സത്യൻ അന്തിക്കാട്

Sathyan Anthikkad

മലയാള ചലച്ചിത്ര സംവിധായകൻ. തൃശ്ശൂർ ജില്ലയിലെ അന്തിക്കാട് എന്ന സ്ഥലത്ത് എം വി കൃഷ്ണന്റെയും എം വി കല്യാണിയുടെയും മകനായി ജനിച്ചു. സംവിധായകൻ ഡോക്ടർ ബാലകൃഷ്ണന്റെ അസിസ്റ്റന്റായിട്ട് 1975-ൽ ആയിരുന്നു സത്യൻ അന്തിക്കാടിന്റെ സിനിമാപ്രവേശം. അതിനുശേഷം ഇരുപതോളം സിനിമകളിൽ പി ചന്ദ്രകുമാറിന്റെ സഹസംവിധായകനായി പ്രവർത്തിച്ചു. കൂടാതെ ഹരിഹരൻ,ജേസി എന്നിവരുടെ കൂടെയും സത്യൻ അന്തിക്കാട് വർക്ക് ചെയ്തിട്ടുണ്ട്.

 സ്വതന്ത്ര സംവിധായകനാകുന്നത് 1981-ൽ ചമയം എന്ന ചിത്രത്തിലൂടെയാണ്. എന്നാൽ ആ സിനിമ ആ സിനിമ റിലീസായില്ല. 1982-ൽ കുറുക്കന്റെ കല്യാണമാണ് സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ഇറങ്ങിയ ആദ്യസിനിമ. ഈ സിനിമയുടെ വിജയം അദ്ദേഹത്തെ തിരക്കുള്ള സംവിധായകനാക്കി മാറ്റി. പിന്നീട് സത്യൻ അന്തിക്കാട് ശ്രീനിവാസന്റെ തിരക്കഥയ്ക്ക് ദൃശ്യഭാഷ്യമൊരുക്കിയതോടെയാണ് മലയാളത്തിന് മറക്കാനാകാത്ത സിനിമകൾ ഉണ്ടായത്. 1986- ടി പി ബാലഗോപാലൻ എം എ എന്ന സിനിമയിലൂടെയാണ് സത്യൻ അന്തിക്കാടും ശ്രീനിവാസനും ഒന്നിയ്ക്കുന്നത്. പിന്നീട് സന്മനസ്സുള്ളവർക്ക് സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം... എന്നിങ്ങനെ നിരവധി സൂപ്പർഹിറ്റുകൾ ഈ കൂട്ടുകെട്ടിൽ ഉണ്ടായി. സത്യൻ അന്തിക്കാട് മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായിമാറി. അദ്ദേഹം സംവിധാനം ചെയ്ത സിനിമകളിൽ ഭൂരിഭാഗവും തമാശയും നന്മയും നിറഞ്ഞ കുടുംബചിത്രങ്ങളായിരുന്നു. സത്യൻ അന്തിക്കാട് തന്റെ സ്ഥിരം ശൈലിയിൽ നിന്നും വ്യത്യസ്ഥമായി ചില സിനിമകൾ എടുത്തു വിജയിപ്പിച്ചിട്ടുണ്ട്. അർത്ഥം, സമൂഹം, പിൻഗാമി.. എന്നിവ അവയിൽ ചിലതാണ്. മോഹൻലാൽ,ജയറാം എന്നിവരായിരുന്നു സത്യൻ അന്തിക്കാട് സിനിമകളിൽ കൂടുതൽ നായകവേഷത്തിലഭിനയിച്ചിട്ടുള്ളത്. 

സംവിധാനത്തിനുപുറമേ കുറേ സിനിമകൾക്ക് അദ്ദേഹം കഥ,തിരക്കഥ,സംഭാഷണം എന്നിവ രചിച്ചിട്ടുണ്ട്. ഗാനരചനാരംഗത്തും സത്യൻ അന്തിക്കാട് തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്. അൻപതിലധികം സിനിമകൾക്ക് അദ്ദേഹം പാട്ടുകൾ എഴുതിയിട്ടുണ്ട്.