ജിതിൻ ശ്യാം
ഗ്രാമഫോൺ റെക്കോർഡുകളുടെ ആലപ്പുഴ ജില്ലയിലെ മൊത്തവിൽപ്പനക്കാരനായിരുന്ന ഉമ്മറിന്റെ മകനായി 1947 ൽ ആലപ്പുഴയിലാണ് മുഹമ്മദ് ഇസ്മയിൽ എന്ന ജിതിൻ ശ്യാം ജനിച്ചത്.
ചെറുപ്പം മുതൽക്കേ സംഗീതത്തിൽ ആകൃഷ്ടനായിരുന്ന ഇദ്ദേഹം ആലപ്പുഴ ആർട് അസോസിയേഷൻ അംഗം ഉസ്താദ് ഉസ്മാനിൽനിന്നു ചെറുപ്പത്തിലേ ഹാർമോണിയം പഠിക്കാൻ തുടങ്ങി. അക്കാലത്ത് ആലപ്പുഴയിൽ പ്രശസ്തമായിരുന്ന റംലാ ബീഗത്തിന്റെ കഥാപ്രസംഗ ട്രൂപ്പിൽ ഗായകനായും ഹാർമോണിസ്റ്റായും ചേർന്നതോടെയാണ് ഇസ്മായിലിലെ പ്രഫഷനൽ സംഗീതജ്‍ഞൻ പിറക്കുന്നത്.
തുടർന്ന് തന്റെ പതിനെട്ടാം വയസ്സിൽ ഇദ്ദേഹം മുംബൈയിലേക്ക് പോയി, അവിടെവെച്ച് പ്രസിദ്ധ സംഗീത സംവിധായകനായ നൗഷാദിനെ പരിചയപ്പെടുകയും വൈകാതെ അദ്ദേഹത്തിന്റെ അടുത്ത ശിഷ്യനായി. സംഗീത സംവിധാന രംഗത്ത് അദ്ദേഹത്തിന്റെ സഹായിയായി കൂടുകയും ചെയ്തു. തുടർന്ന് ഹിന്ദി സിനിമാ സംവിധായകൻ കബീർ റാവുത്തറെ പരിചയപ്പെട്ടതു വഴിത്തിരിവായി.1977 ൽ ഹിന്ദി ചലച്ചിത്രരംഗത്ത് ‘ലോക്കൽ ട്രെയിൻ’ എന്ന ചിത്രത്തിലെ ‘ഏ മൗലാ....’എന്നു തുടങ്ങുന്ന ഗാനത്തോടെ സ്വതന്ത്ര സംഗീത സംവിധായകനായ ഇദ്ദേഹം മുഹമ്മദ് റാഫിയുടെ അടുത്ത സുഹൃത്തായിരുന്നു.
മുഹമ്മദ് റാഫിക്ക് വേണ്ടി ആറിലധികം ഹിന്ദി ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. 1978 ൽ ‘തണൽ’ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്ത് എത്തിയ ഇദ്ദേഹം തണൽ, തളിരിട്ട കിനാക്കൾ, പൊന്മുടി, വിസ, സുന്ദരി നീയും സുന്ദരൻ ഞാനും എന്നീ ചിത്രങ്ങൾക്ക് വേണ്ടി 22 ഓളം ഗാനങ്ങൾക്ക് മലയാളത്തിൽ സംഗീതമൊരുക്കി. സംഗീത സംവിധാനത്തിൽ വേറിട്ട ഒരു ശൈലിയുടെ ഉടമയായിരുന്ന ഇദ്ദേഹത്തിന്റെ പല മലയാളഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടവയാണ്.
മുഹമ്മദ് റാഫിയെക്കൊണ്ട് മലയാള സിനിമയിൽ പാടിക്കാൻ അവസരം കിട്ടിയ ഏക സംഗീത സംവിധായകനായ ഇദ്ദേഹത്തിന്റെ പ്രധാന തട്ടകംഹിന്ദി സിനിമയും നാടകങ്ങളും ആയിരുന്നു.
'തളിരിട്ട കിനാക്കള്‍' എന്ന ചിത്രത്തിലെ 'ശബാബ് കെ ലോട്ട്' എന്ന ഗാനമാണ് മുഹമ്മദ്റാഫി പാടിയത്. ഹേന്ദ്രകപൂർ, കുമാർ സാനു, ഉദിത് നാരായണൻ, അൽക്കാ യാഗ്നിക്, കവിതാ കൃഷ്‌ണമൂർത്തി, അനുരാധാ പൊതുവാൾ തുടങ്ങി ഹിന്ദിയിലെ ഒന്നാംനിര ഗായകരെല്ലാം ഇദ്ദേഹത്തിന്റെ ഈണങ്ങൾ ആലപിച്ചിട്ടുണ്ട്.
ഹിന്ദിക്കു പുറമേ, കന്നഡയിലും ഭോജ്‌പുരിയിലും ഉറുദുവിലും ഗാനങ്ങൾ ഒരുക്കിയ ഇദ്ദേഹം 2015 ഫെബ്രുവരി 3 ആം തിയതി ഇദ്ദേഹം തന്റെ 68 ആം വയസ്സിൽ ആലപ്പുഴയിൽ വെച്ച് അന്തരിച്ചു. മുംബൈയിൽ സ്ഥിരതാമസമാക്കിയിരുന്ന ഇദ്ദേഹം മരിക്കുന്നതിന് ഏതാനും ആഴ്ച്ചകൾക്ക് മുൻപാണ് ജന്മദേശമായ ആലപ്പുഴയിൽ വന്ന് താമസമാക്കിയത്.