എം ജി രാധാകൃഷ്ണൻ

M G Radhakrishnan
Date of Birth: 
തിങ്കൾ, 29 July, 1940
Date of Death: 
Friday, 2 July, 2010
സംഗീതം നല്കിയ ഗാനങ്ങൾ: 323
ആലപിച്ച ഗാനങ്ങൾ: 21

സംഗീത സംവിധായകന്‍, കര്‍ണാടക സംഗീതജ്ഞന്‍ എന്നീ നിലകളില്‍ തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ച എം ജി രാധാകൃഷ്ണന്‍ ലളിതഗാനങ്ങളുടെ ചക്രവര്‍ത്തി എന്ന നിലയിലാണ് അറിയപ്പെടുന്നത്. ആകാശവാണിയ്ക്ക് വേണ്ടി അദ്ദേഹം സൃഷ്ടിച്ച ലളിതഗാനങ്ങള്‍ ചലച്ചിത്ര ഗാനങ്ങളോളം തന്നെ ജനപ്രിയവും കേരളത്തിലെ കലോത്സവ വേദികളില്‍ ഏറ്റവുമധികം ആലപ്പിക്കപെടുന്നവയും ആണ്. അതീവ സുന്ദരമായ ഒരുപാട് സിനിമാഗാനങ്ങള്‍ക്കും അദ്ദേഹം സംഗീതം പകര്‍ന്നിട്ടുണ്ട്.

ദക്ഷിണേന്ത്യയിലെ നാടകവേദികളിൽ ഏറെ പ്രശസ്തനായിരുന്ന സംഗീതജ്ഞൻ മലബാർ ഗോപാലൻ നായരുടേയും ഹരികഥാ പ്രാ‍വീണ്യം നേടിയ കമലാക്ഷിയമ്മയുടേയും മൂന്നു മക്കളിൽ മൂത്ത ആളായിരുന്നു ശ്രീ.രാധാകൃഷ്ണൻ. ഹരിപ്പാട് ബോയ്സ് സ്കൂളിൽ പ്രാഥമിക വിദ്യഭ്യാസം പൂർത്തിയാക്കുമ്പോൾത്തന്നെ സംഗീതകച്ചേരികൾക്ക് സ്ഥിരം കാഴ്ച്ചക്കാരനായി പോകാറുണ്ടായിരുന്ന രാധാകൃഷ്ണൻ ആലപ്പുഴ എസ് ഡി കോളേജിൽ പ്രീ യൂണിവേഴ്സിറ്റി കോഴ്സ് ചെയ്യുന്നതോടെ സംഗീതം തന്നെയാണ് തന്റെ വഴിയെന്ന് തീരുമാനിച്ചുറച്ചിരുന്നു. തുടർന്ന് ആലപ്പുഴയിൽ നിന്ന്  തിരുവനന്തപുരത്തെ സ്വാതിതിരുനാൾ സംഗീത അക്കാഡമിയിൽ നിന്നു ഗാനഭൂഷണത്തിൽ ബിരുദത്തിനു ചേരുന്നതോടെ രാധാകൃഷ്ണനൊപ്പം കുടുംബവും തിരുവനന്തപുരത്തേക്ക് താമസം മാറ്റി. സംഗീതഭൂഷണം കരസ്ഥമാക്കിയ ശേഷം കേരളത്തിനകത്തും പുറത്തുമായി നിരവധി സംഗീത കച്ചേരികളിൽ അസാമാന്യ പ്രാഗൽഭ്യം തെളിയിച്ചിരുന്ന രാധാകൃഷ്ണൻ തന്റെ അനിയനായ എം ജി ശ്രീകുമാറിനെയും കച്ചേരി വേദികളിൽ കൂട്ടിയിരുന്നു.

1962ൽ ആകാശവാണിയിൽ തംബുരു ആർട്ടിസ്റ്റായി ജോലി ആരംഭിച്ച രാധാകൃഷ്ണൻ, ദീർഘകാലം ആകാശവാണിയിൽ സംഗീതസംവിധായകനായി ജോലി ചെയ്തു. നിരവധി പ്രഗൽഭന്മാരൊത്ത് ആകാശവാണിയിൽ ജോലി ചെയ്യുവാൻ സാധിച്ചത് രാധാകൃഷ്ണന്റെ ലളിതസംഗീതത്തിലും ശാസ്ത്രീയസംഗീതത്തിലുമുള്ള കഴിവുകളെ കൂടുതൽ മെച്ചപ്പെടുത്തുവാൻ സഹായിച്ചിരുന്നു. മികച്ച കവികളുടെ, പ്രധാനമായും കാവാലം നാരായണപ്പണിക്കരുടെ വരികളില്‍ നിന്ന് ആകാശവാണിക്കു വേണ്ടി അദ്ദേഹം സൃഷ്ടിച്ചെടുത്ത ലളിതഗാനങ്ങള്‍ ഒരു ശാഖയായി തന്നെ മലയാളത്തിൽ തഴച്ചു വളര്‍ന്നു. ഓടക്കുഴല്‍വിളി ഒഴുകിയൊഴുകി വരും, ജയദേവകവിയുടെ ഗീതികള്‍, ഘനശ്യാമസന്ധ്യാ ഹൃദയം, പ്രാണസഖി നിന്‍ മടിയില്‍ തുടങ്ങിയ ഗാനങ്ങള്‍ ആണ് ശ്രദ്ധേയമായതില്‍ ചിലത്. ആകാശവാണിയില്‍ ലളിതഗാനം പാടി പഠിപ്പിക്കുന്ന പരിപാടിയിലൂടെ അദ്ദേഹത്തിന്‍റെ ശബ്ദം വളരെ പ്രശസ്തം ആയി. വൈകാതെ തന്നെ സിനിമാമേഖലയിലും അദ്ദേഹത്തെ അവസരങ്ങൾ തേടി വന്നു. ഗായകനായാണ് സിനിമയിലേക്ക് വന്നതെങ്കിലും സംഗീതസംവിധാനരംഗത്താണ് ഏറെ പ്രശസ്തനായത്. കള്ളിച്ചെല്ലമ്മയിലെ "ഉണ്ണീ ഗണപതിയെ" എന്നതായിരുന്നു സിനിമയിൽ ആദ്യമായി ആലപിച്ച ഗാനം. 1978ൽ പുറത്തിറങ്ങിയ ജി അരവിന്ദന്റെ തമ്പ് ആയിരുന്നു രാധാകൃഷ്ണൻ സംഗീതസംവിധാനം നിർവ്വഹിക്കുന്ന ആദ്യ ചിത്രം. തുടർന്ന് വളരെയധികം സിനിമകൾക്ക് ഹൃദയസ്പർശിയായ ഗാനങ്ങൾ ചമച്ചു.

ചാമരം, ഞാൻ ഏകനാണ്, ജാലകം, രാക്കുയിലിൻ രാഗസദസ്സിൽ, അയിത്തം, ദേവാസുരം, മണിച്ചിത്രത്താഴ്, അദ്വൈതം, മിഥുനം, അഗ്നിദേവന്‍, രക്ഷസാക്ഷികള്‍ സിന്ദാബാദ്, കണ്ണെഴുതി പൊട്ടുംതൊട്ട് തുടങ്ങി എണ്‍പതിലധികം ചിത്രങ്ങള്‍ക്ക് അദ്ദേഹം ഗാനങ്ങള്‍ ഒരുക്കി. സംഗീത സംവിധാനത്തിന് 2001ല്‍ അച്ഛനെയാണെനിക്കിഷ്ടം എന്ന ചിത്രത്തിനും 2006ല്‍ അനന്തഭദ്രം എന്ന ചിത്രത്തിനും കേരള സംസ്ഥാന പുരസ്കാരം ലഭിച്ചു.

കെ എസ് ചിത്ര, ജി.വേണുഗോപാൽ, കെ എസ് ബീന, അരുന്ധതി തുടങ്ങി ഒട്ടേറെ പ്രഗത്ഭ ഗായകരെ മലയാള സംഗീത ശ്രോതാക്കൾക്ക് ആദ്യമായി പരിചയപ്പെടുത്തിയത് രാധാകൃഷ്ണനാണ്. ഗായകനായ എം ജി ശ്രീകുമാർ, കർണ്ണാടക സംഗീതജ്ഞയായ ഡോ.ഓമനക്കുട്ടി എന്നിവർ സഹോദരങ്ങളാണ്.

1975ൽ ശ്രീമതി പത്മജയെ വിവാഹം കഴിച്ചു. രാജകൃഷ്ണൻ, കാർത്തിക എന്നിവരാണ് മക്കൾ. ചെന്നെയിൽ സൗണ്ട് എഞ്ചിനീയറായ മകൻ രാജകൃഷ്ണൻ മലയാള സിനിമകളിൽ ഓഡിയോഗ്രാഫി, സൗണ്ട് ഡിസൈനിംഗ് തുടങ്ങിയ മേഖലകൾ കൈകാര്യം ചെയ്യുന്നു. കരള്‍രോഗത്തെ തുടര്‍ന്നു ദീര്‍ഘകാലം ചികിത്സയില്‍  ആയിരുന്ന അദ്ദേഹം 2010 ജൂലൈ 2ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.