ചുരം
ഒരു മലയോരഗ്രാമത്തിൽ ചായക്കട നടത്തുന്ന ബാലൻ മാഷിൻറെ മാനസപുത്രരും അനാഥരുമായ കുഞ്ഞുണ്ണിയുടെയും മായയുടെയും പ്രണയത്തിൻറെ കഥ. ഒപ്പം പ്രകൃതിയുടെയും മനുഷ്യന്റെയും വന്യഭാവങ്ങളുടെയും.
Actors & Characters
Actors | Character |
---|---|
Main Crew
കഥ സംഗ്രഹം
ഒരു മലയോര ഗ്രാമം. ചുരം കയറുന്ന ലോറിക്കാർക്കും മറ്റു യാത്രക്കാർക്കും ആശ്രയമായി ബാലഗോപാലൻ മാഷിൻറെ ചായക്കട. അടുത്തുതന്നെ ഒരുപാട് വന്യമൃഗങ്ങളും ആദിവാസികളും ഒക്കെയുള്ള ഒരു കാട്. ആ കാട്ടിൽ നിന്നാണ് മാഷിന് കുഞ്ഞുണ്ണിയെ കിട്ടിയത്. അവനെ വളർത്തി വലുതാക്കിയത് മാഷാണ്. മാഷിൻറെ കൃഷിയൊക്കെ ഇപ്പോൾ നോക്കി നടത്തുന്നത് അവനാണ്. കാട്ടിലെ മൃഗങ്ങളാണ് അവൻറെ കൂട്ടുകാർ. അടുത്തുള്ള ഡാമിൻറെ പണി തുടങ്ങിയതോടെ ചായക്കടയിൽ തിരക്കും വരുമാനവും കൂടുന്നു.
അല്പം മോഷണവും കഞ്ചാവുവിൽപനയും തൊഴിലാക്കിയ ഒരു നാടോടിത്തള്ള ഇടയ്ക്ക് കടയിൽ വന്ന് സൗജന്യമായി ഭക്ഷണം കഴിച്ചു പോകാറുണ്ട്. ഒരിക്കൽ, നിർത്താതെ മഴ പെയ്ത ഒരു രാത്രി അവർ, മാഷ് മാത്രമുള്ളപ്പോൾ കടയിൽ എത്തുന്നു. മായ എന്ന പെൺകുട്ടിയെ "ഒരു സഹായം ആകും" എന്നു പറഞ്ഞു അവിടെ നിർത്താൻ ആവശ്യപ്പെടുന്നു. മാഷ് സമ്മതിക്കാത്തതിനാൽ "ഈയൊരു രാത്രി അവളെ അവിടെ തങ്ങാൻ അനുവദിക്കണം" എന്നു പറഞ്ഞ് അവർ അവിടെ നിന്ന് രക്ഷപ്പെടുന്നു. ഒരു വീട്ടിൽ വേലയ്ക്ക് നിൽക്കുകയായിരുന്ന തന്നെ, അമ്മയ്ക്ക് അസുഖം കൂടുതലാണെന്ന ആശുപത്രിക്കാരുടെ കമ്പി സന്ദേശം കിട്ടിയിട്ടും, അമ്മയെ കാണാൻ വിട്ടില്ലെന്നും പിന്നീട് വീട്ടുകാരോട് പറയാതെ ആശുപത്രിയിൽ ചെന്നപ്പോഴേക്കും അമ്മ മരിച്ചിട്ടുണ്ടായിരുന്നെന്നും ഒക്കെ മായ അവളുടെ കഥ പറയുന്നത് കേട്ട് അലിവു തോന്നി മാഷ് അവളോട് അന്ന് രാത്രി അവിടെ തങ്ങാൻ പറയുന്നു.
പിറ്റേന്ന് ഉണരുന്ന മാഷ് കാണുന്നത് കടയും പരിസരവും എല്ലാം വൃത്തിയാക്കി തന്റെ പൂജയ്ക്കുള്ള സാധനങ്ങളും ഭംഗിയായി തയ്യാറാക്കി കുളിച്ചു കുറിയും തൊട്ടു നിൽക്കുന്ന മായയെയാണ്. അവളുടെ ചിട്ടയും സ്വഭാവവും ഒക്കെ ഇഷ്ടപ്പെട്ട മാഷ് അവിടെ തുടരാൻ അവളോട് പറയുന്നു. അവൾ ഉച്ചയൂണിന്റെ തിരക്ക് ഒക്കെ ഭംഗിയായി കൈകാര്യം ചെയ്യുന്നു. അവിടെ വരുന്ന വഷളനായ ഒരു ലോറിക്കാരൻ അവളെ നോട്ടമിടുന്നു.
ഒരിക്കൽ വാരിക്കുഴിയിൽ വീണ ആനയെ കരയ്ക്കു കയറ്റാൻ മുൻകൈയെടുത്ത കുഞ്ഞുണ്ണിയെ മായ പേടിയോടെയും ആരാധനയോടെയും നോക്കിനിൽക്കുന്നു. കുഞ്ഞുണ്ണിക്കും മായക്കും ഇടയിൽ ഒരു സൗഹൃദം രൂപപ്പെടുന്നു.
മാഷ് ഇല്ലാത്ത ഒരു ദിവസം നാടോടിത്തള്ള കടയിൽ എത്തുന്നു. കാശ് ചോദിച്ചിട്ട് കൊടുക്കാത്തതിനാൽ മായയെ അവർ ശകാരിക്കുന്നു. അപ്പോൾ അവിടെയെത്തുന്ന മാഷിനോട് മായയെ കൂട്ടിച്ചേർത്ത് അവർ മോശമായി സംസാരിക്കുന്നു. അനാവശ്യം കേൾക്കാൻ വയ്യാതെ മാഷ് അവരെ തല്ലുന്നു. കൊഴിഞ്ഞ പല്ലുമായി അവർ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്നു.
കുഞ്ഞുണ്ണി കൊടുത്ത രക്തചന്ദനം തേച്ച് കുളിച്ച് സുന്ദരിയായി എത്തിയ മായയുടെ മുഖം തഴുകുന്ന കുഞ്ഞുണ്ണിയെയും കുതറി മാറുന്ന മായയെയും മാഷ് കാണാനിടവരുന്നു.
ഒരിക്കൽ മായയെ നോട്ടമിട്ട ആ ലോറിക്കാരൻ അവളെ ബലാൽസംഗം ചെയ്യാൻ ശ്രമിക്കുന്നു. പിടിവലിക്കിടയിൽ ഒരു പാറക്കഷണം കൊണ്ട് അയാളുടെ തലയ്ക്കടിച്ച് അവൾ രക്ഷപ്പെടുന്നു. ഈ സംഭവത്തിന്റെ ആഘാതത്തിൽ മനസ്സ് പതറിയ മായ പലപ്പോഴും അശ്രദ്ധയോടെ പെരുമാറുന്നു. കാര്യമന്വേഷിച്ച മാഷിനോട് "ഞാൻ ഇവിടുന്നു പോവുകയാണ്, എനിക്ക് ഇവിടെയുള്ളവരെ പേടിയാണ്" എന്ന് അവൾ പറയുന്നു. ഇതോടെ കുഞ്ഞുണ്ണിയെ സംശയിക്കുന്ന മാഷ് അവനോട് പോയി ചോദിക്കുകയും അവനെ തല്ലുകയും ചെയ്യുന്നു. അവളെ ഇഷ്ടമാണെന്ന് പറയുന്ന അവനോട് "പക്ഷേ അവൾക്കിഷ്ടമല്ലല്ലോ, അവൾ പോവുകയാണല്ലോ" എന്നാണ് മാഷ് പറയുന്നത്. അവളോട് ഇത് പോയി ചോദിക്കുന്ന കുഞ്ഞുണ്ണിയോട് അവൾ ദേഷ്യപ്പെടുന്നു.
കുഞ്ഞുണ്ണി കടയിൽ വരാതാകുന്നതോടെ കുഞ്ഞുണ്ണിയെ തല്ലിയ കാര്യം മാഷ് അവളോട് പറയുന്നു. കുഞ്ഞുണ്ണി തന്നെ ശല്യപ്പെടുത്തിയിട്ടില്ല എന്ന് മായ പറഞ്ഞപ്പോൾ അവനെ പോയി കാണാൻ മായയോട് മാഷ് ആവശ്യപ്പെടുന്നു. അവൾ അവനോട് പോയി മാപ്പ് പറഞ്ഞു സംസാരിക്കുന്നു. രണ്ടുപേരും പരസ്പരം പ്രണയം തുറന്നുപറയുന്നു.
അന്ന് അടികൊണ്ട് ഇറങ്ങിപ്പോയ നാടോടിത്തള്ള കൊടുത്ത കള്ളവാർത്ത അന്വേഷിക്കാൻ മാഷിൻറെ ഭാര്യ സാവിത്രി തന്റെ ഇളയ മകളുമായി കടയിൽ എത്തുന്നു. തങ്ങളുടെ മരിച്ചുപോയ മൂത്ത മകളുടെ പ്രായമുള്ള മായയെ മറ്റൊരു രീതിയിൽ കാണാൻ ആകില്ല എന്ന മാഷിൻറെ വാക്ക് സാവിത്രിക്ക് ബോധ്യപ്പെടുന്നു. കുഞ്ഞുണ്ണിയുടെയും മായയുടെയും വിവാഹം ഭംഗിയായി നടക്കുന്നു. തന്റെ കളപ്പുരയും പുരയിടവും വിവാഹസമ്മാനമായി മാഷ് അവർക്ക് നൽകുന്നു. അങ്ങനെ അവിടെ പ്രകൃതിയോടും കാട്ടുമൃഗങ്ങളോടുമിണങ്ങി അവർ ജീവിച്ചു തുടങ്ങുന്നു.
ഒരിക്കൽ ഉരുൾപൊട്ടുന്ന ദിവസം മായ ഒറ്റയ്ക്ക് വീട്ടിൽ ആയതിനാൽ കുഞ്ഞുണ്ണി തൻ്റെ ജീവൻ പണയപ്പെടുത്തി പുഴ മുറിച്ച് കടന്ന് വീട്ടിലെത്തുന്നുണ്ട്. കുഞ്ഞുണ്ണി ഇല്ലാത്തപ്പോൾ കുഞ്ഞിരാമൻ എന്ന ഒരു കുരങ്ങനാണ് മായക്ക് കൂട്ട്. മായ ഗർഭിണിയാകുന്നു. ഒരു ദിവസം കുഞ്ഞുണ്ണി ഇല്ലാത്തപ്പോൾ പഴയ ലോറിക്കാരൻ വീട്ടിലെത്തുന്നു. അയാളെ കണ്ടു മായ അലറി കരയുന്നതോടെ ഓടിയെത്തുന്ന കുഞ്ഞിരാമനെ കത്തികൊണ്ട് അയാൾ വെട്ടിയിടുന്നു. ആൾക്കാർ വരുന്നതോടെ അയാൾ ഓടി രക്ഷപ്പെടുന്നു. ചത്തുപോയ കുരങ്ങനെ മടിയിൽ വച്ച് കരയുന്ന കുഞ്ഞുണ്ണിയോട് മായ എല്ലാം പറയുന്നു.
പിന്നീട് ഒരിക്കൽ ചന്തയിൽ വെച്ച് അയാളെ അവർ വീണ്ടും കണ്ടുമുട്ടുന്നു. അയാളും കുഞ്ഞുണ്ണിയും സംഘട്ടനത്തിൽ ഏർപ്പെടുന്നു. അവസാനം അയാളെ കൊല്ലാൻ ഒരുങ്ങുന്ന കുഞ്ഞുണ്ണിയെ മായ തടയുന്നു.
മായ ഒരു ആൺകുഞ്ഞിനെ പ്രസവിക്കുന്നു. അവൻ മുട്ടിലിഴയുന്ന പ്രായം. അവനെ വീടിൻറെ ഇറയത്തിരുത്തി കുളിക്കാൻ പോയ മായ തിരികെ വന്നപ്പോൾ അവനെ കാണുന്നില്ല. പോലീസുകാരും നാട്ടുകാരും ഒക്കെ അന്വേഷിച്ചിട്ടും കുഞ്ഞിനെ കണ്ടെത്താനാവുന്നില്ല. കുഞ്ഞിന്റെ കൈയിലെ സ്വർണവള പ്രതീക്ഷിച്ചു എടുത്തുകൊണ്ടുപോയ നാടോടിത്തള്ള അത് ഊരാൻ ആകാത്തതിനാൽ അവനെ വീട്ടിൽ തന്നെ കൊണ്ടുവിടുന്നു. കുഞ്ഞിനെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ മായ അവനെ കാവടി എടുപ്പിക്കാം എന്ന് നേർച്ച നേരുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|
ചമയം
Actors | Makeup Artist |
---|---|
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
പൂങ്കനവിൻ നാണയങ്ങൾ |
ഡോ. രാജീവ് | ജോൺസൺ | കെ എസ് ചിത്ര |
2 |
താരാട്ടിൻ ചെറുചെപ്പ് |
ഡോ. രാജീവ് | ജോൺസൺ | കെ എസ് ചിത്ര |
3 |
ചില്ലുവിളക്കുമായ് അമ്പിളിപ്പെണ്ണാള് |
ഡോ. രാജീവ് | ജോൺസൺ | കെ എസ് ചിത്ര |
4 |
താരാട്ടിൻ ചെറുചെപ്പ് - M |
ഡോ. രാജീവ് | ജോൺസൺ | കെ ജെ യേശുദാസ് |
5 |
ചില്ലുവിളക്കുമായ് - M |
ഡോ. രാജീവ് | ജോൺസൺ | കെ ജെ യേശുദാസ് |