പി എം എ അസീസ്

P M A Azeez
P M A Azeez
Date of Birth: 
ചൊവ്വ, 29 March, 1938
Date of Death: 
Saturday, 17 April, 2010
സംവിധാനം: 4
കഥ: 1
സംഭാഷണം: 1
തിരക്കഥ: 2

പി.കെ. മുഹമ്മദിന്റെയും വി.എ. അയിഷയുടെയും മകനായി 1938 മാർച്ച് 29 ആം തിയതി തൃശൂർ ജില്ലയിലെ പെരുമ്പിലാവിലാണ് അസീസ് എന്നറിയപ്പെടുന്ന പി.എം. അബ്ദുൽ അസീസ് ജനിച്ചത്. ബി.എ., ബി.റ്റി. ബിരുദങ്ങൾ സമ്പാദിച്ചശേഷം രണ്ടുവർഷം സർക്കാർ സ്കൂൾ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ച ഇദ്ദേഹം ആ ജോലി രാജിവച്ച് പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു തിരക്കഥാരചനയിലും സംവിധാനത്തിലും ബിരുദങ്ങൾ നേടി.

സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കലാ-സാംസ്കാരിക പ്രവർത്തനങ്ങളിലേർപ്പെട്ടിരുന്ന ഇദ്ദേഹം കുട്ടികൾ, പൂമൊട്ടുകൾ എന്നീ വിദ്യാർത്ഥി മാസികകളുടെ പത്രാധിപരായിരുന്നു. രണ്ടുവർഷം നവജീവൻ ദിനപത്രത്തിന്റെ സഹപത്രാധിപരായി ജോലി നോക്കിയ ഇദ്ദേഹത്തിന്റെ ആദ്യകൃതി ചാവേർപ്പട എന്ന നാടകമാണ്.

ആധുനിക മലയാളനാടക പ്രസ്ഥാനത്തിലെ ഒരു നാഴികക്കല്ലായി കണക്കാക്കുന്ന ഈ നാടകം പ്രേംജി, ജി. ശങ്കരപ്പിള്ള, മുല്ലനേഴി തുടങ്ങിയവരുടെ സഹകരണത്തോടെയാണ് വേദിയിൽ അവതരിപ്പിക്കപ്പെട്ടിരുന്നത്. രചനയിലും അവതരണസങ്കേതങ്ങളിലും നൂതനത്വം പുലർത്തിയ ഈ നാടകത്തിന് 1974 ൽ കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ചു. 1975 ൽ ഈ നാടകം ദേശീയനാടകോത്സവത്തിൽ അവതരിപ്പിച്ചു. ദേശീയതലത്തിൽ നടന്നിരുന്ന നാഷണൽ തിയേറ്റർ ഫെസ്റ്റിവലിലേക്ക് ആദ്യമായി തിരഞ്ഞെടുത്ത മലയാളനാടകമായിരുന്നു ഇത്.

ബലിക്കാക്ക, വാടകവീട്, ദ..ദ..ദ.. എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു നാടകങ്ങൾ. മഹാഭാരതത്തിലെ കർണന്റെ കഥ കർണപക്ഷത്തുനിന്നും വീക്ഷിച്ച് കൂടിയാട്ടത്തിന്റെ അവതരണസാധ്യതകൾ ഉപയോഗപ്പെടുത്തി അവതരിപ്പിക്കുന്ന ദ..ദ..ദ.. (1993) പരീക്ഷണനാടകമാണ്. അവൾ (1967), മാൻപേട (1971), ഞാവൽപ്പഴങ്ങൾ (1976), അത്യുന്നതങ്ങളിൽ കൂടാരം പണിതവർ, കളിയോടം (2003) എന്നീ ചലച്ചിത്രങ്ങളും സായാഹ്നകോടതി, കവികൾ കല്പനകൾ, എണ്ണപ്പാടം എന്നീ ടിവി സീരിയലുകളും കൂടിയാട്ടം, മോഹിനിയാട്ടം തുടങ്ങി മുപ്പതിലേറെ ഡോക്യുമെന്ററികളും, മൂന്ന് നോവലുകളും ഇദ്ദേഹത്തിന്റെതായിട്ടുണ്ട്. ഇതിൽ ചില ഡോക്യുമെന്ററികൾ സംസ്ഥാനതലത്തിലും ദേശീയതലത്തിലും അവാർഡു നേടിയിട്ടുണ്ട്.

ഹോട്ടൽ കോൺകോർഡ് ഇന്റർനാഷണൽ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായി അസീസ് പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം 2010 ഏപ്രിൽ 17 ആം തിയതി തന്റെ 72 ആം വയസ്സിൽ തൃശൂർ അയ്യന്തോൾ തൃക്കുമാരകുടത്തുള്ള വീട്ടിൽ വെച്ച് അന്തരിച്ചു.