പി ഡേവിഡ്

P David

തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയ്ക്കടുത്ത് ആളൂരിൽ 1942ൽ ജനിച്ചു. അച്ഛൻ: പെരേപ്പാടൻ പൊറിഞ്ചു. അമ്മ: അച്ചാമ്മ. എലിഞ്ഞിപ്ര സ്കൂളിലായിരുന്നു പഠിച്ചത്.

ഫോട്ടോഗ്രഫിയിൽ ചെറുപ്പം മുതൽക്കേ കമ്പമുണ്ടായിരുന്നു.  സ്കൂള്‍ കാലഘട്ടത്തില്‍ത്തന്നെ രു ബന്ധുവിന്റെ സ്റ്റുഡിയോയിൽ (പത്ത്യാല) സഹായിയായി പ്രവര്‍ത്തിച്ചു. അവിടെനിന്നാണ്‌ ഛായാഗ്രഹണത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്. പിന്നീട് ആലുവായിലെ ബാബൂസ് സ്റ്റുഡുയോയിൽ ചേർന്നു. സംവിധായകനായ ജെ ഡി തോട്ടാന്റെ നിർദ്ദേശപ്രകാരം മദ്രാസിലേയ്ക്കു പോയി. ജോലിതേടിയുള്ള അലച്ചിലിനൊടുവിൽ ശാരദാ സ്റ്റുഡിയോയിൽ സഹായിയായി ജോലി കിട്ടി. നിണമണിഞ്ഞ കാൽപ്പാടുകളുടെ നിശ്ചലഛായാഗ്രാഹകനായ ശോഭനാ പരമേശ്വരൻ നായർ ഫോട്ടോ പ്രോസസ് ചെയ്ത് ആൽബം ഉണ്ടാക്കുന്ന ചുമതല ഡേവിഡിനെ ഏൽപ്പിച്ചു. ഇവിടെ നിന്നായിരുന്നു ഇദ്ദേഹത്തിന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. ശോഭനാ പരമേശ്വരൻ നായർക്ക് ഫോട്ടോയെടുക്കുവാൻ അസൗകര്യമുള്ള ദിവസങ്ങളിൽ സ്റ്റിൽ ഫോട്ടോഗ്രാഫറുടെ വേഷവും അണിഞ്ഞു. അമ്മയെക്കാണാൻ, ആദ്യകിരണങ്ങൾ തുടങ്ങിയ സിനിമകളിൽ പങ്കെടുക്കുന്നത് അങ്ങനെയാണ്. 

എൻ എൻ പിഷാരടിയാണ് അമ്മു എന്ന ചിത്രത്തിലൂടെ ഇദ്ദേഹത്തെ സ്വതന്ത്ര നിശ്ചലഛായാഗ്രാഹകൻ (still photographer) ആക്കുന്നത്. ഈ സിനിമയുടെ രണ്ടു ഘട്ടങ്ങൾ പിന്നിടുമ്പോഴാണ് പി എൻ മേനോൻ റോസി എന്ന സിനിമയിലേക്കു ക്ഷണിക്കുന്നത്. അമ്മുവിന്റെ ഷൂട്ടിങ്ങ് നീണ്ടുപോയതിനാൽ റോസിയാണ്ആദ്യം പുറത്തിറങ്ങിയത്. 

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ നിരവധി ചിത്രങ്ങൾക്ക് നിശ്ചലഛായാഗ്രഹണം നിർവ്വഹിച്ചു. 

പി എൻ മേനോൻ, എ വിൻസെന്റ്, രാമു കാര്യാട്ട്, കെ എസ് സേതുമാധവൻ, എം ടി വാസുദേവൻ നായർ, ഹരിഹരൻ, ശശികുമാർ, പത്മരാജൻ, ഭരതൻ, ഐ വി ശശി, ഫാസിൽ തുടങ്ങിയവരുടെ ചിത്രങ്ങളിൽ പ്രവർത്തിച്ചു.

ഭാര്യ: അൽഫോൺസ. മക്കൾ: സജു, സിസിൻ

അവലംബം, ചിത്രം: ഫ്രെയിമുകൾക്കപ്പുറം-ഒരു സ്റ്റിൽ ഫോട്ടോഗ്രാഫറുടെ ആത്മകഥ