മീന

Meena -senior actress
Date of Birth: 
Wednesday, 23 April, 1941
Date of Death: 
Wednesday, 17 September, 1997
സീനിയർ
മേരി ജോസഫ്

മലയാള ചലച്ചിത്രനടി.  1941 ഏപ്രിൽ 23-ന് ഹരിപ്പാടിനടുത്തുള്ള കരുവാറ്റയില്‍  മേരി എന്ന മീന ജനിച്ചത്. കോയിക്കലേത്ത് ഇട്ടി ചെറിയാച്ചന്റെയും ഏലിയാമ്മയുടെയും എട്ടാമത്തേതും അവസാനത്തേതുമായ കുട്ടിയായിരുന്നു മേരി. നാട്ടിലെ കലാ സമിതികളിലെ നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു മീനയുടെ തുടക്കം. പിന്നീട് കലാനിലയത്തിന്റെയും ഗീഥയുടെയുമൊക്കെ നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. നിർദ്ദോഷി ആയിരുന്നു മീനയുടെ ആദ്യ നാടകം. 

മീനയുടെ സിനിമാപ്രവേശം1964-ൽ ശശികുമാർ സംവിധാനം ചെയ്ത കുടുംബിനി എന്ന ചിത്രത്തിലൂടെയായിരുന്നു. ആദ്യകാലത്ത് ദുഷ്ടയായ അമ്മായിയമ്മ/ രണ്ടാനമ്മ / ഭാര്യ റോളുകളില്‍ തളച്ചിടപ്പെട്ടിരിക്കുകയായിരുന്നു മീനയും. ഒരേപോലെയുള്ള ഈ വേഷങ്ങളില്‍ പോലും ശരീരഭാഷ കൊണ്ടും വസ്ത്രധാരണത്തിലെ മാറ്റങ്ങള്‍ കൊണ്ടും സംസാര രീതി കൊണ്ടുമൊക്കെ വ്യത്യസ്തത കൊണ്ടുവരാന്‍ മീനയ്ക്കായി. ദുഷ്ടയായിരിക്കും കഥാപാത്രമെന്ന് നേരത്തേ അറിയാമെങ്കില്‍ക്കൂടി അഭിനയം കണ്ട് അവരെ കൂടുതല്‍ വെറുക്കാന്‍ പ്രേരിപ്പിക്കുന്ന ആ സാന്നിദ്ധ്യം നമ്മള്‍ നോക്കിയിരുന്നുപോകും. ‘വില്ലത്തി അമ്മായിയമ്മ’ ഗണത്തിലെ രണ്ടു സിനിമകള്‍ ഒന്നു താരതമ്യം ചെയ്യാം. അച്ചാരം അമ്മിണി ഓശാരം ഓമന യിലെ (1977) പാറുവമ്മയും സ്ത്രീധന’വും (1993); രണ്ടിലെയും കഥാപരിസരവും കഥാപാത്ര വിവരണവും സാമ്യമുള്ളതാണ്. എന്നാല്‍ അവയില്‍ മീന കൊണ്ടുവന്ന പ്രത്യേകതകളിലൂടെ ഈ കഥാപാത്രങ്ങള്‍ എന്നും ഓര്‍മിക്കപ്പെടുന്നവയായി. ദുഷ്ടകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടിരിയ്ക്കുമ്പോൾ മീന അഭിനയിച്ച വ്യത്യസ്ത കഥാപാത്രമായിരുന്നു കെഎസ് സേതുമാധവന്റെ ‘അരനാഴികനേരം’ (1970) ത്തിലെ അന്നമ്മ. അധികം സംസാരിക്കാത്ത, ഒതുങ്ങിയ പ്രകൃതക്കാരിയും, സാധാരണക്കാരിയുമായ ഭാര്യയായിരുന്നു അന്നമ്മ. 

എണ്‍പതുകളിലാണ് അവരുടെ അഭിനയം പൂര്‍ണതയിലെത്തുന്നത്. സത്യന്‍ അന്തിക്കാടിന്റെ കുറുക്കന്റെ കല്യാണ ത്തിലെ റോള്‍ അത്തരം അവസരങ്ങള്‍ക്ക് നല്ല തുടക്കമിട്ടു കൊടുത്തുവെന്നു വേണം കരുതാൻ. നാടകാഭിനയത്തില്‍ നിന്നുള്ള ശക്തമായ അടിത്തറയും മൂന്നു പതിറ്റാണ്ടിലെ സിനിമാഭിനയ പരിചയവും ഇതിനു സഹായകമായി. തുടർന്ന് ഒട്ടുമിക്ക സത്യൻ അന്തിക്കാട് ചിത്രങ്ങളിലും മീന സ്ഥിര സാന്നിദ്ധ്യമായി. ഈ കൂട്ടുകെട്ടില്‍ നിന്നാണ് അവരുടെ ഏറ്റവും മികച്ച പല വേഷങ്ങളും ഓര്‍മിക്കപ്പെടുന്ന കഥാപാത്രങ്ങളുമുണ്ടായത്. തൊണ്ണൂറുകളിൽ രാജസേനൻ ചിത്രങ്ങളിലായിരുന്നു മീനയ്ക്ക് മികച്ച കഥാപാത്രങ്ങളെ കിട്ടിയത്. അവരുടെ കരിയറിലെ ഏറ്റവും മികച്ചതും പ്രശസ്തവുമായ വേഷമായിരുന്നു ‘മേലെപ്പറമ്പിൽ ആൺ വീട് (1994) എന്ന സിനിമയിലേത്.  മീനയുടെ പ്രേക്ഷകപ്രീതിനേടിയ മറ്റൊരു റോൾ യോദ്ധ എന്ന ചിത്രത്തിലെതായിരുന്നു.  വിഎം വിനു സംവിധാനം ചെയ്ത അഞ്ചരക്കല്യാണ’മായിരുന്നു അവസാന ചിത്രം. 1997 സെപ്തംബര്‍ 17-നാണ് കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് അവര്‍ അന്തരിക്കുന്നത്. ഏതാണ്ട് 300-ൽ അധികം സിനിമകളിൽ മീന അഭിനയിച്ചിട്ടുണ്ട്.

കെ കെ ജോസഫ് ആയിരുന്നു മീനയുടെ ഭർത്താവ്. ഒരു മകളാണുള്ളത് പേര് ഡോക്ടർ എലിസബത്ത്.