പെരുമ്പുഴ ഗോപാലകൃഷ്ണൻ

perumpuzha Gopalakrishnan
Date of Death: 
ചൊവ്വ, 7 July, 2020
എഴുതിയ ഗാനങ്ങൾ: 13

1931 -ൽ കൊല്ലം ജില്ലയിലെ പെരുമ്പുഴയിൽ തെക്കടത്ത്‌ രാമന്റെയും പടിഞ്ഞാറെക്കൊല്ലം ചെറാശ്ശേരിൽ ലക്ഷ്‌മിഅമ്മയുടെയും മകനായി ജനിച്ചു. പെരുമ്പുഴ എൽ.പി. സ്ക്കൂൾ/ പെരുമ്പുഴ എസ്‌.ജി.വി. സംസ്‌കൃത ഹൈസ്‌ക്കൂൾ, കുണ്ടറ എം.ജി.ഡി. ഇംഗ്ലീഷ്‌ ഹൈസ്‌ക്കൂൾ എന്നിവിടങ്ങളിൽ നിന്നായിരുന്നു ഗോപാലകൃഷ്ണന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് കൊല്ലം ശ്രീനാരായണ കോളേജിൽ ഉന്നതപഠനത്തിനു ചേർന്നു. അവിടെ ആർട്ട്‌സ്‌ ക്ലബ്ബ്‌ രൂപീകരിച്ച് അതിന്റെ പ്രഥമ സെക്രട്ടറിയായി ചുമതലയേറ്റു. എം എ പൂർത്തിയാക്കി, ഗവ.സർവ്വീസിൽ പ്രവേശിച്ച അദ്ദേഹം എൻ.ജി.ഒ.യൂണിയൻ സ്ഥാപക പ്രവർത്തകൻ/കേരള സർവ്വീസിന്റെ ആദ്യ പത്രാധിപർ, പാർട്ടി വിഭജനശേഷം ജോയിന്റ്‌ കൗൺസിൽ സ്ഥാപക പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഇന്ത്യന്‍ പീപ്പിള്‍സ് തിയറ്റര്‍ അസോസിയേഷന്‍ (ഇപ്റ്റ) മുന്‍ ദേശീയ വൈസ് പ്രസിഡന്റ് /ഫിലിം ക്രിട്ടിക്‌സ്‌ അസോസിയേഷൻ ജന. സെക്രട്ടറി/ കേരള ചിൽഡ്രൻസ്‌ ഫിലിം സൊസൈറ്റി സെക്രട്ടറി/യുവകലാസാഹിതി പ്രസിരണ്ട് എന്നീ നിലകളിലും ഗോപാലകൃഷ്ണൻ പ്രവർത്തിക്കുകയുമുണ്ടായി.  1977 -ൽ ശിവതാണ്ഡവം എന്ന സിനിമയിൽ എം ബി ശ്രീനിവാസന്റെ സംഗീതത്തിന് വരികൾ രചിച്ചുകൊണ്ടാണ് പെരുമ്പുഴ ഗോപാലകൃഷ്ണൻ ചലച്ചിത്ര ഗാനരചന രംഗത്ത് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് ശ്രീദേവികെണിതീരം തേടുന്ന തിരകൾ എന്നിവയുൾപ്പെടെ ആറ് ചിത്രങ്ങൾക്ക് അദ്ദേഹം പാട്ടുകൾ എഴുതി.

ഉയരുന്ന മാറ്റൊലികൾ, ഞാറപ്പഴങ്ങൾ, മുത്തുകൾ, തുടി, വൃശ്ചികക്കാറ്റ് (കവിതാസമാഹാരങ്ങൾ), റോസാപ്പൂക്കളുടെ നാട്ടിൽ (ബൾഗേറിയ/യാത്രാവിവരണം), പ്രതിരൂപങ്ങളുടെ സംഗീതം (ചലച്ചിത്രപഠനഗ്രന്ഥം), ജി.ദേവരാജൻ: സംഗീതത്തിന്റെ രാജശില്പി. എന്നിവ പെരുമ്പുഴ ഗോപാലകൃഷ്ണന്റെ പ്രധാന കൃതികളാണ്. അദ്ദേഹം 2006 -ലെ അബുദാബി ശക്തി അവാർഡ് നേടിയിട്ടുണ്ട്.

പ്രശസ്ത എഴുത്തുകാരി സി.കെ.ലില്ലിയാണ് ഗോപാലകൃഷ്ണന്റെ ഭാര്യ. മക്കൾ ബിജു, സോജു. 2020 ജൂലൈയിൽ അദ്ദേഹം അന്തരിച്ചു