എ വിൻസന്റ്

A Vincent
Date of Birth: 
Thursday, 14 June, 1928
Date of Death: 
Wednesday, 25 February, 2015
സംവിധാനം: 27
കഥ: 1
തിരക്കഥ: 1

തെന്നിന്ത്യയൊട്ടാകെ അറിയപ്പെടുന്ന ഛായാഗ്രാഹകൻ, സിനിമാ സംവിധായകൻ. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ എ വിൻസന്റ് അഥവാ അലോഷ്യസ് വിൻസന്റ് 1928 ജുൺ 14 -നു കോഴിക്കോട് ജനിച്ചു. ഇന്റർമീഡിയറ്റ് പഠനത്തിനുശേഷം ഇരുപതാം വയസ്സിൽ ചെന്നൈയിലെത്തിയ വിൻസന്റ് ജെമിനി സ്റ്റുഡിയോയിൽ അസിസ്റ്റന്റ് ക്യാമറാമാനായി പ്രവർത്തിച്ച് തുടങ്ങി. "Chandi Rani" എന്ന തെലുങ്ക് ചിത്രത്തിന് ഛായാഗ്രഹണ സഹായി ആയാണ് തുടക്കം. തെലുങ്കിലെ പ്രശസ്തയായ ഭാനുമതി എന്ന നടിയാണ് തന്റെ ഭർത്താവും സംവിധായകനുമായ പി രാമകൃഷ്ണയെ പരിചയപ്പെടുത്തുന്നതും അദ്ദേഹത്തിന്റെ "Bratuku Teruvu" എന്ന സിനിമയിൽ വിൻസന്റിന് സ്വതന്ത്ര ഛായാഗ്രാഹകനായി തുടക്കമിടാൻ കാരണമാകുന്നതും. തമിഴിലെ പ്രശസ്ത സംവിധായകനായ സി വി ശ്രീധറിനോടൊപ്പം നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ച വിൻസന്റ് 1960,1970 കാലഘട്ടത്തിലെ അറിയപ്പെടുന്ന ഛായഗ്രാഹകനായി മാറി. 1960നു ശേഷം ഛായാഗ്രഹണത്തോടൊപ്പം സിനിമകൾ സംവിധാനവും ചെയ്ത് തുടങ്ങിയ വിൻസന്റ് ഏകദേശം 55ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തു. വിവിധ ഭാഷകളിലായി 250തിലധികം ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ച വിൻസന്റ് തമിഴ്, തെലുങ്ക്, മലയാളം സിനിമകൾ സംവിധാനം ചെയ്‌തു. സംവിധാനം ചെയ്തവയിൽ കൂടുതലും മലയാള സിനിമകളാണ്. 

1964ൽ പുറത്തിറങ്ങി ഏറെ ശ്രദ്ധേയമായ ഭാർഗവീനിലയം ആണ് വിൻസന്റ് സംവിധാനം ചെയ്ത ആദ്യ സിനിമ. തുടർന്ന് മുറപ്പെണ്ണ്,  നഗരമേ നന്ദി, അശ്വമേധം, അസുരവിത്ത്, തുലാഭാരം, നിഴലാട്ടം, ത്രിവേണി, ഗന്ധർവ്വക്ഷേത്രം, ചെണ്ട, അച്ചാണി, നഖങ്ങൾ, വയനാടൻ തമ്പാൻ, കൊച്ചു തെമ്മാടി എന്നിവയാണ് സംവിധാനം ചെയ്ത പ്രധാന സിനിമകൾ.1969ൽ നദി എന്ന സിനിമയിലൂടെ ഏറ്റവും നല്ല സംവിധായകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടി.1974ൽ പുറത്തിറങ്ങിയ "പ്രേംനഗർ" എന്ന ഹിന്ദി ചലച്ചിത്രത്തിനു മികച്ച ഛായാഗ്രാഹകനുള്ള ഫിലിം ഫെയർ അവാർഡും കിട്ടിയിരുന്നു.1986ൽ റിലീസ് ചെയ്യപ്പെട്ട കൊച്ചുതെമ്മാടി എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്ത മലയാളചിത്രം. അങ്കിൾബൺ എന്ന ചിത്രത്തിലാണ് അവസാനമായി ഛായാഗ്രാഹകനായി പ്രവർത്തിച്ചത്.  

പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടിയ മലയാളത്തിലെ നീലക്കുയിലെന്ന സിനിമയുടെ ക്യാമറമാനായിരുന്നു വിൻസന്റ്.ബ്ലാക്ക് & വൈറ്റ് കാലഘട്ടമായിരുന്നെങ്കിലും ഈ ചിത്രത്തിലൂടെ സെറ്റിനു പുറത്തുള്ള സ്വാഭാവിക നിറങ്ങളും വെളിച്ചവുമൊക്കെ മലയാളത്തിൽ പരിചയപ്പെടുത്തിയതും വിൻസന്റായിരുന്നു. വിൻസന്റിന്റെ മുറപ്പെണ്ണ് എന്ന സിനിമയിലൂടെയാണ് എം ടി വാസുദേവൻനായർ സിനിമയിൽ തുടക്കമിടുന്നത് എന്നതും കൗതുകമാണ്. തമിഴ്നാടിന്റെ മുഖ്യമന്ത്രിയായ ജയലളിതയുടെ തിരുമാംഗല്യമെന്ന നൂറാമത് സിനിമ സംവിധാനം ചെയ്തതും വിൻസന്റായിരുന്നു.

1958ൽ തമിഴിലെ ഉത്തമപുത്രൻ എന്ന ശിവാജി ഗണേശൻ സിനിമയുടെ ചിത്രീകരണത്തിൽ ആദ്യമായി സൂം ഷോട്ട് ഇന്ത്യൻ സിനിമയിൽ പ്രയോഗിച്ചത് വിൻസന്റായിരുന്നു. 

1996 ൽ ജെസി ദാനിയേൽ പുരസ്കാരം ലഭിച്ച എ വിൻസന്റിനെ വിൻസന്റ് മാസ്റ്റർ എന്ന പേരിലും ബഹുമാനാർത്ഥം വിളിക്കപ്പെടുന്നു. 2003ൽ ഇന്ത്യൻ സൊസൈറ്റി ഒഫ് ഫോട്ടോഗ്രാഫേർസ് അവാർഡ് വിൻസന്റ് ‌മാസ്റ്ററിന് ആദരപൂർവ്വം നൽകുകയുണ്ടായി.  

2015 ഫെബ്രുവരി 25-ന് ചെന്നൈയിൽ വച്ച് അന്തരിച്ചു. പ്രശസ്ത ക്യാമറാമാന്മാരായ ജയാനൻ വിൻസന്റ്, അജയൻ വിൻസന്റ്, കൂടാതെ സുമിത്ര മരിയ,സ്നേഹലത മേരി എന്നിവർ മക്കളാണ്.