അമൃതവാഹിനി
മാനസീകനില തെറ്റിയ യുവാവിനെ പരിചരിച്ച് ഗുണപ്പെടുത്താൻ ഒരു സാധുപെൺക്കുട്ടിയെ വാടകയ്ക്കെടുക്കുന്നു. അവൾ അവന്റെ പ്രാണനിൽ അമൃതവാഹിനിയായ് ഒഴുകുമോ?
Actors & Characters
Actors | Character |
---|
Actors | Character |
---|---|
വിജയൻ | |
ഗീത | |
തമ്പി | |
സുധാകരൻ | |
പരമു നായർ | |
ഡെയ്സി | |
തുളസി | |
ദാക്ഷായണി | |
റാണി | |
മോഹൻ | |
ലക്ഷ്മി | |
സുമതി | |
കവിത | |
മാധവക്കുറുപ്പ് | |
Main Crew
കഥ സംഗ്രഹം
"ഗുൽഷൻ നന്ദ"-യുടെ ഈ കഥ ആദ്യം ചലച്ചിത്രമായത് തെലുങ്കിലാണ് - 1963 ൽ "പുനർജന്മ" എന്ന പേരിൽ. ആ ചിത്രം പിന്നീട് ഹിന്ദിയിൽ "Khilona" എന്ന പേരിൽ 1970 ൽ റീമേക് ചെയ്യപ്പെട്ടു. അതേ വര്ഷം തന്നെ തമിഴിൽ "എങ്കിരുന്തോ വന്താൾ" എന്ന പേരിലും റീമേക് ചെയ്യപ്പെട്ടു. അതിനു ശേഷമാണ് മലയാളത്തിൽ "അമൃതവാഹിനി" എന്ന പേരിൽ റീമേക് ചെയ്യപ്പെട്ടത്.
ധനികനായ തമ്പിയുടെയും (തിക്കുറിശ്ശി സുകുമാരൻ നായർ), ലക്ഷ്മിയുടെയും (കവിയൂർ പൊന്നമ്മ) മൂത്ത മകനാണ് മോഹൻ (ജയൻ). മോഹന്റെ ഭാര്യ സുമതി (സുകുമാരി). തമ്പിയുടെ രണ്ടാമത്തെ മകൻ വിജയൻ (പ്രേംനസീർ). ഏറ്റവും ഇളയവൾ റാണി (ശോഭ). തമ്പിക്ക് സ്വന്തമായ ഫാക്ടറി നോക്കി നടത്തുന്നത് മോഹനാണ്. മാനസീക നില ശരിയില്ലാത്ത വിജയനെ ഒരു മുറിയിൽ അടച്ചിട്ടിരിക്കുകയാണ്. മോഹൻ കൊണ്ടുവരുന്ന ഒരു ഡോക്ടർ, വിജയനെ വീട്ടിലിരുത്തി ചികിത്സിച്ച് ഗുണപ്പെടുത്താൻ കഴിയില്ലെന്നും, ഏതെങ്കിലും ഭ്രാന്താശുപത്രിയിൽ ചേർത്ത് ചികിത്സിക്കുന്നതാണ് നല്ലതെന്നും പറയുമ്പോൾ ലക്ഷ്മി അതിന് തയ്യാറാവുന്നില്ല, വീട്ടിൽ വെച്ച് തന്നെ ചികിത്സിച്ച് ഗുണപ്പെടുത്തിയാൽ മതിയെന്നാണ് അവരുടെ അഭിപ്രായം. മോഹന് വിജയനെ ആശുപത്രിയിൽ ചേർക്കണം എന്ന് വാശിയും. അപ്പോൾ മറ്റൊരു ഡോക്ടർ (പ്രതാപചന്ദ്രൻ) തമ്പിക്കും, ലക്ഷ്മിക്കും ആശ്വാസമേകുന്ന മറ്റൊരു ഉപായം പറയുന്നു - വിജയനെ വീട്ടിൽ ഇരുത്തി തന്നെ ചികിത്സിക്കാം - വിജയന് കവിത എഴുതുന്നതിൽ താല്പര്യമുള്ളത് കൊണ്ടും, പാട്ടുകൾ കേൾപ്പിച്ചാൽ അവന്റെ ശ്രദ്ധ അതിലേക്ക് തിരിയുന്നത് കൊണ്ടും, നല്ലപോലെ പാട്ടു പാടാൻ കഴിവുള്ള ഏതെങ്കിലും ഒരു പെൺകുട്ടിയുടെ പരിചരണം ലഭിച്ചാൽ വിജയൻറെ മാനസീക നിലയ്ക്ക് മാറ്റം വന്നേക്കും എന്ന്.
തമ്പിയുടെ സഹോദരി ദാക്ഷായണിയുടെ (മീന) മകൾ തുളസി (റീന) സംഗീതം പഠിച്ചത് കൊണ്ട് അവളുടെ സഹായത്തോടെ വിജയനെ പൂർവ്വസ്ഥിതിക്ക് കൊണ്ടുവരാം എന്ന് കണക്കുകൂട്ടി തമ്പി അവരുടെ സഹായം തേടി ദാക്ഷായണിയുടെ വീട്ടിലേക്ക് ചെല്ലുന്നു. തുളസിക്ക് അതിൽ സമ്മതമാണെങ്കിലും ദാക്ഷായണിയും, ഭർത്താവ് മാധവകുറുപ്പും (ശങ്കരാടി) ആദ്യം തയ്യാറാവുന്നില്ല. എന്നാൽ ആരെതിർത്താലും താൻ പോകും എന്ന് തുളസി വാശി പിടിക്കുമ്പോൾ മാധവക്കുറുപ്പ് ദാക്ഷായണിയോട് പറയുന്നു, തുളസിക്ക് എന്തെങ്കിലും സംഭവിക്കുന്ന പക്ഷത്തിൽ സ്വത്ത് മുഴുവൻ അവളുടെ പേരിൽ എഴുതി വെക്കാൻ തമ്പി തയാറാരെങ്കിൽ തുളസിയെ പറഞ്ഞുവിടാം എന്ന്. ഇത് കേൾക്കുന്ന തമ്പി വിഷമത്തോടെ അവിടം വിടുന്നു.
സ്വന്തക്കാർ തന്നെ ഈ ഉദ്യമത്തിന് തയാറാവുന്നില്ലെന്ന് മനസ്സിലായപ്പോൾ തമ്പി ഇനി ആരെയും അന്വേഷിച്ചു പോവേണ്ട എന്ന തീരുമാനത്തിലെന്നു. എന്നാൽ ലക്ഷ്മി ഒന്നൂടെ ശ്രമിച്ചു നോക്കു എന്ന് നിർബന്ധിക്കുമ്പോൾ തമ്പി വീണ്ടും ഒരു പാട്ടുകാരിയെ അന്വേഷിച്ചു നടക്കുന്നു. ചെല്ലുന്നിടത്തെല്ലാം അപമാനിതനായി മടങ്ങുമ്പോൾ യാദൃശ്ചികമായി ഗീത (ശാരദ) എന്ന പെൺകുട്ടിയുടെ മനോഹരമായ പാട്ടുകേൾക്കുന്നു. അതു കേട്ടപ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ വീണ്ടും ഒരു പ്രതീക്ഷ. തമ്പി നേരെ അവളുടെ വീട്ടിലേക്ക് ചെന്ന് അവളുടെ അച്ഛൻ പരമു നായരോട് നെല്ലിക്കോട് ഭാസ്കരൻ) കാര്യങ്ങൾ പറഞ്ഞ്, ഒരു തുകയും കൊടുത്ത് പ്രതിമാസം ആയിരം രൂപയും തരാം ഗീതയെ തന്നോടൊപ്പം പറഞ്ഞയക്കണം എന്നപേക്ഷിക്കുമ്പോൾ പരമു നായർ വിസമ്മതിക്കുന്നു. എന്നാൽ ഗീത അച്ഛനോട് വീടിൻറെ ദയനീയ സ്ഥിതി എടുത്തു പറഞ്ഞ് അച്ഛനെ സമ്മതിപ്പിച്ച് തമ്പിയോടൊപ്പം പോകുന്നു.
വീട്ടിലെത്തിയതും തമ്പി മോഹനെയും, സുമതിയെയും ഗീതയ്ക്ക് പരിചയപ്പെടുത്തുന്ന കൂട്ടത്തിൽ മോഹന്റെ ഉറ്റ മിത്രമായ സുധാകരനെയും (എം.ജി.സോമൻ) പരിചയപ്പെടുത്തുന്നു. അപ്പോൾ സുധാകരൻ പറയുന്നു - ഇവളെ എനിക്ക് പരിചയപ്പെടുത്തേണ്ട, എനിക്കിവളെ നേരത്തെ പരിചയമുണ്ട്. അതുകേട്ട് പരിഭ്രമിച്ചു നിൽക്കുന്ന ഗീത പഴയ സംഭവം ഓർക്കുന്നു. ഒരു ഇന്റർവ്യൂവിന് വേണ്ടി ലോഡ്ജിലെ ഒരു മുറിയിൽ ഗീത എത്തിപ്പെടുന്നത് സുധാകരന്റെ മുന്നിലാണ്. അയാൾ അവളെ ബലംപ്രയോഗിച്ച് കീഴടക്കാൻ നോക്കുമ്പോൾ ആരോ വാതിലിൽ മുട്ടുന്നു. വാതിൽ തുറക്കുന്നതും പോലീസിനെ കാണുന്ന സുധാകരൻ ഓടി രക്ഷപ്പെടുന്നു. വ്യഭിചാരിണിയാണെന്ന കുറ്റം ചുമത്തപ്പെട്ട് ഗീത ജയിൽശിക്ഷ അനുഭവിച്ചു തിരിച്ചു വരുന്നു. തമ്പി പിന്നീട് ഗീതയെ വീട്ടിലെ മറ്റുള്ളവർക്കും പരിചയപ്പെടുത്തുന്നു. ലക്ഷ്മി ഗീതയുമായി അകത്തേക്ക് ചെന്നതും സുധാകരൻ മോഹനോടും, സുമതിയോടും ഗീത ദുർന്നടത്തക്കാരിയാണെന്നും, ഒരിക്കൽ എന്നെയും അവൾ വലവീശിപ്പിടിക്കാൻ ശ്രമിച്ചുവെന്നും, ഭാഗ്യത്തിന് അവളുടെ വലയിൽ വീണില്ലെന്നും, നിങ്ങളാരും അവളോട് കൂടുതൽ അടുക്കരുതെന്നും പറയുന്നു.
തമ്പിയും, ലക്ഷ്മിയും ഗീതയോട് വിജയനെക്കുറിച്ചും, പ്രതീക്ഷിക്കാത്ത സമയത്ത് അവന് ഇളക്കം വരുമ്പോൾ ടോർച്ച് ലൈറ്റ് അവന്റെ മുഖത്തേക്ക് തെളിച്ച് എങ്ങിനെയാണ് ശാന്തനാക്കേണ്ടതെന്നും പറഞ്ഞു കൊടുക്കുന്നു. ഗീത വിജയൻറെ അടുത്തേക്ക് പോകുമ്പോഴെല്ലാം വിജയൻ അവളെ കഴുത്തുഞെക്കി കൊല്ലാൻ ശ്രമിക്കുന്നു. അതുകാരണം, വിജയനെ എങ്ങിനെ സമീപിച്ച് ഗുണപ്പെടുത്തണം എന്നറിയാതെ അവൾ കുഴങ്ങി നിൽക്കുന്നു. അപ്പോൾ ഡോക്ടർ ഒരു ഉപായം പറയുന്നു - പാട്ടുപാടി മാത്രം വിജയനെ ഗുണപ്പെടുത്താൻ കഴിയില്ല. ഗീതയും വിജയനും കൂടുതൽ അടുക്കണം. വിജയന് ഗീത തന്റെ ശത്രുവല്ല എന്ന ബോധ്യം വരണം. അത് വരണമെങ്കിൽ വിജയനും ഗീതയും തമ്മിലുള്ള വിവാഹം എന്ന നാടകം നടക്കണം. അങ്ങിനെ വരുമ്പോൾ വിജയൻറെ അബോധ മനസ്സിൽ ഗീത തന്റെ ഭാര്യയാണെന്നുള്ള വിശ്വാസം ജനിക്കുമ്പോൾ വിജയന് ഗീതയോടുള്ള സമീപനത്തിൽ മാറ്റം സംഭവിക്കും. വിഷമത്തോടെയാണെങ്കിലും തമ്പിയും ലക്ഷ്മിയും ഗീതയോട് കാര്യങ്ങൾ പറയുമ്പോൾ ഗീത "നാടക വിവാഹ"ത്തിന് സമ്മതിക്കുന്നു, വിവാഹം നടക്കുകയും ചെയ്യുന്നു.
അടുത്ത ദിവസം വിജയൻ ഗീതയുടെ കഴുത്തിൽ താലി കെട്ടുന്ന നേരത്ത് അക്രമാസക്തനാവുകയും, ഗീതയെ വീണ്ടും കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിക്കുമ്പോൾ മോഹൻ വിജയനെ പൊതിരെ തല്ലുന്നു. ലക്ഷ്മിയാണ് മോഹനെ അതിൽ നിന്നും വിലക്കുന്നത്. പിന്നീട് മോഹൻ വിജയൻറെ മുഖത്ത് ടോർച്ച് ലൈറ്റ് തെളിച്ച് പേടിപ്പിച്ച് മുറിക്കകത്തിട്ട് പൂട്ടുന്നു.
വീട്ടു പണിക്കാരൻ ശങ്കരപ്പിള്ളയിൽ നിന്നും വിജയൻറെ മാനസീകനില തെറ്റാനുണ്ടായ കാരണം ഗീത അന്വേഷിച്ചറിയുന്നു - നല്ലപോലെ പാടാൻ കഴിവുള്ള കവിത (വിജയലക്ഷ്മി) എന്ന പെൺകുട്ടിയുമായി വിജയന് പ്രേമമുണ്ടായിരുന്നു. ഒരിക്കൽ ഒരു കവി സമ്മേളനത്തിൽ രണ്ടുപേരും പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങുന്നതിന് മുൻപ് അവൾ വിജയൻറെ കണ്മുന്നിൽ വെച്ച് മിന്നലേറ്റ് മരിക്കുന്നത് കാണാനിടയായതാണ് മാനസീകനില തെറ്റാനുണ്ടായ കാരണം. എല്ലാം കേട്ട് മനസ്സിലാക്കിയ ഗീത വിജയനെക്കണ്ട്, താൻ മരിച്ചു പോയ കവിതയുടെ പുനർജ്ജന്മമാണെന്നും, ഇപ്പോൾ എന്റെ പേര് ഗീതയാണെന്നും പറയുമ്പോൾ വിജയൻ സന്തോഷവാനാവുകയും, ഒളിച്ചു വെച്ച താലിയെടുത്ത് ഗീതയുടെ കഴുത്തിൽ അണിയിക്കുകയും ചെയ്യുന്നു. അപ്പോൾ ഗീത പറയുന്നു, ഞാനിപ്പോൾ നിങ്ങളുടെ ഭാര്യയാണ്, ഞാൻ പറയുന്നതൊക്കെ നിങ്ങൾ അനുസരിക്കണം എന്ന്. വിജയൻ ഗീത ഇപ്പോഴും തന്റെ കൂടെയുണ്ടാവണം എന്ന നിബന്ധനയോടെ അത് സമ്മതിക്കുന്നു.
റാണി ഗീതയുമായി അടുക്കാൻ ശ്രമിക്കുമ്പോൾ സുമതി അവളെ ഗീതയിൽ നിന്നും അകറ്റി നിർത്തുന്നു. ഗീതയെ കാണാത്തതിൽ കുപിതനായ വിജയൻ കൈയ്യിൽ കിട്ടിയ സാധനങ്ങളെല്ലാം എറിഞ്ഞുടയ്ക്കുന്ന ശബ്ദം കേട്ട് ഗീത അവന്റെ മുറിയിലേക്ക് പോകുമ്പോൾ വിജയൻ എറിയുന്ന സാധനം ഞെട്ടിയിൽ തട്ടി മുറിവേൽക്കുന്നു. അതുകാണുന്ന വിജയൻ പെട്ടെന്ന് ശാന്തനാവുകയും, ഗീതയോട് മാപ്പു ചോദിക്കുകയും ചെയ്യുന്നു. അലങ്കോലമായി കിടക്കുന്ന മുറി വൃത്തിയാക്കാൻ ഗീത പറയുമ്പോൾ വിജയൻ അത് അനുസരിക്കുന്നു. ഗീത വിജയനോട് കിടന്നുറങ്ങാൻ പറയുമ്പോൾ, പാട്ടു പാടിയാൽ ഉറങ്ങാം എന്ന് വിജയൻ പറയുന്നു. അവന്റെ അഭ്യർത്ഥന മാനിച്ച് ഗീത പാടുകയും, വിജയൻ ഉറങ്ങുകയും ചെയ്യുന്നു.
വിജയൻറെ പിറന്നാൾ ദിവസം വരുന്നു. താടിയും, മുടിയും നീട്ടി വളർത്തി, കീറിപ്പറിഞ്ഞ വസ്ത്രവുമായി നിൽക്കുന്ന വിജയനെ, താടിയും മുടിയും വെട്ടിച്ച്, പുത്തൻ വസ്ത്രങ്ങൾ ധരിപ്പിച്ച്, എല്ലാരോടും മര്യാദയായി പെരുമാറണം എന്ന് പറഞ്ഞ് മനസ്സിലാക്കിപ്പിച്ച് ഗീത വിജയനെ പിറന്നാൾ പാർട്ടിയിലേക്ക് കൊണ്ടുവരുന്നു. അവിടെ വിജയൻ എല്ലാവരെയും തിരിച്ചറിയുന്നു. ഗീത വിജയൻറെ അടുത്തിരിക്കുമ്പോൾ മോഹൻ അവളെ അപമാനിച്ച് പറഞ്ഞയക്കുമ്പോൾ വിജയൻ അക്രമാസക്തനാവുന്നു. അപ്പോൾ മോഹൻ വിജയനെ അടിച്ചോടിച്ച് മുറിക്കകത്തിട്ട് പൂട്ടുന്നു. മുറി പൂട്ടരുതെന്ന് ഗീത പറയുമ്പോൾ മോഹൻ അവളെ കുത്തുവാക്കുകൾ പറഞ്ഞ് അപമാനിക്കുന്നെന്ന് മാത്രമല്ല, സ്വത്ത് കൈക്കലാക്കാൻ വേണ്ടിയാണ് ഇവിടെ വന്നിരിക്കുന്നതെന്നും ആരോപിക്കുന്നു. താൻ ഒന്നും മോഹിച്ചിട്ടല്ല ഇവിടെ വന്നതെന്നും, എല്ലാ അപമാനവും സഹിക്കുന്നത് കടമ നിറവേറ്റാൻ വേണ്ടി മാത്രമാണെന്നും, ഒരു പാപവും ചെയ്യാത്ത എന്നെ കുത്തി നോവിക്കുന്നതിന് ദൈവം നിങ്ങളോട് പകരം ചോദിച്ചുകൊള്ളും എന്ന് ഗീത പറയുമ്പോൾ മോഹൻ അവളെ അടിക്കുകയും, ഇപ്പോൾ തന്നെ വീട്ടിൽ നിന്നും ഇറങ്ങിപ്പോവണം എന്നും പറയുന്നു. ഗീത വീടുവിട്ടിറങ്ങിപ്പോകാൻ തുടങ്ങുമ്പോൾ വിജയൻ പാട്ടിലൂടെ തന്നെ വിട്ടു പോവരുതേ എന്ന് കേഴുമ്പോൾ ഗീത മനസ്സുമാറി തിരിച്ചു വീട്ടിലേക്ക് വരുന്നു. തിരിച്ചു വരുന്ന ഗീതയോട് ഇനിയൊരിക്കലും തന്നെ ഉപേക്ഷിച്ചു പോവരുതെന്ന് വിജയൻ പറയുമ്പോൾ, ഗീത സമ്മതിക്കുന്നു.
ഇടി മിന്നലുമുള്ള ഒരു രാത്രിയിൽ വിജയൻ മിന്നൽ എനിക്ക് പേടിയാണെന്ന് പറഞ്ഞ് ഗീതയെ തന്റെ മുറിയിൽ പിടിച്ചിരുത്തുന്നു. വിജയൻ ഉറങ്ങിത്തുടങ്ങുമ്പോൾ മഴ പെയ്യാൻ തുടങ്ങുമ്പോൾ ഗീത ഉണക്കാനിട്ട തുണികൾ എടുത്ത് തന്റെ മുറിയിലേക്ക് പോയി ഈറൻ വസ്ത്രങ്ങൾ മാറാൻ നിൽക്കുമ്പോൾ വിജയൻ അവളുടെ മുറിയിലേക്ക് കയറി വന്ന് ബലം പ്രയോഗിച്ച് തന്റെ ഇച്ഛയ്ക്ക് കീഴ്പ്പെടുത്തുന്നു. ചാരിത്രം നഷ്ടപ്പെട്ട ഗീത ജീവശ്ശവം പോലെയിരിക്കുമ്പോൾ വിജയൻ അവളോട് മാപ്പ് ചോദിക്കുന്നു. അവളിൽ നിന്നും ഒരു പ്രതികരണവും ഇല്ലാതെ വരുമ്പോൾ വിജയൻ അക്രമാസക്തനാവുന്നു. താഴത്തെ നിലയിലെ സാധനങ്ങളെല്ലാം വലിച്ചെറിഞ്ഞുടയ്ക്കുമ്പോൾ മോഹൻ വിജയനെ പൊതിരെ തല്ലുകയും, ആശുപത്രിയിൽ കൊണ്ടാക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. അപ്പോൾ ലക്ഷ്മി വിജയനെ രക്ഷിക്കാൻ വേണ്ടി ഗീതയോട് കെഞ്ചുന്നു. ഗീത വന്ന് വിജയനെ അവന്റെ മുറിയിലേക്ക് കൊണ്ടുപോവുന്നു.
ചെയ്തുപോയ തെറ്റിനെക്കുറിച്ച് വിജയൻ പശ്ചാത്തപിക്കുന്നു. ഗീത അവനെ ആശ്വസിപ്പിക്കുന്നു. ഇനിയൊരിക്കലും ആ തെറ്റ് ചെയ്യില്ലെന്ന് വിജയൻ ഗീതയോട് പറയുന്നു. തന്റെ അസുഖം മാറിയ ശേഷം, ഈ മുറിയിൽ നിന്നും പുറത്തേക്ക് വരുമ്പോൾ ഒരിക്കൽക്കൂടി നിന്റെ കഴുത്തിൽ താലി കെട്ടി, അന്തസ്സോടെ പുറത്തിറങ്ങി നടക്കും എന്ന് ഗീതയോട് പറയുന്നു.
റാണിയെ ഒരു സിനിമ നടിയാക്കാം എന്ന് പ്രലോഭിപ്പിച്ച് സുധാകരൻ അവളെ തന്റെ വലയിൽ വീഴ്ത്താൻ ശ്രമിക്കുമ്പോൾ ഗീത സുധാകരനെ താക്കീത് ചെയ്യുന്നു. ഇതിന് നിന്നോട് പകരം വീട്ടുമെന്ന് പറഞ്ഞ് സുധാകരൻ പോവുന്നു. സുധാകരൻ നല്ലവനല്ലെന്നും, അവനെ വിശ്വസിക്കരുതെന്നും റാണിയോട് ഗീത പറയുമ്പോൾ അവൾ ഗീതയെ അപമാനിക്കുന്നു.
വിജയനിൽ കാര്യമായ മാറ്റങ്ങൾ പ്രകടമായി തുടങ്ങുന്നു. അവൻ പുറത്തൊക്കെ പോയിവരണം എന്ന് ഗീതയോട് പറയുമ്പോൾ, അവൾ അവനെയും കൂട്ടി പുറത്തൊക്കെ കറങ്ങി വരുന്നു. ഓരോ ആവശ്യങ്ങൾ പറഞ്ഞ് മോഹൻ അച്ഛന്റെ കൈയ്യൊപ്പ് വാങ്ങി പണം ചിലവഴിച്ചുകൊണ്ടിരിക്കുമ്പോൾ അച്ഛൻ മോഹനെ നിന്റെ പോക്ക് ശരിയല്ല എന്ന് താക്കീത് ചെയ്യുന്നു.
വീട്ടിൽ വിജയനും, ഗീതയുമൊഴിച്ച് മറ്റെല്ലാവരും പുറത്തു പോയിരിക്കുന്ന തക്കം നോക്കി റാണി സുധാകരന്റെ കൂടെ ഒളിച്ചോടാൻ തയ്യാറാവുമ്പോൾ ഗീത അവളെ തടുത്തു നിർത്താൻ ശ്രമിക്കുന്നു. പക്ഷേ, ഗീതയെ അവഗണിച്ച് റാണി പോകാൻ ഒരുങ്ങുമ്പോൾ ഗീത വിജയനെ വിളിക്കുന്നു. വിജയൻ സുധാകരനെ മർദിക്കുമ്പോൾ പുറത്തു പോയവരെല്ലാം തിരിച്ചു വരുന്നു. മോഹൻ വിജയനെ അകറ്റി നിർത്തുന്നു. സുധാകരനോട് നീ എന്തിനിവിടെ വന്നു എന്ന് ചോദിക്കുമ്പോൾ ഗീത വിളിച്ചിട്ടാണ് വന്നതെന്നവൻ കള്ളം പറയുന്നു. ഗീത എന്താണ് സംഭവിച്ചതെന്ന് പറയാൻ തുനിയുമ്പോൾ റാണി എന്നെ കാണിച്ചു കൊടുക്കരുതേ എന്ന് ആംഗ്യം കാണിക്കുമ്പോൾ ഗീത മൗനം പാലിക്കുന്നു. അപ്പോൾ മോഹൻ അവളെ വീട്ടിൽ നിന്നും ഇറങ്ങിപ്പോവാൻ പറയുന്നു. തമ്പിയും ലക്ഷ്മിയും അവളെ പിന്തുണയ്ക്കും എന്ന് കരുതുന്ന ഗീതയ്ക്ക് തെറ്റുന്നു, അവരും അവളെ കൈവെടിയുന്നു. അപ്പോൾ വിജയൻ അവളുടെ രക്ഷകനായി വന്ന് അവളെ വീട്ടിലേക്ക് കൊണ്ടുപോവുന്നു.
സുധാകരൻ വീണ്ടും റാണിയെ കൊണ്ടുപോവാൻ വരുമ്പോൾ റാണി ഗീതയോട് ചെന്ന് തന്നെ രക്ഷിക്കണം എന്ന് പറയുന്നു. അപ്പോൾ ഗീത സുധാകരനെക്കണ്ട് ഇനി മുതൽ റാണിയെ ശല്യം ചെയ്യരുതെന്ന് പറയുമ്പോൾ, സുധാകരൻ ഗീതയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്താൻ ശ്രമിക്കുന്നു. അപ്പോൾ വിജയൻ സുധാകരനുമായി ഏറ്റുമുട്ടുന്നു. അന്നേരം സുധാകരൻ ഇലക്ട്രിക്ക് ഷോക്കേറ്റ് മരിക്കുന്നു. അത് കാണുന്ന വിജയൻ അക്രമാസക്തമായി ബോധംകെട്ടു വീഴുന്നു. ഡോക്ടറുടെ ചികിത്സയ്ക്ക് ശേഷം വിജയന് ബോധം തെളിയുമ്പോൾ മാനസീകനില പൂർവ്വസ്ഥിതിയിലായിക്കഴിഞ്ഞിരിക്കുന്നു. ആ നല്ല വാർത്ത ഗീത വീട്ടുകാരോട് പറയുന്നു. വീട്ടുകാരെക്കൂടാതെ ഫാക്ടറിയിലെ ജോലിക്കാരും അവിടെ ഒത്തുകൂടിയിരിക്കുന്നത് കാണുമ്പോൾ വിജയൻ അതന്വേഷിക്കുന്നു. അപ്പോൾ ഗീത അടുത്തു വന്ന് നിങ്ങളുടെ അസുഖം കൂടിയത് കൊണ്ട് അന്വേഷിക്കാൻ വന്നതാണെന്ന് പറയുന്നു. അന്നേരം മോഹൻ അവളെ മാറി നിൽക്കാൻ പറയുമ്പോൾ വിജയൻ അവളെ നോക്കി ആരാണെന്ന് ചോദിക്കുന്നു. വേലക്കാരിയാണെന്ന് മോഹൻ പറയുന്നു. വിജയനെ നോക്കി ഗീത തന്നെ മനസ്സിലായില്ലേ എന്ന് ചോദിക്കുമ്പോൾ അവൻ ഇല്ലെന്ന് പറയുന്നു. മോഹൻ അവളോട് വീണ്ടും വീട്ടിൽ നിന്നും ഇറങ്ങിപ്പോവാൻ പറയുമ്പോൾ ഗീത കരഞ്ഞുകൊണ്ട് തന്റെ മുറിയിലേക്ക് ഓടുന്നു.
തമ്പി ഗീതയെക്കണ്ട് അവൾ ചെയ്ത ഉപകാരത്തിനായി പതിനായിരം രൂപ കൊടുക്കുമ്പോൾ ഗീത അത് വാങ്ങാൻ വിസമ്മതിക്കുന്നു. തമ്പി അവളെ വീട്ടിലേക്ക് പോകാൻ ഒരുങ്ങിക്കൊള്ളാൻ പറയുമ്പോൾ അവൾ വിജയനെ കാണണം എന്ന് പറയുന്നു. മോഹനും, സുമതിക്കും അതിഷ്ടമാവില്ലെന്നും, വിജയനെ പിന്നീടൊരിക്കൽ കാണാം എന്നും തമ്പി പറയുന്നു. അപ്പോൾ ലക്ഷ്മി അവിടേക്ക് വരുന്നു. ലക്ഷ്മിയോടും വിജയനെ ഒന്ന് കാണണം എന്ന് ഗീത പറയുമ്പോൾ, അവിടെ പലരും വന്നിട്ടുണ്ട്, അവർക്കിടയിൽ നീ ചെന്ന് കണ്ടാൽ അവരെന്ത് വിചാരിക്കും എന്ന് ലക്ഷ്മി പറയുന്നു. അപ്പോൾ ലക്ഷ്മിയോട് താൻ വിജയനിൽ നിന്നും ഗർഭം ധരിച്ച വിവരം ഗീത പറയുന്നു. അത് കേൾക്കുന്ന ലക്ഷ്മി എന്ത് ചെയ്യണമെന്നറിയാതെ ചിന്താക്കുഴപ്പത്തിലാവുകയും, ഇപ്പോൾ വരാം എന്ന് പറഞ്ഞ് മുറിക്ക് പുറത്തേക്ക് പോവുകയും ചെയ്യുന്നു.
തമ്പിയോടും മോഹനോടും ഈ വിവരം ലക്ഷ്മി പറയുമ്പോൾ, പണം മോഹിച്ച് അവൾ കള്ളം പറയുന്നതാവുമെന്ന് മോഹനും, ഇത്രയൊക്കെ ആയ സ്ഥിതിക്ക് അവളെ വിജയനെ കാണാൻ അനുവദിക്കരുതെന്നും, ഇപ്പോൾ തന്നെ പറഞ്ഞു വിടണം എന്നും തമ്പി പറയുന്നു. എനിക്കതിനുള്ള കെൽപ്പില്ലെന്ന് ലക്ഷ്മി പറയുന്നു. അപ്പോൾ, അവൾ പേരു ദോഷം വന്നവളാണെന്നും, അത്തരക്കാരിയെ വിജയന് വിവാഹം ചെയ്തു കൊടുക്കാൻ കഴിയുമോ എന്നും തമ്പി ചോദിക്കുമ്പോൾ ലക്ഷ്മി നിസ്സഹായയായി നിൽക്കുന്നു. അവസാനം, അവൾക്ക് ഇരുപതിനായിരം രൂപാ കൊടുത്ത് പറഞ്ഞുവിടാം എന്ന് തമ്പി തീരുമാനമെടുക്കുന്നു. പണവുമായി തമ്പി ഗീതയുടെ മുറിയിലേക്ക് പോവുമ്പോൾ ഗീതയെ അവിടെ കാണുന്നില്ല. കിടക്കയിൽ ഒരു കത്ത് കാണുന്ന തമ്പി അതെടുത്ത് വായിക്കുന്നു - വിജയൻ ഏൽപ്പിച്ച പാപഭാരവുമായി ഞാൻ പോകുന്നു, എന്റെ പ്രാണനിൽ ഏറ്റ മുറിവ് ഒരിക്കലും നിങ്ങൾ തരുന്ന പണം കൊണ്ട് ഉണങ്ങില്ല.
Audio & Recording
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
മരുഭൂമിയിൽ വന്ന മാധവമേ |
ഗാനരചയിതാവു് ശ്രീകുമാരൻ തമ്പി | സംഗീതം എ ടി ഉമ്മർ | ആലാപനം കെ ജെ യേശുദാസ് |
നം. 2 |
ഗാനം
ഇരുട്ടിൽ കൊളുത്തി വെച്ച |
ഗാനരചയിതാവു് ശ്രീകുമാരൻ തമ്പി | സംഗീതം എ ടി ഉമ്മർ | ആലാപനം കെ ജെ യേശുദാസ് |
നം. 3 |
ഗാനം
കൊടുങ്കാറ്റേ നീയിളംകാറ്റാകൂ |
ഗാനരചയിതാവു് ശ്രീകുമാരൻ തമ്പി | സംഗീതം എ ടി ഉമ്മർ | ആലാപനം എസ് ജാനകി |
നം. 4 |
ഗാനം
അഭയദീപമേ തെളിയൂ |
ഗാനരചയിതാവു് ശ്രീകുമാരൻ തമ്പി | സംഗീതം എ ടി ഉമ്മർ | ആലാപനം എസ് ജാനകി |
നം. 5 |
ഗാനം
ചെമ്പരത്തിക്കാടു പൂക്കുംഹിന്ദോളം |
ഗാനരചയിതാവു് ശ്രീകുമാരൻ തമ്പി | സംഗീതം എ ടി ഉമ്മർ | ആലാപനം കെ ജെ യേശുദാസ് |
നം. 6 |
ഗാനം
അങ്ങാടിമരുന്നുകൾ ഞാൻ |
ഗാനരചയിതാവു് അടൂർ ഭാസി | സംഗീതം എ ടി ഉമ്മർ | ആലാപനം അടൂർ ഭാസി, ശ്രീലത നമ്പൂതിരി |
നം. 7 |
ഗാനം
വൃന്ദാവനം സ്വർഗ്ഗമാക്കിയ |
ഗാനരചയിതാവു് ഭരണിക്കാവ് ശിവകുമാർ | സംഗീതം എ ടി ഉമ്മർ | ആലാപനം അമ്പിളി |
Contributors | Contribution |
---|
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജ് (Gallery ) |