ബിജിബാൽ

Bijibal
Date of Birth: 
തിങ്കൾ, 21 May, 1973
സംഗീതം നല്കിയ ഗാനങ്ങൾ: 333
ആലപിച്ച ഗാനങ്ങൾ: 45

പുതു നൂറ്റാണ്ടില്‍ രംഗത്ത് വരികയും ചെയ്ത ഗാനങ്ങളിലും പശ്ചാത്തല സംഗീതത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും പുതിയതും പഴയതുമായ തലമുറകളുടെ ഇഷ്ടം സമ്പാദിക്കുകയും ചെയ്ത സംഗീത  സംവിധായകന്‍ ആണ് ബിജിബാല്‍

1974 മെയ് 21ന് എറണാകുളത്ത് കരുവേലില്‍ ബാലചന്ദ്രന്‍ നാരായണപിള്ള - ജയശ്രീ മണിയില്‍ ദമ്പതികളുടെ മകനായിട്ടാണ് ബിജിബാലിന്റെ ജനനം. സംഗീതാഭിരുചി നിറഞ്ഞ വീട്ടുകാരുടെയും കുടുംബക്കാരുടെയും നടുവില്‍ ചിലവഴിച്ച ബാല്യം ആയിരുന്നു അദ്ദേഹത്തിന്റേത്. കര്‍ണ്ണാട്ടിക്ക് വയലിനില്‍ ആയിരുന്നു ഔപചാരികമായ സംഗീത പഠനം. ഹില്‍ വാലി സ്കൂള്‍ പഠനത്തിന് ശേഷം സെന്റ്‌ ആല്‍ബേര്‍ട്സ് കോളേജിലെ കാലത്ത് കലാ - സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. യൂണിവേര്‍സിറ്റി കലോത്സവത്തില്‍ സ്വന്തമായി ഈണം പകര്‍ന്ന ഗാനം പാടി സമ്മാനം വാങ്ങിച്ചിരുന്നു. തുടര്‍ന്ന് പരസ്യ ജിംഗിളുകള്‍ക്ക് സംഗീതം ചെയ്യാന്‍ ഒരുപാട് അവസരങ്ങള്‍ ലഭിച്ചു. പക്ഷേ പൊതുവേ അന്തര്‍മുഖനായ ബിജിബാലിന് സിനിമ ഒരു വിദൂരസ്വപ്നം മാത്രമായിരുന്നു അക്കാലത്ത്.

പരസ്യ ജിംഗിളുകള്‍ വഴിയാണ് സംവിധായകരായ രഞ്ജിത്തിനെയും ലാല്‍ ജോസിനെയും പരിച്ചയപെട്ടത്‌. നിര്‍ണ്ണായകമായ ആ പരിചയപ്പെടല്‍ ലാല്‍ ജോസിന്‍റെ അറബികഥ എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി ബിജിബാലിന്റെ അരങ്ങേറ്റത്തിന് വഴിവെച്ചു. അനില്‍ പനച്ചൂരാന്‍ എഴുതിയ ' തിരികെ ഞാന്‍ വരുമെന്ന..' എന്ന ഗാനത്തിന് ഈണം പകര്‍ന്ന് ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ശബ്ദത്തില്‍ ആലേഖനം ചെയ്തു സമ്പന്നമായ ഒരു ചലച്ചിത്ര ജീവിതത്തിന് അദ്ദേഹം തുടക്കമിട്ടു. അറബികഥയിലെ ഗാനങ്ങള്‍ എല്ലാം തന്നെ വളരെ ശ്രധിക്കപെട്ടു. അറബികഥ റിലീസ് ആകുന്നതിന് മുന്നേ തന്നെ രഞ്ജിത്ത് തന്‍റെ സംവിധാനത്തില്‍ പിറന്ന കൈയ്യൊപ്പിന് വേണ്ടി ഒരു ട്രെയിലര്‍ സംഗീതവും ചെയ്യാനും താന്‍ തിരകഥ എഴുതി ജോഷി സംവിധാനം ചെയ്ത നസ്രാണി എന്ന സിനിമയിലെ സംഗീതം ഒരുക്കാനും അവസരം നല്‍കി. തുടര്‍ന്ന് വന്ന വര്‍ഷങ്ങളില്‍ പാലേരിമാണിക്യം, കേരള കഫേ, ഡാഡി കൂള്‍, ലൌഡ് സ്പീക്കര്‍, സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ തുടങ്ങിയ സിനിമയിലെ ശ്രദ്ധേയ ഗാനങ്ങളിലൂടെ തന്‍റെ സ്ഥാനം മലയാളസിനിമയില്‍ ഉറപ്പിച്ചു.

ലാളിത്യം നിറഞ്ഞതും മലയാള ഭാഷയെ ഉള്‍ക്കൊള്ളുന്നതുമായ സംഗീത ശൈലിയാണ് പഴയ തലമുറയുടെയും പുതിയ തലമുറയുടെയും പ്രിയപെട്ടവന്‍ ആയ സംഗീത സംവിധായകന്‍ ആക്കി ബിജിബാലിനെ മാറ്റിയത്. റഫീക്ക് അഹമ്മദ്, സന്തോഷ്‌ വര്‍മ്മ, അനില്‍ പനച്ചൂരാന്‍, ബി കെ ഹരിനാരായണന്‍ എന്നീ ഗാനരചയിതാക്കളുമൊത്താണ് ഭൂരിപക്ഷം ഗാനങ്ങളും ചെയ്തിട്ടുള്ളത്. പുതുതലമുറയിലെ മുന്‍നിര സംഗീത സംവിധായകരില്‍ വരികള്‍ എഴുതിയ ശേഷം ഈണം പകരുന്ന രീതിയില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ചെയ്തതും ബിജിബാല്‍ ആണ്. 120ന് അടുത്ത് ചിത്രങ്ങള്‍ക്ക് വേണ്ടി ഗാനങ്ങളും അതിലേറെ ചിത്രങ്ങള്‍ക്ക് പശ്ചാത്തലസംഗീതവും ബിജിബാല്‍ ഒരുക്കിയിട്ടുണ്ട്.

ഗായകരുടെ തെരഞ്ഞെടുപ്പിലും ഉണ്ട് ഒരു ബിജിബാല്‍ രീതി. താരപൊലിമയുള്ള ഗായകരെ കാര്യമായി ആശ്രയിക്കാതെ ഗാനങ്ങള്‍ ഹിറ്റാക്കാന്‍ ബിജിബാലിനു കഴിഞ്ഞിട്ടുണ്ട്. ഭാവഗായകന്‍ പി ജയചന്ദ്രന്‍ മാത്രമാണ് അദ്ദേഹത്തിന് വേണ്ടി കൂടുതല്‍ ഗാനങ്ങള്‍ പാടിയ ഒരു സീനിയര്‍ ഗായകന്‍.

വളരെ നല്ലൊരു ഗായകന്‍ കൂടിയാണ് ബിജിബാല്‍. കരിയറിന്റെ തുടക്കത്തില്‍ തന്നെ പാലേരിമാണിക്ക്യത്തിലെ വളരെ മികച്ച ഗാനമായ 'പാലേറും നാടായ പാലേരീല് ' എന്ന ഗാനത്തില്‍ തന്‍റെ ആലപനമികവ് അസ്വാദകര്‍ക്ക് കാണിച്ചുനല്‍കിയിട്ടുണ്ട് അദ്ദേഹം.

സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കുന്ന മികവില്‍ മലയാള സിനിമാ ചരിത്രത്തിലെ തന്നെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട് ബിജിബാല്‍. 2012ല്‍ കളിയച്ഛൻ  എന്ന ചിത്രത്തിലൂടെ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ അവാർഡും, ആ വർഷം തന്നെ അതേ ചിത്രത്തിനും ഒഴിമുറി എന്നൊരു ചിത്രത്തിനും ചേർത്ത് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന അവാർഡും ബിജിബാൽ നേടി. തുടര്‍ന്ന് ബാല്യകാലസഖി (2013), ഞാന്‍ (2014), പത്തേമാരി, നീ-ന (2015), ആമി (2018) എന്നീ ചിത്രങ്ങളിലൂടെ ഇതേ വിഭാഗത്തിലെ സംസ്ഥാന പുരസ്‌കാരം അദ്ദേഹം നേടിയിട്ടുണ്ട്.

സിനിമയ്ക്ക് പുറത്ത് കപ്പാ ടിവിയില്‍ വന്ന മ്യൂസിക്ക് മോജോ എന്ന സംഗീത പരിപാടിയില്‍ Down To Earth എന്ന തന്‍റെ ബാന്ഡിന്റെ പേരില്‍ സംഗീതം ചെയ്തു അവതരിപ്പിച്ച ഗാനങ്ങള്‍ എല്ലാം തന്നെ തന്നിലെ കംപോസറുടെ വൈവിദ്ധ്യം വിളിച്ചോതുന്നതും വളരെയധികം ശ്രദ്ധിക്കപെട്ടവയും ആയിരുന്നു. സ്വതന്ത്ര സംഗീതത്തിന്‍റെ വളര്‍ച്ചയ്ക്ക് വേണ്ടി ബോധി സൈലന്റ് സ്കേപ്പ് എന്നൊരു പ്രസ്ഥാനം ആരംഭിക്കുകയും യൂട്ട്യൂബ് അടക്കമുള്ള സമൂഹ്യമാധ്യമങ്ങളിലൂടെ സ്വന്തം ഗാനങ്ങളും വളര്‍ന്നു വരുന്ന സംഗീതജ്ഞരുടെ ഗാനങ്ങളും ആസ്വാദകാരുടെ അടുത്തെത്തിക്കുന്നു. അത്തരം ഒന്നായ ചാരുലത എന്ന സൃഷ്ടിയില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. കൊച്ചി മെട്രോ ട്രെയ്നുകളുടെ വാതില്‍ തുറക്കുമ്പോളും അടയ്ക്കുമ്പോളും കേള്‍ക്കുന്ന കേരളീയ തനിമ ഉള്‍ച്ചെര്‍ത്ത സംഗീത ശകലങ്ങളും ബിജിബാലിന്റെ സൃഷ്ടിയാണ്.

പത്നി നര്‍ത്തകിയും ഗായികയുമായിരുന്ന ശാന്തി 2017ല്‍ അകാലത്തില്‍ ഈ ലോകത്തോട് വിടപറഞ്ഞു. മക്കളായ ദേവദത്ത്, ദയ എന്നിവരും സംഗീതലോകത്ത് തങ്ങളുടെ വരവ് അറിയിച്ചുകഴിഞ്ഞു. ബോബി ബാല്‍ ആണ് ഒരേയൊരു സഹോദരന്‍.