രഞ്ജിത്ത് ഗോവിന്ദ്

Ranjith K Govind
Date of Birth: 
തിങ്കൾ, 21 February, 1977
രഞ്ജിത്ത്
ആലപിച്ച ഗാനങ്ങൾ: 34

 (രഞ്ജിത് കെ ഗോവിന്ദ് - പിന്നണിഗായകൻ,സംഗീതസംവിധായകൻ ) പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനടുത്ത് കല്ലുവഴി എന്ന ഗ്രാമത്തിൽ നിന്നാണ് രഞ്ജിത്തിന്റെ മാതാപിതാക്കൾ ചെന്നൈയിലേക്ക് താമസം മാറുന്നത്. ചെന്നൈയിൽ ജനിച്ചു വളർന്ന രഞ്ജിത്ത് കുട്ടിക്കാലം മുതൽക്കു തന്നെ വിവിധതരം ഗാനങ്ങൾ ശ്രദ്ധയോടെ കേട്ട് പഠിക്കുന്നതിൽ മികവു കാണിച്ചിരുന്നു. വിദ്വാൻ കുടല്ലൂർ സുബ്രമണ്യൻ, കെ എസ് കനകസിംഗം ,ത്രിശ്ശൂർ പി രാമൻകുട്ടി ,പി എസ് നാരായണ സ്വാമി എന്നീ ഗുരുക്കന്മാരിൽ നിന്ന് ഹിന്ദുസ്ഥാനി-കർണ്ണാടക സംഗീത പാഠങ്ങൾ അഭ്യസിച്ച രഞ്ജിത്ത് സംഗീതമത്സരങ്ങളിൽപങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കിത്തുടങ്ങി. 2001ൽ തമിഴിലെ സൺ ടിവി അവതരിപ്പിച്ച "സപ്തസ്വര" എന്ന സംഗീത മത്സരം രഞ്ജിത്തിന് പ്രൊഫഷണൽ ഗായകനെന്ന പാതയിൽ വഴിത്തിരിവായി. സപ്തസ്വരയിലെ വിജയിയായതോടെ സംഗീതസംവിധായകരുടെ ഇടയിൽ രഞ്ജിത്തിന് ശ്രദ്ധ നേടാൻ കഴിഞ്ഞു. സംഗീത സംവിധായകൻ മണി ശർമ്മയാണ് രഞ്ജിത്തിനെ ചലച്ചിത്ര പിന്നണിഗായക രംഗത്തേക്ക് കൈപിടിച്ചുയർത്തിയത്. 2002ൽ പുറത്തിറങ്ങിയ ബോബി എന്ന തെലുങ്ക് ചിത്രത്തിൽ ഗായകൻ ഹരിഹരനൊപ്പം പാടാൻ രഞ്ജിത്തിന് അവസരമൊരുക്കി. ആദ്യ തമിഴ് ഗാനവും അതേ വർഷം മണിശർമ്മ തന്നെ ഒരുക്കിയ "ആസൈ ആസൈയായി" എന്ന ചിത്രത്തിലൂടെ പുറത്തെത്തി.

മാതൃഭാഷയായ മലയാളത്തിൽ പാടാൻ അഞ്ച് വർഷത്തോളം കാത്തിരിക്കേണ്ടി വന്നു.2007ൽ പുറത്തിറങ്ങിയ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിൽ "ഇന്നൊരു പാട്ടൊന്ന് പാടാൻ" എന്ന ഗാനമാണ് മലയാളത്തിലെ ആദ്യഗാനമെങ്കിലും ഏറെ മലയാളിപ്രേക്ഷകർ രഞ്ജിത്തിനെ വരവേറ്റത് "പ്രണയകാലം" എന്ന സിനിമയിലെ "ഒരു വേനൽപ്പുഴയിൽ തെളിനീരിൽ" എന്ന ഗാനം പുറത്തിറങ്ങിയതോടെയാണ്. ഏറെയും ഫാസ്റ്റ് നമ്പർ ഗാനങ്ങളിൽ ശ്രദ്ധപതിപ്പിച്ചിരുന്ന രഞ്ജിത്തിന് മെലഡിയിലേക്കുള്ള ഒരു എൻട്രി കൂടിയായിരുന്നു ഉദയ് ആനന്ദന്റെ "പ്രണയകാലത്തിലെ" ആ ഗാനം.കോളിവുഡിൽ ( തമിഴിലും തെലുങ്കിലും മലയാളത്തിലുമായി ) കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ 350തിലേറെ ചലച്ചിത്രങ്ങൾക്ക് വേണ്ടി രഞ്ജിത്ത് പാടിക്കഴിഞ്ഞു. മിക്ക മുൻനിര സംഗീതസംവിധായകരോടൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞ രഞ്ജിത്ത് ഏ ആർ റഹ്മാന്റെ ട്രൂപ്പ് നടത്തിയ ലോകപര്യടനത്തിലും അംഗമായിരുന്നു.

2005ൽ പുറത്തിറക്കിയ അയ്യപ്പ നമസ്ക്കാര ശ്ലോക ആൽബത്തിലൂടെ രഞ്ജിത്ത് സംഗീതസംവിധാനരംഗത്തേക്കും കടന്നു. തുടർന്ന് പഞ്ചമുഖി എന്ന നൃത്തനാടകത്തിനും സംഗീതവും ഓർക്കസ്ട്രയുമൊരുക്കി.പ്രൊഫഷണൽ ഭരതനാട്യ നൃത്തം അഭ്യസിച്ച ഭാര്യ രശ്മി മേനോനും മകൾ റിയയുമൊത്ത് ചെന്നൈയിലാണ് സ്ഥിരതാമസം.

അവലംബം : ഹിന്ദു ദിനപത്രം ആർട്ടിക്കിൾ - ലിങ്ക് ഇവിടെ
രഞ്ജിത്തിന്റെ വെബ് സൈറ്റ് :- www.singerranjith.com