അക്കരെയക്കരെയക്കരെ
തമിഴ്നാട്ടിലെ ഒരു മ്യൂസിയത്തിൽ നിന്നും കളവുപോയ കിരീടം കണ്ടെത്താനായി അമേരിക്കയിൽ പോകുന്ന CID ദാസന്റെയും CID വിജയന്റെയും രസകരമായ അനുഭവങ്ങൾ പറയുന്ന സിനിമ.
പോസ്ടറിനു നന്ദി Rajagopal Chengannur
Actors & Characters
Actors | Character |
---|---|
ദാസൻ | |
വിജയൻ | |
കൃഷ്ണൻനായർ | |
ശിവദാസ മേനോൻ | |
സേതു ലക്ഷ്മി | |
മേനോന്റെ ഭാര്യ | |
പീറ്റർ | |
സുരേന്ദ്രൻ | |
ഗോപി | |
ഹൗസ് ഓണർ | |
റെസ്റ്റോറന്റ് ഉടമ ജോർജ്ജ് | |
കൃഷ്ണൻ നായരുടെ ഭാര്യ |
Main Crew
കഥ സംഗ്രഹം
- സത്യൻ അന്തിക്കാട് ചിത്രങ്ങളായ നാടോടിക്കാറ്റ്, പട്ടണപ്രവേശം എന്നിവയുടെ മൂന്നാം ഭാഗം
തമിഴ്നാട്ടിലെ ഒരു മ്യൂസിയത്തിൽ നിന്നും അമൂല്യമായ ഒരു കിരീടം കളവു പോകുന്നു. പ്രദർശനത്തിന്റെ ചുമതലയുണ്ടായിരുന്ന കമ്മീഷണർ കൃഷ്ണൻനായരെ (സോമൻ ) മന്ത്രിമാർ കുറ്റപ്പെടുത്തുന്നു. സമർത്ഥമായി കിരീടം മോഷ്ടിച്ച കള്ളൻ, ‘പോൾ ബാർബർ’ എന്ന പേരിൽ ഒരു ഹോട്ടലിൽ താമസിച്ചിട്ടുണ്ടെന്നും മ്യൂസിയത്തിന്റെ കമ്പിവേലിയിൽ തട്ടി അയാളുടെ കുപ്പായവും മുതുകും മുറിഞ്ഞിട്ടുണ്ടെന്നും അയാൾ അമേരിക്കയിലേക്കു രക്ഷപ്പെട്ടിട്ടുണ്ട് എന്നുമുള്ള വിവരങ്ങൾ കമ്മീഷണർ വെളിപ്പെടുത്തുന്നു. കിരീടം പെട്ടെന്ന് വീണ്ടെടുക്കണം എന്നു താക്കീത് ലഭിക്കുന്ന കമ്മീഷണർ, പല കേസുകളിലൂടെ കഴിവ് തെളിയിച്ച സിഐഡികളായ രാംദാസ് (മോഹൻലാൽ) എന്ന ദാസനെയും വിജയനെയും (ശ്രീനിവാസൻ) അന്വേഷണം ഏൽപിക്കാൻ തീരുമാനിക്കുന്നു.
ഇതേ സമയം ഒരു പറമ്പിൽ വെടിവയ്പ്പ് പരിശീലിക്കുകയാണ് ദാസനും വിജയനും. അബദ്ധത്തിൽ ഒരു പശുവിനു വെടിയേൽക്കുന്നതോടെ നാട്ടുകാർ ഓടിക്കൂടുന്നു. ഓടി രക്ഷപ്പെടുന്നതിനിടയിൽ ദാസനെ കാണുന്ന കമ്മീഷണർ അയാളെ കാറിൽ കയറ്റിക്കൊണ്ടു പോകുന്നു. ദൗത്യം വിവരിക്കുന്ന കമ്മീഷണറോട് അമേരിക്കയിലേക്ക് താൻ ഒറ്റയ്ക്ക് പോയി കേസ് അന്വേഷിക്കാം എന്ന് ദാസൻ പറയുന്നു. കമ്മീഷണർ സമ്മതിക്കുന്നു. ദാസൻ വീട്ടിലെത്തുമ്പോൾ വിജയൻ, നാട്ടുകാരുടെ മർദ്ദനമേൽക്കാൻ തന്നെ ഉപേക്ഷിച്ചു പോയതിന്റെ പരിഭവം പ്രകടിപ്പിക്കുന്നു. ഇനി ഒരു പരിപാടിക്കും ദാസനോടൊപ്പം ഇല്ലെന്നു പറയുന്ന വിജയൻ, അടുത്ത ദൗത്യം അമേരിക്കയിലേക്കാണെന്നു ദാസൻ പറയുന്നത് വിശ്വസിക്കുന്നില്ല. എന്നാൽ ഓഫീസിൽ എത്തുമ്പോൾ സംഭവം സത്യം ആണെന്ന് മനസ്സിലാക്കുന്ന വിജയൻ ദാസന്റെ കയ്യും കാലും പിടിച്ചു തന്നെയും കൂടി ദൗത്യത്തിൽ പങ്കാളി ആക്കാൻ സമ്മതിപ്പിക്കുന്നു.
അമേരിക്കയിലേക്ക് തിരിക്കുന്ന അവരോടു അവിടെ എയർപോർട്ടിൽ സ്വീകരിക്കാൻ എംബസി ഉദ്യോഗസ്ഥൻ ശിവദാസമേനോൻ എത്തുമെന്നും ആളറിയാനായി "സാധനം കയ്യിലുണ്ടോ?" എന്ന അദ്ദേഹത്തിന്റെ കോഡിന് മറുപടി ആയി "സാധനം കയ്യിലുണ്ട്" എന്ന മറുകോഡ് പറയണം എന്നും കമ്മീഷണർ കൃഷ്ണൻ നായർ പറഞ്ഞേല്പിക്കുന്നു.
വിമാനമിറങ്ങിക്കഴിയുമ്പോൾ കോഡു പറഞ്ഞുകൊണ്ട് ആരും വരാത്തതിനാൽ "സാധനം കയ്യിലുണ്ട്" എന്ന മറുകോഡ് പറഞ്ഞു നടക്കുന്ന ദാസനെയും വിജയനെയും കഞ്ചാവ് കടത്തിക്കൊണ്ടു വന്നവരാണെന്ന് തെറ്റിദ്ധരിച്ചു ഒരു സംഘം കാറിൽ കയറ്റി കൊണ്ട് പോകുന്നു. അവരുടെ കയ്യിൽ "സാധനം" ഇല്ല എന്ന് മനസ്സിലാക്കുന്ന കള്ളക്കടത്തുസംഘത്തിന്റെ മർദ്ദനത്തിൽ നിന്നും രക്ഷപ്പെട്ടോടി അവർ ഇന്ത്യൻ എംബസിയിൽ എത്തുന്നു. ശിവദാസമേനോൻ (നെടുമുടി വേണു) അവർക്ക് താമസിക്കാനുള്ള വീട് കാട്ടിക്കൊടുക്കുന്നു. അമേരിക്കയിൽ എത്തിപ്പെടാൻ മാത്രമാണ് വിജയൻ തന്റെ കാലുപിടിച്ചത് എന്ന് മനസ്സിലാക്കുന്ന ദാസൻ വിജയനുമായി വഴക്കിടുന്നു.
പീറ്റർ (ജഗദീഷ്) എന്ന പരിചയക്കാരനു ലിഫ്റ്റ് കൊടുക്കുന്ന സേതുലക്ഷ്മി (പാർവതി) എന്ന നഴ്സ് അയാൾക്ക് പരിക്കേറ്റിട്ടുണ്ടെന്നു മനസ്സിലാക്കി മരുന്നുവയ്ക്കാനായി വീട്ടിലേക്ക് കൊണ്ടുപോകുന്നു. സേതുലക്ഷ്മി മരുന്നെടുക്കാൻപോകുന്ന തക്കത്തിൽ പീറ്റർ മട്ടുപ്പാവിൽ കയറി ബാഗിൽ നിന്നും കിരീടം എടുത്തു വെള്ളം നിറഞ്ഞ റ്റാങ്കിൽ നിക്ഷേപിക്കുന്നു. മരുന്ന് വയ്ക്കുന്നതിനിടയിൽ പീറ്ററിന്റെ മുറിവ് വെടിയേറ്റുണ്ടായതാണെന്നു സേതുലക്ഷ്മി മനസിലാക്കുന്നു. കാലിബാഗുമായി അവിടെനിന്നും ഇറങ്ങിയ പീറ്ററിനെ ഒരു സംഘം കാറിൽ പിന്തുടരുന്നു. പീറ്ററിനെ കാറിടിച്ചുകൊന്നു ബാഗുമായി സംഘം രക്ഷപ്പെടുന്നു.
കിരീടം മോഷ്ടിച്ചയാൾ പോൾ ബാർബർ എന്ന പേരുള്ള പാസ്സ്പോർട്ടുൾപ്പെടെ അയാളുടെ എല്ലാ കള്ളപ്പാസ്പോർട്ടുകളും നശിപ്പിക്കുന്നു. കിരീടം വിൽക്കാൻ ഏല്പിച്ച റ്റോമും സംഘവും എത്തി പീറ്റർ ചതിച്ചെന്നും അതിനാൽ ഞങ്ങൾക്ക് അയാളെ കൊല്ലേണ്ടി വന്നെന്നും അറിയിക്കുന്നു. ബാഗു തുറന്നുനോക്കുമ്പോൾ കിരീടം കാണാത്തതിനാൽ "പോൾ ബാർബർ" ദേഷ്യപ്പെടുന്നു. ഇന്ത്യയിൽ നിന്നു ദാസൻ എന്നും വിജയൻ എന്നും പേരുള്ള സീഐഡികൾ തന്നെ തേടി അമേരിക്കയിൽ വന്നിട്ടുണ്ടെന്നു അയാൾക്ക് ഫോൺ സന്ദേശം ലഭിക്കുന്നു. സേതുലക്ഷ്മിയുടെ വീട്ടിൽ കിരീടം ഉണ്ടാകും എന്ന് പറയുന്ന റ്റോമിനോടും കൂട്ടരോടും അത് വീണ്ടെടുക്കാൻ പറയുന്ന അയാൾ, മലയാളം സംസാരിക്കുന്ന രണ്ടു സീഐഡികളെപ്പറ്റി മുന്നറിയിപ്പ് നൽകുന്നു; ഒരാൾ നീണ്ടു വെളുത്തും മറ്റയാൾ നീളം കുറഞ്ഞു കറുത്തിട്ടും.
ഇത്രയും വിശാലമായ അമേരിക്കയിൽ കിരീടം കണ്ടുപിടിക്കൽ പ്രായോഗികമല്ലെന്നു കരുതുന്ന ദാസനും വിജയനും അമേരിക്കൻ വാസം ആഘോഷമാക്കാൻ തീരുമാനിക്കുന്നു. എംബസിയിൽ നിന്നും അന്വേഷണത്തിന്റെ ചെലവിനുള്ള പണം വാങ്ങി അവർ ധൂർത്തടിച്ചു നടക്കുന്നു.
സേതുലക്ഷ്മിയോടൊപ്പം ഒരു നാടകത്തിൽ അഭിനയിച്ചതിനുശേഷം സുഹൃത്തുക്കളായ സുരേന്ദ്രനും (മുകേഷ് ) ഗോപിയും (മണിയൻപിള്ള രാജു) ആ നാടകത്തിലെ പോലീസ് വേഷത്തിൽ അവളുടെ വീട്ടിൽ ഭക്ഷണം കഴിക്കാൻ എത്തുന്നു. ആ വീട് നിരീക്ഷിച്ചു കൊണ്ടിരുന്ന റ്റോമും സംഘവും അവരെ കണ്ടു സീയൈഡികൾ ആണെന്ന് സംശയിക്കുന്നു. സേതുലക്ഷ്മിയെ കാണിക്കാൻ വെടിവയ്ക്കുന്നതായി പോസ് ചെയ്യുന്ന സുരേന്ദ്രനെയും ഗോപിയെയും കണ്ടു തങ്ങളെ വെടിവയ്ക്കുകയാണെന്നു ഭയന്ന് കൊള്ളസംഘം രക്ഷപ്പെടുന്നു. ഈ സംഭവം അറിഞ്ഞ പോൾ ബാർബർ തനിക്കു കിട്ടിയ വിവരം ശരിയാണെന്ന് ഉറപ്പിക്കുന്നു.
ദാസനും വിജയനും കൂടി ഒരു സൂപ്പർമാർക്കറ്റിൽ കറങ്ങി നടക്കുന്നതിനിടയിൽ തന്റെ പഴയ സുഹൃത്ത് ഗീതയുടെ അമ്മയാണെന്നു കരുതി ഒരു സ്ത്രീയെ (KPAC ലളിത) ദാസൻ പോയി കെട്ടിപ്പിടിക്കുന്നു. അവർ നിലവിളിച്ചപ്പോൾ ഭർത്താവായ ശിവദാസമേനോൻ ഓടിയെത്തുന്നു. ഉന്തലും തള്ളലും ഉണ്ടാകുന്നു. ദാസനെയും വിജയനെയും കണ്ട അയാൾ അന്വേഷണത്തിന്റെ റിപ്പോർട്ട് നൽകാത്തതിൽ അവരെ രൂക്ഷമായി കുറ്റപ്പെടുത്തുന്നു. ഇനി എംബസിയിൽ നിന്നും പണം നൽകില്ലെന്ന് അറിയിക്കുന്നു. പുറത്തു പോകുന്ന മേനോന്റെ പിറകെ ദാസൻ ഓടിപ്പോയി തിരികെ ചൂടാകുന്നു. ഇതിനിടയിൽ ഷോപ്പിംഗ് കഴിഞ്ഞു പുറത്തിറങ്ങുന്ന വിജയനെ പേന മോഷ്ടിച്ചതിന് കടക്കാർ പിടിച്ചു നിർത്തുന്നു. മേനോനുമായുള്ള ഉന്തലിലും തള്ളലിലും അറിയാതെ സംഭവിച്ചതാണെന്നു അവരെ പറഞ്ഞു മനസ്സിലാക്കാൻ ഇംഗ്ലീഷ് അറിയാത്ത വിജയനു സാധിക്കുന്നില്ല. വിജയനെ പോലീസ് കൊണ്ടുപോകുന്നു. മേനോന്റെ സഹായം കിട്ടിയില്ലെങ്കിലും ദാസൻ പോലീസ് സ്റ്റേഷനിൽ എത്തി വിജയനെ പുറത്തിറക്കുന്നു. എയർപോർട്ടിൽ ഉണ്ടായ സംഭവങ്ങളും ഇപ്പോഴത്തെ നിസ്സഹകരണവും ഓർത്തു ദാസൻ മേനോനെ സംശയിച്ചു തുടങ്ങുന്നു.
വാടക കൊടുക്കാതെ വീട്ടുടമയായ സ്ത്രീയെ (സുകുമാരി) പറ്റിച്ചു കഴിയുകയാണ് സുരേന്ദ്രനും ഗോപിയും. കാശ് കൂട്ടിവച്ചു പുതിയ റെസ്റ്റോറന്റ് തുടങ്ങുകയാണ് അവരുടെ ലക്ഷ്യം. അതിനായി പുതിയ വാടകക്കെട്ടിടം അന്വേഷിച്ചു അവർ ചെല്ലുന്നത് പോൾ ബാർബറുടെ സങ്കേതത്തിൽ ആണ്. സീഐഡികൾ തങ്ങളെ അന്വേഷിച്ചു വന്നതാണെന്ന് പേടിക്കുന്ന പോൾ ബാർബറും കൂട്ടരും പക്ഷെ സുരേന്ദ്രന്റെയും ഗോപിയുടെയും സംസാരത്തിൽ നിന്നും അവർ തങ്ങളെ അന്വേഷിച്ചു വന്നതല്ല എന്നു മനസിലാക്കുന്നു. എങ്കിലും സീഐഡികളുടെ കയ്യിൽ കിട്ടുന്നതിന് മുൻപ് നഴ്സിന്റെ വീട്ടിൽ നിന്നും കിരീടം വീണ്ടെടുക്കണം എന്ന് തീരുമാനിക്കുന്നു. ജോലി കഴിഞ്ഞു വീട്ടിലെത്തുന്ന സേതുലക്ഷ്മി കാണുന്നത് ആകെ തകർന്നു കിടക്കുന്ന വീട്ടുപകരങ്ങളാണ്. അവിടെ കിരീടം കാണാത്തതിനാൽ അത് സീഐഡികൾ എടുത്തിട്ടുണ്ടാകും എന്ന് കരുതുന്ന പോൾ ബാർബറും സംഘവും സുരേന്ദ്രനെയും ഗോപിയെയും നിരീക്ഷിക്കുന്നു.
ദാസനും വിജയനും എംബസിയിൽ എത്തുമ്പോൾ മേനോൻ ഭാര്യയോട് ഫോണിൽ പഴയ ക്രൗൺ ടീവി മാറ്റി വേറെ ബ്രാൻഡ് വാങ്ങുന്ന കാര്യം സംസാരിക്കുകയാണ്. "ആദ്യം ക്രൗൺ വിൽക്കാം" എന്ന് മേനോൻ പറയുന്നത് കേൾക്കുന്ന ദാസൻ വിജയനെ പുറത്തേക്ക് കൊണ്ട് പോയി മേനോനെ സംശയിച്ചത് ശരിയായി എന്നു പറയുന്നു. മേനോൻ തന്നെയാണ് പോൾ ബാർബർ എന്നുള്ള തന്റെ നിഗമനം വെളിപ്പെടുത്തുന്നു. കമ്പിവേലിയിൽ കൊണ്ട് മുറിഞ്ഞ പാട് മേനോന്റെ മുതുകിൽ ഉണ്ടോ എന്നറിയണം, കമ്മീഷണർ തന്നു വിട്ട തുണിക്കഷണത്തിന്റെ ബാക്കിക്കുപ്പായം അയാളുടെ വീട്ടിൽ ഉണ്ടോന്നു നോക്കണം, അതിനായി രണ്ടുപേരും രാത്രി മേനോന്റെ വീട്ടിലേക്ക് പോകുന്നു. മേനോൻ "കൈ വെട്ട് , കഴുത്തു വെട്ട്" എന്നൊക്കെ പറയുന്നത് ഒളിഞ്ഞു നിന്ന് കേട്ടു അവർ പേടിക്കുന്നു. ഭാര്യയെ തയ്യൽ പഠിപ്പിക്കുകയായിരുന്ന മേനോൻ അവരുടെ ശബ്ദം കേട്ട് പുറത്തേക്ക് വരുമ്പോളേക്കും അവർ ഓടി രക്ഷപ്പെടുന്നു. മേനോൻ തങ്ങളെ അപായപ്പെടുത്തും എന്ന് ഭയപ്പെടുന്നതിനാൽ അയാളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടു അന്വേഷണം അയാളറിയാതെ രഹസ്യമായി നടത്താനായി ‘തങ്ങൾ ഇനി കേസ് അന്വേഷിക്കുന്നില്ല’ എന്ന് എംബസ്സിയിൽ പോയി പറയുന്നു. കുപിതനായ മേനോൻ ഇന്ത്യൻ സർക്കാരിനെ വിവരമറിയിക്കുന്നു.
ജോലി ചെയ്യുന്ന റെസ്റ്റോറന്റിൽ നിന്നും ശമ്പളം വാങ്ങി പുറത്തു വരുന്നവഴിക്കു സുരേന്ദ്രനെയും ഗോപിയെയും പോൾ ബാർബറിന്റെ സംഘം തട്ടിക്കൊണ്ടുപോകുന്നു. “CID രാംദാസ് അല്ലേ” “CID വിജയൻ അല്ലെ” എന്ന് ചോദിച്ചു മർദ്ദിക്കുന്നതിനിടയിൽ അവർ ഓടിരക്ഷപ്പെടുന്നു.
ദാസനെയും വിജയനെയും അമേരിക്കയിലേക്കയച്ചു സർക്കാരിന്റെ പണം തുലച്ചുകളഞ്ഞു എന്ന കുറ്റത്തിന് കമ്മീഷണർ കൃഷ്ണൻ നായർ സസ്പെന്റ് ചെയ്യപ്പെടുന്നു. പ്രതികാരദാഹത്തോടെ ദാസനെയും വിജയനെയും കൊല്ലാനായി കൃഷ്ണൻ നായർ അമേരിക്കയിലേക്ക് തിരിക്കുന്നു.
മേനോന്റെ മുതുകിൽ മുറിവ് കണ്ടുപിടിക്കാനും കയ്യിലുള്ള തുണിക്കഷണത്തിന്റെ ബാക്കിക്കുപ്പായം കണ്ടുപിടിക്കാനും ഉള്ള ദാസന്റെയും വിജയന്റെയും ശ്രമങ്ങൾ പരാജയപ്പെടുന്നു. കുപ്പായം കണ്ടുപിടിക്കാൻ മേനോന്റെ വീടിനടുത്തുള്ള ലോൺഡ്രിയിൽ ജോലിക്കു കയറിയ വിജയൻ കാണിച്ച മണ്ടത്തരം കാരണം അവിടുത്തെ അലക്കുയന്ത്രം തകരാറിലാവുന്നു. മുതുകിൽ മുറിവ് പറ്റിയ മലയാളിയെ തേടി ആശുപത്രിയിൽ എത്തിയ ദാസൻ എത്തിപ്പെട്ടത് ലോൺഡ്രിക്കാരുടെ തല്ലുകൊണ്ടു പരിക്കുപറ്റിയ വിജയൻറെ റൂമിലാണ്.
വിജയനെ പരിചരിക്കുന്നത് നഴ്സ് സേതുലക്ഷ്മിയാണ്. കഴിക്കാൻ ചോറും കറിയും വേണം എന്ന് നിർബന്ധം പിടിക്കുന്ന അയാൾക്ക് സേതുലക്ഷ്മി തന്റെ ഭക്ഷണം കൊടുക്കുന്നു. താൻ ഇന്ത്യൻ CID ആണെന്ന് വിജയൻ പറയുന്നത് അവൾ ചിരിച്ചു തള്ളുന്നു.
പിന്നൊരിക്കൽ പായസം വേണം എന്ന് പറയുന്ന വിജയനോട് സേതുലക്ഷ്മി "ഈ മാസം 23 നു എന്റെ ജന്മദിനം ആണ് അന്ന് വീട്ടിൽ വന്നാൽ പായസം തരാം" എന്ന് പറയുമ്പോൾ "അത് പറ്റില്ല ഇപ്പോൾ പായസം വേണം" എന്ന് വിജയൻ നിർബന്ധം പിടിക്കുന്നു. ഇത് കണ്ടു അവൾ " മിസ്റ്റർ വിജയൻ ഒരു സെപ്ഷ്യൽ ക്യാരക്ടർ ആണ്. എനിക്ക് നിങ്ങളെ വലിയ ഇഷ്ടമാണ് " എന്ന് പറയുന്നു.
സുരേന്ദ്രനും ഗോപിയും താമസിക്കുന്ന വീട്ടിൽ പോൾ ബാർബറിന്റെ സംഘം എത്തുന്നു. "സീഐഡികൾ എവിടെ? കിരീടം എവിടെ?" എന്ന് ചോദിച്ചു വീട്ടിലുള്ളതൊക്കെ അടിച്ചു തകർക്കുന്നു. അതോടെ സുരേന്ദ്രനെയും ഗോപിയെയും വീട്ടുടമസ്ഥ പുറത്താക്കുന്നു. തങ്ങൾ ജോലി ചെയ്യുന്ന റെസ്റ്റോറന്റിൽ എത്തുന്ന അവർ കാണുന്നത് പോൾ ബാർബറിന്റെ സംഘം അടിച്ചു കയ്യൊടിച്ച കടയുടമയെ ആണ്. അങ്ങനെ ജോലിയും നഷ്ടമായ അവർ തങ്ങളുടെ കഷ്ടകാലത്തിനു കാരണമായ ആ സീയൈഡികളെക്കുറിച്ചോർത്തു അരിശം കൊള്ളുന്നു.
വിജയനെ കാണാൻ ആശുപത്രിയിൽ എത്തിയ ദാസൻ സേതുലക്ഷ്മിയെ കണ്ടുമുട്ടുന്നു. വിജയൻറെ കൂട്ടുകാരനാണെന്നു പറയുന്നു. ആശുപത്രിക്കു പുറത്തുവച്ചു വീണ്ടും കാണുന്ന അവർ സംസാരിച്ചു സുഹൃത്തുക്കളാകുന്നു.
കടയുടമ നഷ്ടപരിഹാരത്തിന് കേസ് കൊടുത്തതിനാൽ സുരേന്ദ്രന്റെയും ഗോപിയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കപ്പെടുന്നു. ആകെ ഗതിയില്ലാതായ അവർ മോഷണത്തെക്കുറിച്ചു പോലും ചിന്തിച്ചുതുടങ്ങുന്നു.
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
കണ്ണു കണ്ണിൽ കൊണ്ട നിമിഷം |
ശ്രീകുമാരൻ തമ്പി | ഔസേപ്പച്ചൻ | എം ജി ശ്രീകുമാർ |
2 |
സ്വർഗ്ഗത്തിലോ നമ്മൾ |
ശ്രീകുമാരൻ തമ്പി | ഔസേപ്പച്ചൻ | ഉണ്ണി മേനോൻ, എം ജി ശ്രീകുമാർ |