ശ്രീനിവാസൻ

Sreenivasan
Date of Birth: 
Friday, 6 April, 1956
ആലപിച്ച ഗാനങ്ങൾ: 1
സംവിധാനം: 2
കഥ: 30
സംഭാഷണം: 52
തിരക്കഥ: 50

മലയാള ചലച്ചിത്രനടൻ,സംവിധായകൻ,തിരക്കഥാകൃത്ത് എന്നീ മേഖലകളിലെല്ലാം പ്രശസ്തനാണ് ശ്രീനിവാസൻ. 1956 ഏപ്രിൽ 6ന് കണ്ണൂർ ജില്ലയിലെ തലശ്ശേരിയ്ക്കടുത്തുള്ള പാട്യത്തായിരുന്നു ശ്രീനിവാസന്റെ ജനനം. ശ്രീനിവാസന്റെ അച്ഛൻ പടിയത്ത് ഉണ്ണി അദ്ധ്യാപകനായിരുന്നു അമ്മ ലക്ഷ്മി വീട്ടമ്മയും. കൂത്തുപറമ്പ് മിഡിൽ സ്കൂൾ, തലശ്ശേരി ഗവ. ഹൈസ്കൂൾ, മട്ടന്നൂർ പഴശ്ശി രാജ, എൻ എസ് എസ് കോളേജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രീനിവാസൻ അതിനു ശേഷം ചെന്നൈയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയത്തിൽ ഡിപ്ലോമ നേടി.

1977ൽ പി എ ബക്കർ സംവിധാനം ചെയ്ത 'മണിമുഴക്കം' എന്ന ചിത്രത്തിലൂടെയാണു ശ്രീനിവാസൻ മലയാളസിനിമയിലേക്ക് കടന്നു വന്നത്.  പിന്നീട് കെ ജി ജോർജ്ജ് സംവിധാനം ചെയ്ത 'മേള' എന്ന ചിത്രത്തിൽ ഒരു അപ്രധാന വേഷത്തിൽ അഭിനയിച്ചു. തുടർന്ന് പല സിനിമകളിലും ചെറിയ വേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചു. 1984ൽ "ഓടരുതമ്മാവാ ആളറിയാം" എന്ന സിനിമയ്ക്കു തിരക്കഥ എഴുതിക്കൊണ്ടാണ്  തിരക്കഥ രചനയ്‌ക്ക് തുടക്കമിടുന്നത്. തുടർന്ന് വരവേൽപ്പ്,നാടോടിക്കാറ്റ്,സന്ദേശം,വടക്കുനോക്കിയന്ത്രം തുടങ്ങി നിരവധി ഹിറ്റ് സിനിമകൾക്ക് തിരക്കഥ എഴുതി. അദ്ദേഹം തിരക്കഥ എഴുതിയ സിനിമകളിൽ ഭൂരിഭാഗവും വലിയ വിജയങ്ങളായ ചിത്രങ്ങളായിരുന്നു.

കോമഡി വേഷങ്ങളിലായിരുന്നു അദ്ദേഹം കൂടുതൽ അഭിനയിച്ചിരുന്നതെങ്കിലും നായകനായും ഉപനായകനായും, കാരക്ടർ റോളുകളിലും ശ്രീനിവാസൻ തന്റെ അഭിനയപാടവം പ്രദർശിപ്പിച്ചു.1989 ൽ 'വടക്കുനോക്കിയന്ത്രം' 1998 ൽ 'ചിന്താവിഷ്ടയായ ശ്യാമള' എന്നീ സിനിമകൾ സംവിധാനം ചെയ്തു പ്രേക്ഷക പ്രശംസ നേടി. ആദ്യകാലത്ത് ശ്രീനിവാസൻ ഡബ്ബിംഗ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്, സിനിമാനിർമ്മാണ മേഖലയിലും തന്റെ കഴിവുതെളിയിച്ച ശ്രീനിവാസൻ നിർമ്മിച്ച ചിത്രങ്ങൾ സാമ്പത്തികവിജയം നേടിയവയായിരുന്നു.

ഭാര്യ: വിമല

മക്കൾ: പ്രശസ്ത ചലച്ചിത്ര താരങ്ങളായ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ .