അച്ചാണി
സത്യസന്ധനായൊരു തുന്നൽക്കാരൻ. അവന്റെ ഭാര്യ, സഹോദരൻ, സഹോദരി അടങ്ങുന്ന കൊച്ചു കുടുംബം. യാതൊരു കാരണവശാലും കടം വാങ്ങുകില്ലെന്നും, കള്ളം പറയുകില്ലെന്നും സിദ്ധാന്തമുള്ള മനുഷ്യൻ. പണമോ, പ്രതാപമോ അല്ല വലുത്, സ്നേഹമാണ് എല്ലാറ്റിലും വലുത്, സ്നേഹം കൊണ്ട് എല്ലാം കീഴടക്കാം എന്ന് അയാൾ വിശ്വസിക്കുന്നു. അയാളുടെ ജീവിത പോരാട്ടത്തിൽ പണവും, പ്രതാപവുമാണോ വിജയിക്കുന്നത്, അതോ സത്യസന്ധതയും, സ്നേഹവുമോ? അതിനുള്ള ഉത്തരമാണ് "അച്ചാണി".
Actors & Characters
Actors | Character |
---|---|
വാസു | |
സീത | |
കൈമൾ | |
ബാബു | |
ഗോപി | |
രാഘവൻ | |
അപ്പു | |
മേനോൻ | |
ഉമ | |
കല്യാണി | |
മറിയാമ്മ | |
Main Crew
കഥ സംഗ്രഹം
ഈ കഥ ആദ്യം തമിഴിൽ "അച്ചാണി" എന്ന പേരിൽ നാടകമായാണ് അരങ്ങേറിയത്. ആ നാടകം കാണാനിടയായ സംവിധായകൻ വിൻസെന്റ് മാസ്റ്റർക്ക് കഥ ഇഷ്ടപ്പെടുകയും, റൈറ്റ്സ് വാങ്ങി മലയാളത്തിൽ "അച്ചാണി" എന്ന പേരിൽ തന്നെ സിനിമയാക്കുകയും ചെയ്തു. പിന്നീടാണ് "അച്ചാണി" എന്ന പേരിൽ തന്നെ തമിഴിൽ റീമേക് ചെയ്യപ്പെടുന്നത്.
ഇതിന്റെ കഥാകൃത്ത് ആ കഥ തമിഴിൽ ചിത്രമാക്കാൻ തീരുമാനിച്ചപ്പോൾ വിറ്റതിന്റെ നാലിരട്ടി തുക കൊടുക്കേണ്ടി വന്നു റൈറ്റ്സ് വാങ്ങാൻ. ആ സംഭവത്തിനെക്കുറിച്ച് വിശദമായി അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക :
https://www.facebook.com/groups/m3dbgroup/permalink/5843007005790194/
സീതയെ (നന്ദിതാ ബോസ്) വിവാഹം കഴിച്ചു വരുന്ന വാസുവിനെ (പ്രേംനസീർ) വാസുവിന്റെ അനിയത്തി ഉമാ (സുജാത) ആരതി എടുത്ത് സ്വീകരിക്കുന്നു. വാസുവിന്റെ കൂടെ അനിയൻ ഗോപിയും (വിൻസെന്റ്) മറ്റു ബന്ധുമിത്രാദികളും ഉണ്ട്. വിരുന്നുകാരെല്ലാം ഒഴിഞ്ഞ ശേഷം വാസു സീതയോട് അവരുടെ പഴയകാല ജീവിതത്തെക്കുറിച്ച് പറയുകയാണ് - വാസുവിന്റെ യുവത്വകാലത്ത് നല്ല നിലയിൽ കഴിഞ്ഞിരുന്ന കുടുംബം കട ബാധ്യതയിൽപ്പെട്ട് വീട് ജപ്തി ചെയ്യപ്പെടുകയും, അച്ഛൻ വാറണ്ടിൽ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു. അനിയൻ ഗോപിയും, അനിയത്തി ഉമയും അപ്പോൾ കൊച്ചു കുട്ടികളാണ്. നിരാലംബരായി നിൽക്കുന്ന അവർക്ക് പാവപ്പെട്ട അമ്മാവൻ ആശ്രയം നൽകുന്നു. വാസു കൂലിവേല ചെയ്ത് തന്റെ സഹോദരങ്ങളെ പോറ്റുന്നു. ചില ദിവസങ്ങൾക്ക് ശേഷം അച്ഛനെ ജയിലിൽ നിന്നും വിട്ടയച്ച വിവരം കേട്ട് അച്ഛനെ കാണാനായി പൂട്ടിയിട്ടിരിക്കുന്ന തന്റെ വീട്ടിലേക്ക് ഓടിച്ചെല്ലുന്ന വാസു അവിടെ കാണുന്നത് അപമാനം താങ്ങാനാവാതെ തൂങ്ങിമരിച്ച അച്ഛനെയാണ്.
അച്ഛനുമമ്മയുമില്ലാത്ത സഹോദരങ്ങൾക്ക് വാസു അച്ഛന്റെ സ്നേഹം നൽകി വളർത്തുന്നു. വാസുവിന് ഇന്നൊരു തയ്യക്കടയുണ്ട്. ഗോപി ഒരു വർക്ക്ഷോപ്പിൽ ജോലി ചെയ്യുന്നു. ഉമ സ്കൂളിൽ പാട്ടു ടീച്ചറായി ജോലി ചെയ്യുന്നു. അച്ഛൻ മക്കൾക്കായി എഴുതിവെച്ച കുറിപ്പിനെ അക്ഷരംപ്രതി പിൻപറ്റിയാണ് വാസു ജീവിതം നയിക്കുന്നത് - ഒരിക്കലും ഏതാവശ്യത്തിനും കടം വാങ്ങില്ല എന്ന ദൃഢനിശ്ചയത്തോടെ. വാസുവിന് മറ്റൊരു സിദ്ധാന്തം കൂടിയുണ്ട് - സത്യം മാത്രമേ പറയു. വാസുവിന്റെ സിദ്ധാന്തങ്ങളെ പിന്തുണക്കുന്ന സഹധർമ്മിണി തന്നെയാണ് സീത. ഗോപിയും, ഉമയും ശമ്പളം കിട്ടിയാൽ അത് വാസുവിന്റെ കൈയ്യിൽ കൊടുക്കും. അവർക്ക് അത്യാവശ്യ ചിലവിനുള്ളതായി വാസു ഒരു തുക നിശ്ചയിച്ചിട്ടുണ്ട്, അത് വാസു അവർക്ക് കൊടുക്കും. ചിലവുകൾ വളരെ ചുരുക്കിയാണ് വാസു കുടുംബം നടത്തിപ്പോരുന്നത്. അനാവശ്യമായി ഒരു രൂപ പോലും ചിലവ് ചെയ്യരുതെന്നാണ് വാസുവിന്റെ തീരുമാനം.
ഹോട്ടലുടമ കൈമളിന്റെ (അടൂർഭാസി) കീഴിലുള്ള വീട്ടിലാണ് വാസു വാടകയ്ക്ക് താമസിക്കുന്നത്. വാടക കൊടുക്കുന്നതിൽ കൃത്യനിഷ്ഠപാലിച്ചു വരുന്നു വാസു. കൈമളിന്റെ മകൻ മണ്ടൻ അപ്പു (ബഹദൂർ) പച്ചക്കറി വില്പനക്കാരി കല്യാണിയെ (ശ്രീലത) പ്രേമിക്കുന്നു. സ്ഥലത്തെ ധനികനായ രാഘവൻ മുതലാളിയുടെ (കൊട്ടാരക്കര ശ്രീധരൻ നായർ) പൂവാലനായ മകൻ ബാബു (സുധീർ) അപ്പുവിന്റെ മിത്രമാണ്. ബാബു ഉമയെ വളയ്ക്കാൻ അപ്പുവിന്റെ സഹായം തേടുന്നു. ഉമ സ്കൂളിൽ പോകുവാനും, തിരിച്ചു വരാനും വേണ്ടി ബസ്സ് കത്ത് നിൽക്കുമ്പോൾ ഉമയെ കാറിൽ കൊണ്ടുവിടാം എന്ന് പറഞ്ഞ് ബാബു നിരന്തരം പിന്തുടരുന്നു. ഉമ അപ്പോഴെല്ലാം വിസമ്മതിക്കുകയാണ് ചെയ്യുന്നത്. ഉമയെ വളയ്ക്കാൻ ബാബു ഗോപിയെയും കൂട്ടുപിടിക്കുന്നു. ഒരു ദിവസം കാറിൽ എന്തോ തകരാറുണ്ടെന്ന വ്യാജേന ഗോപിയോട് കാർ ഓടിച്ചു നോക്കാൻ പറഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി ബസ്സ് കാത്തുനിൽക്കുന്ന ഉമയെയും കാറിൽ കയറ്റി അവളുടെ മനം സ്വാധീനിക്കാൻ ബാബു ഒരു ശ്രമം നടത്തുന്നു. പിന്നീട് കാറിൽ കൊണ്ടുവിടാം എന്ന് ബാബു വീണ്ടും പിന്തുടരുമ്പോൾ ഉമ അറിയാതെ അവന്റെ വലയിൽ വീഴുന്നു. ഉമ പിന്നീട് ബാബുവുമായി കറങ്ങി നടക്കാൻ തുടങ്ങുന്നു.
ഒരു ദിവസം ബാബുവും, ഉമയും നൈറ്റ് ക്ലബ്ബിലെ പരിപാടി കഴിഞ്ഞ് മടങ്ങുമ്പോൾ അത് ഗോപി കാണാനിടയാകുന്നു. ഗോപിയോട് വാസുവിനെ ഈ കാര്യം അറിയിക്കരുതെന്ന് ഉമ യാചിക്കുന്നു. പക്ഷേ, അപ്പോഴേക്കും തയ്യൽക്കടയിലെ പണിക്കാരനിൽ നിന്നും വാസു ഈ വിവരം അറിയുന്നു. വാസു ഉമയെ ഈ ബന്ധം നമുക്ക് പറ്റിയതല്ലെന്ന് ഗുണദോഷിക്കുന്നു. ആയിടയ്ക്ക് വർക്ക്ഷോപ്പിൽ റിപ്പയറിങ്ങിന് വന്ന കാർ ട്രയൽ നോക്കാൻ വേണ്ടി ഓടിച്ചു കൊണ്ടു വരുന്ന കാർ വീട്ടിൽ നിർത്തിയിരിക്കുന്നത് കാണുന്ന ഉമ അത് ഓടിച്ചു നോക്കാൻ ശ്രമിക്കുമ്പോൾ ആക്സിഡൻറ് ആവുന്നു. ഇതറിയുന്ന വർക്ക്ഷോപ്പ് മുതലാളി ഗോപിയെ ജോലിയിൽ നിന്നും പിരിച്ചുവിടുന്നു. കഷ്ടകാലം വരുമ്പോൾ എല്ലാം ഒന്നിച്ചു വരും എന്നപോലെ, വാസുവിന്റെ തുന്നൽക്കടയും തീപിടിത്തത്തിന് ഇരയാവുന്നു.
കത്തിയെരിഞ്ഞ കടയിൽ പലരുടെയും തുണികളും ഉണ്ടായിരുന്നു. അതിന്റെ പണമൊക്കെ വാസു തിരിച്ചു കൊടുത്തത് വീട്ടിൽ കരുതി വെച്ചിരുന്ന കുറച്ചു പണവും, തുന്നൽ മെഷീൻ വിറ്റു കിട്ടിയ തുകയും കൊണ്ടാണ്. ചെയ്വതെന്തെന്നറിയാതെ വാസു കൈമളിനെക്കണ്ട് അദ്ദേഹത്തിന്റെ ഹോട്ടലിൽ എന്തെങ്കിലും ജോലി തരണം എന്നഭ്യർത്ഥിക്കുന്നു. കൈമളിന് വാസുവിനെക്കൊണ്ട് ഹോട്ടലിൽ പണിയെടുപ്പിക്കുന്നതിൽ താല്പര്യമില്ല. വീണ്ടും തുന്നൽപ്പണി തന്നെ നടത്തണം എന്നും, എന്ത് സഹായം വേണമെങ്കിലും ചെയ്യാമെന്ന് കൈമൾ പറയുന്നു. പക്ഷേ വാസു കടം വാങ്ങില്ലെന്ന് പറഞ്ഞ് ശഠിക്കുന്നു.
പച്ചക്കറിക്കാരി കല്യാണിയുടെ പുറകെ നടക്കരുതെന്ന് എത്ര വിലക്കിയിട്ടും അപ്പു അവളുടെ പുറകെ തന്നെ പോകുന്നതറിഞ്ഞ കൈമൾ അവർ തമ്മിലുള്ള വിവാഹം നടത്താം എന്ന് തീരുമാനിക്കുന്നു. ഉമയും സഹോദരന്റെ വിലക്ക് മാനിക്കാതെ ബാബുവുമായി കറങ്ങി നടക്കുന്നു. തയ്യൽക്കടക്കാരൻ വാസുവിന്റെ അനിയത്തിയുമായി ബാബു പ്രേമത്തിലാണെന്നും, അവർ തമ്മിലുള്ള വിവാഹം നടത്തിക്കൊടുത്തില്ലെങ്കിൽ ബാബു ആത്മഹത്യ ചെയ്തേക്കും എന്ന് അപ്പു പറയുന്നത് കേട്ട് രാഘവൻ മുതലാളി വാസുവിനെ കാണാൻ ചെല്ലുന്നു.
ബാബുവും, ഉമയും തമ്മിലുള്ള വിവാഹം നടത്താൻ താൻ തീരുമാനിച്ചുവെന്നും, പക്ഷേ തങ്ങളുടെ അന്തസ്സിന് യോജിക്കാത്ത ബന്ധമായത് കൊണ്ട് ആർഭാടമൊന്നുമില്ലാതെ രജിസ്റ്റർ മാര്യേജ് നടത്തിയാൽ മതിയെന്നും രാഘവൻ മുതലാളി പറയുന്നു. കൂടെ, ഉമ ജോലി ഉടനെ രാജിവെക്കണമെന്നും പറയുന്നു. വാസു അതിനെ എതിർക്കുക മാത്രമല്ല വിവാഹത്തിന് ശേഷം വേണമെങ്കിൽ ഉമ രാജിവെക്കട്ടെ എന്നും പറയുന്നു. അതിനെച്ചൊല്ലി രാഘവൻ മുതലാളിയും വാസുവും തമ്മിൽ വാക്ക്തർക്കമാവുന്നു. അവസാനം ബാബുവിന്റെ പുറകിൽ ഉമ ഇറങ്ങിത്തിരിക്കുകയാണെങ്കിൽ അവർ വിവാഹം കഴിച്ചോട്ടെയെന്ന് പറഞ്ഞ് രാഘവൻ മുതലാളി തിരിച്ചു പോവുന്നു. വിവാഹം മുടങ്ങിയേക്കുമെന്ന ദേഷ്യത്തിൽ ഉമ വാസുവുമായി വഴക്കിടുന്നു. വാസുവിന് താൻ സമ്പാദിച്ചുകൊണ്ടുവരുന്ന പണം ഇല്ലാതാവും എന്നതുകൊണ്ടാണ് വിവാഹം മുടക്കാൻ നോക്കുന്നതെന്ന് ഉമ പറയുമ്പോൾ, സീത ഉമ ഇതുവരെ സമ്പാദിച്ച പണത്തിന്റെ കണക്കും, വാസു അവൾക്കുവേണ്ടി ബാങ്കിൽ നിക്ഷേപിച്ച തുകയുടെ കണക്കും കാണിച്ചു കൊടുക്കുന്നു. കൂടാതെ, ഉമ ധരിച്ചിരിക്കുന്ന ആഭരണങ്ങൾ എല്ലാം വാസുവിന്റെ സമ്പാദ്യത്തിൽ വാങ്ങിയതാണെന്നും പറയുന്നു. അതുകേട്ട് ഉമ തന്റെ ആഭരണങ്ങൾ എല്ലാം അഴിച്ചുവെച്ച് ബാബുവിന്റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിപ്പോവുന്നു.
ഉമയെ രാഘവനും കുടുംബവും ആദ്യം സ്വീകരിക്കുന്നില്ലെങ്കിലും, വാസുവുമായിട്ടുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചിട്ടാണ് താൻ വന്നിട്ടുള്ളതെന്നും, ഇവിടുന്ന് ഇറക്കിവിട്ടാൽ പിന്നെ താൻ ജീവിച്ചിരിക്കില്ലെന്നും പറയുമ്പോൾ മറ്റു മാർഗ്ഗമില്ലാതെ അവളെ അവർ സ്വീകരിക്കുക മാത്രമല്ല, ബാബുവും ഉമയും തമ്മിലുള്ള വിവാഹം നടത്തുകയും ചെയ്യുന്നു.
വാസുവിനും, ഗോപിക്കും ജോലിയൊന്നുമില്ലാതെ ഉഴലുന്ന നേരത്ത് കൈമൾ സീതയ്ക്കുള്ള ഒരു ജോലിയുമായി വാസുവിനെ സമീപിക്കുന്നു - വിഭാര്യനായ ബാങ്കർ മേനോന്റെ (ശങ്കരാടി) ബുദ്ധിസ്വാധീനമില്ലാത്ത മകൻ രാജുവിനെ (മാസ്റ്റർ സത്യജിത്) പരിപാലിക്കാനുള്ള ജോലി, ശമ്പളമായി കിട്ടുന്നത് മുന്നൂറ് രൂപയും. ഗർഭിണിയായ ഭാര്യയെ ജോലിക്കു വിടുന്നതിൽ താല്പര്യമില്ലെന്ന് പറയുന്ന വാസുവിനെ, ആ ജോലി ചെയ്യുന്നതിൽ തനിക്ക് ഒരു വിരോധവുമില്ലെന്ന് പറഞ്ഞ് സീത സമ്മതിപ്പിക്കുന്നു. ഒരു ദിവസം സമനില തെറ്റിയ രാജു ഒരു ഫ്ളവർവേസ് വലിച്ചെറിഞ്ഞത് കൊണ്ട് സീതയുടെ ഗർഭം അലസുന്നു. സീത വേദനയിൽ കിടന്നു പുളയുന്നത് കണ്ട് പരിഭ്രാന്തനാവുന്ന രാജുവിന് മാനസിക സമനില വീണ്ടുകിട്ടുന്നു. മേനോനും, രാജുവും വാസുവിനെയും, സീതയെയും കാണാനെത്തുന്നു. മകൻ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി മേനോൻ വാസുവിന് പതിനഞ്ചായിരം രൂപ കൊടുക്കുമ്പോൾ, മനസ്സിന്റെ സമനിലയില്ലാത്ത പയ്യൻ ചെയ്ത തെറ്റിന് താൻ പ്രതിഫലമൊന്നും വാങ്ങിക്കില്ല എന്ന് പറയുന്നു. മേനോൻ ഒരുപാട് നിർബന്ധിച്ചും വാസു ആ പണം വാങ്ങുന്നില്ലെന്ന് മാത്രമല്ല, പണത്തിന്റെ മുൻപിൽ താൻ ഒരിക്കലും തല കുനിക്കില്ലെന്നും, സ്നേഹത്തിന്റെ മുൻപിൽ മാത്രമേ തലകുനിക്കുള്ളു എന്നും പറയുന്നു. വാസുവിന്റെ ആ തീരുമാനത്തെ മേനോൻ ബഹുമാനിക്കുന്നു.
ജോലിയൊന്നും കിട്ടാത്തതിനാൽ, ഒരു ടേപ്പ് റെക്കോർഡർ റിപ്പയർ ചെയ്തു കിട്ടിയ പത്തു രൂപയിൽ കുറച്ചു പൂക്കൾ വാങ്ങി അത് കടപ്പുറത്തു ചെന്നു വിൽക്കുന്ന ഗോപി, നെഞ്ചു വേദന കാരണം ക്ഷീണിതനായി ഇരിക്കുന്നത് കാണുന്നു അപ്പുവും, ഭാര്യയും. ആ സ്ഥിതി കണ്ട് അനുകമ്പ തോന്നിയ അപ്പു, ഭാര്യയോടൊപ്പം ഗോപിയെ വീട്ടിലേക്ക് പറഞ്ഞയച്ച്, പൂ വില്പന സ്വയം ഏറ്റെടുക്കുന്നു. പൂ വിൽക്കുന്ന അപ്പുവിനെ കാണുന്ന വാസു, കാര്യം തിരക്കുമ്പോൾ, അപ്പു ഗോപിയുടെ കാര്യം പറയുന്നു. മുതലാളിയുടെ മകന് യോജിക്കുന്നതല്ല ഈ ജോലി എന്ന് പറഞ്ഞ് വാസു ആ പൂക്കൾ അപ്പുവിൽ നിന്നും വാങ്ങി വിൽപ്പന ചെയ്യുന്നു. അപ്പോൾ അവിടേക്ക് ബാബു ഉമയുമായി വരുന്നു. വാസുവിന്റെ പക്കൽ നിന്നും പൂ വാങ്ങുമ്പോൾ, കൈ തെറ്റി മണ്ണിൽ വീഴുന്നു. വാസു അതിലെ മണ്ണ് ഊതുമ്പോൾ അത് ഉമയുടെ കണ്ണിൽ തെറിക്കുന്നു. അനിയത്തിയുടെ കണ്ണിലെ മണ്ണ് ഊതി മാറ്റുവാൻ വേണ്ടി വാസു അവളുടെ പക്കൽ ഓടുമ്പോൾ ബാബു വാസുവിനെ തട്ടി മാറ്റുന്നു, അവനറിയില്ലല്ലോ വാസു ഉമയുടെ ജ്യേഷ്ഠനാണെന്ന്. കാശ് വീശിയെറിഞ്ഞ് ഉമയുമായി കടലിന്റടുത്തേക്ക് ഓടുമ്പോൾ ഉമയുടെ ചെരുപ്പ് പൊട്ടുന്നു. അതെടുത്ത് ബാബു കടലിലേക്ക് വീശുന്നു. അവർ നീങ്ങിയ ശേഷം വാസു ആ പൊട്ടിയ ചെരുപ്പുമായി വീട്ടിലേക്ക് മടങ്ങുന്നു - കാരണം, വാസു അവസാനമായി ഉമയ്ക്ക് വാങ്ങിക്കൊടുത്ത ചെരുപ്പാണത്. ആ ചെരുപ്പ് ധരിച്ചാണ് ഉമ വീട്ടിൽ നിന്നും ഇറങ്ങിപ്പോവുന്നത്. അപ്പോൾ വാസു സീതയോട് പറയുന്നു - അവൾക്കങ്ങിനെ ഈ വീടുമായുള്ള എല്ലാ ബന്ധങ്ങളും ഇട്ടേച്ച് പോകാൻ കഴിയില്ല, കാരണം, അവൾ ഇട്ടിരിക്കുന്നത് ഞാൻ വാങ്ങിക്കൊടുത്ത ചെരുപ്പാണ്. ആ ചെരിപ്പ് പൊട്ടി വലിച്ചെറിയുന്നപ്പെടുന്ന കാലത്തോളം അവളും ഈ വീടും തമ്മിലുള്ള ബന്ധം ഉണ്ടാവും എന്ന്.
വീട്ടിലെത്തിയതും ഗോപിയുടെ അവസ്ഥ ദയനീയമാണെന്നും, ഉടനെ ആശുപത്രിയിൽ കൊണ്ടുപോവണമെന്നും സീത വാസുവിനോട് പറയുന്നു. പക്ഷേ, കൈയ്യിൽ കാശില്ലാതെ ആശുപത്രിയിൽ കൊണ്ടുപോവുന്നതെങ്ങിനെയെന്ന് വാസു വിഷമിക്കുന്നു. തനിക്കിപ്പോൾ അല്പം സുഖമുണ്ടെന്ന് പറയുന്ന ഗോപിയെ വാസു വിശ്രമിക്കാൻ പറയുന്നു. അടുത്ത ദിവസം രാവിലെയും നെഞ്ചു വേദനയ്ക്ക് കുറവില്ലാത്തതിനാൽ ഗോപിയെ ആശുപത്രിയിൽ കൊണ്ടുപോയെ പറ്റു എന്ന് സീത ശഠിക്കുന്നു. കൈയ്യിൽ കാശില്ലാത്തതിനാൽ കടം വാങ്ങിയെങ്കിലും ഗോപിയെ ആശുപത്രിയിൽ എത്തിക്കണം എന്നായി സീത. ജീവിതത്തിൽ ഒരിക്കലും കടം വാങ്ങില്ലെന്ന് സിദ്ധാന്തമുള്ള വാസു ആദ്യം അതിന് സമ്മതിക്കുന്നില്ലെങ്കിലും, അനിയന് വേണ്ടി അത് കൈവെടിയാൻ തീരുമാനിക്കുന്നു. കൈമളിൽ നിന്നും കടം വാങ്ങാൻ വേണ്ടി പോവുമ്പോൾ, അവിടെ അദ്ദേഹം അദ്ദേഹത്തിൽ നിന്നും കടം വാങ്ങാൻ വന്ന മറ്റൊരാളോട് രാവിലെ തന്നെ കടം തരില്ലെന്ന് പറഞ്ഞ് ശകാരിക്കുന്നതാണ് കാണുന്നത്. കൂടെ, അയാളെ രക്തം ദാനം ചെയ്ത് പണം വാങ്ങിക്കൊള്ളൂ എന്ന് ഉപദേശിക്കുന്നതും. അത് കേൾക്കുന്ന വാസു, കൈമളോട് കടം ചോദിക്കാതെ രക്തം ദാനം ചെയ്ത് പണവുമായി മടങ്ങുന്നു. മടങ്ങുമ്പോൾ അയാളുടെ കൈയ്യിൽ ഗോപിക്ക് ഗവണ്മെന്റ് വർക്ക്ഷോപ്പിൽ ജോലി കിട്ടിയതിന്റെ അപ്പോയ്ന്റ്മെന്റ് ഓർഡറും ഉണ്ടായിരുന്നു. ചേട്ടൻ തന്റെ ചികിത്സയ്ക്ക് വേണ്ടി രക്തം ദാനം ചെയ്തതറിഞ്ഞ് ഗോപി വികാരാതീതനായി വാസുവിന്റെ കാൽക്കൽ വീണ് നമസ്കരിക്കുന്നു. എണീൽക്കാതെ കിടക്കുന്ന അവനെ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ വാസുവും, സീതയും ഞെട്ടുന്നു - കാരണം, ഗോപി ഈ ലോകം വിട്ടുപോയിരിക്കുന്നു.
Audio & Recording
ചമയം
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജ് |