ബിജു മേനോൻ

Biju Menon

മലയാള ചലച്ചിത്ര താരം.  1970- സെപ്റ്റംബർ 9 -ന് മഠത്തിപ്പറമ്പിൽ ബാലകൃഷ്ണ പിള്ളയുടെയും, മാലതിയമ്മയുടെയും മകനായി തൃശ്ശൂരിൽ ജനിച്ചു. തൃശ്ശൂർ ജെ ടി എസ് ടെകിനിക്കൽ ഹൈസ്ക്കൂളിലായിരുന്നു ബിജുവിന്റെ പ്രാഥമിക വിദ്യാഭ്യാസം. സെന്റ്തോമസ് കോളേജിൽ നിന്നും കോമേഴ്സിൽ ഡിഗ്രി കഴിഞ്ഞു. അതിനുശേഷം സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദവും നേടി. ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചുകൊണ്ടാണ് ബിജു മേനോൻ തന്റെ അഭിനയജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. നിങ്ങളുടെ സ്വന്തം ചന്തു, പരുദീസയിലേയ്ക്കുള്ള പാത, മിഖായേലിന്റെ സന്തതികൾ എന്നീ സീരിയലുകളിലെ അഭിനയം അദ്ദേഹത്തെ കുടുംബപ്രേക്ഷകർക്കിടയിൽ പ്രിയങ്കരനാക്കി.

1991-ൽ ഈഗിൾ എന്ന ചിത്രത്തിലാണ് ബിജു മേനോൻ ആദ്യമായി അഭിനയിയ്ക്കുന്നത്. തുടർന്ന് ഓരോ വിളിയും കാതോർത്ത് എന്ന സിനിമയിലും അഭിനയിച്ചു. ബിജുമേനോൻ അഭിനയിച്ച മിഖായേലിന്റെ സന്തതികൾ എന്ന ജനപ്രിയ ദൂരദർശൻ സീരിയലിന്റെ തുടർച്ച എന്ന പേരിൽ 1994-ൽ റിലീസ് ചെയ്ത പുത്രൻ എന്ന സിനിമയിലാണ് അദ്ദേഹം ആദ്യമായി നായകനാകുന്നത്. തുടർന്ന് നിരവധി സിനിമകളിൽ അഭിനയിച്ചു. നായക വേഷങ്ങളൊടൊപ്പം അദ്ദേഹം സഹനായക വേഷങ്ങളും ചെയ്തിരുന്നു. സുരേഷ് ഗോപി നായകനായ പത്രം സിനിമയിലെ പോലീസ് വേഷം ബിജുമേനോന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവുകളിലൊന്നായിരുന്നു. തുടർന്ന് നായകനായും വില്ലനായും, സഹനായകനായുമെല്ലാം അദ്ദേഹം ധാരാളം സിനിമകളിൽ അഭിനയിച്ചു. ബിജു മേനോൻ നായകനായ മധുര നൊമ്പരക്കാറ്റ് എല്ലാതരത്തിലുള്ള പ്രേക്ഷകരും അദ്ദേഹത്തെ ഇഷ്ടപ്പെടാൻ കാരണമായ സിനിമയായിരുന്നു. 2010-ൽ റിലീസ് ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാട് ഹാസ്യകഥാപാത്രമെന്ന നിലയിൽ ബിജുമേനോന് പ്രേക്ഷകർക്കിടയിൽ സ്വീകാര്യത ലഭിച്ച ചിത്രമായിരുന്നു. തുടർന്ന് സീനിയേൾസ്,ഓർഡിനറി.. തുടങ്ങിനിരവധി ചിത്രങ്ങളിൽ അദ്ദേഹം ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബിജുമേനോന്റെ അഭിനയ ജീവിതത്തിൽ ഏറെ ജനപ്രീതി കൊടുത്ത കഥാപാത്രമാണ് വെള്ളി മൂങ്ങയിലെ മാമച്ചൻ എന്ന രാഷ്ട്രീയക്കാരൻ.

പ്രശസ്ത നടിയായിരുന്ന സംയുക്ത വർമ്മയെയാണ് ബിജു മേനോൻ വിവാഹം ചെയ്തത്. അവർക്ക് ഒരു മകനാണുള്ളത്. പേര് ദക്ഷ ധർമിക്.