ദർശൻ രാമൻ

Darshan Raman
Darshan Raman-Music Director
രാം കുമാർ
സംഗീതം നല്കിയ ഗാനങ്ങൾ: 70

പ്രശസ്തനായ ആട്ടക്കഥരചയിതാവായ സി ഐ ഗോപാലപിള്ളയുടെ ചെറുമകനായി, സി ജി ഭാസ്കരൻ നാ‍യരുടെയും പാറുക്കുട്ടിയമ്മയുടെയും മകനായി 1953ൽ രാംകുമാർ ജനിച്ചു. ദേവിദർശൻ എന്ന വീട്ടു പേരിലെ ദർശനും സ്വന്തം പേരിലെ രാമനും ചേർത്താണ് രാം കുമാർ സിനിമാ ലോകത്തെത്തിയപ്പോൾ ദർശൻ രാമനായത്. അച്ഛന്റെ പ്രോത്സാഹനത്തിൽ , സ്വസഹോദരിയായ പിസുശീലാദേവിയുടെ അടുത്തുനിന്നും സംഗീതം പഠിച്ചുതുടങ്ങി. സ്വന്തമായി ഹാർമോണിയാ‍ഭ്യാസം നടത്തി. പ്രശസ്ത ഗാനരചയിതാവായ ബിച്ചുതിരുമല സ്വന്തം സഹോദരനാണ്. ചെറുപ്പകാലത്തെ സംഗീതം അഭ്യസിച്ചുവെങ്കിലും, നാട്ടിലെ ആർട്ട്സ് ക്ലബ്ബുകളിൽ നാടകങ്ങൾക്കും ഗ്രൂപ്പ് സോങ്ങുകൾക്കും ദേശഭക്തി ഗാനങ്ങൾക്കും സംഗീതം നൽകിയാണ് സംഗീതമാണ് തന്റെ ലോകം എന്ന് ദർശൻ രാമൻ തിരിച്ചറിഞ്ഞത്. സഹോദരൻ ബിച്ചു സിനിമയുമായി ബന്ധപ്പെട്ട് മദ്രാസിലായപ്പോൾ ദർശൻ രാമനേയും കൂടെ കൂട്ടി. ബിച്ചു അദ്ദേഹത്തെ എം.എസ് വിശ്വനാഥന്റെയടുത്താക്കി എങ്കിലും അദ്ദേഹത്തിനു ക്ഷമില്ല എന്ന് പറഞ്ഞ് എം.എസ്.വി മടക്കി. 

പിന്നീട് 1972ൽ എടി ഉമ്മറിന്റെ രണ്ടാം സഹായിയായി സിനിമാരംഗത്തു പ്രവർത്തിച്ചുതുടങ്ങി. സിനിമാ ഗാനങ്ങളുടെ ഓർക്കസ്ട്രേഷൻ അദ്ദേഹം പഠിച്ചത് എ ടി ഉമ്മറിന്റെ ആദ്യ സഹായി ആയിരുന്ന റാം സുബ്ബുവിന്റെ അടുത്തു നിന്നുമാണ്. പി എൻ ശ്രീകുമാറിന്റെ  ‘അഭിലാഷങ്ങളേ അഭയം’ എന്ന സിനിമക്ക് ആദ്യമായി സംഗീതം നൽകി.ഒരിക്കലും മരിക്കാത്ത മനസാക്ഷിയോടെ എന്ന ഗാനമാണ് അദ്ദേഹം ആ ചിത്രത്തിനായി ചെയ്തത്. പക്ഷേ ആദ്യമായി പുറത്തിറങ്ങിയ ചിത്രം 1981 ഇൽ പുറത്തിറങ്ങിയ ‘തകിലുകൊട്ടാമ്പുറം’  എന്ന സിനിമയാണ്. 1983 ഇൽ കിളിക്കൊഞ്ചൽ എന്ന ചിത്രത്തിലെ  'പെയ്യാതെ പോയ മേഖമേ' എന്ന ഗാനത്തിനു വേണ്ടിയാണ് ദർശൻ രാമൻ സഹോദരൻ ബിച്ചുവിന്റെ കൂടെ ആദ്യം സഹകരിച്ചത്.
"മൂകമായ്പാടിടാം....."
(സൂര്യനെമോഹിച്ച പെൺകുട്ടി)
"മംഗളംപാടുന്നസംഗീതം...."
(പത്താമുദായം)
"പതിനേഴുവത്സരങ്ങൾ..."
സ്വർഗ്ഗവാതിൽതുറന്നു...."
(മണിച്ചെപ്പ് തുറന്നപ്പോൾ)
"വാർത്തിങ്കൾ പാൽക്കുടമേന്തും....."
(ഞങ്ങളുടെ കൊച്ചുഡോക്ടർ)
"ചെമ്പനീർപൂക്കൾ ചൂടിയാടി...."
(പൊന്നുരുക്കും പക്ഷി)
"സസ്യശ്യാമളതീരത്തൊരുനാൾ...."
(അതിരുകൾക്കപ്പുറം)
തുടങ്ങിയ
ഒരുപാട്മെലഡികൾ അദ്ദേഹമൊരുക്കി.

 യേശുദാസിന്റെ നിർബന്ധത്തിൽ തരംഗണിക്കു വേണ്ടി 'വിഷാദഗാനങ്ങൾ' എന്നൊരു ഹിറ്റായ ആൽബവും ദർശൻ രാമൻ ചെയ്തു. ഇടക്ക് സംഗീതം നല്കിയ പല ചിത്രങ്ങളും ഇറങ്ങാതെ വന്നപ്പോൾ അദ്ദേഹത്തിന്റെ കരിയറിൽ തന്നെ ഒരു ബ്രേക്ക് വന്നു. പിന്നീട് മണിച്ചെപ്പ്‌ തുറന്നപ്പോൾ എന്ന ബാലചന്ദ്രമേനോൻ ചിത്രത്തിന് സംഗീതം നൽകി വീണ്ടും പ്രേക്ഷക മനസ്സുകളിലേക്ക് അദ്ദേഹം തിരികെ വന്നു. പിന്നീട് ശശികുമാർ-മോഹൻലാൽ ചിത്രം പത്താമുദയം, അതിലെ പാട്ടുകൾ ഹിറ്റായതോടെ അദ്ദേഹം തിരക്കുള്ള സംഗീത സംവിധായകനായി അദ്ദേഹം മാറി. 

നാല്പത്തി അഞ്ചോളം ചിത്രങ്ങൾക്കായി സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട് ദർശൻ രാമൻ. തകിലുകൊട്ടാമ്പുറം എന്ന ചിത്രത്തിലെ സ്വപ്നങ്ങളെ വീണുറങ്ങൂ എന്ന ഗാനമാണ് അദ്ദേഹത്തിന്റെ ഏറ്റവും പോപ്പുലറായ ഗാനം. മോഹൻ സിത്താര അദ്ദേഹത്തിന്റെ ഓർക്കസ്ട്ര ടീമിലും, പിന്നീട് സഹായിയായിയും പ്രവർത്തിച്ചിട്ടുണ്ട്. പത്താമുദയത്തിൽ എ ആർ റഹ്മാൻ  അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. രാജാമണി കിളിക്കൊഞ്ചൽ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ അസിസ്റ്റന്റായിരുന്നു. പല സീരിയലുകൾക്കും ദർശൻ രാമൻ സംഗീതം നൽകിയിട്ടുണ്ട്.  

ഭാര്യ : ഗീത 

അവലംബം: ദർശൻ രാമന്റെ കൈരളി ടിവിയുമായുള്ള അഭിമുഖം. അമൃത ടിവിയുടെ ഇന്നലത്തെ താരം എന്ന പ്രോഗ്രാം.