മുതുകുളം രാഘവൻ പിള്ള

Muthukulam Raghavan Pillai
Date of Death: 
ചൊവ്വ, 7 August, 1979
എഴുതിയ ഗാനങ്ങൾ: 24
കഥ: 10
സംഭാഷണം: 20
തിരക്കഥ: 14

മുതുകുളം രാഘവൻപിള്ള 

അഭിനേതാവ്,ഗാനരചയിതാവ്,തിരക്കഥാകൃത്ത് 

1900 ജനുവരിയിൽ ഹരിപ്പാടിനടുത്ത് മുതുകുളം കാഴ്ചകാണിത്തറയിൽ ഇടശ്ശേരിയിൽ വേലുപ്പിള്ളയുടെയും കാർത്യായനിഅമ്മയുടെയും മകനായി ജനനം. നാടകങ്ങളിലൂടെയായിരുന്നു കലാജീവിതത്തിന്റെ തുടക്കം.ചെറിയ കാലയളവിനുള്ളിൽ തന്നെ നിരവധി നാടകങ്ങൾ രചിച്ച മുതുകുളത്തിനു ലഭിച്ച ചരിത്രനിയോഗമായിരുന്നു മലയാളത്തിലെ ആദ്യ ശബ്ദചിത്രത്തിന്റെ ഭാഗമാകുക എന്നത്. 1938-ൽ പുറത്തിറങ്ങിയ ആദ്യ  ശബ്ദചിത്രം ബാലന്റെ തിരക്കഥ,സംഭാഷണം എന്നിവയ്‌ക്കൊപ്പം ആ ചിത്രത്തിലെ 23 ഗാനങ്ങളും മുതുകുളം രചിച്ചു.

1950-ൽ നല്ലതങ്ക എന്ന ചിത്രത്തിലൂടെ ക്യാമറയ്ക്ക് മുന്നിലുമെത്തിയ മുതുകുളം പിന്നീട് രണ്ടു ദശാബ്ദക്കാലം ചെറുതും വലുതുമായ നിരവധി വേഷങ്ങളിൽ അഭ്രപാളികളിൽ നിറഞ്ഞാടി.ഏറെയും ഹാസ്യപ്രധാനമായ വേഷങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചിരുന്നത്.രാരിച്ചൻ എന്ന പൗരൻ,കാവ്യമേള,വിശപ്പിന്റെ വിളി,പൊൻകതിർ,സ്ഥാനാർഥി സാറാമ്മ,വാഴ്വേ മായം തുടങ്ങി നൂറിലേറെ ചിത്രങ്ങളിൽ  അദ്ദേഹം അഭിനയിച്ചു.

മലയാളത്തിലെ ആദ്യ ബോക്സോഫീസ് ഹിറ്റ് എന്ന വിശേഷിപ്പിക്കപ്പെടുന്ന 1951-ൽ പുറത്തിറങ്ങിയ  ജീവിതനൗകയുടെ തിരക്കഥയും മുതുകുളമായിരുന്നു. വിശപ്പിന്റെ വിളി,വിധി തന്ന വിളക്ക് തുടങ്ങി ഒരുപിടി ചിത്രങ്ങൾക്കുകൂടി അദ്ദേഹം തിരക്കഥ രചിച്ചു. 70-കളിൽ ചിത്രീകരിച്ചു പുറത്തിറങ്ങാതെ പോയ "ഒരു ജാതി ഒരു മതം" ആണ് മുതുകുളത്തിന്റെ അവസാന ചിത്രം.

മലയാള സിനിമയിൽ ഒരു കാലഘട്ടത്തിന്റെ നെടുംതൂണായിരുന്ന മുതുകുളം രാഘവൻപിള്ള 1979 ഓഗസ്റ്റ് 7-ന് ചെന്നൈയിൽ അന്തരിച്ചു.