കൈതപ്രം

Kaithapram Damodaran Namboothiri
Date of Birth: 
Friday, 4 August, 1950
കൈതപ്രം ദാമോദരൻ
കൈതപ്രം ദാമോദരൻ നമ്പൂതിരി
എഴുതിയ ഗാനങ്ങൾ: 1,258
സംഗീതം നല്കിയ ഗാനങ്ങൾ: 126
ആലപിച്ച ഗാനങ്ങൾ: 5
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

ആദ്യ ചലച്ചിത്രഗാനത്തിലൂടെത്തന്നെ മലയാളത്തിനു പ്രിയങ്കരനായി മാറിയ ചലച്ചിത്രഗാന രചയിതാവ്‌. ചലച്ചിത്രങ്ങളിൽ സംഗീതജ്ഞനായി വേഷമിടുവാൻ സംവിധായകര്‍ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ തവണ തിരഞ്ഞെടുക്കുന്ന അഭിനേതാവ്‌. "ദേവദുന്ദുഭി സാന്ദ്രലയം" മുതല്‍ ആബാലവൃദ്ധം ജനങ്ങള്‍ നൃത്തം വച്ച‍ "ലജ്ജാവതി" എന്ന ഗാനം വരെയും പിറന്നു വീണത്‌ ഒരേ ആളിന്റെ തൂലികയില്‍ നിന്നാണോ എന്നു തോന്നിപ്പിക്കുമാറ് വ്യത്യസ്തതയേറിയ ഗാനങ്ങള്‍ രചിക്കുന്നതും വേറെയാരുമല്ല. പയ്യന്നൂര്‍ക്കാരനായ വേദ പണ്ഡിതന്‍ "കൈതപ്രം ദാമോദരന്‍ നമ്പൂതിരി". 1986 ല്‍ ഫാസിലിന്റെ "എന്നെന്നും കണ്ണേട്ടന്റെ" എന്ന ചലച്ചിത്രത്തിലൂടെ രംഗത്തെത്തിയ കൈതപ്രത്തിന് പിന്നീട്‌ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 'കുടുംബപുരാണ'ത്തോടെ തിരക്കുള്ള ഗാനരചയിതാവായി. 'സോപാന'ത്തിലൂടെ തിരക്കഥാകൃത്തായി. ഏതാണ്ട് പതിനഞ്ചോളം  ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. 1993ല്‍ പൈതൃകത്തിലെ ഗാനങ്ങള്‍ക്കും 1996ല്‍ അഴകിയ രാവണനിലെ ഗാനങ്ങൾക്കും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. 1995-ല്‍ എം പി സുകുമാരൻ നായരുടെ കഴകത്തിലൂടെ സംഗീതസംവിധായകനായി. 1997ല്‍ കാരുണ്യത്തിലെ ഗാനങ്ങള്‍ക്ക് മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന പുരസ്കാരവും കരസ്ഥമാക്കി.

പയ്യന്നൂര്‍ കണ്ണാടി ഇല്ലത്ത് കേശവന്‍ നമ്പൂതിരിയുടെയും അദിതി അന്തര്‍ജനത്തിന്റെയും മകനായി 1950 ഓഗസ്റ്റ് 4 ന്  ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം പഴശ്ശിത്തമ്പുരാന്‍, കെ പി പണിക്കര്‍, പൂഞ്ഞാര്‍ കോവിലകത്തെ ഭവാനിത്തമ്പുരാട്ടി, എസ് വി എസ് നാരായണന്‍ എന്നിവരുടെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിച്ചു. 'തിരുവരങ്ങി'ലെയും 'നാട്യഗൃഹ'ത്തിലെയും നടനും ഗായകനുമായി. ഇതിനിടെ ടെലികമ്യൂണിക്കേഷനില്‍ ഡിപ്ളോമയും നേടി.

ശാസ്ത്രീയ സംഗീതത്തിലെ ആജീവനാന്ത
പ്രവര്‍ത്തനത്തിനു തുളസീവന പുരസ്കാരം,കവിതയ്ക്ക് കുട്ടമത്ത് അവാര്‍ഡ്,
എന്നിവക്കു പുറമേ സംസ്ഥാന സര്‍ക്കാരിന്റെ അഞ്ച് അവാര്‍ഡുകളും
നേടിയിട്ടുണ്ട്. "തീച്ചാമുണ്ഡി" , "കൈതപ്രം കവിതകള്‍" എന്നീ കവിതാ സമാഹാരങ്ങളും
"സ്നേഹ രാമായണം" എന്ന ലേഖന സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ : ദേവി അന്തര്‍ജ്ജനം
മക്കള്‍ ; ദീപാങ്കുരന്‍,ദേവദര്‍ശന്‍. ദീപാങ്കുരൻ മലയാളത്തിൽ അറിയപ്പെടുന്ന സംഗീത സംവിധായകനും ഗായകനും കൂടിയാണ്.
വിലാസം : കാരുണ്യം,തിരുവണ്ണൂര്‍ നട,കോഴിക്കോട് -29

2017 ജനുവരിയിൽ, തന്റെ പേര് കൈതപ്രം ദാമോദരൻ എന്ന് മാത്രം ഉപയോഗിച്ചാൽ മതിയെന്ന് അദ്ദേഹം ഒരു പൊതുയോഗത്തിൽ വച്ച് പ്രഖ്യാപനം നടത്തി.