എസ് കുമാർ ISC

S Kumar Isc

തിരുവനന്തപുരം ജില്ലയിലെ നേമത്ത് ശ്രീധരൻ നായരുടെയും തങ്കമ്മയുടെയും മകനായി എസ് കുമാർ ജനിച്ചു. നേമം VHHSS ലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കോളേജ് പഠനം തിരുവനന്തപുരം എം ജി കോളേജിലായിരുന്നു. അച്ഛൻ മെറിലാന്റ് സ്റ്റുഡിയോയിലെ കാന്റീൻ ജീവനക്കാരനായിരുന്നതിനാലും സ്റ്റുഡിയോയുടെ അടുത്ത് തന്നെയായിരുന്നു കുമാറിന്റെ വീട് എന്നതിനാലും ചെറുപ്പ കാലത്ത് തന്നെ അക്കാലത്തെ പ്രേംനസീർ പോലെയുള്ള മുൻനിര സിനിമാ താരങ്ങളെ ഒക്കെ പരിചയപ്പെടാനിടയായിരുന്നു. 

പഠിക്കുന്ന സമയത്ത് കൂട്ടുകാർക്കൊപ്പം സിനിമയുടെ ഷൂട്ടിംഗും സ്റ്റുഡിയോയുമൊക്കെ സ്ഥിരമായി സന്ദർശിക്കാനിടയായതുമൊക്കെ എങ്ങനെയും സിനിമയിൽ എത്തിപ്പെടുക എന്ന ആഗ്രഹത്തിലേക്ക് വഴി തെളിച്ചു. വിദ്യാഭ്യാസത്തിനു ശേഷം സിനിമാ മോഹവുമായി ചെന്ന കുമാറിനെ മെറിലാന്റിന്റെ ഉടമയായ പി സുബ്രമണ്യമാണ് ക്യാമറ വിഭാഗത്തിലേക്ക് വഴി തിരിച്ച് വിട്ടത്. മൂന്ന് നാലു വർഷക്കാലം മെറിലാന്റിൽ ചിലവഴിച്ച കുമാർ തുടർന്ന് മദ്രാസിലെത്തുകയും അവസരങ്ങൾ ലഭിക്കാത്തതിനെത്തുടർന്ന് നാട്ടിൽ തിരിച്ചെത്തി തിരുവനന്തപുരത്തെ ശിവൻസ് സ്റ്റുഡിയോയിൽ ചേർന്ന് പ്രവർത്തിക്കാനും ആരംഭിച്ചു. അവിടെ നിന്നും സർക്കാർ സ്ഥാപനമായ KSFDC യിൽ ജോലിക്ക് ചേർന്നു. അവിടെ വച്ച് നിരവധി സംവിധായകരെ പരിചയപ്പെടാനും അവരോടൊപ്പം സഹകരിക്കാനും നിരവധി ലോകസിനിമകളേപ്പറ്റി പഠിക്കുവാനും കഴിഞ്ഞു. തുടർന്ന് KSFDCയിലെ ജോലി ഉപേക്ഷിച്ച് സിനിമയിലേയ്ക് ഇറങ്ങി. സംവിധായകൻ ഷാജി എൻ കരുണിന്റെ അസിസ്റ്റന്റായിട്ടായിരുന്നു തുടക്കം. പ്രിയദർശൻ, മോഹൻലാൽ, സുരേഷ് കുമാർ എന്നിവർ എസ് കുമാറിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. അവരുടെ ആദ്യ കൂട്ടുകെട്ടിൽ പിറന്ന ആദ്യ ചിത്രമായ തിരനോട്ട(1978)ത്തിന്റെ ഛായാഗ്രഹകനായിട്ടായിരുന്നു മലയാള സിനിമയിൽ എസ് കുമാറിന്റെ തുടക്കം. മലയാളത്തിലെ മുൻനിര സംവിധായകരൊപ്പം നൂറോളം സിനിമകളിൽ അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ചു.

ഛായാഗ്രഹണത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം ആദ്യമായി എസ് കുമാറിന് ലഭിയ്ക്കന്നത് കിലുക്കം(1991) എന്ന സിനിമയ്ക്കാണ്. 1993 ൽ മുസ്കുരാഹട്ട് എന്ന ഹിന്ദി സിനിമയുടെ ഛായാഗ്രഹണത്തിന് അദ്ദേഹത്തിന് ഫിലിം ഫെയർ അവാർഡ് ലഭിച്ചു. 1995 ൽ പരിണയം എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിന് ദേശീയ അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശത്തിന് എസ് കുമാർ അർഹനായി.  2003 -ൽ പട്ടാളം, 2004 -ൽ അകലെ എന്നീ സിനിമകൾക്കും എസ് കുമാറിന് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം ലഭിച്ചു. 2005 -ൽ ഉദയനാണ് താരം എന്ന സിനിമയിലെ ക്യാമറയ്ക്ക് ഏഷ്യാനെറ്റ് അവാർഡും ലഭിച്ചു.

എസ് കുമാറിന്റെ ഭാര്യ  എൽ കെ കുമാരി. മക്കൾ : കുഞ്ഞുണ്ണി എസ് കുമാർ, മീനാക്ഷി എസ് കുമാർ. മകൻ കുഞ്ഞുണ്ണിയും സിനിമയിൽ ഛായാഗ്രാഹകനാണ്. 

എസ് കുമാറിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ |  വിലാസം :  5A, ഗുരുസൂക്തം, ഡോ. പൈ റോഡ്, പൂജപ്പുര, തിരുവനന്തപുരം