വയലാർ ശരത്ചന്ദ്രവർമ്മ

Vayalar Sarathchandravarma
എഴുതിയ ഗാനങ്ങൾ: 356

മലയാളത്തിന്റെ പ്രിയകവി വയലാര്‍ രാമവര്‍മ്മയുടെയും ഭാരതി തമ്പുരാട്ടിയുടെയും മകന്‍. മലയാളസിനിമാരംഗത്തെ ഏറ്റവും തിരക്കേറിയ ഗാനരചയിതാവ്. ബി എസ്സ് സി പാസ്സായ ശേഷം മാക്‌‌ഡവല്‍ കമ്പനിയില്‍ ജോലിക്കു ചേര്‍ന്നു.അച്ഛന്റെ അമ്മയുടെ അസുഖത്തെ തുടര്‍ന്ന് ഏറെ നാള്‍ ലീവെടുത്തതു കാരണം ജോലി നഷ്ടമായി.ജോലിയില്ലാതെ വീട്ടിലിരിക്കുന്ന സമയത്ത് എഴുതിയ അഞ്ച് ഭക്തിഗാനങ്ങള്‍ തരംഗിണിക്ക് അയച്ചു കൊടുത്തു.ആ പാട്ടുകൾ ആലപ്പി രംഗനാഥ് സംഗീത സംവിധാനം നിർവഹിച്ച് യേശുദാസ് തന്നെ പാടുകയും ചെയ്തു അതിലെ "മദഗജ മുഖനേ...ഗിരിജാ സുതനേ..." എന്നു തുടങ്ങുന്ന യേശുദാസ് ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു.1990 ഇല്‍ പുതിയ  മാനേജ്മെന്റ് വന്നതിനെ തുടര്‍ന്ന് വീണ്ടും മാക്‌ഡവലില്‍ ജോലി ലഭിച്ചു. പിന്നീട് ഭക്തിഗാനങ്ങൾ ധാരാളമായി എഴുതി. പല പാട്ടുകളും സൂപ്പർ ഹിറ്റുകളായി.അങ്ങനെയിരിക്കെയാണു 'എന്റെ പൊന്നു തമ്പുരാൻ' എന്ന സിനിമയിൽ പാട്ടെഴുതാനുള്ള അവസരം ലഭിച്ചത്.തുടർന്ന് 'ഹാർബർ' എന്ന സിനിമയ്ക്ക് വേണ്ടിയും പാട്ടെഴുതി.എങ്കിലും ഒരു ഗാനരചയിതാവായി ശരത്ചന്ദ്രവര്‍മ്മയെ മലയാളികൾ അംഗീകരിച്ചു തുടങ്ങിയത് 'മിഴി രണ്ടിലും'എന്ന സിനിമയോടെയാണ്‌. എന്തിനായ് നിൻ ഇടംകണ്ണിൻ തടം തുടിച്ചു എന്തിനായ് നീ വലം കൈയ്യാൽ മുഖം മറച്ചൂ എന്ന പാട്ട് മലയാളികൾ ഏറ്റുപാടി .അതോടെ ശരത്തിനു സിനിമയിൽ തിരക്കായി

ചാന്തു പൊട്ട്,അച്ഛനുറങ്ങാത്ത വീട്,ക്ലാസ്സ് മേറ്റ്സ് എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റുകളായി. 
ഭാര്യ : ശ്രീജ
ഏക മകള്‍ :സുഭദ്ര
വിലാസം : രാഘവപറമ്പ്,വയലാര്‍