ഭരതൻ

Bharathan

മലയാള സിനിമയ്ക്ക് അന്നുവരെ അപരിചിതമായിരുന്ന ഭാവവും രൂപവും സൗന്ദര്യ സങ്കൽപ്പങ്ങളും നൽകി കടന്നുവന്ന ഭരതൻ 1947 നവംബർ 14 ന് തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയ്ക്കടുത്ത എങ്കക്കാട്ട്, പരമേശ്വരൻ നായരുടേയും കാർത്ത്യായനിയമ്മയുടേയും മകനായി ജനിച്ചു. വടക്കാഞ്ചേരി ഗവ. ഹൈസ്കൂളിലും തൃശൂർ ആർട്സ് കോളേജിലുമായി പഠനം. അദ്ദേഹത്തിന്റെ പിതൃസഹോദരൻ കൂടിയായ പ്രശസ്ത സംവിധായകൻ പി എൻ മേനോനിൽ നിന്നും പ്രചോദിതനായി സ്കൂൾ ഓഫ് ഫൈൻ ആർട്സിൽ നിന്നും ഡിപ്ലോമ എടുത്ത ശേഷം പ്രശസ്ത സംവിധായകൻ വിൻസന്റിനൊപ്പം ഉദയായുടെ ഗന്ധർവ്വ ക്ഷേത്രമെന്ന ചിത്രത്തിൽ കലാ സംവിധായകനായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ചെണ്ടയെന്ന ചിത്രത്തിൽ വിൻസന്റിനൊപ്പം സംവിധാന സഹായിയായും പ്രവർത്തിക്കുകയുണ്ടായി. ഭരതൻ എങ്കക്കാട് എന്ന പേരിലായിരുന്നു ആദ്യ സംരംഭങ്ങളിലെല്ലാം അറിയപ്പെട്ടിരുന്നത്. പിന്നീട് 'എങ്കക്കാട്' എന്നത് അപ്രത്യക്ഷമായി മലയാളികളുടെ പ്രിയങ്കരനായ ‘ഭരതൻ’ ആയി

കലാസംവിധായകൻ, പരസ്യ ചിത്രകാരൻ എന്നീ മേഖലകളിൽ ആദ്യകാലത്ത് പ്രവർത്തിച്ച്, 1974 ൽ സ്വയം നിർമ്മാണം ഏറ്റെടുത്ത പ്രയാണം എന്ന ബ്ലാക് & വൈറ്റ് ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ട് മലയാള സിനിമയിലൂടെയുള്ള അദ്ദേഹത്തിന്റെ പ്രയാണമാരംഭിച്ചു. ഈ സിനിമയിലൂടെ ആയിരുന്നു തിരക്കഥാകൃത്തായി പി.പദ്മരാജന്റെ കടന്നുവരവും. മലയാളികൾ അന്നുവരെ കണ്ടിട്ടില്ലാത്ത ദൃശ്യചാരുതയും സംവിധാനശൈലിയും പ്രമേയത്തിന്റെ പ്രത്യേകതയും കഥാരീതിയും ഭരതൻ എന്ന സംവിധായകനെ മുഖ്യധാരയിലെ പ്രശസ്തനാക്കി ഉയർത്തി. തന്റെ ചിത്രങ്ങളുടെ കലാസംവിധാനവും പോസ്റ്റർ ഡിസൈനിങ്ങും അദ്ദേഹം തന്നെ നിർവ്വഹിച്ചു. ഗ്രാമീണ ദൃശ്യങ്ങളുടെ മനോഹാരിത അദ്ദേഹത്തിന്റെ ചിത്രങ്ങളെ പ്രിയങ്കരങ്ങളാക്കി. ഒരു ചിത്രകാരൻ കൂടിയായ അദ്ദേഹം, തന്റെ ദൃശ്യങ്ങൾ മുൻകൂട്ടി വരച്ച് പിന്നീട് അത് ദൃശ്യവത്കരിക്കുന്ന രീതിയായിരുന്നു അവലംബിച്ചിരുന്നത്.

പ്രയാണത്തിനുശേഷം ഉറൂബിന്റെ രചനയിൽ അണിയറ എന്ന ചിത്രവും എൻ ഗോവിന്ദൻ കുട്ടി - ഉണ്ണികൃഷ്ണൻ ടീമിന്റെ ഗുരുവായൂർ കേശവൻ എന്ന ചിത്രവും  ഇദ്ദേഹം സംവിധാനം ചെയ്തു. ഗുരുവായൂർ കേശവനിലെ ഗാനങ്ങൾ ഹിറ്റ് ആയെങ്കിലും ഈ രണ്ടു ചിത്രങ്ങളും ശ്രദ്ധിക്കപ്പെടുകയുണ്ടായില്ല. തുടർന്ന് സുപ്രിയയുടെ ബാനറിൽ, കൗമാര സ്വപ്നങ്ങളിലേക്ക് തീകോരിയിട്ടുകൊണ്ട് പി. പദ്മരാജന്റെ തിരക്കഥയിൽ ചെയ്ത രതിനിർവ്വേദം ഭരതനെ ജനപ്രിയ സംവിധായകൻ എന്ന നിലയിലേക്കുയർത്തി. തന്നേക്കാൾ പ്രായമുള്ള സ്‌ത്രീയുമായുള്ള ഒരു കൗമാരക്കാരന്റെ പ്രണയത്തിന്റെ കഥയും അതിന്റെ ആഖ്യാനവും എന്തിനു പോസ്റ്റർ ഡിസൈൻ പോലും അക്കാലത്ത് കോളിളക്കം സൃഷ്ടിക്കുകയും പുതിയ സൗന്ദര്യ സങ്കൽപ്പങ്ങൾക്കും ആലേഖന രീതികൾക്കും  മലയാള സിനിമയിൽ തുടക്കം കുറിക്കുകയും ചെയ്തു.

അതിനു ശേഷമാണ് ഭരതൻ തന്റെ സ്വന്തം രചനയിൽ ആരവം എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാൽ അത് സാമ്പത്തികമായി വൻപരാജയമായി. എങ്കിലും അതിലൊന്നും പതറാതെ അതിലെ കലാകാരന്മാരെത്തന്നെ അണിനിരത്തി പദ്മരാജന്റെ കഥയിലും തിരക്കഥയിലും, പ്രതാപ് പോത്തൻ, നെടുമുടിവേണു, അച്ചൻ കുഞ്ഞ്, സുരേഖ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് നിർമ്മിച്ച തകര വൻവിജയമായിരുന്നു എന്നു മാത്രമല്ല, ഇന്നും ചലച്ചിത്ര ആസ്വാദകർക്ക് ഒരു വിസ്മയമായി നിലകൊള്ളുകയും ചെയ്യുന്നു. എം.ജി രാധാകൃഷ്ണൻ ആയിരുന്നു ഇതിന്റെ സംഗീത സംവിധായകൻ. അതിൽ, എസ്. ജാനകി പാടിയ മൗനമേ നിറയും മൗനമേ എന്ന ഗാനം ഇന്നും സൂപ്പർ ഹിറ്റായി ആസ്വാദകരുടെ മനസ്സിൽ ഇടം പിടിച്ചിരിക്കുന്നു.

ലോറി എന്ന പേരിൽ അടുത്ത ചിത്രം ചെയ്തുവെങ്കിലും കാലതാമസം വന്നതിനാൽ ചാമരം എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. ജോൺപോൾ എന്ന തിരക്കഥാകൃത്ത് ഈ സിനിമയിലൂടെയാണ് കടന്നു വരുന്നത്. ജോൺപോളിന്റെ തിരക്കഥയിൽ പാളങ്ങൾ, ഓർമ്മയ്ക്കായ്, മർമ്മരം, കാതോടു കാതോരം, സന്ധ്യമയങ്ങും നേരം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, നീലക്കുറിഞ്ഞി പൂത്തപ്പോൾ, ചമയം, മാളൂട്ടി, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ഒരു സായാഹ്നത്തിന്റെ സ്വപ്നം എന്നീ ചിത്രങ്ങളും തുടർന്ന് പല കാലത്തായി അദ്ദേഹം സംവിധാനം ചെയ്തു. ഇവയെല്ലാം തന്നെ പ്രേക്ഷപ്രശംസ നേടിയതും ബോക്സാഫീസിൽ വൻ വിജയവുമായിരുന്നു. ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ കേളി, പ്രണാമം, ചിലമ്പ് എന്നീ ചിത്രങ്ങൾ ചെയ്ത ഭരതൻ, ടി. ദാമോദരനൊപ്പം കാറ്റത്തെക്കിളിക്കൂട് എന്ന ചിത്രവും തോപ്പിൽ ഭാസിക്കൊപ്പം എന്റെ ഉപാസന, എം.ടിക്കൊപ്പം വൈശാലി, താഴ്‌വാരം, പദ്മരാജനുമായി ചേർന്ന് ഈണം, ഒഴിവുകാലം, മണി ഷൊർണ്ണൂരിനൊപ്പം ദേവരാഗം എന്നിവയും സംവിധാനം ചെയ്യുകയുണ്ടായി. എന്നാൽ ലോഹിതദാസുമായി ചേർന്ന് അദ്ദേഹം അണിയിച്ചൊരുക്കിയ അമരം എന്ന ചലച്ചിത്രം മലയാളത്തിലെ എക്കാലത്തേയും മികച്ച ജനപ്രിയ ചിത്രമായി നിലകൊള്ളുന്നു. പകരം വയ്ക്കാനില്ലാത്ത കലാമൂല്യവും ആവിഷ്കാര സൗന്ദര്യവും പുതിയ ഛായാഗ്രഹണ സംവിധാനങ്ങളും കൊണ്ട് ഈ ചിത്രം ഇന്നും നിരൂപകശ്രദ്ധ ആകർഷിച്ചുകൊണ്ടിരിക്കുന്നു. ഇതുകൂടാതെ പാഥേയം, വെങ്കലം എന്നീ ചിത്രങ്ങളും ഭരതൻ ലോഹി ടീമിന്റേതായിട്ടുണ്ട്.

കാറ്റത്തെ കിളിക്കൂടിന്റെ തമിഴ്-തെലുങ്കു പതിപ്പുകൾക്കു പുറമേ തകരയുടെ തമിഴ് മൊഴിമാറ്റമായ 'ആവാരം പൂ', തെലുങ്കിൽ നിന്ന് മലയാളത്തിലേക്ക് മാറ്റിയ മഞ്ജീരധ്വനി, ദേവരാഗത്തിന്റെ ഹിന്ദി, തെലുങ്ക്, കന്നട, തമിഴ് പതിപ്പുകൾ, കമലഹാസൻ നായകനായ 'തേവർമകൻ' എന്നിവയും ഭരതൻ സംവിധാനം ചെയ്തു. കലാപരമായി പൂർണ്ണതയുൾക്കൊണ്ട എക്കാലത്തെയും മികച്ച കൊമേഷ്യൽ ചിത്രങ്ങളിൽ ഒന്നായാണ് തേവർമകൻ കണക്കാക്കപ്പെടുന്നത്.

താഴ്‌വാരത്തിലെ കണ്ണെത്താ ദൂരേ മറുതീരം, കേളിയിലെ താരം വാൽക്കണ്ണാടി നോക്കി, ഓലേലം പാടി, ഈണം എന്ന ചിത്രത്തിലെ മാലേയ ലേപനം (ഇതിന്റെ രചനയും ഇദ്ദേഹമായിരുന്നു), കാതോടു കാതോരത്തിലെ കാതോടു കാതോരം എന്ന ഗാനം, തെറ്റുകൾ എന്ന ചിത്രത്തിലെ ‘ഇല്ലം കാവിൽ’, ‘മണൽക്കാട്ടിൽ’, ‘തമസോമാ’, ‘ഇല്ലം കാവിൽ’ എന്നിവ അദ്ദേഹം സംഗീതം പകർന്ന ഗാനങ്ങളാണ്. ചിലമ്പിലെ താരും തളിരും മിഴിപൂട്ടി, പുടമുറിക്കല്ല്യാണം, പ്രണാമത്തിലെ കടലിളകി, തളിരിലയിൽ, താളം മറന്ന എന്നീ ഗാനങ്ങളുടെ രചനയും ഇദ്ദേഹം നിർവ്വഹിച്ചു.

ദേശീയ – സംസ്ഥാന സർക്കാരുകളുടേതടക്കം അനേകം പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ആദ്യ ചിത്രമായ പ്രയാണം 1975 ലെ ഏറ്റവും മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും മികച്ച സംവിധായകൻ, കലാസംവിധായകൻ എന്നിവയ്ക്കുള്ള സംസ്ഥാന അവാർഡും നേടി. 1979 ൽ തകരയിലൂടെ വീണ്ടും സംവിധാന - കലാ സംവിധാന അവാർഡ് നേടിയ അദ്ദേഹം ചാമരത്തിലൂടെ 80 ലും ഓർമ്മയ്ക്കായി എന്ന ചിത്രത്തിലൂടെ 82 ലും ഇതേ സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കി. 81 ൽ ചാട്ടയ്ക്ക് മികച്ച കലാസംവിധാനത്തിനും 82 ൽ മർമ്മരത്തിനു മികച്ച ചിത്രത്തിനും 84 ൽ ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്നെ ചിത്രത്തിനു കലാ സംവിധാനത്തിനും അവാർഡ് നേടിയ അദ്ദേഹത്തിന്റെ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം 87 ലും വെങ്കലം 92 ലും ഏറ്റവും ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കി. കമലഹാസൻ നിർമ്മിച്ച് ശിവാജിയും കമലും അഭിനയിച്ച തേവർമകൻ 1992 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള നാഷണൽ അവാർഡ് കരസ്ഥമാക്കി. കൂടാതെ ഫിലിം ഫെയറടക്കം എണ്ണിയാൽ തീരാത്ത പുരസ്കാരങ്ങളും ആ തികഞ്ഞ കലാ ഇതിഹാസത്തെ തേടിയെത്തി.

ഭരതന്റെ ചിത്രങ്ങളിലൂടെ അരങ്ങേറ്റം കുറിച്ച അഭിനേതാക്കൾ വളരെയുണ്ട്. 78 ൽ ഇറങ്ങിയ രതിനിർവ്വേദത്തിലൂടെ കൃഷ്ണചന്ദ്രനും ലോറിയിലൂടെ നിത്യയും, ചിലമ്പിലൂടെ ബാബു ആന്റണിയും വൈശാലിയിലൂടെ സുപർണ്ണയും സഞ്ജയ് മിത്രയും, പാഥേയത്തിലൂടെ ചിപ്പിയും വെള്ളിത്തിരയിലേക്കെത്തി. ഭരതന്റെ ചിത്രത്തിന്റെ പ്രത്യേകതകളിൽ ഏറ്റവും എടുത്തുപറയേണ്ടത് ഗാനങ്ങളെക്കുറിച്ചാണ്. ആദ്യ ചിത്രമായ പ്രണാമം മുതൽ ചുരം വരെയുള്ള ചിത്രങ്ങളിലെ ഗാനങ്ങളിൽ മിക്കവയും ആസ്വാദകർ ഏറ്റവും ഇഷ്ടപ്പെടുന്നവയും ധാരാളം പുരസ്കാരങ്ങൾ നേടിയെടുത്തവും ആയിരുന്നു. കൂടാതെ പാട്ടിന്റെ ആത്മാവിനെ അറിഞ്ഞ് സന്ദർഭത്തിന്റെ ആവശ്യം മനസ്സിലാക്കി ഏറ്റവും നല്ല ഫ്രെയിം ഒരുക്കി അതി മനോഹരമായി ദൃശ്യവൽക്കരിക്കുന്നതിൽ ഇന്നും അദ്ദേഹത്തിന്റെ സ്ഥാനം ഒഴിഞ്ഞു കിടക്കുന്നു. തകര, വൈശാലി, അമരം, വെങ്കലം, തേവർമകൻ, താഴ്‌വാരം, ചമയം എന്നീ ചിത്രങ്ങളിലെ ഗാനരംഗങ്ങൾ ഇന്നും സംവിധാന വിദ്യാർത്ഥികൾക്ക് പാഠങ്ങളാകുന്നതും അതുകൊണ്ടു തന്നെ.

മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന കെ.പി. എ.സി ലളിതയാണ് ഭരതന്റെ ഭാര്യ. ശ്രീക്കുട്ടിയാണ് മകൾ. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന്,  നിദ്ര എന്ന ചിത്രത്തിലൂടെ അച്ഛന്റെ പാത സ്വീകരിച്ച് സംവിധാനരംഗത്തേക്കും കടന്ന, സിദ്ധാർത്ഥ് ആണ് മകൻ.

കലാനിപുണതയുടെ കയ്യൊപ്പുമായി സൗന്ദര്യത്തികവിന്റെ മുഖമുദ്രയായി പ്രേക്ഷക ഹൃദയങ്ങളിൽ ‘ഭരതൻ ടച്ച്’ അവശേഷിപ്പിച്ച് ആ പ്രതിഭാസം 1998 ജൂലൈ 30 നു അന്തരിച്ചു.

Profile photo drawing by : നന്ദൻ