ജെ വില്യംസ്

J Williams

കണ്ണൂർ ചൊവ്വയിൽ പാതിരപ്പറമ്പിൽ ജനിച്ച ജെ വില്യംസ് അവിചാരിതമായാണ് സിനിമാരംഗത്തെത്തിയത്. കണ്ണൂരിലെ ഒരു ക്ലബ്ബിൽ ഫുട്ബോൾ കളിക്കാരനായിരുന്നു. ഒരു ടൂർണമെന്റിൽ പങ്കെടുക്കാനായി ചെന്നൈയിലെത്തിയ അദ്ദേഹം സിനിമയിൽ ആകൃഷ്ടനാവുകയായിരുന്നു. ചെന്നൈയിലെ ആദ്യനാളുകളിൽ താങ്ങും തണലുമായിരുന്ന വിക്ടർ പ്രസാദിന്റെ കുടുംബസുഹൃത്തായ ലക്ഷ്മൺ ഗോറെ എന്ന മറാത്തി ക്യാമറമാനിൽ നിന്നും ക്യാമറയുടെ ബാലപാഠങ്ങൾ പഠിച്ചു. എൻ ശങ്കരൻനായർ സംവിധാനം ചെയ്ത വിഷ്ണുവിജയം(1974) ആണ്  സ്വതന്ത്രമായി ക്യാമറ ചലിപ്പിച്ച ആദ്യചിത്രം. തുടർന്ന്  മദനോത്സവം,രാസലീല,ബട്ടർ‌ഫ്ലൈസ്,ഉപ്പുകണ്ടം ബ്രദേഴ്സ്,പാളയം,സ്ഫടികം തുടങ്ങിയ സിനിമകളിലൂടെ  ശ്രദ്ധേയനായി. സ്ഫടികത്തിന്റെ ക്യാമറവർക്ക്‌  ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.തമിഴ്,കന്നഡ, തെലുങ്ക്  സിനിമകളിലും അദ്ദേഹം തന്റെ വൈഭവം തെളിയിച്ചു.മിസ്റ്റർ മൈക്കിൾ, ജീവന്റെ ജീവൻ, കാളിയമർദ്ദനം,ആട്ടക്കഥ,പൊൻതൂവൽ തുടങ്ങിയ ചിത്രങ്ങൾ ഛായാഗ്രഹണം നിർവഹിച്ച് സംവിധാനം ചെയ്ത സിനിമകളാണ്.

സാഹസിക രംഗങ്ങൾ ചിത്രീകരിക്കാൻ പ്രത്യേകം മിടുക്കും ഒപ്പം അത്തരം സിനിമകളോട് പ്രത്യേക മമതയുമുണ്ടായിരുന്നു. ചിത്രീകരണ വേളയിൽ സ്വയം സഹസികനായി മാറാറുള്ള വില്യംസിന് അഭിനേതാക്കളെ സാഹസിക രംഗങ്ങളിലേക്ക് പ്രചോദിതരാക്കാനും പ്രത്യേക സാമർഥ്യമുണ്ടായിരുന്നു. മലയാള സിനിമയിലെ എക്കാലത്തെയും സഹസികൻ മോഹൻലാലാണെന്നും ജയനല്ലെന്നും അദ്ദേഹം പറഞ്ഞത് ഒട്ടേറെ പേരെ ചൊടിപ്പിച്ചിരുന്നു. ആരെയും കൂസാത്ത പ്രകൃതമായിരുന്നു  വില്യംസിന്റെത്. അതുകൊണ്ട്  തന്നെ സിനിമക്കർക്കിടയിൽ അദ്ദേഹം ധിക്കാരിയും തന്റെടിയുമായി.ചാൻസ്  തേടി നിർമാതാക്കളേയും സംവിധായകരെയും സമീപിക്കുന്ന ശീലമുണ്ടായിരുന്നില്ല.

വർഷങ്ങളായി പ്രമേഹസംബന്ധമായ അസുഖം കാരണം ചെന്നൈയിലെ വീട്ടിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹം.ദീർഘനാളത്തെ ഇടവേളക്കു ശേഷം തെലുങ്ക് സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കാൻ ജനുവരി 14നു ഹൈദരാബാദിലേക്ക് തിരിച്ച വില്യംസ് ഫെബ്രുവരി 20ന് ഞായറാഴ്ച ഹൈദരാബാദിൽ വെച്ച് അന്തരിച്ചു.

കണ്ണൂരിലെ ചാല സ്വദേശിനി ശാന്തിയാണ് ഭാര്യ(സിനിമ/സീരിയൽ നടിയാണ് ). ധന്യ,സിന്ധു,സന്തോഷ്‌, പ്രകാശ്‌  എന്നിവർ മക്കളാണ്. 

അവലംബം : എതിരൻ കതിരവന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌.