ടി പി മാധവൻ

T P Madhavan
ആലപിച്ച ഗാനങ്ങൾ: 1

കേരളാ യൂണിവേഴ്സിറ്റി ഡീന്‍ ആയിരുന്ന എന്‍ പി പിള്ളയുടെയും സരസ്വതിയുടെയും മകനായി തിരുവനന്തപുരത്ത് ജനനം. ചെറുപ്പത്തിൽ തന്നെ നാടകത്തിലും അഭിനയത്തിലും ആകൃഷ്ടനായ അദ്ദേഹം സ്കൂൾ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. പൊന്‍കുന്നം വര്‍ക്കിയുടെ ജേതാക്കള്‍ എന്ന നാടകത്തില്‍ പെണ്‍വേഷം അഭിനയിച്ചതിന്, ഹൈസ്കൂളില്‍ പഠിക്കുന്ന സമയം ബെസ്റ്റ് ആക്റ്റര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. പഠനത്തിൽ പിന്നോട്ട് പോയത്, നാടകം പഠിക്കണമെന്ന ആഗ്രഹത്തിനു വിലങ്ങുതടിയായി. യൂണിവേഴ്സിറ്റി കോളേജിലെ സോഷ്യോളജിബിരുദ പഠനകാലത്ത് വീണ്ടും നാടക രംഗത്ത് സജീവമായി. തിരുവനന്തപുരത്തെ പഠനശേഷം ആഗ്ര യൂണിവേഴ്സിറ്റിയില്‍ എം എ ചെയ്തു. പിന്നീട് ഫ്രീ പ്രസ്സ് ജേര്‍ണലില്‍ ജോലി ലഭിച്ച് കൊൽക്കത്തയിലേക്ക് പോയി. താമസിയാതെ കേരള കൌമുദിയുടെയും ബ്യൂറോ ചീഫ് ആയി മാറി. കൊൽക്കത്തയിലെ താമസത്തിനിടെ മലയാളികളുടെ കൂട്ടായ്മയിൽ നിരവധി നാടകങ്ങൾ അഭിനയിച്ചു. അവിടെ വച്ചാണ് മധുവിനെ അദ്ദേഹം പരിചയപ്പെടുന്നത്. അദ്ദേഹം തന്നെ സംവിധാനം ചെയ്യുന്ന പ്രിയ എന്ന സിനിമയ്ക്ക് നായികയെ കണ്ടെത്താനുള്ള യാത്രയുടെ ഭാഗമായി കൊൽക്കത്തയിൽ എത്തിയതായിരുന്നു അദ്ദേഹം. പിന്നീട് കുറച്ചു നാള്‍ മധു താമസിച്ചത് മാധവന്റെ ഒപ്പമായിരുന്നു. ലില്ലി ചക്രവര്‍ത്തി എന്ന തിയേറ്റര്‍ ആര്‍ട്ടിസ്റ്റിനെയാണ് ഒടുവിൽ നായികയായി കണ്ടെത്തിയത്. സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും മധുവിനോട് അദ്ദേഹമത് പറഞ്ഞില്ല.

പത്രപ്രവർത്തനം കൊണ്ടു മാത്രം ജീവിതം മുന്നോട്ട് കൊണ്ടു പോകുവാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ അദ്ദേഹം അഡ്വർട്ടൈസ്മെന്റ് മേഖലയിലേക്ക് കടന്നു. ശാന്തി ലാല്‍ ജി ഷാ എന്നയാളുടെ ഒരു ചെറിയ കമ്പനിയിൽ കയറിക്കൂടി ഒരു വർഷം കൊണ്ട് കാര്യങ്ങൾ പഠിച്ചെടുത്തു. ആ സമയത്താണ് അദ്ദേഹത്തിന് ആര്‍മിയിലേക്കുള്ള സെലക്ഷന്‍ ലഭിച്ചത്. ആദ്യ റൌണ്ട് സെലക്ഷന്‍ കഴിഞ്ഞ സമയത്ത് ഒരു അപകടത്തിൽ കൈ ഒടിയുകയും ആർമിയിൽ ചേരാനുള്ള അവസരം അദ്ദേഹത്തിനു നഷ്ടമാകുകയും ചെയ്തു. അങ്ങനെ നാട്ടിലെത്തിയ അവസരത്തിലായിരുന്നു സുധയെ അദ്ദേഹം വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞു അദ്ദേഹം വീണ്ടും കൊൽക്കത്തയിലേക്ക് ജോലിക്കായി തിരിച്ചു പോയി. ഒരു വ്യാവസായിക കുടുംബത്തിൽ ജനിച്ച ഭാര്യ സുധ, കമ്പനി ആവശ്യങ്ങൾക്കായി ബാംഗ്ലൂരിലേക്ക് മാറിയപ്പോൾ, അദ്ദേഹം ബാംഗ്ലൂരിൽ എത്തി ഇംപാക്റ്റ് എന്നൊരു അഡ്വര്‍ട്ടൈസിംഗ് കമ്പനി തുടങ്ങി. എന്നാൽ ആ കമ്പനി ഒരു വിജയമായി മാറിയില്ല. അക്കാലയളവിലാണ്  സിനിമയെടുക്കുവാനായി സിനിമാ നടൻ മധു ബാംഗ്ളൂർ എത്തിയത്. കാമം ക്രോധം മോഹം, അക്കല്‍ദാമ എന്നിങ്ങനെ രണ്ടു സിനിമകളാണ് മധു ചെയ്തത്. അന്ന് മധുവിന്റെ അസിസ്റ്റന്റായിരുന്ന സംവിധായകൻ മോഹൻ, മാധവന്റെ ഒന്ന് രണ്ടു ചിത്രങ്ങൾ സ്ക്രീൻ ടെസ്റ്റിനായി എടുത്തിരുന്നു. മാധവനായി വച്ചിരുന്ന റോൾ ലഭിച്ചില്ലെങ്കിലും, മധുവിന്റെ നിർബന്ധത്തിനു വഴങ്ങി ഒരു ചെറു വേഷത്തിൽ അഭിനയിക്കുകയും ചെയ്തു. ടി പി മാധവന്റെ അമ്മാവനായിരുന്നു ടി എന്‍ ഗോപിനാഥന്‍ നായര്‍. അങ്ങനെ അമ്മാവൻ വഴിയും അദ്ദേഹം സിനിമാ മേഖലയുമായി പരിചയം സമ്പാദിച്ചിരുന്നു.

അക്കൽദാമക്ക് ശേഷം പൂർണ്ണമായും സിനിമയിലേക്ക് തിരിയാം എന്ന തീരുമാനത്തിൽ അദ്ദേഹം എത്തിച്ചേർന്നു. അങ്ങനെ നാല്‍പ്പതാം വയസ്സിലെ സിനിമാമോഹം അദ്ദേഹത്തെ മദ്രാസിലെത്തിച്ചു. എന്നാൽ അദ്ദേഹത്തിന്റെ സിനിമാ മോഹം ദാമ്പത്യം തകരുന്നതിനിടയാക്കി. ഭാര്യ സുധ, വിവാഹ മോചനം നേടി. രാഗം എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തി. അതിനു ശേഷം 600 ലധികം മലയാള ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. അലാവുദ്ദീനും അൽഭുതവിളക്കും എന്ന ചിത്രത്തിൽ കമലഹാസനോടൊപ്പം അഭിനയിച്ചു. എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി തുടങ്ങി ചില തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. നിരവധി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു. സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ ആദ്യകാല സെക്രട്ടറിയും സജീവ പ്രവർത്തകനുമായിരുന്നു അദ്ദേഹം. ഇടക്ക് തലച്ചോറിനെ ബാധിക്കുന്ന അസുഖത്തെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പിന്നീട് 2015 ൽ ഹരിദ്വാർ യാത്രക്കിടയിൽ അദ്ദേഹത്തിന് പക്ഷാഘാതം സംഭവിച്ചിരുന്നു. ചികിത്സക്ക് ശേഷം ഇപ്പോൾ പത്തനാപുരം ഗാന്ധിഭവനിൽ കഴിയുന്നു. രണ്ടു മക്കൾ - മകള്‍ ദേവിക, മകന്‍ രാജാകൃഷ്ണ മേനോന്‍. അഡ്വർട്ടൈസിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന മകന്‍ രാജാകൃഷ്ണ മേനോന്‍, എയർ ലിഫ്റ്റ്‌ എന്ന ബോളിവുഡ് ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ്.