ശ്രീവിദ്യ

Sreevidya

Profile photo drawing by : നന്ദൻ
ദക്ഷിണേന്ത്യൻ ചലച്ചിത്രനടി.  1953 ജൂലൈ 24-ന് തമിഴ് ചലച്ചിത്ര രംഗത്തെ ഹാസ്യനടനായ ആർ. കൃഷ്ണമൂർത്തിയുടെയും പ്രശസ്തഗായിക എം.എൽ. വസന്തകുമാരിയുടേയും മകളായി തമിഴ്‌നാട്ടിലെ മദ്രാസിൽ (ചെന്നൈ) ജനിച്ചു. സമ്പന്നതയുടെ മടിത്തട്ടിലായിരുന്നു ശ്രീവിദ്യയുടെ ജനനം.   ചെറുപ്പം മുതൽക്കേ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലോകത്തായിരുന്നു ശ്രീവിദ്യ വളർന്നത്. എന്നാൽ ശ്രീവിദ്യ ജനിച്ച് ഒരു വർഷമാകുന്നതിനു മുൻപുതന്നെ അച്ഛൻ കൃഷ്ണമൂർത്തി രോഗഗ്രസ്തനാകുകയും അഭിനയവേദിയിൽ നിന്നും മാറി നിൽക്കാൻ അദ്ദേഹം നിർബന്ധിതനാകുകയും ചെയ്തു. ആ കുടുംബം പതിയെ സാമ്പത്തികപരാധീനതകളിലേയ്ക്ക് വീഴുകയായിരുന്നു.  വർധിച്ചുവരുന്ന വീട്ടുചെലവുകൾക്കൊപ്പംത്താൻ അമ്മ തനിക്കു മുലപ്പാൽ തരാൻ പോലും സമയമില്ലാതെ തിരക്കു പിടിച്ച് കച്ചേരികളും പരിപാടികളും ഏറ്റെടുക്കുകയായിരുന്നു എന്ന് ശ്രീവിദ്യ ഒരു അഭിമുഖത്തിൽ പറയുന്നു.   13-ആം വയസ്സിൽ ‘തിരുവരുൾ ചെൽ‌വർ’‍ എന്ന തമിഴ് സിനിമയിൽ ശിവാജി ഗണേശന്റെ കൂടെ ബാലതാരമായി ഒരു ചെറിയ റോളിലാണ് ശ്രീവിദ്യ ആദ്യമായി  വെള്ളിത്തിരയിലെത്തുന്നത്. 1969 ല്‍ പുരാണചിത്രമായ 'കുമാരമംഭവ'ത്തിൽ ഒരു നൃത്തരംഗഹ്തിൽ അഭിനയിച്ചുകൊണ്ട് എന്‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത ചട്ടമ്പിക്കവല എന്ന സിനിമയിലൂടെ ശ്രീവിദ്യ സത്യന്റെ നായികയായി. 1971- ൽ വിൻസെന്റ് സംവിധാനം ചെയ്ത ചെണ്ട എന്ന സിനിമയിൽ നായികയായത് അവരുടെ സിനിമാജീവിതത്തിൽ ഒരു വഴിത്തിരിവായി. തുടർന്ന് മലയാളസിനിമയിലെ മുൻ നിര നായികമാരിൽ ഒരാളായി ശ്രീവിദ്യ ഉയർന്നു. 

മലയാളത്തില്‍ പ്രമുഖ നടന്മാരുടെയെല്ലാം നായികയായി ശ്രീവിദ്യ. വെറുമൊരു നായികാവേഷം എന്നതിലുപരി അഭിനയപ്രാധാന്യമുള്ള വേഷങ്ങളായിരുന്നു അവയെല്ലാം.  രചന, ദൈവത്തിന്റെ വികൃതികൾ, ജീവിതം ഒരു ഗാനം, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന പുരസ്കാരങ്ങളും ശ്രീവിദ്യയെ തേടിയെത്തി. മധുവിന്റെ നായികയായിട്ടാണ് ശ്രീവിദ്യ കൂടുതലും അഭിനയിച്ചിട്ടുള്ളത്. സത്യന്‍- ശാരദ, നസീര്‍- ഷീല ജോഡികള്‍ പോലെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിരുന്ന ജോഡിയായിരുന്നു മധു-ശ്രീവിദ് ജോഡി. ചെണ്ട,തീക്കനല്‍... തുടങ്ങിയ ചിത്രങ്ങളിലെ മധു-ശ്രീവിദ്യ കെമിസ്ട്രി ശ്രദ്ധിക്കപ്പെട്ടു. തീക്കനല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിന്റെ നിര്‍മ്മാതാവായിരുന്ന ജോര്‍ജ്ജ് തോമസുമായി പ്രണയത്തിലായി . 1979ല്‍ ഇവര്‍ വിവാഹിതരായി.

 അമ്മ എം എൽ വസന്തകുമാരിയെപ്പോലെ ഒരു പാട്ടുകാരിയും കൂടിയായിരുന്നു ശ്രീവിദ്യ. അയലത്തെ സുന്ദരി, ഒരു പൈങ്കിളിക്കഥ, നക്ഷത്രത്താരാട്ട്.. തുടങ്ങിയ ചിത്രങ്ങളിൽ  ശ്രീവിദ്യ പാട്ടുകൾ പാടിയിട്ടുണ്ട്.  ‘ഒരു പൈങ്കിളിക്കഥയിലെ’ “ആനകൊടുത്താലും കിളിയേ.. എന്നെ ഗാനം ശ്രീവിദ്യ ആലപിച്ച ഗാനങ്ങളിൽ വെച്ച് ഏറ്റവും ജനപ്രിയമായഗാനമായിരുന്നു. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. 2004-ൽ അവിചാരിതം എന്ന പരമ്പരയിലെ അഭിനയത്തിന് മികച്ചനടിയ്ക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ശ്രീവിദ്യക്ക് ലഭിച്ചു.

 

 നാല് പതിറ്റാണ്ട് നീണ്ട കരിയറില്‍ 800 ലധികം സിനിമകളില്‍ അവര്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും ശ്രീവിദ്യ വേഷമിട്ടു. ‘ചെണ്ട’, ‘ഉത്സവം’, ‘തീക്കനൽ’, ‘ഇടവഴിയിലെ മിണ്ടാപ്പൂച്ച’, ‘വേനലിൽ ഒരു മഴ’, ‘ആദാമിന്റെ വാരിയെല്ല്’, ‘എന്റെ സൂര്യപുത്രിക്ക്’ എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലതാണ്. മലയാളം,കന്നട, തമിഴ്, ഹിന്ദി എന്നിവ ഉൾപ്പെടെ ആറോളം ഭാഷകളിലെ ചിത്രങ്ങളിൽ ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ അഭിനയിച്ചതു് മലയാളത്തിലാണു്.

മികച്ച നടിയ്ക്കുള്ള മൂന്ന് സംസ്ഥാന അവാർഡുകൾ ശ്രീവിദ്യയെ തേടിയെത്തിയിട്ടുണ്ട്. 1979-ൽ ‘ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച’, ‘ജീവിതം ഒരു ഗാനം’ എന്നീ ചിത്രങ്ങൾക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. 1983-ൽ ‘രചന’, 1992-ൽ ദൈവത്തിന്റെ വികൃതികൾ എന്നീ സിനിമകളിലെ പ്രകടനങ്ങൾക്ക് മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് ശ്രീവിദ്യയെ തേടിയെത്തി. 1986-ൽ ഇരകൾ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള അവാർഡ് നേടിയ ശ്രീവിദ്യ അതേ അവാർഡ് തൊട്ടടുത്ത വർഷം എന്നെന്നും കണ്ണേട്ടൻ എന്ന ചിത്രത്തിലൂടെ അഭിനയത്തിന് രണ്ടാമതും സ്വന്തമാക്കി. 

2004-ലെ ‘അവിചാരിതം’ എന്ന ടെലിവിഷൻ പരമ്പരയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ ടി വി അവാർഡ് ശ്രീവിദ്യക്കു ലഭിച്ചു.

‘അയലത്തെ സുന്ദരി’ എന്ന ചിത്രത്തിലൂടെ ചലച്ചിത്രപിന്നണി ഗാനരംഗത്തും അവർ സാന്നിധ്യം അറിയിച്ചു. തുടർന്ന് മറ്റു ചിത്രങ്ങൾക്ക് വേണ്ടിയും അവർ പിന്നണിയിൽ പാടി. 

1979-ൽ വിവാഹിതയായ ശ്രീവിദ്യ 1999-ൽ വിവാഹ മോചിതയായി. 2006-ൽ കാൻസർ ബാധിച്ച് ശ്രീവിദ്യ അന്തരിച്ചു.