റോഷൻ ആൻഡ്ര്യൂസ്
മലയാള ചലച്ചിത്ര സംവിധായകൻ. 1975 ജനുവരി 6 ന് നെടുമ്പറമ്പിൽ ആൻഡ്രൂസിന്റെയും ബേർണിയുടെയും മകനായി തൃശ്ശൂരിൽ ജനിച്ചു. തൃശ്ശൂർ സെന്റ് അലോഷ്യസ് സ്ക്കൂളിലായിരുന്നു റോഷന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് എറണാംകുളം കൊച്ചിൻ കോളേജിൽ നിന്നും ബിരുദം നേടി. 1997 ൽ ഹിറ്റ്ലർ ബ്രദേഴ്സ് എന്ന സിനിമയിൽ സന്ധ്യാമോഹന്റെ സംവിധാന സഹായിയായിട്ടായിരുന്നു തുടക്കം. 1998 ൽ കമലിന്റെ സഹായിയായി അയാൾ കഥ എഴുതുകയാണ് എന്ന സിനിമയിലും, 2000- ത്തിൽ ഷാജി കൈലാസിന്റെ കീഴിൽ നരസിംഹം എന്ന സിനിമയിലും പ്രവർത്തിച്ചു.
റോഷൻ ആൻഡ്രുസ് സ്വതന്ത്ര സംവിധായകനാകുന്നത് 2005 ലാണ്. മോഹൻലാലിനെ നായകനാക്കി ഉദയനാണു താരം എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. മികച്ച പുതുമുഖ സംവിധായകനുള്ള സംസ്ഥാന അവാർഡ് ആ സിനിമയിലൂടെ റോഷൻ ആൻഡ്രൂസ് കരസ്ഥമാക്കി. 2006 ൽ പുതുമുഖങ്ങളെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട് നോട്ട്ബുക്ക് എന്ന സിനിമ സംവിധാനം ചെയ്തു. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം നോട്ട് ബുക്കിന് ലഭിച്ചു. 2008 ൽ മോഹൻ ലാലിനെ നായകനാക്കി എടുത്ത ഇവിടം സ്വർഗ്ഗമാണ് എന്ന സിനിമ മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടി.
മലയാളത്തിലെ മികച്ച ത്രില്ലർ ചിത്രമായ മുംബൈ പോലീസ്, മഞ്ജുവാരിയരുടെ രണ്ടാം വരവിനു കാരണമായ സിനിമ ഹൗ ഓൾഡ് ആർ യു, ചരിത്ര പുരുഷനായ കൊച്ചുണ്ണിയുടെ കഥ പറഞ്ഞ കായം കുളം കൊച്ചുണ്ണി.. എന്നിവയുൾപ്പെടെ പന്ത്രണ്ടോളം സിനിമകൾ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്തിട്ടുണ്ട്.
ഉദയനാണു താരം,കാസനോവ,സ്കൂൾ ബസ്.. എന്നീ സിനിമകളുടെ കഥ റോഷൻ ആൻഡ്രൂസിന്റേതായിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത പ്രതി പൂവൻ കോഴി എന്ന സിനിമയിൽ വില്ലനായി അഭിനയിച്ചുകൊണ്ട്. അഭിനയരംഗത്തും തന്റെ കഴിവു തെളിയിച്ചു.
റോഷൻ ആൻഡ്രൂസിന്റെ ഭാര്യ ആൻസി ജോസഫ്. മൂന്നു മക്കളാണ് റോഷൻ - ആൻസി ദമ്പതികൾക്കുള്ളത്.