കൊട്ടാരക്കര ശ്രീധരൻ നായർ
1922 സെപ്റ്റംബർ 11 നു നാരായണപിള്ളയുടെയും ഉമ്മിണിയമ്മയുടെയും മകനായി കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ജനിച്ചു. ശ്രീധരൻ നായരുടെ പ്രാഥമിക വിദ്യാഭ്യാസം ഈശ്വരവിലാസം ഹയർ സെക്കന്ററി സ്കൂളിലായിരുന്നു. തന്റെ പത്താമത്തെ വയസ്സിൽ അദ്ദേഹം നടകാഭിനയം തുടങ്ങി. മുന്‍ഷി പരമുപിള്ളയുടെ "പ്രസന്ന' നാടകത്തിലൂടെ അരങ്ങിലെത്തി പ്രശസ്തനായി. പിന്നീട് ജയശ്രീ കലാമന്ദിര്‍ എന്ന പേരില്‍ സ്വയം നാടകസംഘമുണ്ടാക്കി. വേലുത്തമ്പി ദളവ നാടകം ഈ കമ്പനിയാണ് രംഗത്തവതരിപ്പിച്ചത്. നിരവധി നാടകങ്ങളിൽ കൊട്ടരക്കര ശ്രീധരൻ നായർ അഭിനയിച്ചിട്ടുണ്ട്.
ശ്രീധരൻ നായരുടെ സിനിമയിലേയ്ക്കുള്ള പ്രവേശനം അദ്ദേഹം അഭിനയിച്ച നാടകമായ പ്രസന്ന അതേ പേരിൽ തന്നെ 1950-ൽ സിനിമയാക്കിയപ്പോൾ അതിലഭിനയിച്ചുകൊണ്ടായിരുന്നു. തുടർന്ന് ഇരുന്നൂറോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. പഴശ്ശിരാജ, കുഞ്ഞാലി മരയ്ക്കാർ, വേലുത്തമ്പി ദളവ എന്നീ സിനിമകളിൽ ടൈറ്റിൽ വേഷങ്ങളിൽ അഭിനയിച്ച് ആ കഥാപാത്രങ്ങളെ അനശ്വരമാക്കി. രാമു കാര്യാട്ടിന്റെ ചെമ്മീനിലെ ചെമ്പൻ കുഞ്ഞാണ് കൊട്ടാരക്കര ശ്രീധരൻ നായരുടെ ഏറ്റവും പ്രശസ്തമായ വേഷം. 1986ൽ പുറത്തിറങ്ങിയ മിഴിനീർപ്പൂവുകൾ ആണു അവസാനം അഭിനയിച്ച സിനിമ.
1969 ൽ കൂട്ടുകുടുംബം എന്ന സിനിമയ്ക്ക് മികച്ച രണ്ടാമത്തെ നടനുള്ള കേരള സർക്കാർ പുരസ്ക്കരവും 1970 ൽ അരനാഴിക നേരത്തിലെ അഭിനയത്തിനു മികച്ച നടനുള്ള കേരള സർക്കാർ പുരസ്ക്കാരവും ലഭിച്ചു.
കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യയുടെ പേര് വിജയ ലക്ഷ്മിയമ്മ. അവർക്ക് എട്ട് മക്കളാണുള്ളത്. ജയശ്രീ, ഗീത, ലൈല, ശോഭ മോഹൻ, കല, സായ്കുമാർ, ബീന, ഷൈല. 1986 ഒക്ടോബർ 19 നു കൊട്ടാരക്കര ശ്രീധരൻ നായർ അന്തരിച്ചു.