ബിജു നാരായണൻ
ചലച്ചിത്ര പിന്നണി ഗായകൻ. 1973 മാർച്ച് 7ന് ജനനം. 1992 ൽ പ്രീഡിഗ്രീ വിദ്യാർത്ഥിയായിരിക്കെ ഒരു ഭക്തിഗാനം പാടാൻ അവസരം ലഭിക്കുകയും എം.ജി. സർവ്വകലാശാല യുവജനോത്സവത്തിൽ ലളിതഗാനത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തത് ബിജുവിന്റെ ജീവിതത്തിൽ വഴിത്തിരിവായി. എട്ട് വർഷത്തോളം ആര്യനാട് സദാശിവന്റെ കീഴിൽ കർണ്ണാടക സംഗീതം പഠിച്ച ബിജു നാരായണൻ 1993 ൽ വെങ്കലം എന്ന സിനിമയിൽ രവീന്ദ്രൻ സംഗീതം നൽകിയ"പത്തുവെളുപ്പിന്"എന്ന ഗാനം പാടിക്കൊണ്ടാണ് ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് വരുന്നത്. 1996 ൽ മികച്ച ഗായകനുള്ള സംസ്ഥാന നാടക പുരസ്ക്കാരം അദ്ദേഹത്തിന് ലഭിച്ചു. രവീന്ദ്രന്‍, ജോണ്‍സണ്‍, ഇളയരാജ, വിദ്യാസാഗര്‍, എസ് പി വെങ്കടേഷ്, ബേണി - ഇഗ്നേഷ്യസ്, മോഹന്‍ സിത്താര, ജെറി അമല്‍ദേവ് അടക്കം മലയാളത്തിലെ മുന്‍നിര സംഗീത സംവിധായകര്‍ക്ക് വേണ്ടി പാടിയത് അടക്കം നൂറിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട് ബിജു. ധാരാളം സിനിമേതര ലളിത - ഭക്തിഗാനങ്ങള്‍ക്കും ശബ്ദം പകര്‍ന്നിട്ടുണ്ട്. കോളേജിൽ തന്റെ സഹപാഠിയായിരുന്ന ശ്രീലതയെയാണ് ബിജു വിവാഹം ചെയ്തത്. 1998 ജനുവരിയിലായിരുന്നു അവരുടെ വിവാഹം. രണ്ട് മക്കൾ സിദ്ധാർത്ഥ്, സൂര്യനാരായണൻ. 2019 ആഗസ്റ്റിൽ കാൻസർ രോഗ ബാധയെത്തുടർന്ന് ശ്രീലത അന്തരിച്ചു.