മാള അരവിന്ദൻ
എറണാകുളം ജില്ലയിലെ വടവുകോടായിരുന്നു താനാട്ട് കൊച്ചയ്യപ്പൻ അരവിന്ദന്റെ ജനനം. എക്സൈസ് ഉദ്യോഗസ്ഥനായിരുന്ന അയ്യപ്പന്റെയും സംഗീതാധ്യാപിക പൊന്നമ്മയുടേയും നാല് മക്കളിൽ മൂത്തവൻ. അരവിന്ദൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചു. അമ്മയോടും മൂന്നു സഹോദരങ്ങളോടുമൊപ്പം തൃശ്ശൂർ ജില്ലയിലെ മാളയിലേക്കു പിന്നീട് താമസം മാറ്റി. അമ്മ സംഗീതം പഠിപ്പിച്ചുണ്ടാക്കുന്ന തുച്ഛമായ വരുമാനമായിരുന്നു ആ കുടുംബത്തിന്റെ ആശ്രയം. വീട്ടിൽവെച്ച് അമ്മ കുട്ടികളെ സംഗീതം പഠിപ്പിക്കുമ്പോൾ അരവിന്ദൻ തകരപ്പാട്ടയിൽ താളമിടുമായിരുന്നു. ഈ താല്പര്യം മനസ്സിലാക്കിയ അമ്മ ഒരു തബല വാങ്ങിക്കൊടുത്തു. കുറേക്കൂടി വലുതായപ്പോൾ കൊച്ചിൻ മുഹമ്മദ് ഉസ്താദിന്റെയരികിൽ തബല പഠിക്കാനുമയച്ചു. പ്രീഡിഗ്രി പഠനം പാതിവഴിക്കിട്ട് സുഹൃത്തുക്കളൊന്നിച്ച് ഒരു ട്രൂപ്പുണ്ടാക്കി. അമച്വർ നാടങ്ങൾക്കുവേണ്ടിയുള്ള തബല വാദനവും ഇതോടൊപ്പം ഉണ്ടായിരുന്നു.
'രസന' എന്ന നാടകത്തിലെ അഭിനയത്തിന് സംസ്ഥാന അവാർഡ് ലഭിച്ചു. മനസ്സ്, സ്വരം,സമസ്യ, രാഗം,നിധി എന്നിങ്ങനെ ശ്രദ്ധേയമായ നാടകങ്ങൾ അനവധി.1976ൽ പുറത്തിറങ്ങിയ സിന്ദൂരം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ സജീവമാവുന്നത്. എന്റെ നാട് , താറാവ്, അധികാരം , ലൂസ് ലൂസ് അരപ്പിരി ലൂസ് , പപ്പൻ പ്രിയപ്പെട്ട പപ്പൻ,സല്ലാപം, ഭൂതക്കണ്ണാടി ,ലാൽ ബഹദൂർ ശാസ്ത്രി തുടങ്ങിയ 500 ൽപ്പരം ചിത്രങ്ങളിൽ മാള അരവിന്ദൻ അഭിനയിച്ചു.
ഹാസ്യത്തോടൊപ്പം വ്യത്യസ്തമായ കഥാപാത്രങ്ങളും തനിയ്ക്കു വഴങ്ങുമെന്ന് ഈ അഭിനേതാവ് തെളിയിച്ചിട്ടുണ്ട്.
2015 ജനുവരി 28ന്, മലയാളത്തിന്റെ ഹാസ്യ നടന്മാരിൽ തന്റേതായൊരു ശൈലിയിൽ ഏറെ വിജയിച്ചിരുന്ന മാള അരവിന്ദൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഗീതയാണ് ഭാര്യ. മക്കൾ മുത്തു , കല. മരുമക്കൾ ദീപ്തി, സുരേന്ദ്രൻ.