അഗ്നിപർവ്വതം
സത്യസന്ധനും, കർക്കശക്കാരനുമായ പോലീസ് ഉദ്യോഗസ്ഥൻ. സ്നേഹമയിയായ അദ്ദേഹത്തിന്റെ ഭാര്യ. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം അവർക്കുണ്ടാവുന്ന ഏക മകൻ. അച്ഛന്റെ കർശനവും, അമ്മയുടെ അമിതമായ ലാളനവും മക്കളെ എത്രത്തോളം വഷളാക്കുന്നു എന്നും, അതിന്മൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകളുടെയും കഥയാണ് അഗ്നിപർവ്വതം.
Actors & Characters
Actors | Character |
---|---|
രഘു | |
ലക്ഷ്മി | |
വിമല | |
Main Crew
കഥ സംഗ്രഹം
ഈ കഥ ആദ്യം അരങ്ങേറിയത് തമിഴിൽ ഒരു നാടകമായിട്ടായിരുന്നു. പിന്നീട് ആ നാടകം തമിഴിൽ തന്നെ "തങ്കപ്പതക്കം" എന്ന പേരിൽ സിനിമയാക്കപ്പെട്ടു. "തങ്കപ്പതക്ക"ത്തിന്റെ റീമേക് ആണ് "അഗ്നിപർവ്വതം". "തങ്കപ്പതക്കം" പിന്നീട് ഹിന്ദിയിലും റീമേക് ചെയ്യപ്പെട്ടു - ഒന്നല്ല, ഒരേ സമയത്ത് രണ്ടു സിനിമകളായി. ഒന്ന് അല്പം മാറ്റങ്ങൾ വരുത്തി "ശക്തി" എന്ന പേരിൽ ദിലീപ് കുമാർ, രാഖീ ഗുൽസാർ, അമിതാബ് ബച്ചൻ, സ്മിതാ പാട്ടീൽ എന്നിവർ അഭിനയിച്ചത്. മറ്റൊന്ന്, മാറ്റങ്ങൾ ഒന്നും വരുത്താതെ അതേപടി ചിത്രീകരിച്ച "ഫർസ് ഔർ കാനൂൻ" എന്ന ജിതേന്ദ്ര (ഡബിൾ റോൾ), ഹേമമാലിനി, രതി അഗ്നിഹോത്രി അഭിനയിച്ച ചിത്രം.
"തങ്കപ്പതക്കം" തെലുങ്കിൽ "കൊണ്ടവീട്ടി സിംഹം" എന്ന പേരിലും, കന്നടയിൽ "കടമ്പ" എന്ന പേരിലും റീമേക് ചെയ്യപ്പെട്ടിരുന്നു.
വിശ്വനാഥൻ (മധു) സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി (ശ്രീവിദ്യ). അവരുടെ ഏക മകൻ രഘു (സത്താർ). വർഷങ്ങൾക്ക് ശേഷം ആറ്റുനോറ്റുണ്ടായ മകനായതിനാൽ ലക്ഷ്മി മകനെ ലാളിച്ചു വളർത്തുന്നു. വിശ്വനാഥൻ മകൻ പോക്രിത്തരങ്ങൾ കാണിക്കുമ്പോഴെല്ലാം ശകാരിക്കാറുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ശകാരത്തിൽ നിന്നും മകനെ രക്ഷിക്കുന്നത് ലക്ഷ്മിയാണ്. അതിന്റെ ഫലമായി രഘു വഷളനായി വളരുന്നു. രഘു ഓരോ കാരണങ്ങൾ പറഞ്ഞു പണം ചോദിക്കുമ്പോഴൊക്കെ ലക്ഷ്മി അവന് പണം കൊടുക്കുന്നു. ചീത്തക്കുട്ടികളുമായി കൂട്ടുകൂടി രഘു മിക്കപ്പോഴും സ്കൂളിൽ പോകാതെയും, സ്കൂൾ സമയം കഴിഞ്ഞും പൈസ വെച്ച് ചീട്ടുകളിക്കുന്നു. ക്ലാസ് കട്ട് ചെയ്ത് സിനിമ കാണാനും പോവുന്നു. സ്കൂൾ അദ്ധ്യാപകൻ വഴി ഈ കാര്യം അറിയുന്ന വിശ്വനാഥൻ മകനെ പൊതിരെ തല്ലുന്നു. അവന്റെ കൂട്ടുകാർ വഴിയാണ് അദ്ധ്യാപകൻ ഈ കാര്യം അറിഞ്ഞതെന്നതിനാൽ രഘു അവരുമായി തല്ലുകൂടുന്നു. അതുകണ്ടുകൊണ്ട് വരുന്ന അദ്ധ്യാപകൻ അവരെ വിലക്കുന്നു. രഘുവിനോട് അച്ഛനെക്കണ്ട് ഈ വിവരം അറിയിക്കുമെന്ന് പറയുന്ന അദ്ധ്യാപകനെ രഘു കല്ല് തലയിലെറിഞ്ഞ് മുറിവേൽപ്പിക്കുന്നു. അത് കണ്ടുകൊണ്ട് വരുന്ന വിശ്വനാഥൻ രഘുവിനെ പിടിക്കാൻ നോക്കുമ്പോൾ അവൻ ഓടി രക്ഷപ്പെടുന്നു.
ഒളിച്ചോടിയ രഘുവിനെ തിരഞ്ഞു പിടിക്കാൻ അന്വേഷണം നടക്കുന്നുണ്ടെങ്കിലും അവനെ കണ്ടെത്താനാകുന്നില്ല. ചില ദിവസങ്ങൾക്ക് ശേഷം ബോംബെ പോലീസിൽ നിന്നും ഒരു കത്ത് വരുന്നു - ഒരു മോഷണക്കേസിൽ രഘു പിടിക്കപ്പെട്ടു എന്നും, അവനെ ജുവനൈൽ സെന്ററിൽ ചേർത്തിട്ടുണ്ടെന്നും കാണിച്ച്. മകൻ അവിടെ കഴിയുന്നതാണ് നല്ലതെന്ന് കരുതുന്ന വിശ്വനാഥൻ, ലക്ഷ്മിയുടെ നിർബന്ധം കാരണം മകന്റെ ക്ഷേമാന്വേഷണം ഓരോ മാസവും ചെന്നന്വേഷിക്കാൻ ലക്ഷ്മിയുടെ സഹോദരനെ (ശങ്കരാടി) ഏൽപ്പിക്കുന്നു. എന്നാൽ പിന്നീടാണറിയുന്നത് അത് ലക്ഷ്മിയെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞതാണെന്ന്. എങ്കിലും മകന് വേണ്ട പല സൗകര്യങ്ങളും അവൻ അറിയാതെ തന്നെ വിശ്വനാഥൻ ഒരുക്കിക്കൊടുക്കുന്നുണ്ടായിരുന്നു.
രാജ്യത്തിൻറെ മിലിറ്ററി രഹസ്യങ്ങൾ ചില രാജ്യദ്രോഹികൾ വിദേശത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടുപേരെ ഡൽഹി പോലീസ് പിടികൂടുന്നുണ്ടെങ്കിലും അവർ രണ്ടുപേരും രക്ഷപ്പെട്ടെന്നും, അതിൽ ഒരാൾ വിമാനം വഴി തിരുവനന്തപുരത്തേക്ക് വരുന്നുണ്ടെന്നുമുള്ള വിവരം കേരളം പോലീസിന് ലഭിക്കുന്നു. ദാസ് എന്നുപേരുള്ള ആ കുറ്റവാളിയെ പിടികൂടാനുള്ള ചുമതല വിശ്വനാഥനെ ഏൽപ്പിക്കുന്നു. എയർപോർട്ടിൽ നിന്നും രക്ഷപ്പെട്ടോടുന്ന ദാസ് നേരെ ചെന്ന് കേറുന്നത് കോൺട്രാക്ടർ ശങ്കരൻ മുതലാളിയുടെ വീട്ടിലേക്കാണ്. വിശ്വനാഥൻ അവനെ പിന്തുടർന്ന് രണ്ടുപേരെയും അറസ്റ്റ് ചെയ്യുന്നുണ്ടെങ്കിലും, ശങ്കരൻ മുതലാളിയുടെ നിർദ്ദേശപ്രകാരം അയാളുടെ ഗുണ്ടകൾ പോലീസുമായി ഏറ്റുമുട്ടുന്നതിനിടയിൽ ദാസ് ജീപ്പിൽ നിന്നും രക്ഷപ്പെടുന്നു. ദാസിനെ രക്ഷപ്പെടുത്തി രഹസ്യമായി താമസിപ്പിക്കുന്നത് ശങ്കരൻ തന്നെയാണ്.
വളർന്ന് യുവാവായ രഘു വർഷങ്ങൾക്ക് ശേഷം സ്വന്തം വീട്ടിലേക്ക് വരുന്നു. അവൻ തിരിച്ചുവന്നതിൽ വിശ്വനാഥനും, ലക്ഷ്മിയും സന്തോഷപ്പെടുന്നുണ്ടെങ്കിലും, രഘു അവിടെ താമസിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്ന് പറഞ്ഞു പുറത്തു പോകാൻ ഇറങ്ങുന്നു. അപ്പോൾ, രണ്ടുപേരും അവനെ സമാധാനിപ്പിച്ചു അവിടെ താമസിപ്പിക്കുന്നു. മകന് എവിടെയെങ്കിലും ഒരു ജോലി തരപ്പെടുത്തിക്കൊടുക്കാൻ ലക്ഷ്മി വിശ്വനാഥനോട് പറയുമ്പോൾ, തന്റെ പദവിയുപയോഗിച്ച് അങ്ങിനൊരു കാര്യം ഒരിക്കലും ചെയ്യില്ലെന്ന് പറയുന്നു. എന്നാൽ, ലക്ഷ്മി ആവശ്യപ്പെടുന്ന മറ്റൊരു കാര്യം വേണമെങ്കിൽ നടത്തിത്തരാം എന്നും പറയുന്നു - എത്രയും പെട്ടെന്ന് അവന്റെ വിവാഹം നടത്താം എന്ന്. വിവാഹം കഴിഞ്ഞാൽ അവന് ഉത്തരവാദിത്വം വന്ന് സ്വയം ഒരു ജോലി തേടും എന്നാണ് ലക്ഷ്മിയുടെ കണക്കുകൂട്ടൽ.
രഘുവിന് അമ്മാവൻ ഒരു ചിട്ടിക്കമ്പനിയിൽ ജോലി ശരിയാക്കിക്കൊടുക്കുന്നു. അമ്മാവന്റെ ടൈപ്പിസ്റ്റ് ആണ് വിമല (അംബിക). വിമലയുടെ അച്ഛന്റെ ദുർന്നടത്ത കാരണം അവളുടെ വിവാഹാലോചനകൾ എല്ലാം മുടങ്ങുകയാണ്. അമ്മാവൻ ജോലി സംബന്ധമായി ഡൽഹിയിൽ പോയ നേരത്ത് രഘു വിമലയെ വിവാഹം കഴിക്കുന്നു. വിവാഹ ശേഷം ഒരു ദിവസം വിമലയുടെ അച്ഛൻ വിശ്വനാഥനെ കാണാൻ വരുമ്പോഴാണറിയുന്നത് അവൾ സ്ഥലത്തെ അറിയപ്പെടുന്ന കൊള്ളക്കാരനും, കൊലപാതകിയുമായ കടുവ രാമുവിന്റെ (ജോസ്പ്രകാശ്) മകളാണെന്ന കാര്യം.
ഒരു ദിവസം ബോംബെയിലെ ഒരു സുഹൃത്ത് രഘുവിനെ ഓഫീസിൽ കാണാനെത്തുന്നു. അവൻ രഘുവിനോട് പഴയ കാര്യങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നു. പിന്നീട്, ചിട്ടിക്കമ്പനിയുടെ ദിവസേനത്തെ പണമിടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നു. അവൻ തിരിച്ചു പോവുമ്പോൾ ഏതോ ഒരു പദ്ധതി നിശ്ചയിച്ചുറപ്പിച്ചിട്ടാണ് പോകുന്നത്. അടുത്ത ദിവസം ഓഫീസ് സമയം കഴിഞ്ഞ ശേഷം ക്യാഷ്യർ മാനേജറിനോട് അന്ന് വസൂൽ ആയ പണം ഏൽപ്പിക്കുന്ന നേരത്ത് മൂന്ന് മുഖമൂടി കൊള്ളക്കാർ അപ്രതീക്ഷിതമായി അവിടേക്ക് കയറി വന്ന് തോക്കു ചൂണ്ടി ആ പണം കൊള്ളയടിച്ചുകൊണ്ടു പോവുന്നു. അന്ന് പതിവിനും വിപരീതമായി രഘു ഓഫീസ് സമയം കഴിഞ്ഞും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. മാനേജർ പണം കൊള്ളയടിക്കപ്പെട്ട വിവരം പോലീസിനെ അറിയിക്കുന്നു, അവരും വിശ്വനാഥന്റെ നേതൃത്വത്തിൽ വന്ന് അന്വേഷിച്ചിട്ടു പോവുന്നു. വിശ്വനാഥൻ രഘുവും, അവന്റെ സുഹൃത്തുമാണ് ഇതിന്റെ പിന്നിൽ എന്ന് സംശയിക്കുന്നു.
ആയിടയ്ക്ക് കോൺട്രാക്ടർ ശങ്കരൻ മുതലാളി സിമെന്റിൽ മായം ചേർത്ത് പണി കഴിപ്പിച്ച ഒരു ഡാം വെള്ളപ്പൊക്കത്തിൽ ഇടിഞ്ഞു വീഴുന്നു. അതന്വേഷിക്കാൻ വരുന്ന ഉദ്യോഗസ്ഥർക്ക് അദ്ദേഹം കൈക്കൂലി കൊടുക്കുമ്പോൾ പോലീസ് അത് കൈയ്യോടെ പിടികൂടുന്നു.
ചിട്ടിക്കമ്പനിയിലെ കൊള്ളയിൽ തനിക്കും പങ്കുണ്ടെന്ന് സംശയിച്ചത് കൊണ്ട് ഇനി ഈ വീട്ടിൽ താമസിക്കാൻ ആഗ്രഹിക്കുന്നില്ല, വാടക വീട്ടിലേക്ക് താമസം മാറുകയാണെന്ന് പറയുന്ന രഘുവിനെ വിശ്വനാഥൻ തടയുന്നു. ആ നേരം വിശ്വനാഥന്റെ കീഴിൽ ജോലി ചെയ്യുന്ന മത്തായി വന്ന് ചിട്ടിക്കമ്പനിയിൽ കൊള്ളയടിച്ചവരെ പിടികൂടിയ വിവരം അറിയിക്കുന്നു. വിശ്വനാഥൻ ജോലിക്കാര്യത്തിനായി ആലപ്പുഴയ്ക്ക് പോവുന്നു. പോവുന്നതിന് മുൻപ് നാളെ രാധാകൃഷ്ണൻ എന്നൊരു വ്യക്തി വരുമെന്നും, അയാൾക്ക് ഈ പത്തായിരം രൂപ കൊടുത്തേക്കു എന്ന് പറഞ്ഞ് ലക്ഷ്മിയുടെ കൈയ്യിൽ പണം കൊടുക്കുന്നു. അപ്പോൾ ലക്ഷ്മി എന്താണ് കാര്യം എന്ന് തിരക്കുമ്പോൾ ഒരു സുഹൃത്തിന് വേണ്ടി മുപ്പതായിരം രൂപ കടം വാങ്ങിയിരുന്നുവെന്നും, ആ പണം തിരിച്ചു കൊടുക്കുന്നതിന് മുൻപ് സുഹൃത്ത് മരിച്ചുവെന്നും, ആയതിനാൽ കടം വാങ്ങിയ പണം ഞാൻ കൊടുക്കണമെന്ന് കോടതി വിധി വന്നുവെന്നും വിശ്വനാഥൻ പറയുന്നു. അത് പറഞ്ഞ് വിശ്വനാഥൻ പുറപ്പെടാൻ നിൽക്കുമ്പോൾ അദ്ദേഹത്തെ പഠിപ്പിച്ച അദ്ധ്യാപകൻ കടന്നുവരുന്നു. അദ്ധ്യാപകൻ വന്നത് ഒരു യാചനയുമായിട്ടാണ് - തന്റെ ഇളയ മകളുടെ വിവാഹം നിശ്ചയിച്ചിട്ടുണ്ടെന്നും, അവൾക്ക് വേണ്ടി നിക്ഷേപം നടത്തിയിരുന്ന ചിട്ടിക്കമ്പനി പൂട്ടിയെന്നും, പത്തായിരം രൂപ കിട്ടിയില്ലെങ്കിൽ തന്റെ മകളുടെ വിവാഹം മുടങ്ങും എന്നും, വിശ്വനാഥൻ സഹായിക്കണം എന്ന യാചനയുമായി. വിശ്വനാഥൻ രാധാകൃഷ്ണനെ ഏൽപ്പിക്കാൻ വെച്ച പണം മാസ്റ്റർക്ക് നൽകി അദ്ദേഹത്തെ യാത്രയാക്കുന്നു.
അടുത്ത ദിവസം പറഞ്ഞപോലെ രാധാകൃഷ്ണൻ വീട് ജപ്തി ചെയ്യാനുള്ള ഒരുക്കത്തോടുകൂടി വരുന്നു. വാങ്ങിയ പണം തിരിച്ചു തരാത്തതിനാൽ വീട് ജപ്തി ചെയ്യുന്നു എന്നയാൾ പറയുമ്പോൾ ലക്ഷ്മി വിശ്വനാഥൻ തിരിച്ചു വരുന്നത് വരെ സമയം തരു എന്ന് കെഞ്ചുന്നു, പക്ഷെ അയാൾ അത് ചെവിക്കൊള്ളുന്നില്ല. അതുകൊണ്ട് ലക്ഷ്മി വിശ്വനാഥനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അദ്ദേഹം സ്ഥലത്തില്ലെന്നാണ് അറിയുന്നത്. എന്ത് ചെയ്യണമെന്നറിയാതെ ലക്ഷ്മി വിഷമിച്ചു നിൽക്കുമ്പോൾ രഘു ആർക്കോ ഫോൺ ചെയ്ത് പലിശക്ക് മുപ്പതിനായിരം രൂപ മേടിച്ച് രാധാകൃഷ്ണന് നൽകുന്നു.
വിശ്വനാഥൻ തിരിച്ചു വന്ന ശേഷം രഘുവിന്റെ പിറന്നാൾ ആഘോഷം നടക്കുന്നു. ആഘോഷം നടക്കുന്നതിനിടയിൽ വിശ്വനാഥൻ പോലീസ് യൂണിഫോം ധരിച്ച് രഘുവിനെയും, അവന്റെ സുഹൃത്ത് ബോംബെ രമേഷിനെയും അറസ്റ്റ് ചെയ്യുന്നു. കാരണം അന്വേഷിക്കുന്ന ലക്ഷ്മിയോട് വിശ്വനാഥൻ എല്ലാം വിഷദമായി പറയുന്നു - രാധാകൃഷ്ണൻ, അദ്ധ്യാപകൻ, രാധാകൃഷ്ണന്റെ കൂടെ വന്ന ജപ്തിക്കാർ എല്ലാം വിശ്വനാഥന്റെ സെറ്റ് അപ്പ് ആയിരുന്നു. പലിശക്ക് കടം കൊടുക്കുന്ന സേട്ട് എന്നു പറഞ്ഞു രഘു പണം വാങ്ങിയത് ചിട്ടിക്കമ്പനി കൊള്ളയടിച്ച രമേഷിൽ നിന്നായിരുന്നു. രമേഷിനെ പിന്തുടർന്ന പോലീസ് കാണുന്നത് രമേഷ് പണപ്പെട്ടി രഘുവിനെ ഏൽപ്പിക്കുന്നതാണ്. എല്ലാവരുടെയും മുന്നിൽ തന്നെ അപമാനിച്ചതിന് പകരം ചോദിക്കും എന്ന് രഘു ആക്രോശിക്കുന്നു.
രഘുവിനെയും, രമേഷിനെയും കോൺട്രാക്ടർ ശങ്കരൻ മുതലാളി ജാമ്യത്തിലെടുക്കുന്നു. ജാമ്യത്തിലിറങ്ങിയ രഘു വിശ്വനാഥന്റെ കൂടെ താമസിക്കാൻ ഇഷ്ടപ്പെടാതെ ശങ്കരൻ മുതലാളിയുടെ തന്നെ ഒരു വീട്ടിൽ വിമലയെയും കൂട്ടി താമസം ആരംഭിക്കുന്നു. വിമലയുടെ അച്ഛൻ രഘുവിനെ കേഡിത്തരങ്ങളെല്ലാം വിട്ടെറിഞ്ഞ് നല്ല മനുഷ്യനായി ജീവിക്കണം എന്നുപദേശിക്കാൻ വരുമ്പോൾ, അതിന് കഴിയില്ലെന്നും, വിശ്വനാഥൻ തനിക്ക് ചെയ്ത ദ്രോഹത്തിന് പകരം വീട്ടാതെ അടങ്ങിയിരിക്കില്ല എന്നും പറയുമ്പോൾ വിമലയുടെ അച്ഛൻ ദുഃഖിതനായി മടങ്ങുന്നു.
നഗരത്തിൽ ബാങ്ക് കൊള്ളകൾ ഒരു തുടർക്കഥയാവുന്നു. ആയിടയ്ക്ക് ഒരു ധനികന്റെ മകനെ തട്ടിക്കൊണ്ടുപോയി, മകനെ തിരിച്ചു കിട്ടണമെങ്കിൽ മൂന്ന് ലക്ഷം തരണമെന്ന് കൊള്ളക്കാർ ആവശ്യപ്പെടുന്നതനുസരിച്ച്, ധനികൻ പണവുമായി കൊള്ളക്കാരനെ കാണാൻ പോവുമ്പോൾ വിശ്വനാഥൻ അവിടെയെത്തി മുഖമൂടിയണിഞ്ഞ കൊള്ളക്കാരനുമായി ഏറ്റുമുട്ടുന്നു. അവസാനം അവന്റെ മുഖമൂടി വലിച്ചുമാറ്റുമ്പോൾ അത് മറ്റാരുമല്ല തന്റെ മകൻ രഘുവാണെന്നറിഞ്ഞ വിശ്വനാഥൻ ഞെട്ടുന്നു. അവനെ അറസ്റ്റ് ചെയ്തു പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി വിചാരണ നടത്തുമ്പോൾ വിശ്വനാഥൻ തന്നെ കള്ളക്കേസിൽ കുടുക്കിയതന്നെന്ന് പറഞ്ഞ് വാദിക്കുന്നു. ആ നേരത്ത് വിമല വീട്ടിലെ സോഫകൾക്കടിയിൽ ഒളിച്ചുവെച്ചിരിക്കുന്ന പണവും, സ്വർണ്ണാഭരണങ്ങളും കണ്ടെത്തി അതെല്ലാം ഒരു പെട്ടിക്കുള്ളിലാക്കി വിശ്വനാഥനെ ഏൽപ്പിക്കാനായി പോകുമ്പോൾ വിമലയുടെ അച്ഛൻ അവളെ വഴിമാറിച്ച് ആ പെട്ടി വാങ്ങി താൻ അത് പോലീസിനെ ഏൽപ്പിക്കാം എന്ന് പറഞ്ഞ് വിമലയെ വീട്ടിലേക്ക് പറഞ്ഞയച്ച് പെട്ടിയുമായി പോലീസ് സ്റ്റേഷനിൽ എത്തുന്നു. അവിടെയെത്തി ആ പെട്ടി വിശ്വനാഥനെ ഏൽപ്പിച്ച് ബാങ്കുകളും മറ്റും കൊള്ളയടിച്ചതും, കുട്ടിയെ തട്ടിക്കൊണ്ടു പോയതും താനാണെന്നും കുറ്റം എറ്റു പറയുമ്പോൾ രഘുവിനെ പോലീസ് വിട്ടയക്കുന്നു.
മകനെയും, മരുമകളെയും കാണാനെത്തുന്ന ലക്ഷ്മിയെ രഘു അപമാനിച്ചു വിടുന്നു. ദുഃഖിതയായി വീട്ടിലെത്തുന്ന ലക്ഷ്മി തളർവാതം പിടിപെട്ട് കിടപ്പിലാവുന്നു. അവിടെ മുൻപ് പോലീസിൽ നിന്നും ഓടി രക്ഷപ്പെട്ട ദാസ് ശങ്കരൻ മുതലാളിയെ വീണ്ടും കാണാനെത്തുന്നു - രാജ്യത്തിന്റെ മിലിറ്ററി രേഖകൾ ചോർത്താൻ വേണ്ടി. ആ ചോർത്തലിൽ ശങ്കരൻ മുതലാളി രഘുവിനെ പങ്കാളിയാക്കുന്നു. ലക്ഷ്മിയുടെ ആഗ്രഹത്തിൻ പേരിൽ തിരുവോണം ആഘോഷിക്കാനുള്ള ക്ഷണവുമായി വിശ്വനാഥൻ രഘുവിനെ കാണാനെത്തുമ്പോൾ, രഘു അദ്ദേഹത്തെ അപമാനിച്ചയാക്കുന്നു.
കടുവ രാമു കുറ്റക്കാരനല്ലെന്നറിയാവുന്ന വിശ്വനാഥൻ അയാളെ ലോക്ക്അപ്പിൽ നിന്നും വെറുതെ വിടുന്നു. പുറത്തു വന്ന രാമു രഘുവിനെക്കണ്ട് വീണ്ടും ഉപദേശിക്കുന്നു. രഘു അതുപക്ഷേ ചെവിക്കൊള്ളുന്നില്ല. രഘുവിന്റെയും, ശങ്കരൻ മുതലാളിയുടെയും വീട് പോലീസ് നിരീക്ഷണത്തിലാവുന്നു. ദാസ് വീണ്ടും എത്തിയിട്ടുണ്ടെന്നുള്ള വിവരം പോലീസ് മനസ്സിലാക്കിയെന്നറിയുമ്പോൾ, തങ്ങളുടെ പരിപാടി നിറവേറണമെങ്കിൽ വിശ്വനാഥനെ മൂന്ന് നാല് ദിവസത്തേക്ക് സ്ഥലത്തു നിന്നും മാറ്റി നിർത്തേണ്ടിയിരിക്കുന്നു എന്ന് പറയുമ്പോൾ ആ കാര്യം ഞാൻ ഏറ്റു എന്ന് രഘു പറയുന്നു.
നൃത്തം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
അച്ഛന്റെ സ്വപ്നം |
ശ്രീകുമാരൻ തമ്പി | പുകഴേന്തി | പി സുശീല, പി ജയചന്ദ്രൻ |
2 |
ഏണിപ്പടികൾ തകർന്നു |
ശ്രീകുമാരൻ തമ്പി | പുകഴേന്തി | പി ജയചന്ദ്രൻ |
3 |
കുടുംബം സ്നേഹത്തിൻ |
ശ്രീകുമാരൻ തമ്പി | പുകഴേന്തി | പി ജയചന്ദ്രൻ, വാണി ജയറാം |
4 |
മകരക്കൊയ്ത്തു കഴിഞ്ഞു |
ശ്രീകുമാരൻ തമ്പി | പുകഴേന്തി | വാണി ജയറാം |