ജയൻ

Jayan (Actor)
Jayan
Date of Birth: 
ചൊവ്വ, 25 July, 1939
Date of Death: 
Sunday, 16 November, 1980
Krishnan Nair
കൃഷ്ണൻ നായർ

 

സിനിമയില്‍ കരുത്തിന്റെയും പൗരുഷത്തിന്റെയും സ്വരൂപമായിരുന്ന ജയനെ  സിനിമാ പ്രേമികള്‍ ഇന്നും സൂപ്പര്‍ താരപരിവേഷത്തോടെയാണ് കാണുന്നത്. 

1939 ജൂലായ് 25 ആം തിയതി കൊല്ലം ജില്ലയിലെ  തേവളളിയിലെ ഓലയിലാണ് കൃഷ്ണന്‍ നായര്‍ എന്ന ജയന്‍ ജനിച്ചത്. 

തിരുവിതാംകൂർ രാജവംശത്തിന്റെ കൊല്ലം ശാഖയായ തേവള്ളി കൊട്ടാരത്തിലെ വിചാരിപ്പുകാരനായിരുന്നു ജയന്റെ പിതാവ് മാധവവിലാസം വീട്ടിൽ മാധവൻപിള്ള. 

സത്രം മാധവൻപിള്ള എന്നും കൊട്ടാരക്കര മാധവൻപിള്ള എന്നും ജയന്റെ പിതാവ് അറിയപ്പെട്ടിരുന്നു. മാതാവ് ഓലയിൽ ഭാരതിയമ്മ. സോമൻ നായർ എന്ന അനുജനും അദ്ദേഹത്തിനുണ്ടായിരുന്നു. 

വീടിനടുത്തുണ്ടായിരുന്ന മലയാളി മന്ദിരം സ്കൂളിലാണ് ജയൻ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് ജയൻ ഗവൺമെന്റ് ബോയ്സ് സ്കൂളിലാണ് പഠിച്ചത്. പഠനത്തിലും കലാകായികരംഗത്തും മിടുമിടുക്കനായിരുനു ജയൻ. 

ചെറുപ്പത്തിലേ ജയൻ നന്നായി പാടുമായിരുന്നു. സ്കൂളിലെ എൻ.സി.സിയിൽ ബെസ്റ്റ് കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ട ജയന് അതുവഴി നേവിയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയായിരുന്നു.

പതിനഞ്ച് വർഷം ജയൻ ഇന്ത്യൻ നേവിയിൽ സേവനമനുഷ്ടിച്ചിരുന്നു. ഇന്ത്യൻ നേവിയിൽ നിന്ന് രാജിവെക്കുമ്പോൾ ജയൻ ചീഫ് പെറ്റി ഓഫീസർ പദവിയിൽ എത്തിയിരുന്നു.

പതിനഞ്ച് വർഷത്തെ നാവികജീവിതത്തിനു ശേഷമായിരുന്നു അദ്ദേഹം സിനിമാരംഗത്തേക്കെത്തുന്നത്. 1974 ല്‍ റിലീസ് ചെയ്ത ശാപമോക്ഷമായിരുന്നു ആദ്യ ചിത്രം. 

പിന്നീട് ചെറിയ ചെറിയ വേഷങ്ങളിലൂടെ അഭിനയലോകത്ത് സജീവമായി. ഇവയിൽ പലതും വില്ലൻവേഷങ്ങളായിരുന്നു. ജയഭാരതിയാണ് ജയനെ ചലച്ചിത്രരംഗത്തു പരിചയപ്പെടുത്തുന്നത്. ജയന്റെ അമ്മാവന്റെ മകളായിരുന്നു ജയഭാരതി. പിന്നെ അവസരങ്ങൾ ജയനെ തേടി എത്തുകയായിരുന്നു. 

അഭിനയത്തിലെ പ്രത്യേക ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാൻ ജയനു കഴിഞ്ഞു. മിന്നിമറയുന്നത് ഒരു സീനിലാണെങ്കിൽ പോലും ജയന്റെ കഥാപാത്രം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി. 

ഭാവാഭിനയത്തിൽ മികവ് പുലർത്തിയിതോടൊപ്പം ശരീരത്തിന്റെ കരുത്തും വഴക്കവും അഭിനയത്തിൽ സംക്രമിപ്പിച്ച് ജയൻ അവതരിപ്പിച്ച സ്റ്റൈലൈസ്ഡ് ആക്ടിംഗ് പ്രേക്ഷകർ ആവേശപൂർവ്വം നെഞ്ചിലേറ്റി. 

സംഭാഷണത്തിൽ വളരെയധികം സ്വാഭാവികതയുണ്ടായിരുന്ന ജയന്റെ ശബ്ദം അതുവരെ മലയാള സിനിമയിലെ നായകൻമാർക്കില്ലാതിരുന്ന തരത്തിൽ ഗാംഭീര്യമുള്ളതായിരുന്നു. 

ജയന്റെ മനസ്സിലെ സാഹസികതയോടുള്ള പ്രണയം തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ സംവിധായകർ ജയനുവേണ്ടി അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ കഥാഗതിയെപ്പോലും തിരുത്തിയെഴുതി. 

സിംഹത്തോടും കാട്ടാനയോടും ഏറ്റുമുട്ടാനോ ക്രെയിനിൽ തൂങ്ങി ഉയരങ്ങളിലേക്ക് പൊങ്ങിപ്പോകാനോ കൂറ്റൻ ഗ്ലാസ് ഡോറുകൾ തകർത്തു മുന്നേറാനോ വലിയ കെട്ടിടത്തിൽ നിന്നു താഴേക്ക് ചാടാനോ ജയന് ഒട്ടും ഭയമുണ്ടായിരുന്നില്ല. 

തനിക്കു ലഭിക്കുന്ന കയ്യടികൾ തൻറെ അദ്ധ്വാനത്തിനു കിട്ടുന്ന പ്രതിഫലമായിരിക്കണമെന്ന് അദ്ദേഹം ആത്മാർ‌ത്ഥമായി ആഗ്രഹിച്ചു.
 
76 ല്‍ ഹരിഹരന്‍ സംവിധാനം ചെയ്‍ത പഞ്ചമിയാണ് കൃഷ്ണന്‍നായരുടെ അഭിനയജീവിതത്തിലെ വഴിത്തിരിവ്. കൃഷ്‍ണന്‍ നായര്‍ ആ ചിത്രത്തിലൂടെ ജയനായി മാറി. 

മലയാളസിനിമയിലെ കരുത്തനായ പ്രതിനായകനായി മാറിയ അദ്ദേഹം പിന്നീട് ഉപനായകനായും നായകനായും വളര്‍ന്നു. ഹരിഹരന്റെ ശരപഞ്ജരമാണ് ജയന്‍ നായകനായ ആദ്യചിത്രം. 

ഐ വി ശശിയുടെ അങ്ങാടിയിലെ ജയന്റെ താരപരിവേഷത്തിനു മാറ്റുകൂട്ടി. ജയന്‍-സീമ ജോടി അക്കാലത്ത് ചെറുപ്പക്കാരുടെ ഹരമായിരുന്നു.

സാഹസികരംഗങ്ങളാണ് ജയനെ സൂപ്പര്‍താരമാക്കിയത്. അതേ സാഹസികത തന്നെയാണ് നാല്‍പ്പത്തിഒന്നാം വയസ്സില്‍ ജയന്റെ മരണത്തിനും കാരണമായത്. 

കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസികരംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഒരു ഹെലിക്കോപ്റ്റർ അപകടത്തിലാണ് 1980 നവംബർ 16 ആം തിയതി അദ്ദേഹം  അകാലമൃത്യുവടയുന്നത്. 

തമിഴ്നാട്ടിലെ ചെന്നൈക്കടുത്തുള്ള ഷോളാവാരത്ത് ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സിനിമാലോകത്തെ ഞെട്ടിച്ച ഈ സംഭവം ഉണ്ടായത്. 

സംവിധായകൻ ഈ രംഗത്തിന്റെ ആദ്യ ഷൂട്ടിൽ സംതൃപ്തനായിരുന്നു എന്നു പറയപ്പെടുന്നു. ഈ രംഗത്തിന്റെ മൂന്നു ഷോട്ടുകൾ എടുത്തിരുന്നു. എന്നാൽ തന്റെ പ്രകടനത്തിൽ അസംതൃപ്തനായിരുന്ന ജയൻ മറ്റൊരു ഷോട്ട് എടുക്കാൻ സംവിധായകനെ നിർബന്ധിക്കുകയായിരുന്നുവെന്ന് കോളിളക്കത്തിന്റെ നിർമാതാവ് പറയുന്നു. 

ജയന്റെ മൃതദേഹം ചെന്നൈയിൽ നിന്ന് പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ചു. തുടർന്ന് മൃതദേഹം വിലാപയാത്രയായി അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചശേഷം വീട്ടുവളപ്പിൽ അച്ഛന്റെ അന്ത്യവിശ്രമസ്ഥാനത്തിനടുത്ത് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. 

അനുജൻ സോമൻ നായരാണ് ചിതയ്ക്ക് തീ കൊളുത്തിയത്. നിരവധി ആളുകളാണ് അദ്ദേഹത്തെ അവസാനമായി കാണാനെത്തിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസിന് വളരെയധികം ബുദ്ധിമുട്ടേണ്ടിവന്നു. 

അദ്ദേഹത്തിന്റെ അസാധ്യമായ പ്രകടനങ്ങൾക്കൊപ്പം നിഴലുപോലെ സഞ്ചരിച്ചിരുന്ന മരണം അദ്ദേഹത്തെ  കീഴ്‌പെടുത്തി,  പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ആരാധക ഹൃദയങ്ങളിൽ കെടാത്ത സാന്നിധ്യമായി അദ്ദേഹം ഇന്നും ജ്വലിച്ചു കൊണ്ടിരിക്കുന്നുണ്ട്. 

ജയന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ ജന്മ സ്ഥലമായ കൊല്ലം ജില്ലയിലെ ഓലയിൽ എന്ന സ്ഥലത്തിന് ജയൻ നഗർ എന്ന് പേര് നൽകുകയും അദ്ദേഹത്തിന്റെ പേരിൽ ജയൻ മെമ്മോറിയൽ ആർട്സ് & സ്പോർട്സ് ക്ലബ് രൂപീകരിക്കുകയും, എല്ലാ വർഷവും അദേഹത്തിന്റെ ജന്മ ദിനത്തിൽ സമൂഹ സദ്യയും ആദ്ദേഹം അഭിനയിച്ച ചിത്രങ്ങളുടെ പ്രദർശനവും നടന്നു വരുന്നുണ്ട്.

കൊല്ലം ഓലയിലെ നാണി മെമ്മോറിയൽ ഹോസ്പിറ്റലിനു മുൻവശത്ത് 2013 ആഗസ്റ്റ് മാസം ജയന്റെ പ്രതിമ പ്രശസ്ത സിനിമ താരവും കൊല്ലം സ്വദേശിയുമായ മുകേഷ് അനാച്ഛാദനം ചെയ്തു. പ്രതിമ കാണനും കൂടെ നിന്നു ചിത്രങ്ങൾ എടുക്കാനും സിനിമ താരങ്ങളും/സിനിമയിൽ പ്രവർത്തിക്കുന്നവരും/ അദ്ദേഹത്തിന്റെ ആരാധകരും കൊല്ലം ഓലയിലെ ജയൻ മെമ്മോറിയൽ ക്ലബിൽ എത്താറുണ്ട്.

ജീവിതാഭിനയത്തിന് വളരെ ചെറുപ്പത്തിൽ തന്നെ അപകടം തിരശ്ശീല വീഴ്ത്തിയെങ്കിലും പൗരുഷത്തിന്റെയും സാഹസികതയുടെയും പ്രതീകമായി ഇന്നും ജനമനസ്സുകളിൽ സ്ഥാനം ലഭിക്കുന്നു എന്നത് ഇന്ത്യൻ സിനിമയിൽ ജയനു മാത്രം സാധ്യമായ അപൂർവ്വതയാണ്.