വെള്ളനാട് നാരായണൻ

Vellandu Narayanan
Date of Death: 
Saturday, 8 August, 2015
എഴുതിയ ഗാനങ്ങൾ: 23
കഥ: 2
സംഭാഷണം: 5
തിരക്കഥ: 3

വെള്ളനാട് എന്ന ഗ്രാമത്തില്‍  പുരമ്പിന്‍ കോണത്തുവീട്ടില്‍ പൊന്നന്റെയും തങ്കമ്മയുടെയും മകനായി ജനിച്ച നാരായണനെ കലയുമായി അടുപ്പിച്ചത്,  വെള്ളനാട് പബ്ലിക് ലൈബ്രറിയും മിത്രനികേതന്‍ ബാലസമാജവും ആയിരുന്നു ചെറുപ്പത്തിൽ തന്നെ വായനയിൽ താല്പര്യം കാണിച്ച നാരായണൻ, ആ സമയത്ത് തന്നെ വില്ലടിച്ചാന്‍പാട്ടും കഥാപ്രസംഗവും എഴുതിത്തുടങ്ങി. ക്ലാസിക് നോവലുകളും സുന്ദരയ്യയുടെ തെലുങ്കാനാ സമരവുമൊക്കെ ഇതിവൃത്തമാക്കി കഥാപ്രസംഗങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. ഒൻപതാം വയസ്സിൽ വെള്ളനാട് ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തിന് ഓച്ചിറവേലുക്കുട്ടിയുടെ സുഹൃത്തായ ബാലന്‍ മാസ്റ്ററുടെ ‘ജേതാക്കള്‍ ‘ എന്ന നാടകത്തില്‍ ഒരു വേഷം ചെയ്ത് അരങ്ങത്തെത്തി. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി, തന്റെ നാട്ടിൽ നിന്നും കിലോമീറ്റരുകൾ അകലെയുള്ള നെടുമങ്ങാട് ഹൈസ്കൂളിനെ ആശ്രയിക്കേണ്ടി വന്നു അദ്ദേഹത്തിന്. സ്കൂള്‍ പഠനത്തിനു ശേഷം തിരുവനന്തപുരം എം ജി കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദം നേടി. സഹൃദയ കലാസമിതിക്കുവേണ്ടി അമച്വര്‍ നാടകങ്ങള്‍ എഴുതിത്തുടങ്ങുന്നതും ആ കാലത്തുതന്നെ. അദ്ദേഹത്തിന്റെ  പല നാടകങ്ങള്‍ക്കും പാട്ടെഴുതിയത് കോന്നിയൂര്‍ ഭാസ് ആയിരുന്നു. അതിനിടെ വാട്ടര്‍ അതോറിറ്റിയില്‍ ചെറിയൊരു ജോലിയും കിട്ടി. അദ്ദേഹം ആദ്യമെഴുതിയത് ‘ജ്വാലാമുഖം’ എന്ന ഏകാങ്കനാടകമാണ്. ആദ്യമെഴുതിയ മുഴുനീള നാടകം വര്‍ഷമേഘങ്ങളും. എഴുതിയ നാടകങ്ങളെല്ലാം ശ്രദ്ധിക്കപ്പെടുകയും  നിരവധി അവാര്‍ഡുകളും നേടുകയും ചെയ്തു. ‘അര്‍ഥാന്തരം‘, ‘ആദിത്യഹൃദയം‘, 'ശൂര്‍പ്പണഖാ ശപഥം' എന്നിവ അവയിൽ ചിലത് മാത്രം. 

നാടകങ്ങളുടെ ജനപ്രീതി കുറഞ്ഞുവന്ന ഘട്ടത്തിലാണ് തന്റെ സുഹൃത്തായ കല്ലയം കൃഷ്ണദാസ് മുഖേന നാരായണന്‍ ‘അവളെന്റെ സ്വപ്നം’ എന്ന ചിത്രത്തിന് തിരക്കഥയെഴുതാനായി സിനിമയിലെത്തുന്നത്. പക്ഷേ ആ സിനിമ റിലീസ് ആയില്ല. അതേ സമയം സരസ്വതീയാമത്തിന്റെ തിരക്കഥയും ഗാനങ്ങളും എഴുതാനുള്ള ക്ഷണം ലഭിച്ചു. പടം വിജയമായില്ലെങ്കിലും അതിലെ പാട്ടുകള്‍ എല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടു. സംവിധായകന്‍ ശശികുമാറിന് വേണ്ടി പൌരുഷം എന്ന ചിത്രത്തിനു കഥയെഴുതുവാൻ പ്രശസ്തഗാനരചയിതാവായിരുന്ന പാപ്പനം കോട് ലക്ഷ്മണനാണ് നാരായണന്റെ പേരു നിർദ്ദേശിക്കുന്നത്. ആ ചിത്രം ശ്രദ്ധിക്കപ്പെടുകയും അതിലെ പാട്ട് ഹിറ്റാകുകയും ചെയ്തു. പിന്നീട് വെളിച്ചമില്ലാത്ത വീഥിയില്‍ എന്ന ചിത്രത്തിനു വരികൾ എഴുതി, കെ.പി. ഉദയഭാനു ആയിരുന്നു സംഗീതസംവിധായകന്‍.  ആ സമയം സ്ഥിര വരുമാനമായ സർക്കാർ ജോലി കളയാനുള്ള വിമുഖതയും നാടകത്തോടുള്ള ആവേശവും, പല സിനിമകളുടേയും ഓഫറുകൾ നിരാകരിക്കാൻ നാരായണനെ പ്രേരിപ്പിച്ചു. അവസാനമെഴുതിയത് മൂക്കുത്തി എന്ന പടത്തിനുവേണ്ടിയാണ്, രമേശ് നാരായണന്റെ സംഗീതത്തില്‍. നാടകരംഗത്തേക്ക് മടങ്ങിയ അദ്ദേഹം പിന്നീട് കർണ്ണൻ, ചിലപ്പതികാരം, കൃഷ്ണായനം തുടങ്ങി നിരവധി പ്രശസ്തിയാർജ്ജിച്ച നാടകങ്ങൾ ചെയ്തു. ഇടയ്ക്ക് സീരിയലുകൾക്ക് കഥയെഴുതിയ അദ്ദേഹം, ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ദേവി മഹാത്മ്യത്തിന്റെ തിരക്കഥയെഴുതി. 1998 ല്‍ നാടകരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള കേരള സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. 

ശ്വാസകോശാര്‍ബുദത്തെ തുടർന്ന് റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കെ സ്വവസതിയായ വസന്തത്തിൽ വച്ച് 2015 ആഗസ്റ്റ്‌ 8 ന് അദ്ദേഹം അന്തരിച്ചു. 
ഭാര്യ: വസന്ത. മക്കള്‍: ശ്രീകല, ബാലമുരളി, ചിത്രമോഹന്‍.

അവലംബം: മാതൃഭൂയിൽ വന്ന ലേഖനം, മനോരമാ ചാനലിനു നല്കിയ അഭിമുഖം