തൃശൂർ വിശ്വം
തൃശൂരിലെ അറിയപ്പെടുന്ന നാദസ്വരക്കാരനും കുറുങ്കുഴൽ വാദകനും തകിൽ വിദ്വാനുമായിരുന്ന മേലയിൽ നാരായണൻ നായരുടെയും നഴ്സിംഗ് സ്കൂൾ വാർഡനായ ലീല പൊതുവാൾസ്യാരിന്റെയും 6 മക്കളിൽ നാലാമനായി തൃശൂർ കുറുപ്പം റോഡിലുള്ള താഴെക്കാട്ട് തറവാട്ടിൽ 1956 ജൂലായ് 12 ആം തിയതിയാണ് താഴെക്കാട്ട് വിശ്വനാഥ പൊതുവാൾ എന്ന തൃശ്ശൂർ വിശ്വം ജനിച്ചത്.
വളരെ കഷ്ടതകൾ നിറഞ്ഞതായിരുന്നു ഇദ്ദേഹത്തിന്റെ ബാല്യം. ഗ്രഹണി ബാധിച്ചതിനാൽ ചെറുപ്പത്തിൽ കാഴ്ചശക്തി ഇല്ലാതിരുന്ന ഇദ്ദേഹത്തിന് നാലാം വയസ്സിലാണ് കാഴ്ച തിരിച്ചുകിട്ടുന്നത്. തൃശൂരിലെ പ്രഗത്ഭ കണ്ണുവൈദ്യൻ നമ്പീശന്റെ
ചികിത്സ കൊണ്ടാണ് അത് സാധ്യമായത്. അമ്പലത്തിൽ നിന്നുള്ള അച്ഛന്റെ വരുമാനവും അമ്മയുടെ ആശുപത്രി ശമ്പളവും കൊണ്ട് വളരെ ബുദ്ധിമുട്ടിയാണ് ആ കുടുംബം മുന്നോട്ട് പോയത്.
നല്ലൊരു കലാകാരികൂടിയായ അമ്മയാണ് അദ്ദേഹത്തിന്റെ ആദ്യ ഗുരു. നഴ്സിംഗ് സ്കൂളിലെ വാർഷികങ്ങൾക്ക് വേണ്ടി അമ്മ എഴുതിയിരുന്ന നാടകങ്ങൾ വായിച്ചും അമ്മയുടെ സംവിധാന ശൈലി കണ്ടിട്ടും വളർന്ന അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്, തൃശ്ശൂരിലെ സാംസ്കാരിക സംഘമായ സഹൃദയവേദിയുടെ വാർഷികത്തിന്
ഒ. ചന്തുമേനോന്റെ 'ഇന്ദുലേഖ' യുടെ നാടകാവിഷ്‌ക്കാരത്തിലായിരുന്നു. ഇതിൽ അദ്ദേഹത്തിന്റെ അമ്മയും ഒപ്പം അഭിനയിച്ചിരുന്നു.
സ്കൂളിൽ പഠിക്കുമ്പോൾ തന്നെ നാടകമെഴുതുവാനും അഭിനയിക്കുവാനും തുടങ്ങിയ ഇദ്ദേഹം 1972 ലെ സ്കൂൾ യുവജനോത്സവത്തിൽ 'കുട്ടിച്ചാത്തൻസേവ' എന്ന നാടകമെഴുതി അഭിനയിച്ചു. അതേ വർഷം തന്നെ തൃശ്ശൂർ ആകാശവാണിയിൽ മാസ്റ്റർ ആർട്ടിസ്റ്റായി തെരഞ്ഞെടുക്കപ്പെട്ടു.
1979 ൽ 'അരീന' എന്ന നാടക മാസിക നടത്തിയിരുന്ന ഇദ്ദേഹം ആകാശവാണിയിലും നല്ലൊരു ഡ്രാമ ആർട്ടിസ്റ്റായും എഴുത്തുകാരനായും
കഴിവ് തെളിയിച്ചതോടെ പ്രൊഫഷണൽ നാടകരംഗവും ഇദ്ദേഹത്തെ സ്വാഗതം ചെയ്തു. ശ്രീമൂലനഗരം വിജയന്റെ 'വിളക്കുമാടം' നാടകത്തിലൂടെ അഭിനേതാവായി പ്രൊഫഷണൽ നാടകരംഗത്തേക്ക് ചുവട് വച്ച ഇദ്ദേഹത്തിന്റെ ആദ്യ പ്രൊഫഷണൽ നാടകമായ 'കൃഷ്ണതുളസി'ക്ക് 1985 ൽ സംസ്ഥാന അവാർഡ് ലഭിച്ചതോടെ ഇദ്ദേഹത്തിലെ എഴുത്തുകാരന്റെ രാശി തെളിഞ്ഞു. തുടർന്ന് നിരവധി നാടകങ്ങൾക്ക് വേണ്ടി തൂലിക ചലിപ്പിച്ച അദ്ദേഹം അതോടൊപ്പം നായകനായും ഹാസ്യകഥാപാത്രമായും വില്ലനായും അഭിനയിച്ചു.
അമ്പലത്തിൽ കൊട്ടിപ്പാടി സേവയും പാണികൊട്ടും ഉണ്ടായിരുന്ന ഇദ്ദേഹം കുറച്ചു കാലം തൃശ്ശൂർ പബ്ലിക് ലൈബ്രറിയിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. ദൂരദർശൻ, ഏഷ്യാനെറ്റ്, സൂര്യ എന്നീ ചാനലുകൾക്കായി 13 സീരിയലുകളുടെ ടെലിപ്ലേകളും നിരവധി ഡോക്യുമെന്ററികൾക്കും രചിച്ച ഇദ്ദേഹം
2003 ൽ പ്രദീപ് കുമാർ സംവിധാനം ചെയ്ത 'ചിത്രകൂടം 'എന്ന സിനിമക്ക് സംഭാഷണവും
2015 ൽ സംവിധായകനും ചിത്രകാരനുമായ അമ്പിളി സംവിധാനം ചെയ്ത 'ചാമന്റെ കബനി' എന്ന സിനിമക്ക് വേണ്ടി തിരക്കഥയും സംഭാഷണവും എഴുതുകയും ചെയ്തിട്ടുണ്ട്.
ഇപ്പോൾ ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും മറ്റും കവിതകളും കഥകളും ലേഖനങ്ങളും എഴുതുന്ന ഇദ്ദേഹം നവമാധ്യമങ്ങളിൽ ശ്രദ്ധേയമായ നേരിന്റെ നാരായം എന്ന സാഹിത്യഗ്രൂപ്പിന്റെ ചീഫ് അഡ്മിനായ ഇദ്ദേഹത്തെ തേടി നാന അവാർഡ്, കുന്നംകുളം ബ്യുറോ ഓഫ് ആർട്സ് & റിക്രീയേഷൻ അവാർഡ്, ഇരിങ്ങാലക്കുട എസ് എൻ വൈ എസിന്റെ മികച്ച രചനക്കുള്ള അവാർഡ് (അഞ്ചു തവണ), മറുനാടൻ മലയാളി പുരസ്‌കാരങ്ങൾ, 2022 ൽ സംസ്ഥാന സർക്കാരിന്റെ ഗുരുപൂജ പുരസ്‌കാരം എന്നിങ്ങനെയുള്ള പ്രധാന പുരസ്‌കാരങ്ങൾ വന്നിട്ടുണ്ട്.
ഇപ്പോൾ മകൾക്കൊപ്പം പൂനെയിൽ താമസിക്കുന്ന ഇദ്ദേഹത്തിന്റെ ഭാര്യ കലാവിശ്വമാണ്. ശ്രീഹരി വിശ്വനാഥ്, അപർണ്ണ രാമചന്ദ്രൻ എന്നിവരാണ് മക്കൾ.