ശ്രീകർ പ്രസാദ്
സിനിമയേപ്പറ്റി കുട്ടിക്കാലം മുതൽക്കു തന്നെ അറിയാമായിരുന്നെങ്കിലും ഇംഗ്ലീഷ് ബിരുദത്തിനു ശേഷം പത്രപ്രവർത്തകൻ ആകാൻ മോഹിച്ച ശ്രീകറിന്റെ ജീവിതം മാറ്റിമറിച്ചത് ഒരു വെക്കേഷനാണ്..തന്റെ അച്ഛനും പ്രഗൽഭ ഫിലിം എഡിറ്ററുമായ അക്കിനി സഞ്ചീവിയുടെ സ്റ്റുഡിയോയിലേക്കായിരുന്നു ആ വെക്കേഷനും യാത്രയും. ഒരു മാസം നീണ്ടു നിന്ന ആ അവധിക്കാലം ശ്രീകർ പ്രസാദ് എന്ന ദേശീയ അംഗീകാരം സ്ഥിരമായി നേടുന്ന ഒരു ചിത്രസംയോജകന്റെ പിറവിക്ക് നാന്ദി കുറിച്ചു.
സ്വതന്ത്രമായി ചിത്രസംയോജകന്റെ കുപ്പായമണിഞ്ഞ ശ്രീകറിന് “രാഖ്(ഹിന്ദി ചലച്ചിത്രം)”ആണ് മികച്ച ചിത്രസംയോജകനുള്ള ദേശീയ പുരസ്ക്കാരം ആദ്യമായി സാധ്യമാക്കുന്നത്. തുടർന്ന് വിവിധ ചിത്രങ്ങൾക്ക് വേണ്ടി എട്ടോളം തവണ ദേശീയ പുരസ്ക്കാരത്തിനർഹനായി. തെലുങ്കിൽ തുടങ്ങിയെങ്കിലും മലയാളവും തമിഴുമാണ് ശ്രീകറിന് ഏറെ ദേശീയ പുരസ്ക്കാരങ്ങൾ സമ്മാനിച്ചത്. നിരവധി തവണ കേരള സർക്കാരിന്റെ മികച്ച എഡിറ്റർ പുരസ്ക്കാരവും കരസ്ഥമാക്കി. വാനപ്രസ്ഥം(ദേശീയ അവാർഡ് 1999),കുട്ടിസ്രാങ്ക് (ദേശീയ അവാർഡ് 2009) തുടങ്ങിയ മലയാള ചിത്രങ്ങൾ മികച്ച എഡിറ്ററിനുള്ള ദേശീയ അവാർഡുകൾ നേടിക്കൊടുത്തവയാണ്..