ജാസി ഗിഫ്റ്റ്

Jassie Gift
എഴുതിയ ഗാനങ്ങൾ: 1
സംഗീതം നല്കിയ ഗാനങ്ങൾ: 84
ആലപിച്ച ഗാനങ്ങൾ: 128

ഒരു തരം പരുക്കൻ അലസ ശബ്ദത്തിൽ സദസ്സിനെ കൈയ്യിലെടുക്കുന്ന കൗശല വിദ്യ ജാസി ഗിഫ്റ്റിനു മാത്രം സ്വന്തമാണ്. ലജ്ജാവതിയേ എന്ന ഒറ്റ പാട്ടിലൂടെ ഒരു തരംഗമുയർത്തിയ ജാസി തിരുവനന്തപുരം അരുവിക്കര സ്വദേശിയാണ്. കേരള സർവകലാശാലയിൽ അസിസ്റ്റൻറ് രജിസ്ട്രാറായി വിരമിച്ച ഗിഫ്റ്റ്‌ ഇസ്രായേലിന്റെയും രാജമ്മയുടെയും മകനാണ്‌  ജാസി. പിതാവിന്റെ പിതാവ്  എൻ എ ഐസ്സക്ക് പാസ്റ്ററും സംഗീത സംവിധായകനും ആയിരുന്നു.അതു കൊണ്ട് തന്നെ നന്നേ ചെറുപ്പത്തിലേ ജാസിയുടെ മനസ്സിൽ പാശ്ചാത്യ സംഗീതം ഉണ്ടായിരുന്നു. ഫ്രെഡി മെർക്കുറി, റെഗേ സംഗീതജ്ഞനായ ബോബ് മെർലി എന്നിവരുടെ സംഗീതത്തെ പ്രണയിച്ച ജാസി മുക്കോല സെൻറ് തോമസ് സ്കൂൾ, മാർ ഇവാനിയോസ് കോളേജ്, യുണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലാണ്‌ വിദ്യാഭ്യാസം പൂർത്തിയാക്കിയത്‌. വിദ്യാർത്ഥിയായിരിക്കെ ദേശിയ യുവജനോത്സവത്തിൽ ഉൾപ്പെടെ പാശ്ചാത്യ സംഗീതത്തിന്‌ സമ്മാനങ്ങൾ നേടിയിരുന്നു.

പിൽക്കാലത്ത്‌ തിരുവനന്തപുരത്തെ ഒരു പാശ്ചാത്യ സംഗീത ട്രൂപ്പുമായി ചേർന്ന്‌ പ്രവർത്തിച്ചുതുടങ്ങി. ഹോട്ടൽ സൗത്ത്‌ പാർക്ക്‌, കോവളത്തെ ഐ.ടി.ഡി.സി ഹോട്ടൽ എന്നിവിടങ്ങളിൽ പതിവായി പാശ്ചാത്യ സംഗീത പരിപാടികൾ അവതരിപ്പിച്ചിരുന്നു. സൂര്യാ ടി.വി സംപ്രേഷണം ചെയ്ത 'സൂന സൂന' എന്ന ആൽബത്തിലൂടെയാണ്‌ ജാസിയുടെ സംഗീതം ആദ്യമായി ദൃശ്യ മാധ്യമരംഗത്ത്‌ എത്തിയത്‌.അത് പകുതി ഹിന്ദിയും പകുതി മലയാളവും ആയിരുന്നു.സംവിധായകൻ ജയരാജിന്റെ സഹോദരൻ മഹേഷ് ആ പാട്ട് കേട്ട് ജാസി ഗിഫ്റ്റിനെ പറ്റി ജയരാജിനോട് പറഞ്ഞു.അങ്ങനെ ജയരാജിന്റെ ഹിന്ദി ചിത്രമായ ബീഭത്സയിലൂടെ ചലച്ചിത്ര സംഗീത സംവിധാന രംഗത്ത്‌ അരങ്ങേറ്റം കുറിച്ചു. തുടർന്ന്‌ ബാലചന്ദ്ര മേനോന്റെ സഫലം എന്ന ചിത്രത്തിലും സംഗീതമൊരുക്കിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. പിന്നെയാണു ഫോർ ദ പീപ്പിൾ ഇറങ്ങിയത്. സംഗീത സംവിധായകനും ഗായകനുമെന്ന നിലിയിൽ ജാസിയുടെ കരിയറിൽ ആ സിനിമ ഒരു വഴിത്തിരിവായി. സാങ്കേതിക കാരണങ്ങൾ മൂലം ചിത്രത്തിന്റെ റിലീസ്‌ വൈകിയെങ്കിലും റഗേ സംഗീത്തിന്റെ ചുവടുപിടിച്ച്‌ ചിട്ടപ്പെടുത്തിയ ലജ്ജാവതിയേ... എന്ന ഗാനം വൻ തരംഗമായി മാറി. എത്തിനോ പോപ്‌ വിഭാഗത്തിൽ പെടുത്താവുന്ന വേറിട്ട സംഗീതവും പുതുമയുള്ള ശബ്ദവുമായിരുന്നു പാട്ടിന്റെ സവിശേഷത.കാസറ്റ് വില്പനയിൽ ഇൻഡ്യയിലെ സർവകാല റെക്കോഡായിരുന്നു ലജ്ജാവതിയുടേത് .കന്നഡയിൽ ലജ്ജാവതിയേ ഹിറ്റ് ആയപ്പോൾ തുടർച്ചയായി 3 ഹിറ്റുകൾ ഉണ്ടായി. കസെറ്റുകൾ നന്നായി വിറ്റഴിഞ്ഞ് പോയി. സാമ്പത്തികമായി നല്ല നേട്ടം ഉണ്ടാക്കിയത് കന്നഡ ആണെന്ന് ജാസി പറയുന്നു. മലയാളത്തിനു പുറമേ ജാസിയുടെ പാട്ടുകളും സംഗീതവും തമിഴിലും തെലുങ്കിലുമൊക്കെ വന്നിട്ടുണ്ടെങ്കിലും  ഏറ്റവും കൂടുതൽ ഉപയോഗിച്ചതും കന്നഡ സിനിമ തന്നെയാണ്.