അമ്പിളി

Ambili

തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി. SSLC സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം തൃശ്ശൂർ ഫൈൻ ആർട്സ് കോളേജിൽ പഠിച്ചു. ആറാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ നാട്ടിക ബീച്ചിലും പരിസരപ്രദേശത്തുമായി നടന്ന ചെമ്മീനെന്ന സിനിമയുടെ ഷൂട്ടിംഗും അതിനിടെ സംവിധായകൻ രാമു കാര്യാട്ടിനെ കണ്ടതുമൊക്കെയായിരുന്നു അമ്പിളിയെ ആദ്യമായി സിനിമയിലേക്ക് ആകർഷിച്ചത്. പി എൻ മേനോനെയും ഭരതനേയും പോലുള്ള സംവിധായകരും കലാകാരന്മാരും പഠിച്ചിറങ്ങിയ ഫൈൻ ആർട്സ് കോളേജിലാണ് താനും പഠിച്ചതെന്ന ബോധ്യം അമ്പിളിയുടെ സിനിമാമോഹങ്ങൾക്ക് ശക്തി പകർന്നു. ഫൈനാർട്സ് പഠനത്തിനു ശേഷം ഡിസൈനിംഗും ചിത്രരചനയുമൊക്കെയായി കഴിഞ്ഞിരുന്ന സമയം 1971‌ ൽ പാർലമെന്റ് തിരഞ്ഞെടുപ്പിന് മത്സരിച്ച സംവിധായകൻ രാമു കാര്യാട്ടിനു വേണ്ടിയുള്ള ഇലക്ഷൻ പോസ്റ്ററുകൾ തയ്യാറാക്കിയത് കാര്യാട്ടിന്റെ ശ്രദ്ധയാകർഷിക്കുകയും കാര്യാട്ടിനോട് അമ്പിളിക്ക് അടുത്ത് പരിചയപ്പെടാനും കാരണമായി. 

തൃശൂരിലെ ഉമാ പ്രിന്റേർസ് എന്ന സ്ഥാപനത്തിൽ ഡിസൈനറായി ജോലി നോക്കിയിരുന്ന കാലത്ത് കാലടി ഗോപി, ശ്രീമൂലനഗരം വിജയൻ, കെപിഎസി, ശ്രീമൂലനഗരം മോഹൻ, കഴിമ്പ്രം വിജയൻ, അബ്ദുൾ ചെന്ത്രാപ്പിന്നി എന്നിവർക്കൊക്കെ വേണ്ടി നാടകങ്ങളിലും മറ്റും ബാക് കർട്ടനുകൾ ഡിസൈൻ ചെയ്യുക, നിശ്ചല ഛായാഗ്രാഹകനാവുക, മേയ്ക്കപ്പൊരുക്കുക തുടങ്ങി കലാസംവിധാനമുൾപ്പടെയുള്ള വിവിധ ജോലികൾ നിർവ്വഹിച്ചു. രാമു കാര്യാട്ടിന്റെ നെല്ല് എന്ന സിനിമക്ക് പോസ്റ്റർ ഡിസൈൻ ചെയ്തുകൊണ്ടാണ് സിനിമാ രംഗത്ത് തുടക്കമിടുന്നത്. തുടർന്ന് രാഗം, പല്ലവി എന്ന സിനിമക്കും പോസ്റ്റർ ഡിസൈൻ ചെയ്‌തു. പി ചന്ദ്രകുമാർ സമയമായില്ല പോലുമെന്ന സിനിമയ്ക്ക് സ്റ്റിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയും പിന്നീട് കലാസംവിധായകനായി പ്രവർത്തിക്കാനും അവസരമൊരുങ്ങി. നിർഭാഗ്യവശാൽ ചിത്രം പുറത്തിറങ്ങിയില്ല. തൃപ്രയാർ സുകുമാരൻ ഭ്രഷ്ട് എന്ന മാടമ്പ് കുഞ്ഞിക്കുട്ടന്റെ നോവൽ സിനിമയാക്കിയപ്പോൾ സ്റ്റിൽ ഫോട്ടോഗ്രാഫറായും അമ്പിളി സിനിമയിൽ തുടക്കമിട്ടു. തുടർന്ന് കലാസംവിധായകനായും പോസ്റ്റർ ഡിസൈനറായും നിരവധി സിനിമകളുടെ പിന്നണിയിൽ ‌പ്രവർത്തിച്ച അമ്പിളിയുടെ ആദ്യ സംവിധാന സംരംഭം സൂര്യോദയ ഇന്റർനാഷണലിന്റെ വീണപൂവ് ആയിരുന്നു. ഈ സിനിമയിലെ നഷ്ടസ്വർഗ്ഗങ്ങളേ എന്ന പാട്ട് വളരെ ഹിറ്റായി മാറി. ഇന്ത്യൻ പനോരമക്ക് തിരഞ്ഞെടുത്ത നാലു സിനിമകളിൽ ഒന്നായിരുന്നു വീണപൂവ്. തുടർന്ന് അഷ്ടപദി, മൗനരാഗം, സ്വന്തം ശാരിക, സീൻ നമ്പർ 7 എന്നീ സിനിമകൾ സംവിധാനം ചെയ്തെങ്കിലും സാമ്പത്തികമായി വലിയ വിജയമായിരുന്നില്ല. അടുത്ത സംവിധാന സംരംഭമായി ആറു വർഷങ്ങൾക്ക് ശേഷം ഗാനമേള എന്ന സിനിമ പൂർത്തിയാക്കി. ഗാനമേളയുടെ വിജയത്തിനു ശേഷം ഈഗിൾ എന്ന സസ്പെൻസ് ത്രില്ലറുമൊരുക്കി.

കലാഭവൻ മണി ആദ്യമായി വെള്ളിത്തിരയിലെത്തുന്ന സമുദായം സിനിമയായിരുന്നു അമ്പിളിയുടെ അടുത്ത ചിത്രം. 110 വയസായ ആദിവാസി മൂപ്പന്റെ വേഷത്തിൽ മാള അരവിന്ദൻ ‌മുഖ്യറോളിലെത്തിയ ചാമന്റെ കബനി എന്ന സിനിമയായിരുന്നു അടുത്തത്. 2001ൽ നിർമ്മാണം പൂർത്തിയാക്കിയിരുന്നെങ്കിലും 2015 ലാണ് ആ സിനിമ റിലീസായത്. 

സ്വദേശ ഗ്രാമമായ തൃശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നിയിൽ ഭാര്യ ഷീലക്കും മകൾ ഐഷ മരിയ അമ്പിളിക്കും മകൻ രാഹുൽ തടത്തിലിനുമൊപ്പം താമസം. സിനിമയുടെ മേഖലയിൽ നിന്നും മാറി ചിത്രകാരനായി പെയിന്റിംഗ് ലോകത്താണ് അമ്പിളിയിപ്പോൾ. 2020 മാർച്ചിൽ ഫോർട്ട് കൊച്ചിയിൽ അമ്പിളി ‌തന്റെ ‌ചിത്രപ്രദർശനം നടത്തിയിരുന്നു.