സ്റ്റാൻലി ജോസ്

Stanly Jose

ആലപ്പുഴ പൂങ്കാവ് സ്വദേശി.

മലയാള സിനിമയിലെ പഴയകാല സംവിധായകരിൽ പ്രശസ്തനായ ഒരാളാണ് സ്റ്റാന്‍ലി ജോസ്. ഹിറ്റ് സിനിമകളുമായി മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന പല സംവിധായകരുടേയും ഗുരു കൂടിയാണ് അദ്ദേഹം. പ്രിയദർശൻ, ഫാസിൽ, സിബി മലയിൽ എന്ന് തുടങ്ങി പുതിയ തലമുറയിലെ സംവിധായകൻ ആയ പോൾസൺ വരെ ഇദ്ദേഹത്തിന്റെ കൂടെ ആണ് തങ്ങളുടെ കരിയറിലെ ബാലപാഠങ്ങൾ അഭ്യസിച്ചത്. തച്ചോളി അമ്പു, പടയോട്ടം തുടങ്ങിയ സിനിമകള്‍ക്ക് പിന്നിലും  അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. രാമു കാര്യാട്ട്, പി ഭാസകരൻ, ശശികുമാർ തുടങ്ങിയവരുടെ ഗുരുവായ അറക്കൽ തോമസ് എന്ന വിമൽകുമാറിന്റെ ശിഷ്യൻ ആയാണ് സ്റ്റാൻലിയും സിനിമയിലേക്കെത്തുന്നത്. ഉദയ സ്റ്റുഡിയോയിൽ ചീഫ് ടെക്‌നിഷ്യൻ ആയി വിമൽകുമാർ ജോലി ചെയ്യുന്ന സമയത്തും  സഹസംവിധായാകനായി  സ്റ്റാൻലി ഉണ്ടായിരുന്നു. അറുപതുകളിൽ മെറിലാൻഡ് നിർമ്മിച്ച എഴോളം സിനിമകളിൽ സഹസംവിധായകനായി.
പടയോട്ടം, തച്ചോളി അമ്പു, ഓളവും തീരവും, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, മക്കൾ മഹാത്മ്യം അങ്ങനെ ഒട്ടനവധി ചിത്രങ്ങളിൽ വർക്ക്‌ ചെയ്തിട്ടുണ്ട്.

രതീഷ് ആദ്യമായി നായകൻ ആയ വേഴാമ്പൽ എന്ന ചിത്രത്തിലൂടെ ആണ് സ്റ്റാൻലി സ്വാതന്ത്ര സംവിധായകൻ ആവുന്നത്. അമ്മയും മകളും, പെൺകുട്ടി നീയായിരുന്നെങ്കിൽ, അന്ത കുയിൽ നീ താനാ എന്നിവയാണ് സംവിധാനം ചെയ്ത മറ്റു സിനിമകൾ. വേഴാമ്പൽ, അമ്മയും മകളും, അന്ത കുയിൽ നീ താനാ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചത് ഭാര്യ കനകം സ്റ്റെല്ലയാണ്.

അദ്ദേഹം എൺപതാം വയസ്സിൽ സംവിധാനം ചെയ്ത തമിഴ് സിനിമയാണ്  'അന്തകുയിൽ നീതാനാ.'

2016-ല്‍ ഫെഫ്ക വിശിഷ്ടാഗത്വം നല്‍കി സ്റ്റാന്‍ലി മാഷിനെ ആദരിക്കു കയുണ്ടായി.