അടൂർ ഭാസി
മലയാള ചലച്ചിത്ര നടൻ. ശുദ്ധഹാസ്യത്തിലൂടെ ഹാസ്യത്തമ്പുരാനായി മാറിയ പ്രതിഭയാണ് അടൂർ ഭാസി.
പ്രശസ്ത ഹാസ്യസാഹിത്യകാരൻ ഇ വി കൃഷ്ണപിള്ളയുടെയും ബി മഹേശ്വരിയമ്മയുടെയും നാലാമത്തെ മകനായി അടൂർ പെരിങ്ങനാട്ട് ചെറുതെങ്ങിലഴികത്ത് തറവാട്ടിലാണ് കെ ഭാസ്കരൻ നായർ എന്ന അടൂർ ഭാസി ജനിച്ചത്.
കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ടെക്‌സ്റ്റൈൽ ടെക്നോളജി പഠിച്ച അടൂർ ഭാസി കുറച്ചുകാലം മധുരൈ മിൽസ് ലിമിറ്റഡിൽ ജോലി ചെയ്തു. അവിടെ നിന്നും പത്രപ്രവർത്തനമേഖലയിലേക്ക് ചുവട് മാറ്റി ചവുട്ടിയ അദ്ദേഹം വീരകേസരി, സഖി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. അതിനിടെ നാടകത്തിൽ രംഗപ്രവേശം ചെയ്ത അടൂർ ഭാസി പിന്നീട് ആകാശവാണിയിലും ജോലി നോക്കി. ഇതിനൊക്കെ ശേഷമാണ് തന്റെ യഥാർത്ഥതട്ടകം സിനിമയാണെന്ന് അദ്ദേഹം സ്വയം തിരിച്ചറിഞ്ഞത്.
നസീർ, സത്യൻ എന്നിവർക്കൊപ്പം ത്യാഗസീമ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പക്ഷെ ആ ചിത്രം പുറത്തിറങ്ങിയില്ല. അതിനുശേഷം 1953ൽ വിമൽ കുമാർ സംവിധാനം ചെയ്ത തിരമാല എന്ന ചിത്രത്തിൽ നല്ലൊരു വേഷം ചെയ്യാൻ വിളിച്ചെങ്കിലും അഭിനയിക്കാൻ അവിടെയെത്തിയപ്പോൾ അദ്ദേഹത്തെ ഒരു അപ്രധാനവേഷത്തിൽ ഒതുക്കി. അതോടെ സിനിമ ഉപേക്ഷിച്ച അടൂർ ഭാസിയെ പിന്നെ സിനിമ തേടി വരികയായിരുന്നു.
1961ൽ രാമു കര്യാട്ടിന്റെ മുടിയനായ പുത്രനിൽ കരയോഗം കൃഷ്ണൻ നായർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അടൂർ ഭാസിയുടെ പ്രകടനം സിനിമയിൽ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതായിരുന്നു. ഹാസ്യത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ ലഭിച്ച എല്ലാ വേഷങ്ങളെയും ഗംഭീരമാക്കി ഭാസി തന്റെ ജൈത്രയാത്ര തുടർന്നു.
അഭിനയത്തിനു പുറമേ സംവിധായകന്റെ വേഷവും അടൂർ ഭാസി അണിഞ്ഞിട്ടുണ്ട്. ആദ്യപാഠം എന്ന ചിത്രത്തിലൂടെയായിരുന്നു സംവിധാകനായുള്ള അരങ്ങേറ്റം. പിന്നീട് അച്ചാരം അമ്മിണി ഓശാരം ഓമന, രഘുവംശം, മല്ലനും മാതേവനും തുടങ്ങിയ ചിത്രങ്ങളുടെ സംവിധാനം നിർവ്വഹിച്ചു. കൂടാതെ നിരവിധി ചിത്രങ്ങളിൽ ഗായകനായും അദ്ദേഹം തിളങ്ങി.
ഒരിടവേളയ്ക്ക് ശേഷം ബാലചന്ദ്രമേനോന്റെ ഏപ്രിൽ 18 എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ തിരിച്ചെത്തിയ അദ്ദേഹം, ആ ചിത്രത്തിലെ അഴിമതി നാറാപിള്ള എന്ന കഥാപാത്രത്തിലൂടെ 1984ലെ മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി.
അവിവാഹിതനായിരുന്ന അടൂർ ഭാസി 1990 മാർച്ച് 29ന് വൃക്ക രോഗത്തെ തുടർന്ന് അന്തരിച്ചു.
കൗതുകങ്ങൾ/നേട്ടങ്ങൾ
- ചട്ടക്കാരി, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ എന്നീ ചിത്രങ്ങൾക്ക് മികച്ച നടനുള്ള അവാർഡും രാഗം എന്ന ചിത്രത്തിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡും ലഭിച്ചു.
- പ്രേംനസീറിനൊപ്പമാണ് ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളത്. ഒരുകാലത്ത് പ്രേംനസീർ ചിത്രങ്ങളിൽ ഭാസി ഒരു അവിഭാജ്യ ഘടകമായിരുന്നു.
- അടൂർ ഭാസിയുടെ ജോഡിയായി ഏറ്റവും കൂടുതൽ തവണ അഭിനയിച്ചിട്ടുള്ളത് ശ്രീലതയാണ്.
- തിരുവനന്തപുരം കോർപ്പറേഷനിലേക്ക് വഴുതക്കാട് വാർഡിൽ നിന്നും ആർ എസ് പി സ്ഥാനാർത്ഥിയായി അദ്ദേഹം ഒരിക്കൽ മത്സരിച്ചെങ്കിലും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.
- ആഭരണഭ്രമത്തിനു പേരുകേട്ട അടൂർ ഭാസി പ്രതിഫലത്തിന്റെ കാര്യത്തിൽ കർക്കശക്കാരനായിരുന്നു.
അവലംബം: ചിത്രഭൂമി (2012 ജൂൺ 7)