ശോഭ മോഹൻ

Shobha Mohan

മലയാള ചലച്ചിത്ര നാടക നടി. പ്രശസ്ത നാടകനടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ മകളായി കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ജനിച്ചു. 1965-ൽ തൊമ്മന്റെ മക്കൾ എന്ന സിനിമയിൽ ബാല നടിയായിട്ടായിരുന്നു ശോഭ ആദ്യമായി അഭിനയിയ്ക്കുന്നത്. പിന്നീട് 1982-ൽ ബലൂൺ എന്ന ചിത്രത്തിൽ നായികയായി. ബലൂണിന് ശേഷം ശോഭ നാടകങ്ങളിലേയ്ക്ക് തിരിഞ്ഞു. നിരവധി നാടകങ്ങളിൽ അവർ അഭിനയിച്ചു. കെ പി എസി നാടക ട്രുപ്പിലായിരുന്നു ശോഭ അഭിനയിച്ചിരുന്നത്. ഒപ്പം അഭിനയിച്ചിരുന്ന മോഹൻ കുമാറിനെയാണ് വിവാഹം ചെയ്തത്.

1984-ലായിരുന്നു ശോഭയുടെ വിവാഹം. വിവാഹത്തിനുശേഷം കെ പി എസി വിട്ട അവർ "ഏക" എന്ന പേരിൽ നാടക ട്രൂപ്പ് തുടങ്ങി. കുറച്ചു വർഷങ്ങൾ അതിൽ അഭിനയിച്ചതിനുശേഷം ശോഭന്മോഹൻ വീണ്ടും സിനിമയിലഭിനയിയ്ക്കാൻ തുടങ്ങി. 1997-ൽ കോട്ടപ്പുറത്തെ കൂട്ടുകുടുംബം എന്ന സിനിമയിലൂടെയായിരുന്നു ശോഭ മോഹന്റെ സിനിമയിലേയ്ക്കുള്ള തിരിച്ചുവരവ്. തുടർന്ന് നൂറോളം സിനിമകളിൽ അവർ അഭിനയിച്ചു. കാരക്ടർ റോളുകളിലാണ് ശോഭ മോഹൻ അഭിനയിച്ചത്. സിനിമകളും നാടകങ്ങളും കൂടാതെ ടെലിവിഷൻ പരമ്പരകളിലും അവർ അഭിനയിച്ചിട്ടുണ്ട്.

ശോഭ - ‌മോഹൻകുമാർ ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്. വിനു മോഹൻ, അനു മോഹൻ രണ്ടു പേരും അഭിനേതാക്കളാണ്.