Mala Aravindan
അയ്യപ്പന്റേയും പൊന്നമ്മയുടേയും മകനായി എറണാകുളത്ത് ജനനം. അരവിന്ദൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചു. അമ്മയോടും മൂന്നു സഹോദരങ്ങളോടുമൊപ്പം തൃശ്ശൂർ ജില്ലയിലെ മാളയിലേക്കു പിന്നീട് താമസം മാറ്റി. അമ്മ സംഗീതം പഠിപ്പിച്ചുണ്ടാക്കുന്ന തുശ്ചമായ വരുമാനമായിരുന്നു ആ കുടുംബത്തിന്റെ ആശ്രയം. വീട്ടിൽവെച്ച് അമ്മ കുട്ടികളെ സംഗീതം പഠിപ്പിക്കുമ്പോൾ അരവിന്ദൻ തകരപ്പാട്ടയിൽ താളമിടുമായിരുന്നു. ഈ താല്പര്യം മനസ്സിലാക്കിയ അമ്മ ഒരു തബല വാങ്ങിക്കൊടുത്തു. കുറേക്കൂടി വലുതായപ്പോൾ കൊച്ചിൻ മുഹമ്മദ് ഉസ്താദിന്റെയരികിൽ തബല പഠിക്കാനുമയച്ചു. പ്രീഡിഗ്രി പഠനം പാതിവഴിക്കിട്ട് സുഹൃത്തുക്കളൊന്നിച്ച് ഒരു ട്രൂപ്പുണ്ടാക്കി. അമച്വർ നാടങ്ങൾക്കുവേണ്ടിയുള്ള തബല വാദനവും ഇതോടൊപ്പം ഉണ്ടായിരുന്നു.
'രസന' എന്ന നാടകത്തിലെ അഭിനയത്തിന് സംസ്ഥാന അവാർഡ് ലഭിച്ചു. മനസ്സ്, സ്വരം,സമസ്യ, രാഗം,നിധി എന്നിങ്ങനെ ശ്രദ്ധേയമായ നാടകങ്ങൾ അനവധി.1968ൽ പുറത്തിറങ്ങിയ സിന്ദൂരം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്.
ഹാസ്യത്തോടോപ്പം വ്യത്യസ്ഥമായ കഥാപാത്രങ്ങളും തനിയ്ക്കു വഴങ്ങുമെന്ന് ഈ അഭിനേതാവ് തെളിയിച്ചിട്ടുണ്ട്.