ആർ എസ് പ്രഭു

R S Prabhu

രാമചന്ദ്ര പ്രഭുവിന്റെയും യശോദാഭായിയുടെയും മകനായി എറണാകുളത്താണ് രാമചന്ദ്ര ശ്രീനിവാസ പ്രഭു എന്ന ആർ എസ് പ്രഭു ജനിച്ചത്. നോർത്ത് പറവൂരിലെ ഗവൺമെന്റ് ഹൈസ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് സേഷം അദ്ദേഹം കുടുംബ ബിസിനസ്സിൽ പങ്കാളിയായി. 1950 -ലാണ് ആർ എസ് പ്രഭു സിനിമയുമായി ബന്ധപ്പെട്ടു തുടങ്ങിയത്.

രക്തബന്ധം എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ മാനേജരായിട്ടായിരുന്നു തുടക്കം. ആ സിനിമയിൽ അദ്ദേഹം ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് പ്രൊഡക്ഷൻ എക്സിക്യുട്ടീവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ എന്നിങ്ങനെ സിനിമാനിർമ്മാണത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ചതിന് ശേഷം പ്രഭു 1965 -ൽ രാജമല്ലി എന്ന സിനിമയിലൂടെ സിനിമാ നിർമ്മാതാവായി. തുടർന്ന് ആഭിജാത്യംതീർത്ഥയാത്രഅഗ്നിവ്യൂഹം.. എന്നിങ്ങനെ പതിനെട്ട് മലയാള ചിത്രങ്ങൾ നിർമ്മിച്ചു. 1994 -ൽ ഇറങ്ങിയ ഭീഷ്മാചാര്യ ആയിരുന്നു ആർ എസ് പ്രഭു നിർമ്മാതാവായ അവസാന സിനിമ. 

മൂന്നുവർഷം ചലച്ചിത്ര വിതരണരംഗത്തും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അധികാരം എന്ന സിനിമയുടെ കഥയും ഇഷ്ടപ്രാണേശ്വരിരാജമല്ലി എന്നീ സിനിമകളുടെ തിരക്കഥയും ആർ എസ്. പ്രഭുവിന്റേതായിരുന്നു. രക്തബന്ധം കൂടാതെ മൂടുപടംഅസുരവിത്ത് എന്നീ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മലയാളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ചെന്നൈയുടെ ആദ്യകാല സെക്രട്ടറിയായും നാല് വർഷം പ്രസിഡന്റായും സേവനമനുഷ്ഠിച്ച പ്രഭു കേരള ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഡയറക്ടറായി '77-'79 കാലഘട്ടത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. മലയാള സിനിമാ ചലച്ചിത്ര പരിഷത്തിന്റെ ആദ്യകാല ട്രഷററും വൈസ്പ്രസിഡന്റും ആയിരുന്നു. സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കോമേഴ്സ് ചെന്നൈയിലെ യൂണിറ്റിൽ എക്സിക്യൂട്ടീക് കമ്മിറ്റി അംഗമായിരുന്ന ആർ എസ് പ്രഭുവിന് 1997 -ലെ വയലാർ സ്മാരക സാംസ്കാരിക അവാർഡും കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്ര പ്രതിഭ അവാർഡും ലഭിച്ചിട്ടുണ്ട്.

ഇന്ത്യൻ സിനിമയുടെ എഴുപത്തിയഞ്ചാം വാർഷികാഘോഷ വേളയിൽ തിരഞ്ഞെടുക്കപ്പെട്ട എഴുപത്തിയഞ്ച് ചലച്ചിത്രപ്രവർത്തകരിൽ ഒരാളായ ആർ എസ്. പ്രഭു ജീവിത സായാഹ്നം ചെലവഴിക്കാൻ ചെന്നൈയിലെ വലസരവാക്കത്തു നിന്ന് പത്നീസമേതനായി ജന്മനാടായ കൊച്ചിയിൽ എത്തി, ഇപ്പോൾ കാക്കനാട്ടുള്ള  കെയർ ഹോം അതുല്യയിലാണ് താമസം. ശാരദയാണ് ഭാര്യ. രണ്ട് മക്കളാണുള്ളത്. മൂത്ത മകൻ എസ് രാജഗോപാൽ കനറാബാങ്കിലെ സീനിയർ മാനേജരും, രണ്ടാമത്തെ മകൻ എസ് രമേഷ് അമേരിക്കയിൽ കമ്പ്യൂട്ടർ എൻജിനീയറുമാണ്.