റഹീം ഖാദർ
പോലീസിൽ നിന്നും സിനിമാ സംവിധാനരംഗത്തേയ്ക്കെത്തിയ കലാകാരനാണ് റഹിം ഖാദർ. സ്കൂൾ വിദ്യാഭ്യാസകാലത്ത് തന്നെ സിനിമയോട് താത്പര്യമുണ്ടായിരുന്ന അദ്ദേഹം സംവിധായകനാകാനായിരുന്നു ആഗ്രഹിച്ചിരുന്നത്. പഠിയ്ക്കുന്ന കാലത്ത് നാടകങ്ങൾ ചെയ്തിരുന്നു. പിന്നീട് ചില ഷോര്‍ട്ട് ഫിലിമുകള്‍ക്ക് തിരക്കഥ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. 2004 -ല്‍ റഹിം ഖാദർ സൂര്യ ടിവിക്ക് വേണ്ടി ഒരു ലഘു സിനിമ ചെയ്‌തിരുന്നു. അതിനുശേഷം നാല് ഹോം സിനിമകളും ചെയ്‌തിട്ടുണ്ട്.
പോലീസ് ജോലിയ്ക്കിടയിൽ സ്റ്റേഷനിൽ വന്ന ഒരു പെൺകുട്ടിയുടെ മിസ്സിംഗ് കേസിൽ നിന്നുമായിരുന്നു റഹിം ഖാദറിന് ഒരു സിനിമയ്ക്കുള്ള കഥാതന്തു ലഭിയ്ക്കുന്നത്. അദ്ദേഹം തിരക്കഥ എഴുതി സംവിധാനം ചെയ്ത മക്കന എന്ന സിനിമയുടെ പിറവി അങ്ങനെയായിരുന്നു. ഗോവ ചലച്ചിത്രമേളയില്‍ ഇന്ത്യൻ പനോരമയില്‍ മക്കന പ്രദർശിപ്പിച്ചിരുന്നു. തുടർന്ന് എന്റെ മാവും പൂക്കും, വനിത എന്നീ സിനിമകൾ തിരക്കഥ എഴുതി സംവിധാനം ചെയ്തു.