പി വി തമ്പി
പി. കൃഷ്ണപിള്ളയുടേയും ഭവാനിക്കുട്ടി തങ്കച്ചിയുടെയും മകനായി ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ജനിച്ചു. എം.എ., എല്‍.എല്‍.ബി. ബിരുദങ്ങള്‍ നേടിയ തമ്പി ന്യൂ ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഉദ്യോഗസ്ഥനായി. പില്‍ക്കാലത്ത് എല്‍.ഐ.സി.യിലെ ഓഫീസര്‍ സ്ഥാനം രാജിവച്ച് വക്കീൽ പഠനത്തിലും സാഹിത്യ പ്രവര്‍ത്തനത്തിലും മുഴുകി.
നോവല്‍, യാത്രാവിവരണം എന്നീ വിഭാഗങ്ങളിലായി നിരവധി കൃതികള്‍ രചിച്ച അദ്ദേഹത്തിന്റെ കൃഷ്ണപ്പരുന്ത് എന്ന നോവൽ ഹിന്ദി, തമിഴ് ഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഈ നോവൽ 1984 -ൽ വിൻസന്റിന്റെ സംവിധാനത്തിൽ ശ്രീകൃഷ്ണപ്പരുന്ത് എന്ന പേരിൽ ചലച്ചിത്രമായി. സിനിമയ്ക്ക് തിരക്കഥ, സംഭാഷണം രചിച്ചത് പി വി.തമ്പി തന്നെയായിരുന്നു. ഹോമം, കര്‍മബന്ധം, ഭ്രാന്തി, ആത്മവൃത്തം, ടിക്കറ്റ് പ്ലീസ്. അഗ്നിരതി, കൃഷ്ണപ്പരുന്ത്, ആനന്ദഭൈരവി, അവതാരം, സൂര്യകാലടി (2 ഭാഗങ്ങള്‍),'ഗോര്‍ബച്ചേവിന്റെ നാട്ടില്‍ പുതിയൊരു സൂര്യോദയം' (യാത്രാ വിവരണം) എന്നിവയാണ് പി വി.തമ്പിയുടെ പ്രധാനകൃതികൾ. ഹോമത്തിന് 1979 -ലെ കുങ്കുമം അവാര്‍ഡ്/സോവിയറ്റ് യൂണിയനിലെ പുനഃസംഘടനയും പുനര്‍രാഷ്ട്രീയവും'എന്ന വിഷയത്തെപ്പറ്റി ഇംഗ്‌ളീഷില്‍ രചിച്ച പ്രബന്ധത്തിന് സോവിയറ്റ് ലാന്‍ഡ് അവാര്‍ഡ് എന്നിങ്ങനെയുള്ള ഒട്ടേറെ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
പി വി.തമ്പിയുടെ ഭാര്യ വിജയ തമ്പി. ലത വി. തമ്പി, സ്വപ്ന വി. തമ്പി, അഡ്വ. രാജ്‌മോഹന്‍ തമ്പി എന്നിവർ മക്കളാണ്. ചലച്ചിത്ര സംവിധായകനും കവിയുമായ ശ്രീകുമാരന്‍ തമ്പി, പ്രമുഖ അഭിഭാഷകനും എഴുത്തുകാരനുമായ പി.ജി. തമ്പി എന്നിവര്‍ സഹോദരന്മാരാണ്.
2006 ജനുവരിയിൽ ഹരിപ്പാടുള്ള വസതിയിൽ വെച്ച് ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹം അന്തരിച്ചു.


