ബാബുരാജ്

Baburaj Jacob
ബാബുരാജ് ജേക്കബ്
എഴുതിയ ഗാനങ്ങൾ: 1
സംവിധാനം: 3
കഥ: 6
സംഭാഷണം: 5
തിരക്കഥ: 6

മലയാള ചലച്ചിത്ര നടൻ. 1970 ജൂണിൽ എറണാംകുളം ജില്ലയിലെ ആലുവയിൽ പി ജെ ജേക്കബ് ഒലീക്കലൈന്റെയും ടി ഐ  കാർമലി തോട്ടിംഗലിന്റെയും മകനായി ജനിച്ചു. ബാബു ജേക്കബ് എന്നായിരുന്നു പേര്. ആലുവ യൂണിയൻ കൃസ്ത്യൻ കോളേജ്, എറണാംകുളം മഹാരാജാസ് കോളേജ്, എറണാംകുളം ഗവണ്മെന്റ് ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു ബാബുരാജിന്റെ വിദ്യാഭ്യാസം. 

ജൂനിയർ ആർട്ടിസ്റ്റായിട്ടായിരുന്നു ബാബുരാജിന്റെ  അഭിനയജീവിതം തുടങ്ങുന്നത്. 1994-ൽ ഭീഷ്മാചാര്യ എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. തുടർന്ന് നിരവധി സിനിമകളിൽ അദ്ദേഹം ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു. അധികവും വില്ലൻ വേഷങ്ങളായിരുന്നു ചെയ്തിരുന്നത്. 2011-ൽ ആഷിക് അബു സംവിധാനം സാൾട്ട് & പെപ്പർ എന്ന സിനിമയിൽ ബാബുരാജ് അവതരിപ്പിച്ച കുക്ക് ബാബു എന്ന കഥപാത്രം വലിയതോതിൽ ജനപ്രീതി നേടി. സ്ഥിരം വില്ലൻ വേഷങ്ങളിൽ നിന്നും ഹാസ്യ കഥാപാത്രങ്ങളിലേയ്ക്കുള്ള ഒരു ചുവടു മാറ്റമായിരുന്നു ബാബുരാജിന് കുക്ക് ബാബു എന്ന കഥാപാത്രം. മികച്ച സഹനടനുള്ള അവാർഡിന് ബാബുരാജ് നോമിനേറ്റ് ചെയ്യപ്പെടാൻ കുക്ക് ബാബു സഹായകരമായി. തുടർന്ന് മായാമോഹിനി, ഓർഡിനറി, ഹണി ബീ..എന്നിങ്ങനെ നിരവധി സിനിമകളിൽ അദ്ദേഹം ഹാസ്യപ്രധാനമായ വേഷങ്ങൾ അഭിനയിച്ചു. 2009-ൽ ബാബുരാജ് സുരേഷ് ഗോപിയെ നായകനാക്കി ബ്ലാക്ക് ഡാലിയ എന്ന ചിത്രം സംവിധാനം ചെയ്തു. 2011-ൽ സംവിധാനം ചെയ്ത മനുഷ്യ മൃഗം എന്ന സിനിമയിൽ ഒരു പ്രധാനവേഷത്തിൽ പൃഥ്വിരാജിനോടൊപ്പം അദ്ദേഹം അഭിനയിയ്ക്കുകയും ചെയ്തു. 2019-ൽ കൂദാശ എന്ന സിനിമയിൽ ബാബുരാജ് നായകനായി അഭിനയിച്ചു, കൂദാശയിലെ മെത്രാൻ ജോയ് എന്ന സങ്കീർണ്ണമായ കഥാപാത്രത്തെ അദ്ദേഹം മികവുറ്റതാക്കി. ബാബുരാജിന്റെ അഭിനയം നിരൂപക പ്രശംസ നേടി. നൂറ്റി അൻപതിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ബ്ലാക്ക് ഡാലിയ, മനുഷ്യ മൃഗം, നോട്ടി പ്രൊഫസ്സർ എന്നീ സിനിമകൾക്ക് ബാബുരാജ് തിരക്കഥ എഴുതിയിട്ടുണ്ട്. അഞ്ച് സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. പോലീസ് മാമൻ എന്ന സിനിമയിൽ ബാബുരാജ് ഒരു ഗാനം ആലപിച്ചു. മലയാളം കൂടാതെ തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി സിനിമകളിലും ബാബുരാജ് അഭിനയിച്ചിട്ടുണ്ട്.

ബാബുരാജ് ആദ്യ വിവാഹ ബന്ധം പിരിഞ്ഞതിനുശേഷം രണ്ടാമത് വിവാഹം ചെയ്തത് പ്രശസ്ത നടി വാണി വിശ്വനാഥിനെയായിരുന്നു. ആദ്യ ഭാര്യയിൽ അദ്ദേഹത്തിന് രണ്ടു മക്കളുണ്ട്. അഭയ്, അക്ഷയ്. വാണി വിശ്വനാഥിലും രണ്ടു കുട്ടികളാണ് ബാബുരാജിനുള്ളത് ആർച്ച, ആരോമൽ.
ഫേസ്ബുക്ക്