എം ആസാദ്

M Azad

വർക്കല അയിരൂർ സ്വദേശി. കൊല്ലം എസ് എൻ കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോൾ മുൾക്കിരീടം എന്ന നാടകം എഴുതി അവതരിപ്പിച്ചു ശ്രദ്ധേയനായി. പല അമച്വർ നാടക സംഘങ്ങളും ആ നാടകം ഏറ്റെടുത്തിരുന്നു. പൂന ഫിലിംസ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരക്കഥാ രചനയിൽ ബിരുദപഠനത്തിനു ചേർന്ന ശേഷം നിരവധി ചലച്ചിത്ര ലേഖനങ്ങൾ അക്കാലത്തെ പ്രമുഖ മാഗസിനുകളിൽ എഴുതി.ലേഖനങ്ങളുടെ ആഴവും പരപ്പും കണ്ട് അക്കാലത്തെ  മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന എം ടി വാസുദേവൻ നായർ ആസാദിനെ ക്ഷണിക്കുകയും  തന്മൂലം നിരവധി വിദേശ ചിത്രങ്ങളെ അക്കാലത്ത് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലൂടെ മലയാള വായനക്കാർക്ക് പരിചയപ്പെടുത്തുവാനും ആസാദിനു കഴിഞ്ഞു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് തിരക്കഥാ രചനയിൽ ഒന്നാം റാങ്കും സ്വർണമെഡലുമായാണ് ആസാദ് ബിരുദം പൂർത്തിയാക്കുന്നത്.

എം ടിയുടെ നിർമ്മാല്യത്തിനു വേണ്ടി രവിമേനോനെയും സുമിത്രയേയും കൊണ്ട് നിരവധി രംഗങ്ങൾ ഷൂട്ട് ചെയ്തത് ആസാദായിരുന്നു. ഏം ടി തിരക്കഥയും സംഭാഷണവുമെഴുതിയ പാതിരാവും പകൽ വെളിച്ചവും എന്നതായിരുന്നു ആസാദിന്റെ ആദ്യ സംവിധാന സംരംഭം. പ്രേംനസീറും ജയഭാരതിയുമൊക്കെ ഉണ്ടായിട്ടും വലിയ വിജയം കൊയ്തിരുന്നില്ല ഈ ചിത്രം. എംടി യുടെ തിരക്കഥയിൽത്തന്നെ ആസാദ് സംവിധാനം ചെയ്യുന്ന “വിൽക്കാനുണ്ട് സ്വപ്നങ്ങൾ” ആണ് രണ്ടാമത്തെ ചിത്രം. മമ്മൂട്ടിയുടെ ആദ്യ ചിത്രമായിരുന്നു ഇത്. ഗൾഫിലും നാട്ടിലുമായി ചിത്രീകരണം നടത്തിയ ഈ ചിത്രം സാമ്പത്തിക പ്രതിസന്ധികളിലകപ്പെട്ട് പലതവണ മുടങ്ങിയെങ്കിലും ഏറെ പരിമിതികളോടെ പൂർത്തിയാക്കപ്പെട്ടു. കച്ചവട സാധ്യതകൾക്ക് വേണ്ടി പരിമിതപ്പെടുത്തിയ ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടു. ഏറെ പരിക്ഷീണനായി തിരികെ വർക്കല എത്തിയ ആസാദ് സുഹൃത്തുക്കളുടെ സഹായത്തോടെ വെളുത്ത പക്ഷി എന്ന സിനിമയുടെ പണി ആരംഭിക്കാൻ തുടങ്ങി എങ്കിലും പാതി വഴിയെ അതും മുടങ്ങി. വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന വമ്പൻ ചിത്രത്തിന് സംവിധായകനു ലഭിച്ചത് 100 രൂപയും വർക്കലക്കുള്ള ട്രെയിൻ ടിക്കറ്റുമായിരുന്നു. ഏറെ സാമ്പത്തിക പരാധീനതകളും പീഡനങ്ങളും ഏറ്റുവാങ്ങിയ ആസാദ് 1981 ആഗസ്റ്റ് ഒൻപതിന് അയിരൂരിലെ വീട്ടിൽ വച്ച് ആത്മഹത്യ ചെയ്തു.  

ഉത്തരായണം ആസാദ് സംവിധാനം ചെയ്യണമെന്നും താൻ അതിന്റെ സഹസംവിധായകൻ ആകാമെന്നുമായിരുന്നു അരവിന്ദൻ നിർദ്ദേശിച്ചിരുന്നത് എന്നത് കൗതുകമാണ് . അത്തരമൊരു സംവിധായകൻ തുടങ്ങി വച്ച ഗ്ലാമർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് യാതൊരു ഗ്ലാമറുമില്ലാതെ അടച്ച് പൂട്ടേണ്ടി വന്നു. 

അവലംബം : പി കെ ശ്രീനിവാസന്റെ "കോടമ്പാക്കം ബ്ലാക്ക് & വൈറ്റ് " എന്ന പുസ്തകം.