ബാലു കിരിയത്ത്

Balu Kiriyathu
Date of Birth: 
തിങ്കൾ, 29 November, 1954
എഴുതിയ ഗാനങ്ങൾ: 60
സംവിധാനം: 15
കഥ: 5
സംഭാഷണം: 6
തിരക്കഥ: 6

ആർ എസ് പിള്ളയുടേയും മാലതിയമ്മയുടേയും മകനായി എറണാകുളം ജില്ലയിലെ ആലുവയിൽ ജനിച്ചു. 1978 -ൽ നാലുമണിപ്പൂക്കൾ എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് ബാലു കിരിയത്ത് സിനിമാരംഗത്ത് അരങ്ങേറുന്നത്. 1980 -ൽ അഭിലാഷങ്ങളേ അഭയം എന്ന സിനിമയിലൂടെ ഗാനരചയിതാവായി. തുടർന്ന് തകിലുകൊട്ടാമ്പുറം മുതൽ മൈ ഡിയർ കരടി വരെ പതിനഞ്ചോളം സിനിമകളിൽ ഗാനങ്ങൾ രചിച്ചു. കൂടാതെ യേശുദാസിന്റെ തരംഗിണി കസറ്റിനു വേണ്ടി വിഷാദഗാനങ്ങൾ എന്ന ആൽബത്തിന് വേണ്ടി ഗാനങ്ങൾ രചിച്ചിട്ടുണ്ട്.

1981 -ൽ തകിലുകൊട്ടാമ്പുറം എന്ന സിനിമയ്ക്ക് തിരക്കഥ,സംഭാഷണം,സംവിധാനം എന്നിവ നിർവ്വഹിച്ചുകൊണ്ട് ബാലു കിരിയത്ത് സിനിമാ സംവിധാനരംഗത്ത് തുടക്കം കുറിച്ചു. തുടർന്ന് വിസ, ഒന്നും മിണ്ടാത്ത ഭാര്യവെണ്ടർ ഡാനിയൽ സ്റ്റേറ്റ് ലൈസൻ‌സിമിമിക്സ് ആക്ഷൻ 500മായാജാലം എന്നിവയുൾപ്പെടെ പതിഞ്ച് സിനിമകൾ സംവിധാനം ചെയ്തു. അഞ്ച് സിനിമകൾക്ക് കഥ എഴുതുകയും ആറ് സിനിമകൾക്ക് തിരക്കഥ,സംഭാഷണം എന്നിവ രചിക്കുകയും ചെയ്തു. മലയാള സിനിമാ ടെക്നീഷ്യൻസ് അസോസിയേഷൻ (MACTA) യുടെ ജനറൽ സെക്രട്ടറി ആയിരുന്ന ബാലു കിരിയത്ത് പത്ത് വർഷം കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ ഡയറക്ടറായിരുന്നു. വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ മെംബർ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. സഹോദരങ്ങളായ രാജൻ കിരിയത്തും വിനു കിരിയത്തും ചലച്ചിത്രമേഖലയിൽ പ്രശസ്തരാണ്. കൂടാതെ കെ.എം. പണിക്കർ, ബിച്ചു തിരുമല, ദർശൻ രാമൻ എന്നിവർ അർദ്ധസഹോദരങ്ങളുമാണ്.

ബാലു കിരിയത്തിന്റെ ഭാര്യ ലക്ഷ്മി. രണ്ടു മക്കളാണ് അവർക്കുള്ളത്. പാർവതി കിരിയത്ത്, ഭരത് കിരിയത്ത്.