾക്കാതിരിക്കുമല്ലോ എന്നു കരുതി എന്ന് പ്രഭു കൂളായി പറയുന്നു. അതുകേട്ട്, ഇന്ദിര വിഷമത്തോടെ തലയും കുനിച്ചു നിൽക്കുന്നു. പിന്നീട്, കിടക്കയിൽ മലർന്നു കിടന്നുകൊണ്ട് നാളെ എന്റെ വിവാഹമാണെന്ന് പ്രഭു പറയുമ്പോൾ ഇന്ദിര ഞെട്ടുന്നു. അപ്പോൾ, പ്രഭു തുടരുന്നു - അതിന് മുൻപ് ഈ അബദ്ധമൊന്ന് തിരുത്തണമുണ്ടെന്നും, എനിക്ക് വേണ്ടിയല്ലെന്നും, നിനക്ക് വേണ്ടി എന്നും പ്രഭു പറയുമ്പോൾ ഇന്ദിര കരച്ചിലിന്റെ വക്കത്തെത്തി നിൽക്കുന്നു. അന്നേരം, പ്രഭു അവളുടെ അടുത്തേക്കെത്തി അവളുടെ വയറ് കാണിച്ച്, നമുക്ക് ഇതങ്ങ് ഒഴിവാക്കാമെന്ന് പറയുമ്പോൾ, ഇന്ദിര വിഷമത്തോടെ ശരിയെന്ന മട്ടിൽ തല കുലുക്കുന്നു. പിന്നീട് പ്രഭു റിസപ്ഷനിൽ വിളിച്ച് ഡ്രൈവർ ഹസ്സനെ മുറിയിലേക്ക് പറഞ്ഞുവിടാൻ പറയുന്നു.
ഹസ്സൻ മുറിയിൽ വരുന്നതിന് മുൻപ് കുറച്ചു പണമെടുത്ത് ഇന്ദിരയുടെ ബാഗിൽ വെച്ച ശേഷം, ഹസ്സൻ നിന്നെ വീട്ടിൽക്കൊണ്ടു വിടുമെന്നും, മരുന്ന് അവന്റെ കൈയ്യിൽ ഏൽപ്പിച്ചിട്ടുണ്ടെന്നും, പേടിയുണ്ടോ എന്നും പ്രഭു ചോദിക്കുമ്പോൾ, ഇല്ലെന്ന് ഇന്ദിര വിതുമ്പലോടെ പറയുന്നു. അപ്പോൾ, ഇപ്പോ ഒരു ടോസ് തരുമെന്നും, കാറിലിരുന്ന് സുഖമായി ഒന്ന് ഉറങ്ങിക്കഴിയുമ്പോൾ എല്ലാം നേരെയാവും എന്ന് പ്രഭു പറയുന്നു, ആ നേരത്ത് വാതിൽ മുട്ടുന്ന ശബ്ദം കേട്ട് പ്രഭു അകത്തേക്ക് കയറി വരാൻ പറയുമ്പോൾ, ഹസ്സൻ (കെ.പി.എ.സി.സണ്ണി) കയറി വരുന്നു. അപ്പോൾ, ഹസ്സനെ അറിയില്ലേ എന്ന് പ്രഭു ഇന്ദിരയോട് ചോദിക്കുമ്പോൾ, അറിയാമെന്ന് വിതുമ്പലോടെ ഇന്ദിര പറയുമ്പോൾ, അവളോട് കാറിൽ പോയിരുന്നോളു എന്ന് പ്രഭു പറയുന്നു. ഇന്ദിര ബാഗുമായി പുറത്തേക്ക് പോയതും, വാതിലടച്ച ശേഷം, വീട്ടിൽപ്പോയി കഴിച്ചോളാമെന്ന് പറയും, സമ്മതിക്കരുതെന്ന് പ്രഭു ഹസ്സനോട് പറയുമ്പോൾ, സാർ എന്ന് ഹസ്സൻ പറയുന്നു. അതുകേട്ട്, എന്ത് സാർ എന്ന് പ്രഭു ചോദിക്കുന്നു. അതിന്, ഞാൻ കഴിപ്പിച്ചോളാമെന്ന് ഹസ്സൻ പറയുന്നു. അന്നേരം കീശയിൽ നിന്ന് കുറച്ച് പണമെടുത്ത് ഹസ്സന്റെ കൈയ്യിൽക്കൊടുത്തുകൊണ്ട്, വഴിയിൽ എന്തെങ്കിലും അസുഖം വന്നാൽ വഴിയിൽ കാണുന്ന ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യണമെന്നും, ആര് ചോദിച്ചാലും ശരിയായ അഡ്ഡ്രസ്സും, പേരുമൊന്നും പറയരുതെന്നും പ്രഭു പറയുമ്പോൾ ഹസ്സൻ ശരിയെന്ന് സമ്മതിക്കുന്നു. പ്രഭു അവനെ പറഞ്ഞു വിടുന്നു.
പ്രഭുവുമായുള്ള വിവാഹത്തിന് ശേഷം ശോഭ പ്രഭുവിന്റെ വീട്ടിൽ എത്തുമ്പോൾ, വർമ്മാജി അടുത്തിരിക്കുന്ന നീലിമയെ നോക്കിക്കൊണ്ട് ശോഭയോട് പറയുന്നു - ഇവളോടുള്ളതിനേക്കാൾ സ്നേഹവും വാത്സല്യവും തനിക്ക് കുഞ്ഞിനോടാണെന്നും (പ്രഭുവിനെ ഉദ്ദേശിച്ച്), അച്ഛൻ ഇല്ലാ എന്നൊരു ദുഃഖം ഇന്നുവരെ താൻ അവനെ അറിയിച്ചിട്ടില്ലെന്നും പറഞ്ഞുകൊണ്ട് വർമ്മാജി എഴുന്നേറ്റ് ശോഭയുടെ പക്കൽ നിന്നുകൊണ്ട് തുടരുന്നു - ഇവളുടെ വിവാഹം കഴിഞ്ഞിട്ട് മതി കുഞ്ഞിന്റെ കല്യാണം എന്ന് എല്ലാരും തന്നോട് പറഞ്ഞതാണെന്നും, പക്ഷേ തനിക്കെന്തോ ഇന്നിടത്ത്, ഇന്ന പോലൊരു പെൺകുട്ടിയെ കണ്ടുവെച്ചിരിക്കുന്നു, കല്യാണം കഴിച്ചു തരണമെന്ന് കുഞ്ഞ് വന്ന് പറഞ്ഞ ഉടനെ താൻ നടത്തിക്കൊടുത്തു എന്നും, ജാതക പ്രകാരം കുഞ്ഞിന്റെ മനഃക്ലേശവും അലച്ചിലും അടുത്ത മാസം തീരുമെന്നും, പിന്നെ കുഞ്ഞിന്റെ മനസ്സമാധാനവും, മനോസുഖവും ഒക്കെ ഈ കൈയ്യിലാണെന്നും വർമ്മാജി ശോഭയുടെ കൈ പിടിച്ച് പറയുമ്പോൾ ശോഭ ചിരിച്ചുകൊണ്ട് തലകുലുക്കുന്നു. പിന്നീട് വർമ്മാജി ശോഭയെ മുകളിലത്തെ മുറിയിലേക്ക് പറഞ്ഞയക്കുന്നു.
രാത്രിയിൽ ശോഭ മുടി ചീകിക്കൊണ്ടിരിക്കുമ്പോൾ പ്രഭു കയറി വരുന്നു. അവൻ വന്നതും സ്റ്റൂളിൽ നിന്നും എണീറ്റ് നൈറ്റിയുടെ ബട്ടണുകൾ തുറന്ന് ശോഭ അവനു നേരെ മാറിടം കാണിക്കുമ്പോൾ പ്രഭു പകച്ചു പോവുന്നു. അപ്പോൾ ശോഭ അവനെ പകയോടെ തുറിച്ചു നോക്കുന്നു. അന്നേരം, എന്താണിതെന്ന് പ്രഭു ചോദിക്കുമ്പോൾ, ഇതാണല്ലോ നിങ്ങൾക്കാവശ്യം എന്ന് പറയുന്നു. അപ്പോൾ, ഇല്ലെന്നപോലെ തലയാട്ടിയ ശേഷം അവളുടെ മാറിടം നൈറ്റികൊണ്ട് മറച്ചുകൊണ്ട്, എന്റെ ഒരു വാശിയായിരുന്നു എന്ന് പ്രഭു പറയുമ്പോൾ, എന്തെന്ന് ശോഭ ചോദിക്കുന്നു. അതിന്, നീ എന്ന് പ്രഭു പറയുമ്പോൾ എന്തിനെന്ന് ശോഭ ചോദിക്കുന്നു. അപ്പോൾ, അവളെപ്പിടിച്ചുകൊണ്ട്, എന്നെ ഏറ്റവുമധികം വെറുക്കുന്ന പെൺകുട്ടിയുടെ കഴുത്തിൽ തന്നെ താലികെട്ടിയത് മനഃപൂർവമായിരുന്നു എന്ന് പ്രഭു പറയുമ്പോൾ, എന്തിനെന്ന് വീണ്ടും ശോഭ ചോദിക്കുന്നു. അതിന്, ആ വെറുപ്പ് മാറ്റിയെടുക്കാനെന്ന് ചിരിച്ചുകൊണ്ട് പ്രഭു പറയുമ്പോൾ, ശോഭ അവന്റെ തോളിലേക്ക് ചായുന്നു. പ്രഭു അവളെ തഴുകുമ്പോൾ അവളുടെ മനസ്സിൽ മിന്നി മറയുന്നത് വേലക്കാരൻ ദാമോദരന് തന്റെ ചാരിത്ര്യം അടിയറവ് വെച്ചതാണ്. ശാരീരികമായി ഒന്നിച്ച ശേഷം വിശ്രമിക്കുമ്പോൾ, എത്രയോ കാലത്തിന് ശേഷം താനിന്ന് ആദ്യമായി മദ്യപിക്കാതിരിക്കുകയാണെന്നും, അമ്മയെ കണ്ടിരുന്നുവോ എന്നും പ്രഭു ചോദിക്കുമ്പോൾ, ഒന്നും പറഞ്ഞില്ലെന്ന് ശോഭ പറയുന്നു. അതുകേട്ട്, പറയില്ലെന്നും, അമ്മയും താനുമായി എന്തെങ്കിലും സംസാരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞുവെന്നും പ്രഭു പറയുമ്പോൾ, കാരണം എന്ന് ശോഭ ചോദിക്കുന്നു. അതിന്, കാരണം ..... താഴെകണ്ടില്ലേ ആ മനുഷ്യൻ, അങ്കിൾ ..... വർമ്മാജി .... എന്ന് അമർഷത്തോടെയും, വെറുപ്പോടെയും പ്രഭു പറയുമ്പോൾ, നീലിമയുടെ അച്ഛൻ എന്ന് ശോഭ ചോദിക്കുന്നു. അതെ എന്ന് നെടുവീർപ്പിട്ടുകൊണ്ട് പ്രഭു പറയുന്നു. അതുകേട്ട്, ആരാണയാൾ എന്ന് ശോഭ ചോദിക്കുന്നു. അതിന്, എന്റെ ശത്രു എന്നും, കുട്ടിക്കാലത്ത് എനിക്കയാളെ ഇഷ്ടമായിരുന്നുവെന്നും, അയാളെപ്പോഴും ഈ വീട്ടിലുണ്ടാവുമായിരുന്നുവെന്നും, ഊണും ഉറക്കവും എല്ലാം ഇവിടെത്തന്നെ എന്നും, അച്ഛന്റെ സ്ഥിരം സഹചാരിയെന്നും, കാര്യസ്ഥനെനും, ചതുരംഗം വെക്കാൻ അച്ഛന്റെ അടുത്ത ചങ്ങാതി എന്നും പ്രഭു പറയുമ്പോൾ തന്നെ അവന്റെ മനസ്സിൽ പഴയ കാര്യങ്ങൾ തെളിയുന്നു.
അച്ഛനും (ടി.പി.മാധവൻ) വർമ്മാജിയും ചതുരംഗം കളിക്കുന്നത് ബാലനായ പ്രഭു (മാസ്റ്റർ അനന്ത പദ്മനാഭൻ) വാതിലിൽ ചാരി നിന്ന് അതികാംക്ഷയോടെ നോക്കി നിൽക്കുന്നു. അമ്മയും അച്ഛന്റെ അരിക് ചേർന്നിരുന്നു കളി രസിക്കുന്നതോടൊപ്പം വർമ്മാജിയുമായി ആംഗ്യഭാഷയിൽ ശൃംഗരിക്കുകയും ചെയ്യുന്നു. പിന്നീട് അച്ഛൻ ഉറങ്ങിയ ശേഷം അദ്ദേഹമറിയാതെ വർമ്മാജിയുമൊത്ത് ശൃംഗാര ലീലകൾ നടത്തുകയും ചെയ്യുന്നു. ഒരു ദിവസം രാത്രിയിൽ അച്ഛൻ ഉദര വേദനയാൽ പിടയുന്നത് കേട്ട് അമ്മയും, വർമ്മാജിയും അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിയെത്തുന്നു. വാതിലിന്റെ മറവിൽ നിന്ന് പരിചാരകനും, ബാലൻ പ്രഭുവും അത് നോക്കി നിൽക്കുന്നു. അച്ഛൻ വർമ്മാജിയെ വിരൽ ചൂണ്ടിക്കൊണ്ട് നീയെനിക്ക് വിഷം തന്നു, നീയതിന് അനുഭവിക്കും എന്ന് പിടഞ്ഞുകൊണ്ടേ അലറുന്നു. അമ്മ വിഷമത്തോടെ വർമ്മാജിയെ നോക്കുമ്പോൾ, അദ്ദേഹം പുഞ്ചിരിച്ച് അതൊന്നും കാര്യമാക്കേണ്ടെന്ന പോലെ കൈകൊണ്ട് ആംഗ്യം കാണിക്കുന്നു. പ്രഭു ഇതെല്ലാം നിർന്നിമേഷനായി നോക്കി നിൽക്കുമ്പോൾ വർമ്മാജി അത് ശ്രദ്ധിച്ച്, അവനെ അവിടെ നിന്നും പൊക്കിയെടുത്ത് അടുത്തുള്ള മുറിയിൽ കൊണ്ടാക്കി മിണ്ടിപ്പോവരുതെന്ന് താക്കീത് ചെയ്ത്, മുറി താഴിട്ട് പോവുന്നു. അച്ഛൻ പിടഞ്ഞു മരിച്ചതും അമ്മയുടെ അരക്കെട്ടിലെ താക്കോൽക്കൂട്ടം വർമ്മാജി കരസ്ഥമാക്കുന്നു.
പ്രഭു ഓർമ്മകളിൽ നിന്നും വിമുക്തനായി വർത്തമാനകാലത്തിലേക്ക് തിരിച്ചെത്തുന്നു. അവൻ തുടരുന്നു - എന്റെ അമ്മയ്ക്ക് ഇതിൽ എത്രമാത്രം പങ്കുണ്ടെന്ന് അറിയില്ലെന്നും, ആളുകൾ പലതും പറഞ്ഞുവെന്നും, എനിക്കെങ്ങനെ എന്റെ അമ്മയോട് മിണ്ടാൻ കഴിയുമെന്നും, എങ്ങിനെ സ്ത്രീകളെ ബഹുമാനിക്കാൻ കഴിയുമെന്നും പറയുമ്പോൾ, അതുമിതും പറഞ്ഞ് മനസ്സ് വിഷമിപ്പിക്കാതെ, വരൂ നമുക്ക് അതൊക്കെ നോക്കാമെന്ന് വിവാഹത്തിന് സമ്മാനമായി കിട്ടിയ കവറുകളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ശോഭ പറയുന്നു. അതുകേട്ട്, അതൊക്കെ നാളെ നോക്കാമെന്ന് പ്രഭു പറയുമ്പോൾ, ഇന്നെന്താ പണി വരൂ എന്ന് പറഞ്ഞുകൊണ്ട് ശോഭ മേശക്കരികിലേക്ക് പോവുമ്പോൾ, പ്രഭു കിടക്കയിൽ തന്നെയിരുന്നു. ശോഭ ഓരോന്നായി നോക്കിക്കൊണ്ടിരിക്കുമ്പോൾ വാതിലിൽ ആരോ മുട്ടുന്നത് കേട്ട് ഞാൻ നോക്കാമെന്ന് പറഞ്ഞ് അവിടേക്ക് പോകുന്നു. പ്രഭു കിടക്കയിൽ ഇരുന്നുകൊണ്ട് തന്നെ ആരാത്, എന്തുവേണം എന്ന് ചോദിക്കുമ്പോൾ, ഡ്രൈവർ മണിയാണെന്നും, ടെലിഗ്രാം വന്നിട്ടുണ്ടെന്നും പറഞ്ഞ് ടെലിഗ്രാം ശോഭയെ ഏൽപ്പിച്ച് തിരിച്ചു പോവുന്നു. ഈ സമയത്തൊരു ടെലിഗ്രാം എന്ന് ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞുകൊണ്ട് ശോഭ അത് പൊട്ടിച്ചു വായിച്ചതും ഞെട്ടിത്തരിച്ചു നിൽക്കുന്നു. അവളുടെ ഭാവമാറ്റം കണ്ട് സംശയത്തോടെ പ്രഭു ശോഭയെ നോക്കുമ്പോൾ, ആരാണ് ഇന്ദിര എന്ന് ശോഭ അരിശത്തോടെ ചോദിക്കുന്നു. അതുകേട്ട്, ആ ടെലിഗ്രാം ഇങ്ങ് തരു എന്ന് പ്രഭു ദേഷ്യത്തോടെ ചോദിക്കുന്നു. ശോഭ അത് ശ്രദ്ധിക്കാതെ ഹസ്സൻ എന്നൊരു ഫ്രണ്ട് ഉണ്ടോ എന്ന് ചോദിക്കുന്നു. അതിന്, ക്രോസ്സ് ചെയ്യുന്നത് എനിക്കിഷ്ടമല്ലെന്നും, ആ ടെലിഗ്രാം ഇങ്ങ് താ എന്നും പ്രഭു ഗർജ്ജിക്കുന്നു. ശോഭയും വിടുന്ന മട്ടില്ല, അവളും കൂസാതെ, ചോദിച്ചതിന് മറുപടി കിട്ടിയില്ലെന്ന് പറയുന്നു. പ്രഭു ഒന്നും മിണ്ടാതെ നിൽക്കുമ്പോൾ, ഹസ്സൻ ആരാണെന്നും, തനിക്കത് അറിയണമെന്നും ശഠിക്കുന്നു. അപ്പോൾ, ഒരു ടാക്സി ഡ്രൈവർ എന്ന് പ്രഭു പറയുമ്പോൾ, ഇന്ദിര മരിച്ചുവെന്ന് ഒരു ടാക്സി ഡ്രൈവർ നിങ്ങൾക്ക് ടെലിഗ്രാം അയച്ചിരിക്കുന്നു എന്ന് അമർഷത്തോടെ പറയുന്നു. അതുകേട്ട്, ടെലിഗ്രാം ഇങ്ങ് തരാൻ എന്ന് പ്രഭു അലറുന്നു. അപ്പോൾ ശോഭ ദേഷ്യത്തോടെ ടെലിഗ്രാം ചുരുട്ടിക്കൂട്ടി വലിച്ചെറിയുന്നു, പ്രഭു അതെടുത്ത് വായിക്കുന്നു. അന്നേരം, ഈ പെൺകുട്ടിയും നിങ്ങളും തമ്മിൽ എന്താ ബന്ധം എന്നും, തനിക്കത് അറിഞ്ഞേ തീരുവെന്നും ശോഭ ശഠിക്കുന്നു. അതുകേട്ട്, അറിഞ്ഞേ തീരു എന്ന് നീരസത്തോടെ ചോദിക്കുമ്പോൾ, തനിക്കതറിയണം എന്ന് ശോഭ വീണ്ടും പറയുന്നു. അതിന്, ഞാനവൾക്ക് അബോർഷനുള്ള മരുന്നു കൊടുത്തുവെന്നും, അവളത് കഴിച്ച് മരിച്ചുവെന്നും ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് പ്രഭു മുറിയിൽ നിന്നും പുറത്തേക്ക് പോകുന്നു. അതുകേട്ട് ശോഭ തരിച്ചു നിൽക്കുന്നു. അമ്മയും, വർമ്മാജിയും പ്രഭു കാറോടിച്ച് പോവുന്നത് നിസ്സഹായരായി നോക്കി നിൽക്കുന്നു.
ബ്രോക്കർ പണിക്കർ കല്യാണിക്കുട്ടിക്ക് മധ്യവയസ്കനായ തിരുമുൽപ്പാടിന്റെ (പി.കെ.വേണുക്കുട്ടൻ നായർ) രണ്ടാം വിവാഹാലോചനയുമായി വരുമ്പോൾ ലക്ഷ്മിയേടത്തി എതിർക്കുമ്പോൾ, കല്യാണിക്കുട്ടി അദ്ദേഹത്തെ കാണണമെന്നും, കൂട്ടിക്കൊണ്ടു വരൂ എന്നും പറയുന്നു. കല്യാണിക്കുട്ടി ആവശ്യപ്പെട്ടതനുസരിച്ച് തിരുമുൽപ്പാട് വരുന്നു. പതിനഞ്ച് വയസ്സിൽ തനിക്കൊരു മകൻ ഉണ്ടെന്നും, അവൻ ഊട്ടിയിലാണെന്നും അദ്ദേഹം പറയുമ്പോൾ, തന്നെക്കാൾ അഞ്ച് വയസ്സ് എളുപ്പമേയുള്ളു അല്ലേ എന്ന് കല്യാണിക്കുട്ടി ചോദിക്കുന്നു. അതുകേട്ട്, അതേ, നീ വളരെ ചെറുപ്പമാണെന്ന് പറഞ്ഞ ശേഷം, ഞാൻ ഉദ്ദേശിച്ചത് എന്ന് എന്തോ പറയാൻ വന്നത് പകുതിയിൽ നിർത്തുന്നു തിരുമുൽപ്പാട്. പിന്നീട്, രണ്ടാം വിവാഹം എന്നത് വല്യൊരു കോംപ്ലക്സ് ആണെന്നും, വയസ്സോക്കുമ്പം ആളൊക്കില്ല, ആളൊക്കുമ്പം വയസ്സോക്കില്ല എന്ന് തിരുമുൽപ്പാട് പറയുന്നു. അതിന്, അതെയെന്നും, ഇവിടെ ലക്ഷ്മിയേടത്തിക്കും അതേ പ്രോബ്ലമാണെന്നും, അമ്മയ്ക്ക് എപ്പോഴും ആ വിചാരമേയുള്ളു എന്ന് കല്യാണിക്കുട്ടി പറയുമ്പോൾ, താൻ കാണേണ്ടിയിരുന്നത് അവരെയാണെന്നും, അവർ ഇപ്പോൾ ഇവിടെയില്ലേ എന്നും തിരുമുൽപ്പാട് ചോദിക്കുന്നു. അവർ ഇവിടെയുണ്ടെന്നും, ഇപ്പോൾ കൂട്ടിവരാമെന്നും പറഞ്ഞ് കല്യാണിക്കുട്ടി വീടിന്റെ പുറക് വശത്തേക്ക് പോയി ലക്ഷ്മിയേടത്തിയെ നിർബന്ധിച്ച് കൂട്ടി വരുന്നു. രണ്ടുപേർക്കും ഇഷ്ടപ്പെടുകയും അധികം വൈകാതെ തിരുമുൽപ്പാടും, ലക്ഷ്മിയേടത്തിയും തമ്മിലുള്ള വിവാഹം നടക്കുകയും ചെയ്യുന്നു.
നീലിമ തന്റെ മുറിയിൽ റേഡിയോ ഗാനം കേട്ടുകൊണ്ടിരിക്കുമ്പോൾ വർമ്മാജി അവളെ വിളിക്കുന്നത് കേൾക്കുമ്പോൾ, അത് അവഗണിച്ചുകൊണ്ട് റേഡിയോ നിർത്തിയിയ ശേഷം ഒരു ബ്രീഫ്കേസ് എടുത്ത് തന്റെ വസ്ത്രങ്ങൾ അതിൽ നിറയ്ക്കാൻ തുടങ്ങുന്നു. വിളിച്ചിട്ടും അവൾ വരാത്തത് കൊണ്ട് വർമ്മാജി അവളുടെ മുറിയിലേക്ക് കയറി വരികയും, പെട്ടിയിൽ കുറച്ച് സ്ഥലം ബാക്കി വെക്കണമെന്നും, താൻ കുറച്ച് മധുര പലഹാരങ്ങൾ ഓർഡർ ചെയ്തിട്ടുണ്ടെന്നും, അടുത്ത വെക്കേഷൻ വരെ കഴിക്കാനുള്ള സ്വീറ്റ്സ് ആണെന്നും, സൂക്ഷിച്ചു വെക്കുമോ അതോ സുഹൃത്തുക്കൾക്ക് വാരി വാരിക്കൊടുക്കുമോ എന്ന് അവളോട് ചോദിക്കുന്നു. അതിനവൾ പെട്ടിയിൽ സ്ഥലം കാണില്ലെന്ന് അദ്ദേഹത്തിന്റെ മുഖത്ത് നോക്കാതെ തന്നെ മറുപടി നൽകുന്നു. അതുകേട്ട്, അപ്പോൾ താൻ വാങ്ങിയ മധുര പലഹാരങ്ങളൊക്കെ എന്തു ചെയ്യുമെന്ന് വർമ്മാജി ചോദിക്കുമ്പോൾ, എനിക്കറിയില്ലെന്ന് നീരസത്തോടെ പറഞ്ഞുകൊണ്ട് നീലിമ മുറിയിൽ നിന്നും പുറത്തേക്ക് പോകുന്നു. വർമ്മാജി ഇവൾക്കെന്തു പറ്റി എന്ന മട്ടിൽ വായുംപൊളിച്ച് നിൽക്കുന്നു.
നീലിമ നേരെ പോവുന്നത് ശോഭയുടെ മുറിയിലേക്കാണ്. അവിടെച്ചെന്ന്, ചേച്ചി രാവിലെ ഞാൻ പോകും വീണ്ടും ആ ഹോസ്റ്റലിലേക്ക് കയറിച്ചെല്ലാൻ എന്ന് ശോഭയോട് പറയുമ്പോൾ, നാണം തോന്നുന്നുണ്ടാവും അല്ലേ എന്ന് ശോഭ അവളെ നോക്കി അരിശത്തോടെയും പുച്ഛത്തോടെയും ചോദിക്കുന്നു. അതിനുത്തരം പറയാൻ കഴിയാതെ നീലിമ തലയും കുനിച്ചു നിൽക്കുന്നു. അപ്പോൾ ശോഭ തുടരുന്നു - ഈ വീട്ടിൽ കഴിയുന്നതിനേക്കാൾ വലിയ നാണക്കേടൊന്നും അല്ലല്ലോ എന്നും, അനിയത്തിയെ കാണാനാണെന്നും പറഞ്ഞ് ചേട്ടന് വീണ്ടും ഹോസ്റ്റലിൽ വരുമല്ലോ അല്ലേ എന്നും ശോഭ പരിഹാസത്തോടെ ചോദിക്കുമ്പോൾ, നീലിമ വേദനയോടെ ചേച്ചി എന്ന് വിളിച്ചു പോവുന്നു. ഇതെല്ലം കേട്ടുകൊണ്ട് പ്രഭു അവിടേക്ക് കയറി വരുന്നു. അതു ശ്രദ്ധിക്കുന്ന ശോഭ പ്രഭുവിനെ നോക്കി - ഹും, ചേട്ടന് പുതിയ ഇരകളെ പിടിച്ചു കൊടുക്കാനുള്ള ഹോസ്റ്റൽ വാസം എന്ന് അരിശത്തോടെ പറയുന്നു. അതുകേട്ട്, മതി അനാവശ്യം പറയരുതെന്ന് ദേഷ്യത്തോടെ പ്രഭു പറയുന്നു. അതിന്, നേര് പറയുമ്പോൾ കേട്ട് നിൽക്കാൻ ഉശിരില്ലാ അല്ലേ എന്ന് അവനെ നോക്കി ശോഭ കയർക്കുന്നു. അതുകേട്ട്, ശബ്ദിക്കരുതെന്ന് പ്രഭു തിരിച്ചു കയർക്കുമ്പോൾ, പേടിപ്പിക്കുകയാണോ എന്ന് ശോഭയും കയർക്കുന്നു. അപ്പോൾ പ്രഭു ശോഭയുടെ കരണത്തൊന്ന് പൊട്ടിക്കുന്നു. അന്നേരം നീലിമ പ്രഭുവിനെ പിടിച്ചുമാറ്റി അവിടുന്നും പറഞ്ഞുവിടുന്നു. പിന്നീട് നീലിമ ശോഭയോട് എന്തോ പറയാൻ തുടങ്ങുമ്പോൾ ശോഭ അവളെ ആട്ടിപ്പുറത്താക്കുന്നു.
അടുത്ത ദിവസം രാവിലെ വർമ്മാജി നീലിമയെ യാത്രയാക്കുന്നത് നോക്കി നിന്ന ശേഷം ശോഭ വീട്ടുമുറ്റത്തെ തോട്ടത്തിൽ നടക്കുമ്പോൾ വർമ്മാജി അവളെത്തന്നെ ഒരു വിടനെപ്പോലെ നോക്കി നിന്ന് അർത്ഥഗർഭമായി പുഞ്ചിരിച്ച ശേഷം അകത്തേക്ക് പോവുന്നു. അന്നേരം, വർമ്മാജിക്ക് കഴിക്കാനുള്ള ആഹാരവുമായി പുറത്തു നിന്നും വരുന്ന പരിചാരകൻ കാറിൽ നിന്നും ഇറങ്ങി അകത്തേക്ക് പോകുന്നത് ശോഭ ശ്രദ്ധിക്കുന്നു. ഇത് മുകളിൽ നിന്നും നോക്കി നിൽക്കുന്ന പ്രഭുവിന്റെ അമ്മയെയും അവൾ ശ്രദ്ധിക്കുന്നു.
പിന്നീട് ശോഭ നേരെ പോവുന്നത് പ്രഭുവിന്റെ അമ്മയുടെ പക്കലാണ്, ഇതിന്റെ കാരണം എന്തെന്നറിയാൻ. എന്താ കാരണമെന്ന് ചോദിച്ചാൽ തനിക്കറിയാൻ പാടില്ലെന്നും, ആ മനുഷ്യൻ ഈ വീട്ടിൽ നിന്നും ആഹാരം കഴിച്ചിട്ട് എത്രയോ കൊല്ലങ്ങളായി എന്നും, ഏത് ഹോട്ടലിൽ നിന്നാണ് ആഹാരം കൊണ്ടുവരുന്നതെന്ന് അദ്ദേഹത്തിനും ആ ഡ്രൈവർക്കും മാത്രമേ അറിയുള്ളുവെന്നും പ്രഭുവിന്റെ അമ്മ പറയുന്നു.
അതുകേട്ട്, അയാൾക്ക് ഇവിടെയുണ്ടാക്കുന്ന ചോറിൽ വിശ്വാസമില്ലേ എന്ന് ശോഭ ചോദിക്കുമ്പോൾ, ഉണ്ടാവില്ലെന്ന് അമ്മ പറയുന്നു. അതിന്, ആരെങ്കിലും വിഷം കലർത്തുമെന്നാണോ എന്ന് ശോഭ ചോദിക്കുമ്പോൾ, ആയിരിക്കാം എന്ന് അമ്മ പറയുന്നു. അതുകേട്ട്, ആര് എന്ന് അർത്ഥഗർഭമായി ശോഭ ചോദിക്കുമ്പോൾ, തനിക്കറിയാൻ പാടില്ലെന്ന് അമ്മ പറയുന്നു. അപ്പോൾ ശോഭയുടെ മട്ടു മാറുന്നു. എന്നാൽ എനിക്കറിയാമെന്നും, അയാളും നിങ്ങളും ഭയപ്പെടുന്നത് പ്രഭുവിനെയാണെന്നും ശോഭ അമർഷത്തോടെ പറയുന്നു. അതുകേട്ടതും അമ്മയുടെ മുഖം ആകെ വിളർത്തു പോവുന്നു. അപ്പോൾ ശോഭ തുടരുന്നു - നിങ്ങൾ രണ്ടാളും ചേർന്നല്ലേ ആ മനുഷ്യനെ നശിപ്പിച്ചതെന്ന് ശോഭ ദേഷ്യത്തോടെ ചോദിക്കുമ്പോൾ, അല്ല എന്ന് വിതുമ്പിക്കൊണ്ടേ പറയുന്നു. അന്നേരം ശോഭ വീണ്ടും, നിങ്ങളതിന് കൂട്ടു നിന്നുവെന്ന് കയർക്കുമ്പോൾ, ഇല്ല താനതിനെ എതിർത്തിട്ടേയുള്ളുവെന്നും, എന്നിരുന്നാലും താൻ നിസ്സഹായയായിരുന്നുവെന്നും അമ്മ വിതുമ്പലോടെ പറയുന്നു. അതുകേട്ട്, മനസ്സിലായില്ലെന്ന് ശോഭ പറയുന്നു. അതിന്, ഭർത്താവ് മരിച്ചതോടുകൂടി തനിക്ക് ആരുമില്ലാതായെന്നും, തനിക്കയാളെ പേടിയായിരുന്നുവെന്നും, അതയാൾ മുതലെടുത്തുവെന്നും, അയാൾക്ക് വേണ്ടിയിരുന്നത് സ്വത്തുമാത്രമായിരുന്നുവെന്നും, അത് തനിക്ക് അന്ന് മനസ്സിലായിരുന്നില്ലെന്നും, നീലിമ ജനിച്ചതോടുകൂടി തനിക്കത് വ്യക്തമായെന്നും, പിന്നെ അയാളുടെ ഭയം തന്റെ മകനെയായിരുന്നുവെന്നും, അയാൾ അവനെ തളർത്തിയെന്നും, നേരെ നിന്ന് ചോദിക്കാനുള്ള കരുത്തില്ലാത്തവനാക്കിയെന്നും, പണം വാരിക്കോരിക്കൊടുത്ത് അവനെ വഴി തിരിച്ചുവിട്ടുവെന്നും അമ്മ വികാരത്തിന്റെ ഏറ്റ ഇറക്കങ്ങളോടെ പറഞ്ഞു നിർത്തുമ്പോൾ തിരശ്ശീലയിൽ പഴയ കാര്യങ്ങൾ തെളിയുന്നു - പ്രഭു പഠിച്ചു കൊണ്ടിരിക്കുമ്പോൾ വർമ്മാജി അവന് അശ്ലീല പുസ്തകങ്ങൾ കൊടുത്ത് വഴി തിരിച്ചു വിടുന്നു. അവനെ ഇങ്ങിനെ വഴി തെറ്റിക്കുന്നത് ശരിയാണോ എന്ന് ചോദിക്കുന്ന ഭൃത്യനോട് അതാവശ്യമാണെന്ന് വർമ്മാജി തറപ്പിച്ചു പറയുന്നു. ഭൃത്യൻ അവിടുന്ന് പോയതും ആത്മഗതമെന്നോണം വർമ്മാജി പറയുന്നു - ഇവനെക്കൂടി നശിപ്പിക്കണം - പഴയ കാര്യങ്ങളിൽ നിന്നും വീണ്ടും അമ്മയിലേക്കെത്തുന്നു. പിന്നെ ഇതേവരെ പ്രഭു തന്നോട് മിണ്ടിയിട്ടില്ലെന്ന് പറഞ്ഞ് അമ്മ വിതുമ്പുന്നു. ശോഭ അവരെ സമാധാനിപ്പിക്കുമ്പോൾ തന്നെ ആരോ വീടിനുള്ളിലേക്ക് വരുന്നത് ശ്രദ്ധിക്കുകയും അവിടുന്ന് പതുക്കെ നടന്ന് പ്രഭുവിന്റെ മുറിയിലെ വാതിലിന്റെ മുന്നിൽച്ചെന്ന് നിൽക്കുകയും ചെയ്യുന്നു.
പ്രഭുവിന്റെ മുറിയിൽ ടാക്സി ഡ്രൈവർ ഹസ്സൻ പ്രഭുവിനോട് സംസാരിക്കുകയാണ് - അന്നെപ്പിന്നെ ഇന്നേ തിയ്യതിവരെ ടാക്സി ഇറക്കിയിട്ടില്ലെന്നും, പിള്ളേരും കെട്ടിയോളും പട്ടിണിയും എന്ന് ഹസ്സൻ പറഞ്ഞു നിർത്തുമ്പോൾ, നീ ധൈര്യമായി ടാക്സി ഇറക്കണം എന്ന് പ്രഭു പറയുന്നു. അതുകേട്ട്, അയ്യോ പിടിച്ചാലോ, എല്ലാം അങ്ങ് പറഞ്ഞേക്കണോ എന്ന് ഹസ്സൻ ചോദിക്കുന്നു. അപ്പോൾ പ്രഭു പരിഭ്രമത്തോടെ ആലോച്ചിരിക്കുന്നു. എന്നിട്ട് കീശയിൽ നിന്നും കുറച്ചു പണമെടുത്ത് അവനു കൊടുക്കുമ്പോൾ, ഹസ്സൻ അതും വാങ്ങിച്ച് തിരിച്ചു പോവുന്നു. അവൻ പോവുമ്പോൾ ശോഭ വാതിലിൽ മറഞ്ഞ് നിൽക്കുകയും, പിന്നീട് പ്രഭു മുറിക്ക് പുറത്തേക്ക് വരുമ്പോൾ അവന്റെ മുൻപിൽ ഗൗരവത്തോടെ നിൽക്കുകയും ചെയ്യുന്നു. അവളെക്കണ്ടതും, ഹും ... എന്താ എന്ന് പ്രഭു ചോദിക്കുമ്പോൾ, ഒന്നുമില്ല, എവിടെയൊക്കെയോ ഉള്ള വേശ്യകൾ അബോർഷൻ ചെയ്ത് മരിക്കുന്നു, എവിടൊക്കെയോ ഉള്ള ടാക്സി ഡ്രൈവർമാർ അതുമിതും പറഞ്ഞ് ബ്ലാക്ക്മെയിൽ ചെയ്ത് പണമുണ്ടാക്കുന്നു, ലോകത്തെ കിടുകിടെ വിറപ്പിക്കുന്ന എന്റെ ഭർത്താവ് ഒരു ടാക്സി ഡ്രൈവറുടെ മുന്നിൽ ആലില പോലെ നിന്ന് വിറയ്ക്കുന്നു, എനിക്കിതൊക്കെ കാണണമല്ലോ എന്ന് ശോഭ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ പ്രഭു അവളെ പിടിച്ചുലയ്ക്കുന്നു. എന്നിട്ട് ദേഷ്യത്തോടെ അവിടുന്നും ഇറങ്ങിപ്പോവുന്നു.
പാടത്ത് മേൽനോട്ടം വഹിച്ചുകൊണ്ടിരിക്കുന്ന കല്യാണിക്കുട്ടിയോട് ആരോ അമ്മയ്ക്ക് അപകടം പറ്റിയതറിയിക്കുമ്പോൾ അവൾ ഓടിക്കിതച്ച് വീട്ടിലെത്തി നോക്കുമ്പോൾ മിണ്ടാട്ടമില്ലാതെ കിടക്കുന്ന അമ്മയെയാണ്. ചുറ്റും നിൽക്കുന്ന ആൾക്കാരോട് എന്തുപറ്റിയെന്ന് കല്യാണിക്കുട്ടി ചോദിക്കുമ്പോൾ, ശബ്ദം കേട്ട് ഓടി വന്നു നോക്കുമ്പോൾ അമ്മ മിണ്ടാട്ടമില്ലാതെ കിടക്കുന്നതാണ് കണ്ടതെന്ന് കൂട്ടത്തിലെ ഒരു സ്ത്രീ പറയുന്നു. കോലായിൽ കിടക്കുന്ന അമ്മയെ എല്ലാവരും ചേർന്ന് അകത്തു കൊണ്ടുപോയി കിടത്തുന്നു. വിവരമറിഞ്ഞ് അമ്മാവൻ അവരെക്കാണാനെത്തുന്നു. അമ്മാവൻ കാര്യം തിരക്കുമ്പോൾ, മരുന്നു കഴിക്കുന്നുണ്ടെന്നും, ആയുർവേദ ചികിത്സ ഉണ്ടെന്നും ലക്ഷ്മിയേടത്തി പറയുന്നു. അപ്പോൾ, മതിയായില്ലേ, തോന്ന്യാസം കാണിക്കല്, തോന്ന്യാസങ്ങും കാട്ടി തോന്നിയ പോലെയങ്ങ് ജീവിക്കുക, എന്താ തൃപ്തിയായില്ലേ എന്ന് കല്യാണിക്കുട്ടിയെ നോക്കി അമ്മാവൻ അമർഷത്തോടെ ചോദിക്കുമ്പോൾ, അതിനിവിടെ ആരും തോന്നിയവാസം കാണിച്ചില്ലല്ലോ എന്ന് കല്യാണിക്കുട്ടി പറയുന്നു. അതുകേട്ട്, ഇല്ലേ, പിന്നെ ഈ കിടക്കണതെന്താ എന്ന് അമ്മാവൻ വീണ്ടും ചോദിക്കുമ്പോൾ, അത് എന്ന് എന്തോ പറയാൻ തുണിയുമ്പോഴേക്കും, നിന്റെ തോന്നിയവാസം കൊണ്ട് തന്നെയെന്ന് അമ്മാവൻ കയർക്കുന്നു. അതിന്, അത് ഈശ്വരന്റെ തോന്നിയവാസത്തിന്റെ ഫലമാണെന്ന് കല്യാണിക്കുട്ടി പറയുന്നു. ഇതെല്ലാം കേട്ടുകൊണ്ടിരിക്കുന്ന കല്യാണിക്കുട്ടിയുടെ അമ്മയ്ക്ക് വിമ്മിഷ്ടം അനുഭവപ്പെടുന്നു. അമ്മാവൻ അവളെതന്നെയൊന്ന് തുറിച്ചു നോക്കിയ ശേഷം എണീറ്റ് പോകുന്നു. ഉമ്മറത്ത് ലക്ഷ്മിയേടത്തിയുടെ ഭർത്താവ് തിരുമുൽപ്പാട് ഇരിപ്പുണ്ട്. അമ്മാവൻ പോയതും കല്യാണിക്കുട്ടിയുടെ അമ്മ കല്യാണിക്കുട്ടിയുടെ കൈപിടിച്ചുകൊണ്ട് കണ്ണീരൊഴുക്കുന്നു. കല്യാണിക്കുട്ടി അമ്മയെ ആശ്വസിപ്പിക്കുന്നു. അധികം വൈകാതെ കല്യാണിക്കുട്ടിയുടെ അമ്മ അന്ത്യശ്വാസം വലിക്കുന്നു. അവൾ ഒറ്റപ്പെട്ടു പോവുന്നു.
രാത്രിയിൽ കിടക്കമുറിയിൽ ശോഭ പുസ്തകം വായിച്ചുകൊണ്ടിരിക്കുമ്പോൾ, പുറത്തെ വരാന്തയിൽ പ്രഭു മദ്യപിച്ചുകൊണ്ടിരിക്കുന്നു. ആ നേരത്ത് ടെലിഫോൺ മണി മുഴങ്ങുമ്പോൾ ശോഭ അത് കൂട്ടാക്കാതെ ഇരിക്കുന്നു. മണി തുടർന്ന് മുഴങ്ങുന്നത് കൊണ്ട് പ്രഭു അകത്തേക്ക് ചെന്ന് റിസീവർ എടുക്കാൻ പോകുമ്പോൾ, അവനെ ചോദിപ്പിക്കാനെന്നോണം ശോഭ റിസീവർ എടുക്കുന്നു. പ്രഭു അവളുടെ പക്കൽ നിന്നും ഫോൺ അറ്റൻഡ് ചെയ്യുമ്പോൾ ഉഷ എന്നൊരു പെൺകുട്ടി അവനെ വിളിക്കുകയും, അവളോട് ഇപ്പോൾ തന്നെ വരാമെന്ന് പ്രഭു പറയുകയും ചെയ്യുന്നു. പ്രഭു പോകാനൊരുങ്ങുമ്പോൾ, എങ്ങോട്ടാ, ഏത് വേശ്യ വിളിച്ചിട്ടാണ് ഈ നേരത്ത് എന്ന് ശോഭ അരിശത്തോടെ ചോദിക്കുമ്പോൾ, പ്രഭു അവളെപ്പിടിച്ച് അടിച്ച് തള്ളിയിട്ട് തൊഴിയും കൊടുത്ത ശേഷം ആവേശത്തോടെ പുറത്തേക്ക് പോകുന്നു. അവൻ പോകുന്നത് അമ്മ വിഷമത്തോടെ നോക്കി നിൽക്കുന്നു. ശോഭ തളർന്നിരിക്കുന്ന നേരത്ത് വർമ്മാജി മുറിക്കകത്തേക്ക് വന്ന് വാതിലടച്ച് ശോഭയെ തന്റെ കാമത്തിന് ഇരയാക്കുന്നു.
അടുത്ത ദിവസം ശോഭ പെട്ടിയും തൂക്കി തന്റെ വീട്ടിലേക്ക് പോകാൻ ഇറങ്ങുമ്പോൾ വർമ്മാജി അവളോട്, കുഞ്ഞ് പോവുകയാണോ, ഞാൻ അവിടെ വന്ന് കണ്ടോളാം എന്ന് പറയുന്നു. അതുകേട്ട്, അയാളെ നോക്കി പട്ടി എന്ന് ഗർജ്ജിച്ചുകൊണ്ട് അവൾ വേലിയേറുന്നു. വർമ്മാജി ഒരു കള്ളച്ചിരിയോടുകൂടി അവളെയും നോക്കി നിൽക്കുന്നു. ശോഭ വീട്ടിലെത്തിയ വിവരം വേലക്കാരി ശോഭയുടെ അമ്മയെ അറിയിക്കുമ്പോൾ അമ്മ അവളുടെയടുത്തേക്ക് ഓടിയെത്തിയിട്ട്, നീ വരുന്ന വിവരത്തിന് നേരത്തെ അറിയിച്ചില്ലല്ലോ, പ്രഭു എവിടെയെന്ന് ചോദിക്കുമ്പോൾ ശോഭ ഒന്നും പറയാതെ തലയും താഴ്ത്തിയിരിക്കുന്നു. അതു ശ്രദ്ധിക്കുന്ന അമ്മ, എന്തുപറ്റി, പിണങ്ങിയിട്ടാണോ വന്നിരിക്കുന്നതെന്ന് ചോദിക്കുമ്പോൾ അതിനും അവൾ ഉത്തരം പറയാതെ ഇരിക്കുന്നു. അന്നേരം അവളുടെ അച്ഛൻ അകത്തു നിന്നും വന്ന് അമ്മ ചോദിച്ചത് കേട്ടില്ലേ, പിണങ്ങിയിട്ടാണോ വന്നത് എന്ന് ചോദിക്കുന്നു. അതിന്, അല്ല രക്ഷപ്പെട്ടതാണെന്നവൾ മറുപടി പറയുന്നു. അതുകേട്ട്, എന്ത് തോന്ന്യാസമാണ് നീയീ കാണിച്ചത്, കെട്ടിയവന്റെ വീട്ടിൽ പിണങ്ങിയാൽ ഈ വീട്ടിൽ സ്ഥാനം ഉണ്ടാവുമെന്ന് നീ കരുതുന്നുണ്ടോ, നിന്നെ ഞാൻ എന്ന് പറഞ്ഞുകൊണ്ട് അച്ഛൻ ശോഭയെ അടിക്കാൻ തുനിയുമ്പോൾ അമ്മ അദ്ദേഹത്തെ തടുക്കുന്നു. അപ്പോൾ, ഇഷ്ടമായില്ലെങ്കിൽ പറഞ്ഞോളൂ, ഞാൻ പൊയ്ക്കൊള്ളാം, കിടന്നുനറങ്ങാൻ എനിക്ക് കടത്തിണ്ണകളുണ്ടെന്ന് കൂസലില്ലാതെ പറയുന്നു. അത് കേട്ടതും അച്ഛന്റെ ദേഷ്യം കെട്ടടങ്ങുന്നു.
രാത്രിയിൽ വീട്ടിലെത്തി കിടക്കമുറിയിലെ നൈറ്റ് ലാംപ് തെളിക്കുമ്പോൾ അതിന്റടുത്ത് വെച്ചിരിക്കുന്ന താലിമാലയും, ഒരു കുറിപ്പും കാണുന്ന പ്രഭു പരിഭ്രാന്തനായി അതെടുത്ത് വായിക്കുന്നു - അത് ശോഭയെഴുതിയ കുറിപ്പാണ് - ഞാൻ പോകുന്നു, എന്നെന്നേക്കുമായി. നിങ്ങളെ എനിക്കിഷ്ടമാണ്, ഒപ്പം തന്നെ വെറുപ്പും. വിവാഹത്തിന് ശേഷം അഞ്ചു മാസം കഴിയുന്നേന് മുൻപ് ആറ് മാസത്തെ ഗർഭവും ചുമന്നാണ് ഞാൻ മടങ്ങുന്നത്. അതുകൊണ്ട് ദയവായി എന്റെ കുഞ്ഞിന്റെ അച്ഛന്റെ മുന്നിൽ വീട്ടിലേക്ക് വന്നു കയറരുത്. ഞങ്ങളുടെ വീട്ടിലെ വേലക്കാരൻ അതുകണ്ട് ചിരിച്ചെന്ന് വരും - ഇതായിരുന്നു കത്തിലെ ഉള്ളടക്കം. അതു വായിച്ച് പ്രഭു തരിച്ചിരുന്നു പോകുന്നു.
വീട്ടിലെത്തിയ ശേഷം ശോഭ വേലക്കാരി വഴി കല്യാണിക്കുട്ടിക്ക് ഒരു കുറിപ്പ് കൊടുത്തയച്ച്, തനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും, വീട്ടിലേക്ക് വരണമെന്നും അറിയിക്കുന്നു. അതു വായിച്ച ശേഷം, വരാൻ മനസ്സില്ലെന്നും, അവളുടെ ഭർത്താവിന്റെ പൊങ്ങച്ചം കേൾക്കാൻ വേറെ ആളെ നോക്കാൻ പറയെന്നും, മഹാറാണിയോന്നുമല്ലല്ലോ അവൾ, അവൾക്ക് ഇങ്ങോട്ടും വരാമല്ലോ എന്ന് ദേഷ്യത്തോടെ പറഞ്ഞ് കല്യാണിക്കുട്ടി ആ കുറിപ്പ് ചീന്തിക്കളയുന്നു.
ദിവസങ്ങൾ ഇഴഞ്ഞു നീങ്ങുന്നു. കല്യാണിക്കുട്ടിയും, ശോഭയും അങ്ങോട്ടും ഇങ്ങോട്ടും മറ്റേ ആളുടെ വരവും നോക്കി ദുഃഖത്തോടെ കാത്തിരിക്കുന്നു. നിറ ഗർഭിണിയായ ശോഭ ഒരു ദിവസം ഒരു സ്ത്രീയോട് ദാമോദരൻ എവിടെയെന്ന് തിരക്കുന്നു. അതിനവൾ, അറിയില്ലെന്നും, എന്തോ പറഞ്ഞ് തെറ്റിപ്പിരിഞ്ഞു പോയതാണെന്നും, നാട്ടിലെവിടെയും ഇല്ലെന്നും, ഏതോ ലോറിക്കാരുടെ കൂടെയാണെന്നാണ് കേട്ടത് എന്നും പറയുന്നു. ശോഭ ദുഃഖത്തോടെ തിരിച്ചു വീട്ടിലേക്ക് പോവുന്നു.
ശോഭയുടെ വീട്ടിലെ വേലക്കാരി വീണ്ടും കല്യാണിക്കുട്ടിയെ കാണാനെത്തുന്നു. ശോഭ കുറച്ചു ദിവസമായി കിടപ്പിലാണെന്നും, ഇടയ്ക്കിടയ്ക്ക് ജന്നിയും വരാറുണ്ടെന്നും, ഒരേ പിടിവാശിയാണെന്നും, കണ്ടേ തീരുവെന്നാണ് ശോഭ പറയുന്നതെന്നും അവൾ കല്യാണിക്കുട്ടിയെ അറിയിക്കുന്നു. അതുകേട്ട് വിഷമിക്കുന്ന കല്യാണിക്കുട്ടി അവളുടെ കൂടെ ശോഭയെക്കാണാൻ പോകുന്നു. കല്യാണിക്കുട്ടിയെ കണ്ടതും ശോഭയുടെ അമ്മ അവളെ സ്വീകരിച്ച്, ശോഭ മരുന്നൊന്നും കഴിക്കാതെ വാശിപിടിക്കുകയാണെന്നും, അവളെപ്പറഞ്ഞ് മനസ്സിലാക്കെന്നും പറഞ്ഞ് അകത്തേക്ക് കൂട്ടിക്കൊണ്ടു പോവുന്നു.ശോഭയുടെ മുറിയിലേക്ക് പോകുന്ന കല്യാണിക്കുട്ടി ആദ്യം അവളുടെ കുഞ്ഞിനെക്കാണുന്നു. എന്നിട്ട് പതുക്കെ അവശയായി മയങ്ങിക്കിടക്കുന്ന ശോഭയുടെ പക്കലേക്ക് പോകുന്നു.
കല്യാണിക്കുട്ടി പതുക്കെ ശോഭയുടെ കൈയ്യിൽ പിടിക്കുമ്പോൾ ശോഭ കണ്ണു തുറന്ന് ഭാവാതീതയാവുന്നു. സുഖമാണോ എന്ന് കല്യാണിക്കുട്ടി ചോദിക്കുമ്പോൾ, മരണം അടുക്കുമ്പോഴാണ് മനസ്സിന് ഏറ്റവും വലിയ സുഖമെന്ന് ശോഭ പറയുന്നു. അതുകേട്ട്, വേണ്ടാത്തരമൊന്നും പറയല്ലേ എന്ന് കല്യാണിക്കുട്ടി പറയുമ്പോൾ, വേണ്ടാത്തരമല്ല, എനിക്ക് മരണത്തേക്കാണാം, തൊടാം, അത്ര അടുത്തിട്ടുണ്ടെന്ന് പറയുന്നു. അതുകേൾക്കുമ്പോൾ കല്യാണിക്കുട്ടിയുടെ കണ്ണുകൾ നിറയുന്നു. അവൾ ശോഭയെ ആശ്വസിപ്പിക്കുന്നു. അപ്പോൾ ശോഭ ഒരു കുറിപ്പെടുത്ത് കല്യാണിക്കുട്ടിയുടെ പക്കൽ കൊടുത്ത് ഇത് പ്രഭുവിനുള്ളതാണെന്ന് പറഞ്ഞ് അത് അവളെ വായിക്കാൻ പറയുന്നു. കല്യാണിക്കുട്ടി അത് വായിക്കുന്നു - ഞാൻ മരിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് യാതൊരു അവകാശങ്ങളും ഇല്ലാത്ത ഈ കുഞ്ഞിനെ കൊണ്ടുപോകാൻ നിങ്ങൾ ശ്രമിക്കരുത്. അതിനെ ആ പിശാശ് ബാധയുള്ള ആ വീട്ടിൽ വളർത്തുന്നത് എനിക്കിഷ്ടമല്ല. എന്റെ കുഞ്ഞ് കല്യാണിക്കുട്ടിയോടൊപ്പം വളരണമെന്നുള്ളത് എന്റെ ഒരാഗ്രഹമാണ്. ഈ ഒറ്റ ആശയെങ്കിലും നിങ്ങൾ സാധിച്ചു തരണം - ഇതായിരുന്നു കുറിപ്പിലെ ഉള്ളടക്കം. കല്യാണിക്കുട്ടി ആ കുറിപ്പ് വായിച്ച ശേഷം അത് അവളിൽ നിന്നും വാങ്ങിയ ശേഷം, ദാമോദരൻ ഉണ്ടായിരുന്നുവെങ്കിൽ ഒരുപക്ഷേ ഞാനിവനെ അയാളെ ഏൽപ്പിച്ച് കൊടുത്തേനെയെന്നും, ഒന്നുമല്ലെങ്കിലും അച്ഛന്റെ കൂടിയാണല്ലോ വളരുന്നതെന്ന് എനിക്കൊരു സമാധാനമുണ്ടായേനേ എന്ന് ശോഭ വിതുമ്പലോടെ പറയുന്നു. അതുകേട്ട്, നീയെന്തൊക്കെയാ ഈ പറയുന്നതെന്ന് കല്യാണിക്കുട്ടി പരിഭ്രമത്തോടെ ചോദിക്കുന്നു. അപ്പോൾ, നീ ഭാഗ്യവതിയാണ് കല്യാണി എന്നും, വിവാഹാശംസകളുടെ കൂടെ ഭർത്താവ് അബോർഷൻ ചെയ്ത കുട്ടികളുടെ മരണക്കുറി വായിക്കേണ്ടി വന്നില്ലല്ലോ എന്നും, പരസ്പരം വെറുക്കുകയും വഴക്കിടുകയും ചെയ്യുന്ന മനുഷ്യരുടെ കൂടെ കഴിയേണ്ടി വന്നില്ലല്ലോ എന്നും, ഭർത്താവിന്റെ അടിയേറ്റ് വീണു കിടക്കുമ്പോൾ അയാളുടെ രണ്ടാനച്ഛൻ കടന്നു വന്ന് കിടക്ക പങ്കിടേണ്ടി വന്നില്ലല്ലോ എന്നും വിതുമ്പലോടെ ശോഭ പറയുന്നു. കല്യാണിക്കുട്ടി അതുകേട്ട് ഞെട്ടുന്നു. അന്നേരം ശോഭ തുടരുന്നു - ഞാൻ അയാൾക്കും വഴങ്ങിക്കൊടുത്തു, അച്ഛനെക്കാൾ പ്രായമുള്ള മൃഗം വന്നു തൊട്ടപ്പോഴേക്കും ഞാൻ അയാളുടേതായി, എല്ലാം പ്രഭുവിനോടുള്ള വൈരാഗ്യം തീർക്കലാ. ഇത്രയും പറഞ്ഞ് ശോഭ വിതുമ്പുമ്പോൾ കല്യാണിക്കുട്ടി അവളെ ആശ്വസിപ്പിക്കുന്നു.
വീട്ടിൽ തിരിച്ചെത്തിയ ശേഷം കല്യാണിക്കുട്ടി ശോഭയെ ഓർത്ത് വിഷമിച്ചിരിക്കുമ്പോൾ, വേലക്കാരി വന്ന് ആ കുട്ടിക്ക് സുഖമില്ലാന്ന് വെച്ച് ഇങ്ങിനെ ആഹാരം കഴിക്കാതിരിക്കുന്നതെന്തിനാ എന്ന് ചോദിക്കുമ്പോൾ, കല്യാണിക്കുട്ടി അവളോട് നീ പോയി കഴിച്ചോളൂ എന്ന് പറയുന്നു. അധികം താമസിയാതെ ശോഭ മരിക്കുന്നു. അവൾ മരിച്ച വിവരത്തിന് ടെലിഗ്രാം അയച്ചത് പ്രഭുവിന്റെ കൈയ്യിൽ കൊടുത്ത് വർമ്മാജി കപട പശ്ചാത്താപം നടിക്കുന്നു. പ്രഭു അതും വാങ്ങി തന്റെ മുറിയിലെത്തി കിടക്കയിൽ മലർന്ന് കിടക്കുമ്പോൾ ശോഭയെ ആദ്യം കണ്ടതും, പിന്നീട് അവളെ പെണ്ണു കാണാൻ പോയതുമെല്ലാം ഓർക്കുന്നു.
പിന്നീടൊരു ദിവസം രാത്രിയിൽ ശോഭയുടെ കുഞ്ഞുമായി പ്രഭു കല്യാണിക്കുട്ടിയുടെ പക്കൽ പോയി, ശോഭ ഒരു കുറിപ്പെഴുതി വെച്ചിരുന്നു എന്ന് പറയുമ്പോൾ, അറിയാമെന്ന് കല്യാണിക്കുട്ടി പറയുന്നു. അപ്പോൾ, കല്യാണിക്കുട്ടിക്ക് സമ്മതമാണെങ്കിൽ ഈ കുഞ്ഞിനെ താൻ വളർത്താമെന്നു പ്രഭു പറയുമ്പോൾ, സാധ്യമല്ലെന്ന് പറഞ്ഞ് കല്യാണക്കുട്ടി പ്രഭുവിൽ നിന്നും ആ കുഞ്ഞിനെ വാങ്ങുന്നു. അപ്പോൾ, ശോഭയ്ക്ക് താൻ വാക്കു കൊടുത്തതാണെന്നും, കൊടുത്ത വാക്കുകളെല്ലാം പാലിക്കണമെന്ന് തനിക്ക് നിർബന്ധമുണ്ടെന്നും അർത്ഥം വെച്ച് കല്യാണിക്കുട്ടി പറയുമ്പോൾ പ്രഭു പശ്ചാത്താപത്തിൽ അവളെത്തന്നെ തുറിച്ചു നോക്കി നിൽക്കുന്നു. പിന്നീട്, ശോഭയുടെ ഓർമ്മ തനിക്ക് ഈ കുഞ്ഞിലൂടെയാണെന്നും, ഈ കുഞ്ഞിനെ കാണാൻ വല്ലപ്പോഴെങ്കിലും എനിക്കിവിടെ വന്നുകൂടെ എന്ന് പ്രഭു ചോദിക്കുമ്പോൾ കല്യാണിക്കുട്ടി മറുപടിയൊന്നും പറയാതെ നിൽക്കുന്നു. പ്രഭു വിഷമത്തോടെ തിരിച്ചു പോവുന്നു. കല്യാണിക്കുട്ടി ആ കുഞ്ഞിനെ താലോലിച്ച് വളർത്തുന്നു.
ഒരു ദിവസം പ്രഭു കല്യാണിക്കുട്ടിയെ കാണാനെത്തുന്നു. അപ്പോൾ അവിടെ ലക്ഷ്മിയേടത്തിയുമുണ്ട്. പ്രഭു ലക്ഷ്മിയേടത്തിയോട് കുഞ്ഞിനെക്കുറിച്ച് അന്വേഷിച്ച ശേഷം, കൃഷിയൊക്കെ എങ്ങിനെയുണ്ടെന്ന് കല്യാണിക്കുട്ടിയെ നോക്കി ചോദിക്കുമ്പോൾ തരക്കേടില്ലെന്ന് അവൾ പറയുന്നു. അപ്പോൾ, എല്ലാം നോക്കി നടത്താൻ കല്യാണിക്കുട്ടി തനിച്ചല്ലേയുള്ളുവെന്ന് പ്രഭു പറയുമ്പോൾ, തനിച്ചാവുന്നതാണ് സുഖമെന്ന് കല്യാണിക്കുട്ടി മറുപടി പറയുമ്പോൾ പ്രഭുവിന്റെ മുഖം വാടുന്നു. പിന്നീട്, ബോംബെയ്ക്ക് താമസം മാറ്റുന്നു എന്ന് പറഞ്ഞിട്ട് എന്തായി എന്ന് ലക്ഷ്മിയേടത്തിയോട് ചോദിക്കുമ്പോൾ, അങ്ങിനെയൊക്കെ പറയുന്നുണ്ടെന്നും, എനിക്കെന്തോ കല്യാണിക്കുട്ടി ഇങ്ങിനെ തനിച്ച് നിൽക്കുമ്പോൾ ..... എന്ന് ലക്ഷ്മിയേടത്തി പറഞ്ഞു തീർക്കുമ്പോഴേക്കും വേലക്കാരി അതിന് ആ കുട്ടിക്ക് അങ്ങിനെയൊരു വിചാരമില്ലെന്ന് പറയുന്നു. അതുകേട്ട്, കല്യാണിക്കുട്ടി അവളോട് അപ്പുറത്ത് വല്ല പണിയുമുണ്ടെങ്കിൽ അത് നോക്കെന്നു പറഞ്ഞ് അവളെ പറഞ്ഞയക്കുന്നു. അപ്പോൾ, ബാക്കിയുള്ളോരുടെ വേവലാതി നീയെന്താ മനസ്സിലാക്കാത്തതെന്ന് ലക്ഷ്മിയേടത്തി കല്യാണിക്കുട്ടിയോട് ചോദിക്കുമ്പോൾ കല്യാണിക്കുട്ടി മറുപടിയൊന്നും പറയാതെ അവരെത്തന്നെ നോക്കി നിൽക്കുന്നു. അപ്പോൾ, തന്റെ കത്തിനെന്താ മറുപടി അയക്കാഞ്ഞതെന്ന് പ്രഭു കല്യാണിക്കുട്ടിയോട് ചോദിക്കുമ്പോൾ കല്യാണിക്കുട്ടി അതിനും മറുപടി പറയാതെ നിൽക്കുന്നു. അന്നേരം, ഞാൻ തെളിച്ചു പറയാമെന്നും, എനിക്കൊരു പുതിയ ജീവിതം വേണമെന്നും, ബഹളങ്ങളും കോലാഹലങ്ങളും ഇല്ലാത്ത ഒന്നെന്നും, അതിന് കല്യാണിക്കുട്ടി എന്നെ സഹായിക്കണമെന്നും പ്രഭു പറയുന്നു. അപ്പോഴും കല്യാണിക്കുട്ടി ഒന്നും മിണ്ടാതെ നിൽക്കുന്നു. അതുകണ്ട്, എന്താ ഒന്നും മിണ്ടാത്തതെന്ന് പ്രഭു ചോദിക്കുന്നു. അതിനും അവൾ മിണ്ടാതെ നിൽക്കുമ്പോൾ, എനിക്കറിയാമെന്നും, ചോദിക്കാൻ അർഹതയില്ലെങ്കിലും ഞാൻ ചോദിക്കുകയാണെന്നും, എന്റെ ജീവിതത്തിൽ ഞാൻ ചെയ്തുപോയ തെറ്റുകൾക്കെല്ലാം ഞാൻ മാത്രം ഉത്തരവാദിയല്ലെന്നും, ഞാൻ വളർന്ന സാഹചര്യം എന്നെ വളർത്തിയത് അങ്ങിനെ പലതുമാണെന്നും, ഇതേപ്പറ്റിയെല്ലാം കല്യാണിക്കുട്ടി സാവകാശമായിട്ട് ആലോചിക്കെന്നും ഒരു പുതിയ ജീവിതത്തിലേക്ക് തിരിച്ചു വരാൻ എന്നെ സഹായിക്കാൻ കഴിയുമെങ്കിൽ എന്നും, ഞാൻ മറുപടിക്കായി കാത്തിരിക്കും എന്നും പറഞ്ഞ് പ്രഭു തിരിച്ചു പോവുന്നു.
പ്രഭു ആലോചനയിൽ മുഴുകിയിരിക്കുമ്പോൾ വർമ്മാജി ഒരു പെണ്ണിന്റെ ഫോട്ടോയുമായി വന്ന്, ഇതാണ് താൻ പറഞ്ഞ പെണ്കുട്ടിയെന്നും, കുഞ്ഞിന്റെ ഒരു വാക്കേ വേണ്ടു, അടുത്ത മാസം വിവാഹം എന്ന് പറയുമ്പോൾ, എന്റെ കാര്യങ്ങൾ ഇനിയങ്ങോട്ട് ഞാൻ തന്നെ തീരുമാനിക്കേണ്ടതല്ലേ അതിന്റെ ഭംഗി എന്നും, ഉപദേശം വേണ്ടപ്പോ ചോദിച്ചോളാമെന്നും നീരസത്തോടെ പറഞ്ഞ ശേഷം പ്രഭു അവിടുന്നും എണീറ്റ് പോവുന്നു. വർമ്മാജി ആ ഫോട്ടോയും നോക്കി തലകുലുക്കി പുഞ്ചിരിക്കുന്നു.
നേര് പറയു മോളേ, നിനക്കയാളോട് വെറുപ്പുണ്ടോ എന്ന് കല്യാണിക്കുട്ടിയോട് ലക്ഷ്മിയേടത്തി ചോദിക്കുമ്പോൾ, ഒറ്റ വാക്ക്, പോരു എന്നുള്ള ഒറ്റ വാക്ക് മതിയായിരുന്നു പഴയ കല്യാണിക്കുട്ടിക്ക് ഒപ്പം ഇറങ്ങിപ്പോവാൻ, പക്ഷേ ഇന്ന് ....... എന്ന് പറയാൻ വന്നത് പൂർത്തിയാക്കാതെ കല്യാണിക്കുട്ടി നിർത്തുന്നു. അപ്പോൾ, ലക്ഷ്മിയേടത്തിക്ക് സ്വല്പം ആശ്വാസം തരു മോളെ എന്നും പറഞ്ഞ് ലക്ഷ്മിയേടത്തി കല്യാണിക്കുട്ടിയുടെ കരം പറ്റുന്നു.
തിരുമുൽപ്പാട് പ്രഭുവിനെക്കണ്ട് കല്യാണിക്കുട്ടി സമ്മതിച്ച വിവരം അറിയിക്കുന്നു. അങ്ങിനെ പ്രഭുവും കല്യാണിക്കുട്ടിയും തമ്മിലുള്ള വിവാഹം നടക്കുന്നു. പ്രഭു കല്യാണിക്കുട്ടിയെയും, കുഞ്ഞിനേയും കൂട്ടി വീട്ടിലെത്തിയതും വേലക്കാരോട് അങ്കിൾ എവിടെയെന്ന് ചോദിക്കുമ്പോൾ, അകത്തുണ്ടെന്ന് അവർ പറയുന്നു. അപ്പോൾ, കാണേണ്ടേ എന്ന് കല്യാണിക്കുട്ടി ചോദിക്കുമ്പോൾ വേണ്ടെന്ന് പറഞ്ഞ് അവരെയും കൂട്ടി മുകളിലേക്ക് പോവുന്നു. മുകളിൽ എത്തിയതും, അമ്മയെവിടെയെന്ന് കല്യാണിക്കുട്ടി ചോദിക്കുമ്പോൾ, ഇവിടെ എവിടെയെങ്കിലും കാണുമെന്ന് പ്രഭു പറയുന്നു. അതുകേട്ട്, ഇവിടെ എവിടെയെങ്കിലും കാണുമെന്നോ, അമ്മയെക്കുറിച്ചാണോ ഇങ്ങിനെ പറയുന്നതെന്ന് കല്യാണിക്കുട്ടി ചോദിക്കുമ്പോൾ പ്രഭു ഒന്നും പറയാതെ സ്വന്തം മുറിയിലേക്ക് പോവുന്നു. കല്യാണിക്കുട്ടിയും അവന്റെ പുറകെ പോവുന്നു.
പിന്നീട് കല്യാണിക്കുട്ടി തനിച്ച് പ്രഭുവിന്റെ അമ്മയെച്ചെന്ന് കാണുന്നു. അവൾ അമ്മയെ വിളിക്കുമ്പോൾ, തിരിഞ്ഞു നോക്കുന്ന അമ്മ ഒന്നും മിണ്ടാതെ നിൽക്കുന്നു. അപ്പോൾ, തനിക്ക് അമ്മേ എന്ന് വിളിക്കാൻ അമ്മ മാത്രമേയുള്ളുവെന്നും, അമ്മ എന്നെ അനുഗ്രഹിക്കണമെന്നും പറഞ്ഞ് അവരെ കാൽക്കൽ വീഴുന്നു. അമ്മ അവളെ എഴുന്നേൽപ്പിച്ച് തഴുകിക്കൊണ്ട്, എന്നെ അമ്മേ എന്ന് വിളിക്കാൻ ഒരാളുണ്ടായി മോളെ എന്നും, എന്റേതെന്ന് പറയാൻ എനിക്കാരുമില്ലെന്നും, എന്റെ മകൻ പോലും എന്ന് വിതുമ്പലോടെ പറയുന്നു. അതുകേട്ട്, അങ്ങിനെ പറയരുതെന്നും, അമ്മയ്ക്ക് എല്ലാവരുമുണ്ടെന്നും പറഞ്ഞ് അവരെ ആശ്വസിപ്പിക്കുന്നു. അപ്പോൾ, ഞാൻ ഒരു കാര്യം ചോദിച്ചാൽ മോൾ എനിക്ക് തരുമോ എന്ന് അമ്മ ചോദിക്കുമ്പോൾ, ഞാനെന്താണ് അമ്മയ്ക്ക് തരേണ്ടതെന്ന് കല്യാണിക്കുട്ടി ചോദിക്കുന്നു. അന്നേരം, കുഞ്ഞിനെ കാണിച്ചുകൊണ്ട്, ഈ മോനെ മോൾ എനിക്ക് തരണമെന്നും, എന്റെ മോനെ ഞാൻ നിനക്ക് തന്നില്ലേ എന്നും, ഈ മോനെ നീ എനിക്ക് തരു മോളെ തരില്ലേ എന്നും അമ്മ ചോദിക്കുമ്പോൾ, അമ്മ എടുത്തോളൂ എന്ന് കല്യാണിക്കുട്ടി ചിരിച്ചുകൊണ്ടേ പറയുന്നു.
കല്യാണിക്കുട്ടി പ്രഭുവിന്റെ മുറിയിൽ വെച്ചിരിക്കുന്ന ശോഭയുടെ ഫോട്ടോയിൽ വേദനയോടെ നോക്കി നിൽക്കുന്നു. അപ്പോൾ അവിടെക്ക് വരുന്ന പ്രഭുവും അവളെ വിഷമത്തോടെ നോക്കി നിൽക്കുന്നു. പിന്നീട്, കണ്ണീർ തുടച്ചുകൊണ്ട് കല്യാണിക്കുട്ടി പ്രഭുവിനോട് ചോദിക്കുന്നു - ശോഭയോടൊരുമിച്ച് എപ്പോഴെങ്കിലും പുറത്തു പോയിട്ടുണ്ടോ എന്ന്. അതിന് ഇല്ലെന്നും, ഇപ്പോഴവളുണ്ടായിരുന്നവെങ്കിൽ ഒരു ദേവതയെപ്പോലെ ഞാൻ അവളെ ആരാധിക്കുമായിരുന്നുവെന്നും പ്രഭു പറയുന്നു. അതുകേട്ട്, എന്തോ എന്ന് കല്യാണിക്കുട്ടി പറയുമ്പോൾ, സ്ത്രീയെക്കുറിച്ചുള്ള എന്റെ ധാരണകൾ മുഴുവൻ മാറ്റിത്തന്നത് ആ പെണ്കുട്ടിയാണെന്ന് പ്രഭു പറയുന്നു. അതിന്, എങ്ങിനെയെന്ന് കല്യാണിക്കുട്ടി ചോദിക്കുമ്പോൾ, എന്നെ തോൽപ്പിച്ചു കൊണ്ടെന്നും, ശോഭ എഴുതി അയച്ച ആ കത്തിലൂടെയാണ് ഞാൻ ആദ്യമായി തോൽവി അടഞ്ഞതെന്നും പ്രഭു പറയുന്നു. അതുകേട്ട്, തോൽക്കരുതെന്ന് കല്യാണിക്കുട്ടി സ്നേഹത്തോടെ പറയുന്നു. പിന്നീട് അവനെ തഴുകിക്കൊണ്ട്, തോൽക്കാൻ പാടില്ലെന്ന് കല്യാണിക്കുട്ടി പറയുന്നു. അവർ ശാരീരികമായി ഒന്നിക്കുന്നു. അടുത്ത ദിവസം പ്രഭു അവളെയും കൂട്ടി പുറത്തേക്ക് കറങ്ങാനിറങ്ങുന്നു. വർമ്മാജി ഈർഷ്യയോടെ അത് നോക്കി നിൽക്കുന്നു.
ശോഭയുടെ കുഞ്ഞിന് പ്രഭുവിന്റെ അമ്മ ആഹാരം കൊടുത്തുകൊണ്ടിരിക്കുമ്പോൾ കല്യാണിക്കുട്ടി അവിടേക്ക് കയറി വന്ന് ഒരാൾ അമ്മയെ കാണാൻ വന്നിട്ടുണ്ടെന്ന് പറയുന്നു. അതുകേട്ട്, അതാരാ തന്നെക്കാണാൻ വന്നിട്ടുള്ളതെന്ന് ആശ്ചര്യത്തോടെ അമ്മ ചോദിക്കുന്നു. അതുകേട്ട്, ആരാണെന്ന് പറയാതെ അമ്മ തീർച്ചയായും കാണണം എന്ന് മാത്രം പറഞ്ഞ ശേഷം വാതിലപ്പുറത്തേക്ക് നോക്കി വരൂ എന്ന് പറയുമ്പോൾ പ്രഭു തിരശീല നീക്കി കടന്നു വരുന്നു. ഇതൊട്ടും പ്രതീക്ഷിക്കാത്ത അമ്മ വികാരാതീതയായി വാക്കുകൾ പുറത്തു വരാതെ സ്തംഭിച്ചു നിൽക്കുന്നു. മോനെ എന്ന് ചുണ്ടുകൾ അനങ്ങുന്നുണ്ടെങ്കിലും വാക്കുകൾ പുറത്തു വരുന്നില്ല. പിന്നീട് മോനെ എന്ന് വിളിക്കുമ്പോൾ പ്രഭു അവരുടെ കാൽക്കൽ വീഴുന്നു. നിർവൃതിയോടെ അമ്മ പ്രഭുവിനെ തഴുകുന്നു. അതുകണ്ട് കല്യാണിക്കുട്ടി ആനന്താശ്രു പൊഴിക്കുന്നു. വർമ്മാജിയാവട്ടെ തന്റെ മുറിയിൽ ഏതോ ഗാഢമായ ആലോചനയിൽ മുഴുകിയിരിക്കുന്നു.
കല്യാണിക്കുട്ടി മട്ടുപ്പാവിലിരുന്ന് ശലഭങ്ങൾ പൂക്കളിൽ നിന്നും മധു നുകരുന്ന കാഴ്ച കണ്ടു രസിച്ചുകൊണ്ടിരിക്കുമ്പോൾ പ്രഭു അവിടേക്ക് വന്ന് ഇന്ന് താൻ അതീവ സന്തുഷ്ടവാനാണെന്നും, അമ്മയോട് സംസാരിച്ചതിൽ പിന്നെ പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒരു അനുഭൂതി അനുഭവപ്പെടുന്നുവെന്നും പറയുമ്പോൾ, താനും തന്റെ അമ്മയെക്കുറിച്ച് ആലോചിക്കുകയായിരുന്നുവെന്ന് കല്യാണിക്കുട്ടി പറയുന്നു. അതുകേട്ട്, അതെന്താ ഇത്ര ആലോചിക്കാൻ എന്ന് പ്രഭു ചോദിക്കുമ്പോൾ, അമ്മയ്ക്കായിരുന്നല്ലോ നിങ്ങളെക്കുറിച്ച് കൂടുതൽ വേവലാതി എന്നും, ഇന്നമ്മ ജീവിച്ചിരിപ്പുണ്ടെങ്കിൽ അവരായിരിക്കും സന്തോഷിക്കുന്നതെന്നും കല്യാണിക്കുട്ടി പറയുന്നു. അതുകേട്ട്, എന്റെ ജീവിതത്തിൽ നീ നേരത്തെ കടന്നു വന്നില്ലല്ലോ എന്നോർത്ത് തനിക്ക് ദുഃഖം തോന്നുന്നുവെന്നും, താനിനി ഒരു തെറ്റും ചെയ്യില്ലെന്നും, നമ്മുടെ ജീവിതത്തിൽ പ്രശ്നങ്ങളെ ഉണ്ടാവില്ലെന്നും പ്രഭു പറയുന്നു. അപ്പോൾ അവിടേക്ക് ഗേറ്റ് കടന്നു വരുന്ന ഹസ്സനെ ശ്രദ്ധിക്കുന്ന പ്രഭുവിന്റെ മുഖം മാറുകയും, താനിപ്പോ വരാമെന്ന് പറഞ്ഞ് അകത്തേക്ക് പോവുകയും ചെയ്യുന്നു. കാര്യം എന്തെന്നറിയാതെ കല്യാണിക്കുട്ടി ആലോചനയിൽ മുഴുകുന്നു.
മുറിയിൽ ചെന്നതും പ്രഭുവിനെ നോക്കി, വിരട്ടരുതെന്നും, നമ്മളിതൊക്കെ ആയിട്ട് ഒരു പിച്ചാത്തിപ്പിടിയിൽ ഒതുങ്ങുന്നതാണെന്നും, അത് മറക്കരുതെന്നും പരുക്കൻ ശബ്ദത്തിൽ ഹസ്സൻ പറയുമ്പോൾ, നീ എന്ത് ചെയ്യുമെന്നാ എന്ന് പുച്ഛത്തോടെ പ്രഭു ചോദിക്കുന്നു. അതുകേട്ട്, തനിക്ക് ചാവാൻ മടിയില്ലെന്നും, അത് ജയിലിൽ കിടന്നായാലും തനിക്കൊരു പോലെയാണെന്നും, പക്ഷേ സാറിനതല്ലാ ക്ഷീണമാവുമെന്നും, വീട്ടിൽ തന്നെ കിടന്ന് ചാവണമെന്ന് നിർബന്ധം പിടിക്കുന്നതാ ബുദ്ധി എന്ന് പുച്ഛത്തോടെയും, ഗൗരവത്തോടെയും ഹസ്സൻ പറയുന്നു. പ്രഭു ഒന്നും പറയാതെ അവനെ തുറിച്ചു നോക്കുമ്പോൾ, കാശ് തരാൻ മനസ്സില്ലെങ്കിൽ തുറന്ന് പറ, താൻ പോയേക്കാം എന്നും, സാറിനെപ്പോലെ പഠിപ്പും വിദ്യാഭ്യാസവുമൊന്നും തനിക്കില്ലായിരിക്കുമെന്നും, പക്ഷേ താൻ തന്തയ്ക്ക് പിറന്നവനാ എന്നും, സാറിനെപ്പോലെയല്ല എന്നും ശബ്ദമുയർത്തി പറഞ്ഞുകൊണ്ട് അവിടുന്നും പുറത്തേക്ക് പോകാൻ തുടങ്ങുന്നു. അപ്പോൾ, പ്രഭു ഹസ്സനെ അടുത്തേക്ക് വിളിച്ച് അവൻ അടുത്തു വരുമ്പോൾ അവന്റെ കരണത്തിൽ ഒന്ന് പൊട്ടിക്കുന്നു. എന്നിട്ട് ഹസ്സന്റെ ഷർട് കോളറിൽ പിടിച്ചു വലിച്ചുകൊണ്ട്, ഇത്തവണ കൂടെ താൻ എന്തെങ്കിലും തരുമെന്നും, മേലാൽ ഇതിന്റെ പേരും പറഞ്ഞ് പടിക്കകത്ത് കാലു കുത്തിയാൽ നിന്റെ ശവം പോലും താൻ പുറത്തു വിടില്ല എന്ന് അരിശത്തോടെ പറഞ്ഞ് കോളറിൽ നിന്നും പിടിവിട്ട് അകത്തേക്ക് പോവുന്നു.
പ്രഭു നേരെ പോവുന്നത് വർമ്മാജിയുടെ പക്കലാണ്. എന്താണിവിടെ നടക്കുന്നതെന്നറിയാൻ കല്യാണിക്കുട്ടിയും അവന്റെ പുറകെ പോയി ചാരിയിരിക്കുന്ന വാതിൽ പതുക്കെ തുറന്നുകൊണ്ട് അവരുടെ സംസാരം ഒളിച്ചു കേൾക്കുന്നു. അവിടെ വർമ്മാജി പ്രഭുവിനോട് പറയുകയാണ് - ഇന്ന് സാധ്യമല്ല എന്ന് പറഞ്ഞാൽ ഇനിയൊരിക്കലും സാധ്യമല്ല എന്നർത്ഥം എടുക്കരുതെന്ന് പറയുന്നു. അതുകേട്ട്, ഇന്നെന്തുകൊണ്ട് സാധ്യമല്ല എന്ന് ചോദിക്കുന്നു. അതിന്, കുഞ്ഞേ തനിക്ക് ചോദ്യം ഇഷ്ടപ്പെട്ടില്ല എന്ന് ചിരിയും പുച്ഛവും കലർന്ന സ്വരത്തിൽ വർമ്മാജി പറയുന്നു. അതുകേട്ട്, ഞാൻ നിങ്ങളോട് സൗജന്യമൊന്നും ആവശ്യപ്പെട്ടില്ല എന്ന് അരിശത്തോടെ പറയുമ്പോൾ, ഹോ അവകാശമാണോ എന്ന് ചിരിച്ചുകൊണ്ട് വർമ്മാജി ചോദിക്കുന്നു. അതിന്, അതെയെന്ന് പ്രഭു മറുപടി പറയുന്നു. അപ്പോൾ, ചാരുകസേരയിൽ നിന്നും ചാടി എഴുന്നേറ്റുകൊണ്ട്, യു ഷട്ട് അപ്പ് എന്ന് വർമ്മാജി ആക്രോശിക്കുന്നു. ഇത് പ്രതീക്ഷിക്കാത്ത പ്രഭുവും, പുറത്തു നിൽക്കുന്ന കല്യാണിക്കുട്ടിയും പകച്ചു പോവുന്നു. അപ്പോൾ, നിന്റെ കൊടികുത്തിയ അമ്മാവന്മാരുണ്ടല്ലോ അവന്മാർ പോലും തന്റെ മുൻപിൽ നിന്ന് ഇങ്ങിനെ സംസാരിച്ചിട്ടില്ലെന്ന് ആക്രോശിക്കുന്നു. വർമ്മാജി പുച്ഛത്തോടെ തുടരുന്നു - പിന്നെയാണ് ഇന്നലെത്തെ നീ എന്നും, മനുഷ്യനായാൽ നാണം വേണം എന്നും, ആ ഹസ്സന് പണം കൊടുക്കാനല്ലേ, മനസ്സില്ല തരാൻ എന്ന് തീർത്ത് പറഞ്ഞ് കസേരയിൽ ഇരിക്കുകയും, എനിക്കൊന്നുറങ്ങണം, യു മേ ഗോ എന്നും പറഞ്ഞ് ഉറങ്ങാൻ തുടങ്ങുന്നു.
അന്നേരം, ഇതെല്ലാം കേട്ട് ക്ഷമകെട്ട് നിൽക്കുന്ന കല്യാണിക്കുട്ടി അകത്തേക്ക് കടന്നു വന്ന് ക്ഷമിക്കണം എന്ന് പറയുന്നു. ഇതൊട്ടും പ്രതീക്ഷിക്കാത്ത പ്രഭുവും, വർമ്മാജിയും തിരിഞ്ഞു നോക്കുന്നു. വർമ്മാജി ചാരുകസേരയിൽ നിന്നും എണീറ്റ് നിൽക്കുന്നു. അപ്പോൾ, കല്യാണിക്കുട്ടി അവരുടെയടുത്തേക്ക് നീങ്ങിക്കൊണ്ട് ഞാനെല്ലാം കേട്ടു എന്ന് പറയുമ്പോൾ, വർമ്മാജി ഇടയ്ക്ക് കയറി, കേട്ടല്ലോ നന്നായി, എന്തിനാ പണമെന്നറിയാമോ എന്ന് അവളെ നോക്കി പരിഹാസത്തോടെ ചോദിക്കുന്നു. അതിന്, അറിയാമെന്ന് കല്യാണിക്കുട്ടി കൂസലില്ലാതെ പറയുന്നു. അതുകേട്ട്, ഒരു ടാക്സി ഡ്രൈവർക്ക് കൊടുക്കാനെന്നു പറഞ്ഞുകൊണ്ട് വർമ്മാജി പുച്ഛത്തോടെ പ്രഭുവിനെ നോക്കുന്നു. അതിന്, അറിയാമെന്ന പോലെ കല്യാണിക്കുട്ടി തലയാട്ടുന്നു. അപ്പോൾ, അതെന്തിനാണെന്നറിയാമോ എന്ന് വർമ്മാജി അവളോട് ചോദിക്കുന്നു. അതുമറിയാമെന്ന് കല്യാണിക്കുട്ടി കൂളായി പറയുന്നു. അതുകേട്ട്, എന്തിനാണ് എന്ന് വർമ്മാജി ചോദിക്കുന്നു. അന്നേരം, ക്രോസ്സ് ചെയ്യുവാണോ, അതു വേണ്ടെന്ന് കല്യാണിക്കുട്ടി ചിരിച്ചുകൊണ്ട് പറയുന്നു. ഇത് പ്രതീക്ഷിക്കാത്ത വർമ്മാജിയുടെ മുഖം പെട്ടെന്ന് മാറുന്നു. അപ്പോൾ, ഉടമസ്ഥൻ മുതല് ചോദിക്കുക, സൂക്ഷിപ്പുകാരൻ വിരട്ടുക, അതു കൊള്ളാം അസ്സലായിട്ടുണ്ടെന്ന് പരിഹാസത്തോടെ കല്യാണിക്കുട്ടി പറയുന്നു. അതുകേട്ട്, വേണമെങ്കിൽ താനെല്ലാം വാരിക്കോരിയങ്ങ് കൊടുത്തേക്കാം, തനിക്കെന്തിനാ എന്നും, എല്ലാം കുഞ്ഞിന്റെ മുതലാണെന്നും, താൻ വെറുമൊരു ട്രസ്റ്റിയാണെന്നും പരിഹാസവും പുച്ഛവും കലർന്ന് വർമ്മാജി പറയുമ്പോൾ, ട്രസ്റ്റി ങേ ... പത്തു മുപ്പത്തഞ്ച് വയസ്സായ ഒരു മനുഷ്യന്റെ സ്വത്തുക്കൾക്ക് ഒരു ട്രസ്റ്റി എന്ന് ചിരിച്ചും, പരിഹസിച്ചും പറഞ്ഞുകൊണ്ട് കല്യാണിക്കുട്ടി ടീപ്പോയിൽ കിടക്കുന്ന താക്കോൽക്കൂട്ടത്തിലേക്ക് കണ്ണോടിച്ച് അതെടുക്കുന്നു. അവൾ അതെടുക്കാൻ പോവുമ്പോൾ വർമ്മാജിയും അതെടുക്കാൻ ശ്രമിക്കുന്നു. എന്നിട്ട്, ഇന്നു മുതൽ താനാവും ഇതിന്റെ സൂക്ഷിപ്പുകാരി എന്നും, നിങ്ങൾക്ക് എന്ത് വേണോ അപ്പപ്പോൾ തന്നോട് ചോദിച്ചാൽ മതിയെന്നും, താൻ തരാമെന്നും വർമ്മാജിയെ നോക്കി പറഞ്ഞ ശേഷം താക്കോൽക്കൂട്ടം അരയിൽ തിരുകിക്കൊണ്ട് കല്യാണിക്കുട്ടി മുറിയിൽ നിന്നും പുറത്തേക്ക് പോവുന്നു. വർമ്മാജി സ്തബ്ധനായി മിഴിച്ചു നിൽക്കുന്നു. പ്രഭു കല്യാണിക്കുട്ടിയെയും വർമ്മാജിയെയും മാറി മാറി നോക്കി നിൽക്കുന്നു.
മുറിയിൽ നിന്നും പുറത്തു വരുന്ന കല്യാണിക്കുട്ടി വീട്ടിലെ ജോലിക്കാരെ വിളിച്ച്, ഈ വീട്ടിൽ ഇനി മേലാൽ പുറത്തു നിന്നും ആഹാരം കൊണ്ടുവരാൻ പാടില്ലെന്നും, തന്റെ അനുവാദം കൂടാതെ ഇവിടുന്ന് ആരും കാർ വെളിയിൽ എടുക്കാൻ പാടില്ലെന്നും കർശനമായ നിർദ്ദേശം നൽകുന്നു. എന്നിട്ട്, ആലോചനയിൽ മുഴുകി നിൽക്കുന്ന പ്രഭുവിന്റെ പക്കൽ ചെന്ന് ആ ഡ്രൈവർ പോയോ എന്ന് ചോദിക്കുമ്പോൾ, പോയി എന്ന് പ്രഭു തലയാട്ടുന്നു. അപ്പോൾ, പാവം വല്ലതും കൊടുക്കാമായിരുന്നു എന്ന് പറഞ്ഞുകൊണ്ട് കല്യാണിക്കുട്ടി അവിടുന്നും പോകുന്നു. അതുകേട്ട്, പ്രഭു മിഴിച്ചു നിൽക്കുന്നു.
രാത്രിയിൽ പരിചാരകൻ വർമ്മാജിക്ക് ആഹാരം കൊണ്ടു കൊടുക്കുമ്പോൾ വർമ്മാജി അവനോട് അത് തിരിച്ചുകൊണ്ടു പോവാൻ ദേഷ്യത്തോടെ പറഞ്ഞിട്ട് അവന്റെ കൈയ്യിലുള്ള പ്ളേറ്റ് കാലുകൊണ്ട് തട്ടിത്തെറിപ്പിക്കുന്നു. കിടക്കയിൽ കിടക്കുന്ന പ്രഭുവിന്റെ പക്കൽ ചെന്നിട്ട് അരയിലുള്ള താക്കോൽക്കൂട്ടം എടുത്ത് പ്രഭുവിന്റെ കൈയ്യിൽ കൊടുത്ത ശേഷം, ഇത്രയും നേരം താനിത് തരാതിരുന്നതിന് കാരണം ചോദിക്കുമോ എന്നറിയാൻ വേണ്ടിയാണെന്ന് കല്യാണിക്കുട്ടി പറയുന്നു. അതുകേട്ട്, എന്നിട്ട് ഇപ്പോ താനിത് ആവശ്യപ്പെട്ടോ എന്ന് പ്രഭു ചിരിച്ചുകൊണ്ട് ചോദിക്കുന്നു. അതിന്, അതുകൊണ്ടല്ലേ ഏൽപ്പിച്ചത് എന്ന് കല്യാണിക്കുട്ടി പറയുന്നു. അപ്പോൾ, ഞാനിത് വാങ്ങിച്ചില്ലെങ്കിലോ എന്ന് പ്രഭു ചോദിക്കുന്നു. അന്നേരം, പ്രഭുവിന്റെ അടുത്തിരുന്നു കൊണ്ട്, അങ്ങിനെ പറയരുത് വാങ്ങണം എന്ന് കല്യാണിക്കുട്ടി പറയുന്നു. അതുകേട്ട്, വേണ്ടെന്നും, നീ തന്നെ സൂക്ഷിച്ചു വെച്ചാ മതിയെന്നും പ്രഭു പറയുന്നു. അതിന്, ഞാൻ സൂക്ഷിച്ചു വെക്കാനോ എന്ന് ആശ്ചര്യത്തോടെ ചോദിക്കുന്നു. അപ്പോൾ, തന്നെക്കൊണ്ട് ഇതൊന്നും ആവില്ലെന്ന് പ്രഭു പറയുന്നു. അതുകേട്ട്, എന്തു കൊണ്ടാവില്ലെന്ന് കല്യാണിക്കുട്ടി മറു ചോദ്യം ചോദിക്കുന്നു. അതിന്, നീയുള്ളത് കൊണ്ടെന്ന് പ്രഭു പറയുന്നു. അന്നേരം, ഞാൻ ആരാണെന്ന് ചിരിച്ചുകൊണ്ട് കല്യാണിക്കുട്ടി ചോദിക്കുന്നു. അപ്പോൾ, അവളെത്തന്നെ ഉറ്റു നോക്കിയ ശേഷം, എന്റെ കല്യാണിക്കുട്ടിയെന്ന് വികാരഭരിതനായി പ്രഭു പറഞ്ഞ ശേഷം അവളെ ആശ്ലേഷിക്കുന്നു.
അടുത്ത ദിവസം രാവിലെ പരിചാരകർ കല്യാണിക്കുട്ടിയോട് പരാതിയുമായി എത്തുന്നു - വർമ്മാജിയെക്കുറിച്ചാണ് അവർ പറയുന്നത് - ഇനിയങ്ങോട്ട് ആഹാരവുമായി ചെല്ലുന്ന ആളെ ആയിരിക്കും അദ്ദേഹം തല്ലുന്നതെന്നും, ഈ വീട്ടിൽ നിന്നും പച്ചവെള്ളം പോലും കഴിക്കില്ലെന്നുമാണ് അദ്ദേഹം പറയുന്നതെന്നും അവർ പറയുന്നു. അതുകേട്ട്, അവരോട് കാപ്പി കൊണ്ടുവരാൻ കല്യാണിക്കുട്ടി പറയുന്നു. കാപ്പിയുമായി ചെല്ലുന്ന കല്യാണിക്കുട്ടിയുടെ പുറകെ അവളറിയാതെ പ്രഭുവും ചെന്ന് വർമ്മാജിയുടെ മുറിയുടെ പുറത്ത് നിൽക്കുന്നു. തന്നെ നീലിമയെപ്പോലെ കരുതിയാൽ മതിയെന്നും, തനിക്ക് അച്ഛനില്ലെന്നും, ജീവിതത്തിൽ ആദ്യമായിട്ടാണ് താൻ അച്ഛന് കാപ്പി കൊടുക്കുന്നതെന്നും, അങ്കിൾ ഈ കാപ്പി കുടിക്കാതെ താൻ പോവില്ലെന്നും പറഞ്ഞ് കല്യാണിക്കുട്ടി വർമ്മാജിക്ക് കാപ്പി കൊടുക്കുന്നു. അവളിൽ നിന്നും കപ്പ് വാങ്ങി നേരെ ജനാലക്കരികിലേക്ക് ചെന്ന് കാപ്പി ജനാല വഴി പുറത്തേക്കൊഴിച്ച ശേഷം വർമ്മാജി കപ്പ് കല്യാണിക്കുട്ടിയെ തിരിച്ചേൽപ്പിക്കുന്നു. അതുകാണുന്ന കല്യാണിക്കുട്ടി പകച്ചു നിൽക്കുന്നു. അപ്പോൾ, എവിടുന്നെങ്കിലും ഓരോ തേവിടിശ്ശികൾ വന്നു കേറിക്കോളും, പിന്നെ അവളുമാരുടെ ഭരണങ്ങള്, ഗീർ വാണങ്ങള്, പോടീ അപ്പുറത്തേക്ക് എന്ന് കല്യാണിക്കുട്ടിയെ നോക്കി വർമ്മാജി കയർക്കുന്നു. അതുകേട്ട്, അനാവശ്യം പറയരുതെന്ന് ദേഷ്യത്തോടെ കല്യാണിക്കുട്ടി പറയുന്നു. അതിന്, എടീ എനിക്കറിയാമെടി നിന്നെയൊക്കെ, നിന്നെയും അറിയാം, മറ്റേ ശീലാവതിയെയും അറിയാമെന്ന് പുച്ഛത്തോടെ വർമ്മാജി പറയുമ്പോൾ, പുച്ഛത്തോടെ ഒന്ന് ചിരിച്ച ശേഷം, ശോഭയുള്ള കല്യാണിക്കുട്ടിയെന്നും, അവൾ ആകെ തളർന്ന നിന്ന ഒരു സമയത്താണ് നിങ്ങൾക്ക് വഴിപ്പെട്ടതെന്ന് കല്യാണിക്കുട്ടി കുപിതയായി പറയുന്നു. അതുകേട്ട് വർമ്മാജി പകച്ചു പോവുന്നു. കല്യാണിക്കുട്ടി തുടരുകയാണ് - ഞാൻ അതല്ല, തകർന്നതെല്ലാം ഉരുക്കൂട്ടുകയാണ് ഞാനിപ്പോൾ, അത് മനസ്സിലിരിക്കട്ടെ എന്നവൾ കയർക്കുന്നു. ഇതെല്ലാം പുറത്തു നിന്ന് കേട്ടുകൊണ്ടിരിക്കുന്ന പ്രഭു പകച്ചു പോവുകയും, അവിടുന്ന് ചിന്താക്കുഴപ്പത്തിൽ നടന്നു നീങ്ങുകയും ചെയ്യുന്നു. അന്നേരം, കല്യാണിക്കുട്ടി വർമ്മാജിയെ നോക്കി കല്യാണിക്കുട്ടി വീണ്ടും കയർക്കുകയാണ് - നിങ്ങൾ പട്ടിണി കിടന്ന് ചത്താൽ ഇവിടെ ആർക്കും ഒരു ചുക്കുമില്ലെന്ന് പറഞ്ഞ് അവൾ മുറിയിൽ നിന്നും പുറത്തേക്ക് പോകുന്നു. ഇതുകൊണ്ടൊന്നും താൻ കുലുങ്ങില്ല എന്ന മട്ടിൽ വർമ്മാജി നിൽക്കുന്നു.
കല്യാണിക്കുട്ടി വർമ്മാജിയോട് പറഞ്ഞ കാര്യം പ്രഭുവിനെ വല്ലാതെ അലട്ടുന്നു. പ്രഭു ശോഭയുടെ ഫോട്ടോയ്ക്ക് മുന്നിൽ നിന്ന് താൻ കോച്ചായിരിക്കുമ്പോൾ അച്ഛൻ തന്റെ കണ്മുന്നിൽ പിടഞ്ഞ് മരിച്ചതും, തുടർന്ന് വർമ്മാജി തന്നോട് പ്രവർത്തിച്ച കാര്യങ്ങളും ഓർക്കുന്നു. വർമ്മാജിയും തന്റെ മുറിയിൽ വളരെ അസ്വസ്ഥനായി ഉലാത്തിക്കൊണ്ടിരിക്കുന്നു. അപ്പോൾ പ്രഭുവിന്റെ അമ്മ അവിടേക്ക് കയറി വരുന്നു. രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും പുച്ഛഭാവത്തിൽ നോക്കി നിൽക്കുന്നു. പിന്നീട്, തോറ്റു അല്ലേ എന്ന് അമ്മ വർമ്മാജിയോട് പുച്ഛത്തോടെ ചോദിക്കുമ്പോൾ, ഓ... അതു കാണാൻ എഴുന്നള്ളിയതായിരിക്കും എന്ന് അതേ പുച്ഛഭാവത്തോടെ വർമ്മാജിയും ചോദിക്കുന്നു. അതിന് അതേ എന്ന് അമ്മ മറുപടി പറയുന്നു. അതുകേട്ട്, അങ്ങിനെ ആരും സമാധാനിക്കേണ്ടെന്നും, എന്നെ തകർത്തിട്ട് സുഖിക്കാൻ നിന്റെ മകനെയും അവന്റെ ഭാര്യയെയും ഞാൻ അനുവദിക്കില്ലെന്ന് വർമ്മാജി പറയുന്നു. അതിന്, എന്തു ചെയ്യും എന്ന് അമ്മ ചോദിക്കുമ്പോൾ, കൊല്ലും എന്ന് ആവേശത്തോടെ വർമ്മാജി പറയുന്നു. അതുകേട്ട്, ഒരു പുല്ലും ചെയ്യില്ലെന്നും, ഇന്നിവിടെ എന്റെ കുഞ്ഞിനെ നോക്കാൻ ഞാനുണ്ടെന്നും അമർഷത്തോടെ അമ്മ പറയുന്നു. അതുകേട്ട്, വർമ്മാജി അവരെത്തന്നെ വെറുപ്പോടെ നോക്കി നിൽക്കുന്നു. അപ്പോൾ അമ്മ തുടരുന്നു - എന്റെ കുഞ്ഞിന്റെ അച്ഛനെ നിങ്ങൾ കൊന്നു, എന്നെയും ആ കെണിയിൽ കുറുക്കി നിർത്തി, അത് അന്ന്, ഇന്ന് ഞാൻ ജീവിച്ച് മടുത്തിരിക്കുന്നു, എന്റെ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾ ബാക്കി കാണില്ല, അതിന് ഞാൻ മതി, ഞാൻ മാത്രം എന്ന് വികാരഭരിതയായി പറഞ്ഞു നിര്ത്തുന്നു. വർമ്മാജി ഒന്നും പറയാൻ ആവാതെ അവരെ തുറിച്ചു നോക്കുമ്പോൾ അമ്മ വേഗത്തിൽ മുറി വിട്ടു പോകുന്നു.
Audio & Recording
ചമയം
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
നക്ഷത്രങ്ങളേ കാവൽ നിൽക്കൂ |
ഒ എൻ വി കുറുപ്പ് | ജി ദേവരാജൻ | കെ ജെ യേശുദാസ് |
2 |
ഇല കൊഴിഞ്ഞ തരുനിരകൾ |
ഒ എൻ വി കുറുപ്പ് | ജി ദേവരാജൻ | പി ജയചന്ദ്രൻ, പി മാധുരി |
3 |
കാശിത്തുമ്പേ |
ഒ എൻ വി കുറുപ്പ് | ജി ദേവരാജൻ | വാണി ജയറാം |